അഖ്ലാഖ് Quiz
Please fill the above data!
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അഖ്ലാഖ് പാഠം മൂന്നിൽ നിന്നും ഇമാം നവവി തങ്ങളെ കുറിച്ചുള്ള ചോദ്യോത്തരങ്ങളാണ് കൊടുത്തിട്ടുള്ളത്. അവരെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നമുക്ക് വായിച്ചു മനസ്സിലാക്കാം.
നമ്മുടെ ഇമാമുകൾ
✦•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•✦*
📌ഇമാം നവവി(റ)
ഭാഗം 1
*ശാഫിഈ*
മദ്ഹബിലെ പണ്ഡിത ജ്യോതിസ്സുകളില്‍ ഉന്നതനാണ് ഇമാം നവവി(റ). ബഹുമുഖ വിജ്ഞാന ശാഖകളില്‍ നിസ്തുലവും അമൂല്യവുമായ സേവനമനുഷ്ഠിച്ച മഹാന്‍ സര്‍വാദരണീയതയും അംഗീകാരവും സ്വീകാര്യതയും നേടി. നവാ എന്ന സിറിയന്‍ നഗരത്തിലായിരുന്നു ജനനം. ഇവിടേക്ക് ഡമസ്‌കസില്‍ നിന്നും 85 കി.മീറ്റര്‍ ദൂരമുണ്ട്. ജന്മനാട്ടിലേക്ക് ചേര്‍ത്തി നവവി എന്നറിയപ്പെട്ടു.
ഹിജ്‌റ 631 മുഹര്‍റം മാസത്തിലാണ് ഇമാമിന്റെ ജനനം. അബൂ യഹ്‌യ ശറഫ്ബ്‌നുല്‍ മുര്‍റി (റ) എന്ന സാത്വികനായിരുന്നു പിതാവ്. വ്യാപാരിയായിരുന്ന അദ്ദേഹം തികഞ്ഞ ആത്മീയ ജീവിതമായിരുന്നു നയിച്ചിരുന്നത്. തന്റെ പുത്രനെ ഇസ്‌ലാമിക പരിചരണം നല്‍കി വളര്‍ത്തുന്നതില്‍ അദ്ദേഹം ഉത്സാഹിച്ചു. നവവിയുടെ വളര്‍ച്ചയും മഹത്ത്വവും നേരില്‍ കണ്ട് മനം കുളിര്‍ക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. ഇമാം നവവി(റ)യുടെ വഫാത്തിനു ശേഷം ഏതാണ്ട് ഒമ്പത് വര്‍ഷം കഴിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
ബാല്യ-കൗമാര കാലങ്ങളില്‍ തന്നെ, ഭാവിയിലെ വൈജ്ഞാനികോന്നതിയുടെ നല്ല ലക്ഷണങ്ങള്‍ മഹാനില്‍ പ്രകടമായിരുന്നു. സാഹചര്യം അനുകൂലമായിരുന്നിട്ടും വിനോദങ്ങളിലും നേരമ്പോക്കുകളിലും സമയം ചെലവഴിച്ചില്ല. താന്‍ പിന്നീടു നിര്‍വഹിക്കേണ്ട ജ്ഞാനദൗത്യത്തിന് പാകപ്പെട്ടതായിരുന്നു ബാല്യകാല ജീവിതം പോലും. അനുസരണയും അച്ചടക്കവും പൈതൃക സിദ്ധമായ ഗുണവുമെല്ലാം ചേര്‍ന്നപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ സമൂഹത്തില്‍ നിന്ന് ആദരവുകള്‍ ലഭ്യമായി
ഏഴു വയസ്സുള്ള സമയത്ത് പിതാവിനോടൊത്ത് രാത്രി ഉറങ്ങുകയായിരുന്നു നവവി(റ). അര്‍ധ രാത്രിയായപ്പോള്‍ പിതാവിനെ വിളിച്ചുണര്‍ത്തി കുട്ടി ചോദിച്ചു: ‘ഉപ്പാ, എന്താണീ വീട്ടിലാകെ ഒരു പ്രകാശം കാണുന്നത്?’ ശേഷം വീട്ടുകാരെയെല്ലാം വിളിച്ചുണര്‍ത്തി. പക്ഷേ അവരാരും തന്നെ പ്രകാശം കണ്ടില്ല. റമളാന്‍ 27-ാം രാവിലായിരുന്നു ഈ സംഭവം. പിതാവ് ശറഫ് അനുസ്മരിക്കുന്നു: ‘ലൈലത്തുല്‍ ഖദ്‌റിന്റെ ഒളിവാണ് മകന്‍ കണ്ടത്.’ പുത്രന് നല്ല ഭാവിയുണ്ടെന്ന് ഗ്രഹിക്കാന്‍ പിതാവിന് ഇതും സഹായകമായി.
പ്രാഥമിക വിജ്ഞാനവും ഖുര്‍ആന്‍ പാരായണവും പഠിപ്പിക്കുന്നതിനായി യോഗ്യരായ ഗുരുവര്യന്മാരെ പിതാവ് ഏല്‍പിച്ചു. പഠനം തുടര്‍ന്നു കൊണ്ടിരിക്കുന്നതിനിടെ തന്നെ ബാക്കി സമയം പാഴാകാതിരിക്കാന്‍ തന്റെ കൂടെ കടയില്‍ നിര്‍ത്തി. പത്തു വയസ്സുള്ളപ്പോഴായിരുന്നു ഇത്. കടയിലിരുന്നപ്പോഴും ഖുര്‍ആന്‍ പാരായണത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിതാവിന് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടായിരുന്നില്ല താനും.
കൂട്ടുകാരും ഉല്ലാസവുമായി കെട്ടുപിണയുകയാണല്ലോ ബാല്യകാലത്തിന്റെ സ്വാഭാവികത. പക്ഷേ യഹ്‌യ ഇതിനപവാദമായിരുന്നു. സമപ്രായക്കാരോടൊപ്പം കളിക്കാന്‍ പോകുമായിരുന്നില്ലെന്നു മാത്രമല്ല, കളിക്കാന്‍ വിളിക്കുന്നവരില്‍ നിന്ന് ഓടിയകലുകയായിരുന്നു രീതി. കടയില്‍ പിതാവിന്റെ കൂടെയായിരുന്നപ്പോള്‍ കൂട്ടുകാരുടെ നിര്‍ബന്ധം കുറയുകയും ചെയ്തു.
*ദീര്‍ഘവീക്ഷണം*
പിതാവിന്റെയും മറ്റും ശ്രദ്ധ കുട്ടിയുടെ മേല്‍ സദായുണ്ടാകാന്‍ പ്രേരകമായൊരു സംഭവം ഇതിനിടയില്‍ നടന്നു. അക്കാലത്തെ പ്രമുഖ സാത്വികനും പണ്ഡിതനുമായിരുന്ന ശൈഖ് യാസീനു ബ്‌നു യൂസുഫില്‍ മാറാക്കിശി(റ) നവയില്‍ വന്നു. ഒരു ബാലന്‍ കൂട്ടുകാരില്‍ നിന്ന് ഓടി രക്ഷപ്പെടുന്നത് ശ്രദ്ധയില്‍ പെട്ട അദ്ദേഹം കുട്ടിയെ നിരീക്ഷിച്ചു. യഹ്‌യ എന്നാണ് കുട്ടിയുടെ പേരെന്നും കൂട്ടുകാര്‍ കളിക്കാനായി നിര്‍ബന്ധിച്ചപ്പോള്‍ സമയം നഷ്ടമാക്കിക്കൂടെന്ന വിചാരത്തില്‍ മാറിപ്പോവുകയാണെന്നും മനസ്സിലായി. കരഞ്ഞ് കൊണ്ടോടുമ്പോഴും അവന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു.
ശൈഖ് ശൈഖ് യാസീന്‍(റ) പറയുന്നു: ‘എനിക്ക് ആ കുട്ടിയോട് വലിയ ഇഷ്ടം തോന്നി. അവനെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഉസ്താദിനെ സമീപിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കി. ഞാന്‍ ഗുരുനാഥനോടിങ്ങനെ പറഞ്ഞു: ഈ കുട്ടി സമകാലത്തെ വലിയ പണ്ഡിതനും വലിയ പരിത്യാഗിയുമായിത്തീരുമെന്നും ഇവനെ കൊണ്ട് സമുദായത്തിന് വലിയ ഉപകാരം ലഭിക്കുമെന്നും എനിക്കു പ്രതീക്ഷയുണ്ട്.’
ഇതു കേട്ട് ഗുരു ചോദിച്ചു: നിങ്ങളെന്താ ജ്യോത്സ്യനാണോ?
ഞാന്‍: ‘അല്ല, പക്ഷേ അല്ലാഹു എന്നെക്കൊണ്ടിതു പറയിപ്പിച്ചതാണ്.’
തുടര്‍ന്ന് ശൈഖ് യാസീന്‍(റ) ഇമാമവര്‍കളുടെ പിതാവിന്റെയടുക്കലെത്തി. കുട്ടിയുടെ കാര്യത്തില്‍ ചില വസ്വിയ്യത്തുകള്‍ ചെയ്തു. അവനെ ഖുര്‍ആന്‍ ഹിഫ്‌ളാക്കാനും ഇല്‍മ് പഠിക്കാന്‍ പ്രേരിപ്പിക്കാനും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇമാം ചെറുപ്പത്തിലേ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. എങ്കിലും നാട്ടില്‍ തന്നെ പഠനം തുടര്‍ന്നു.
*ഡമസ്‌കസിലേക്ക്*
19 വയസ്സായ സമയത്ത് ഉപരി പഠനാര്‍ത്ഥം പിതാവ് ഇമാമവര്‍കളെ ഡമസ്‌കസിേലക്ക് കൊണ്ടുപോയി. ഡമസ്‌കസ് അന്ന് പണ്ഡിതന്മാരുടെയും പര്‍ണശാലകളുടെയും പാഠശാലകളുടെയും നഗരിയായിരുന്നു. വ്യത്യസ്ത വിഷയങ്ങളില്‍ പ്രഗത്ഭരായ പണ്ഡിതര്‍ നേതൃത്വം നല്‍കുന്ന മുന്നൂറിലേറെ വൈജ്ഞാനിക കേന്ദ്രങ്ങള്‍ അന്നവിടെ യുണ്ടായിരുന്നുവെന്നു ചരിത്രം. വിജ്ഞാന നഗരിയായത് കൊണ്ടാണ് സ്വന്തം ജന്മനാട് വിട്ട് പുത്രനെയും കൂട്ടി പിതാവ് ഇവിടെ വന്നതുതന്നെ. നവായില്‍ നിന്ന് ഡമസ്‌കസിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. പക്ഷേ വിജ്ഞാന കുതുകിയായ പുത്രനും സര്‍വ പിന്തുണയും നല്‍കി കൂടെ നില്‍ക്കാന്‍ തയ്യാറായ പിതാവിനും ആ ദുരിത യാത്ര വിഷമമായില്ല.
ഗുരുനാഥന്മാരും പാഠശാലകളും കൂടുതലുള്ള സ്ഥലത്തെത്തിയാല്‍ വിദ്യാഭ്യാസം എവിടെ നിന്നാവണമെന്ന് സ്വാഭാവികമായും ആശയക്കുഴപ്പം സൃഷ്ടിക്കുമല്ലോ. ഏതായാലും ഡമസ്‌കസിലെ പ്രസിദ്ധമായ അമവീ മസ്ജിദിലെ ഖത്വീബായിരുന്ന ജമാലുദ്ദീന്‍ അബ്ദുല്‍ കാഫിയെ സമീപിച്ച് ആഗമനോദ്ദേശ്യമറിയിച്ചു. അദ്ദേഹം നവവി(റ)യെ താജുദ്ദീനില്‍ ഫസാറി(റ)യുടെ സദസ്സിലെത്തിച്ചെങ്കിലും താമസ സൗകര്യമില്ലാത്തതിനാല്‍ പ്രയാസപ്പെട്ടു. ഉസ്താദിനോട് കാര്യമറിയിച്ചപ്പോള്‍ അബൂ ഇബ്‌റാഹിം ഇസ്ഹാഖ് അല്‍മഗ്‌രിബി(റ)യെ സമീപിക്കാന്‍ ഉപദേശിച്ചു. മദ്‌റസതുര്‍റവാഹിയ്യ എന്നറിയപ്പെടുന്ന കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റേത്. അമവീ മസ്ജിദിനോട് ചേര്‍ന്നായിരുന്നു ഈ സ്ഥാപനം.
വിജ്ഞാനദാഹവും ബുദ്ധിശക്തിയും കറപുരളാത്ത മനസ്സും വിശ്രമമില്ലാത്ത അധ്വാനവും ഒത്തു ചേര്‍ന്നപ്പോള്‍ അത്ഭുതകരമായ മുന്നേറ്റമുണ്ടായി. ഇമാം നവവി(റ) തന്നെ പറയുന്നു: ‘രണ്ട് കൊല്ലത്തോളം ഞാന്‍ കിടന്നിട്ടില്ല. സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷണമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല. നാലര മാസം കൊണ്ടാണ് ഇമാം അബൂഇസ്ഹാഖിശ്ശീറാസി(റ)യുടെ തന്‍ബീഹ് ഹൃദിസ്ഥമാക്കിയത്. ഇമാം ശീറാസി(റ)യുടെ അല്‍മുഹദ്ദബിന്റെ നാലിലൊരു ഭാഗം ആ വര്‍ഷം തന്നെ മനഃപാഠമാക്കി.’
ഇമാം തുടരുന്നു: ‘ത്യാഗിയും സൂക്ഷ്മാലുവുമായ ഗുരു അബൂഇബ്‌റാഹീമില്‍ മഗ്‌രിബി(റ)യുടെ സവിധത്തില്‍ ഞാന്‍ വിവിധ ഗ്രന്ഥങ്ങള്‍ പഠിച്ചു. ഉസ്താദിനെ പിരിയാതെ മുഴുസമയവും ആ സന്നിധിയില്‍ തന്നെ കഴിഞ്ഞു. മറ്റൊന്നിലും ഏര്‍പ്പെടാതെ സദാ ജ്ഞാനസാധനയില്‍ മുഴുകുന്നത് കണ്ട് ഉസ്താദിന് എന്നോട് പ്രത്യേക വാത്സല്യം തോന്നി. വളരെയേറെ എന്നെ സ്‌നേഹിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വലിയ സംഘങ്ങള്‍ക്ക് ആവര്‍ത്തിച്ചോതിക്കൊടുക്കാന്‍ എന്നെ ഏല്‍പിച്ചു.’
അര്‍ഹതക്കുള്ള അംഗീകാരം നല്‍കുക വഴി ഉസ്താദിന്റെ പ്രചോദനം ഇമാം നവവി(റ)ന് കൂടുതല്‍ ഉത്സാഹവും ആവേശവും നല്‍കി. ഉസ്താദിന്റെ വഫാത്ത് വരെ അവര്‍ തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തി. പ്രധാന ഗുരുവായ ഇദ്ദേഹം ഇമാമവര്‍കളുടെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.
*ഹജ്ജ് യാത്ര*
ഡമസ്‌കസിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍, 21-ാം വയസ്സില്‍ പിതാവിനൊപ്പം ഹജ്ജിന് പുറപ്പെട്ടു . മദീനയില്‍ ഒന്നര മാസം താമസിച്ചു. ഹജ്ജ് യാത്ര ഏറെ ക്ലേശകരമായിരിക്കും അക്കാലത്തെന്നു പറയേണ്ടതില്ലല്ലോ. അതോടൊപ്പം യാത്രാരംഭത്തില്‍ തുടങ്ങിയ പനി അറഫാ ദിനം വരെ നീണ്ടു നില്‍ക്കുകയും ചെയ്തു. അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ അക്ഷമനാവുകയോ ചെയ്തില്ല. ആ പരീക്ഷണ ഘട്ടം ക്ഷമാപൂര്‍വം നേരിട്ടു. ഹജ്ജ് കഴിഞ്ഞ് ജന്മദേശത്തേക്ക് വന്നെങ്കിലും തുടര്‍ പഠനത്തിനായി ഡമസ്‌കസിലേക്ക് തന്നെ പോയി.
തന്റെ പഠനത്തെക്കുറിച്ച് ഇമാമിന്റെ വിവരണം ശിഷ്യന്‍ ഉദ്ധരിക്കുന്നതിങ്ങനെ: ‘ഞാന്‍ എല്ലാ ദിവസവും മഹാന്മാരായ ഗുരുവര്യന്മാരുടെ അടുത്തു നിന്ന് 12 പാഠങ്ങള്‍ ഓതുമായിരുന്നു. വസ്വീത്വില്‍ (ഇമാം ഗസ്സാലി-റ-യുടെ ഫിഖ്ഹ് ഗ്രന്ഥം) നിന്ന് രണ്ടു പാഠവും അല്‍മുഹദ്ദബ് (ഇമാം ശീറാസി (റ) യുടെ കര്‍മശാസ്ത്ര ഗ്രന്ഥം), അല്‍ജംഉ ബൈനസ്സ്വഹീഹൈനി (ഹാഫിള് അബൂഅബ്ദില്ലാഹില്‍ ഉന്‍ദുലൂസി (റ)യുടെ ഹദീസ് കിതാബ്), സ്വഹീഹ് മുസ്‌ലിം, ഇബ്‌നു ജിന്നി(റ)യുടെ ലുമഅ്(വ്യാകരണ ഗ്രന്ഥം), ഇബ്‌നുസ്സക്കീത്ത്(റ)യുടെ ഇസ്വ്‌ലാഹുല്‍ മന്‍ത്വിഖ് (സാഹിത്യ കൃതി), ഇല്‍മുസ്സ്വര്‍ഫ്, ഉസ്വൂലുല്‍ ഫിഖ്ഹ്, അസ്മാഉര്‍രിജാല്‍ (ഹദീസ് നിവേദക ചരിത്രം), ഉസ്വൂലുദ്ദീന്‍ (വിശ്വാസ കാര്യം) എന്നിവകളില്‍ ഓരോ പാഠവുമായിരുന്നു നിത്യവും പഠിച്ചിരുന്നത്.’
പഠന രീതിയെക്കുറിച്ച് ഇമാം പറഞ്ഞു: ‘ഈ വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ടവയെല്ലാം ഞാന്‍ അടിക്കുറിപ്പായി ചേര്‍ത്തു. അഥവാ സങ്കീര്‍ണമായവ വിശദീകരിച്ചു. മൂല വചനങ്ങള്‍ വ്യക്തമാക്കി വിവരിച്ചു. പദങ്ങളില്‍ ക്ലിപ്തത വരുത്തി. അതു മൂലം അല്ലാഹു എന്റെ സമയത്തിലും പഠനത്തിലും പരിശ്രമത്തിലും ബറകത്ത് നല്‍കി. അവനെന്നെ അതില്‍ നന്നായി സഹായിക്കുകയും ചെയ്തു.
ഭാഗം രണ്ട്
ഇമാം നവവി(റ) ഹജ്ജ് കര്‍മം കഴിഞ്ഞ് ജന്മനാടായ ,നവ, യില്‍തിരിച്ചെത്തിയ ഉടനെ ഡമസ്കസിലേക്ക് പോയി. പിന്നീടങ്ങോട്ട് വിജ്ഞാനത്തിന്‍റെ ഒരുകോരിച്ചൊരിച്ചിലായിരുന്നു.
വിജ്ഞാനത്തോട് ലയിച്ചു ചേരുകയും തന്‍റെ ശൈഖുമായുള്ള ആത്മീയബന്ധം ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് വളര്‍ന്നു.നിസ്കാരം,തുടര്‍ച്ചയായ വ്രതം , ഭൗതിക പരിത്യാഗം, അതിസൂക്ഷ്മത എന്നിവ മുറുകെ പിടിച്ചു.കെണ്ടായിരുന്നു ജീവിതം നയിച്ചത്. അല്‍പസമയം പോലും ഉപകാരമില്ലാതെ പാഴാക്കയിട്ടില്ല’.(തുഹ്ഫത്ത്വാലിബീന്‍)
ഹജ്ജ് നിര്‍വ്വഹണത്തിന് ശേഷം ഇമാമില്‍ വ്യക്തമായി കണ്ട ഈ അസാധാരണ പ്രവണതകളെകുറിച്ച് ഹാഫിള് ദഹബി രേഖപ്പെടത്തിയത് കാണുക:’ നബി(സ്വ)നിന്നുള്ള ബറകത്ത് മൂലവും മസ്ജിദുല്‍ ഹറമില്‍വെച്ച് അല്ലാഹുവില്‍ നിന്ന് ലഭിച്ച് പ്രത്യേക ഭാഗ്യവുമെല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ ഗ്രാഹ്യശക്തിയും വിജയ ലക്ഷ്യങ്ങളും അദ്ദേഹത്തില്‍ വ്യക്തമായി പ്രകടാമായിത്തുടങ്ങി.രാപ്പകല്‍ വ്യത്യാസമില്ലാതെയുള്ള ഇമാം നവവി (റ) വിന്‍റെ പഠനം ജനങ്ങള്‍ക്കിടയില്‍ പോലും ചര്‍ച്ചാവിഷയമായി.വളെരെ അപൂര്‍വ്വമല്ലാതെ ഉറങ്ങാറില്ല.ക്ലാസ്,എഴുത്ത്,വായന,ശൈഖുമാരെ ചെന്നു കാണല്‍ എന്നീ നാലുകാര്യങ്ങള്‍ക്കായി അദ്ധേഹം സമയം വിഭചിച്ചിരുന്നു.'(തര്‍ജമത്തുന്നവവി)
ഇമാമിന്‍റെ അസാധാരണ കഴിവുകളില്‍ പ്രധാനം ആരെയും അമ്പരപ്പിക്കുന്ന ഓര്‍മ്മ,ഗ്രാഹ്യശക്തിയായിരിന്നു.
*വിവാഹം കഴിക്കാത്ത പണ്ഡിതൻ*
വിജ്ഞാവ ലോകത്ത് മുഴുകിയ ഇമാം നവവി(റ) വിവാഹം കഴിച്ചിട്ടില്ല. അതിനെ പറ്റി ഇമാമിനോട് ചോതിച്ചപ്പോള്‍ പറഞ്ഞ മറുപടി: ‘ ഒരു സുന്നത്തിലൂടെ ഒരുപാട് ഹറാമുണ്ടാവലിനെ ഞാന്‍ ഭയക്കുന്നു’ എന്നായിരുന്നു. ജീവിതത്തിന്‍റെ സകല മേഖലകളിലും ധന്യമാക്കിയ ഇമാമിന് ഒരു മനുഷ്യന്‍റെ ശരാശരി ആയുസ് പോലും ജീവിക്കാന്‍ കഴിഞ്ഞില്ലാ എന്നതാണ് വസ്തുത. തന്‍റെ ജീവിത സഹായഹ്നമെത്തിയപ്പോള്‍ മുന്‍കൂട്ടി അറഞ്ഞത് പോലെ അസാധാരണമായ പല പ്രവണതകളും ഇമാമില്‍ നിന്ന് കണ്ടതും അനുഭവച്ചതുമായി ശിഷ്യന്‍ ഇബ്നു അത്വാര്‍(റ) രേഖപ്പെടുത്തുന്നുണ്ട്. അത്വാര്‍(റ) വിനെ കൂട്ടി ബൈത്തുല്‍ മുഖദ്ദസ് സന്ദര്‍ശിക്കുകയും പല പണ്ഡിതൻമാരെ രെയു ചെന്ന് കാണുകയും ചെയ്ത ഇമാം പിന്നീട് ഡമസ്കസില്‍ തന്നെ തിരിച്ചെത്തി ,നവ, യിലെക്ക് യാത്ര പോയി.
ഇമാം നവവി(റ)യുടെ രചനാ പ്രപഞ്ചം, ഇസ്‌ലാമിക ഗ്രന്ഥരചനാ ചരിത്രത്തില്‍ ഒട്ടേറെ കാരണങ്ങളാല്‍ വേറിട്ടുനില്‍ക്കുന്നുണ്ട്. രചനകളൊക്കെയും വളരെ കൃത്യതയോടെയും സമഗ്രതയോടെയും അവതരിപ്പിക്കുമ്പോഴും അസാധാരണമാം വിധം ചുരുങ്ങിയ കാലയളവില്‍ ഇമാം നവവി(റ) അതു നിര്‍വഹിക്കുകയും ചെയ്തു. തന്റെ ആയുഷ്‌കാലം മുഴുവന്‍ കുടിയിരുന്നാലും ചെയ്തു തീര്‍ക്കാനാവാത്ത ബൃഹത്തായ രചനകളാണ് കേവലം പതിനാറ് വര്‍ഷം കൊണ്ട് ഇമാം നിര്‍വ്വഹിച്ചുവെച്ചത്. മതജ്ഞാനങ്ങള്‍ ഒന്നും വിടാതെ സൂക്ഷ്മമായി രേഖപ്പെടുത്തിവെക്കാനുള്ള ഈ അസാധാരണ ഭാഗ്യം അല്ലാഹു ഇമാം നനവി(റ)ക്ക് അനുഗ്രഹിച്ചു നല്‍കുകയായിരുന്നു.
അത്യന്തം അത്ഭുതകരമാണ് ഇമാം നവവി(റ)യുടെ ഈ രചനാവിശേഷം. വെറും നാല്‍പത്തി അഞ്ച് വര്‍ഷമാണ് ഇമാമി(റ)ന്റെ ആകെ ജീവിതകാലം. കാര്യമായ പഠനത്തിലേക്ക് പ്രവേശിക്കുന്നത് തന്റെ പതിനെട്ടോ പത്തൊമ്പതോ വയസ്സിലാണ്. പിന്നെയും ഏകദേശം പത്ത് വര്‍ഷം കഴിഞ്ഞാണ് ഇമാം ഗ്രന്ഥരചന തുടങ്ങുന്നത്. ഹിജ്‌റ 660-നു ശേഷമാണ് ഇമാം രചന തുടങ്ങുന്നതെന്ന് ചരിത്ര പണ്ഡിതനായ ദഹബി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹി. 676-ല്‍ വഫാത്തായ ഇമാം നവവി(റ)ക്ക് ഗ്രന്ഥരചനക്ക് ലഭിച്ചത് ആകെ പതിനാറ് വര്‍ഷമാണ്.
എന്നാല്‍, ഗ്രന്ഥരചന മാത്രമായിരുന്നുന്നില്ല ഇക്കാലയളവില്‍ ഇമാമിന്റെ സേവനം. നിസ്‌കാരം, ഖുര്‍ആന്‍ പാരായണം തുടങ്ങിയ ആരാധനകള്‍ വേണ്ടുവോളം ചെയ്യാനും വലിയ ആബിദായ ഇമാം നവവി(റ) ഈ സമയം വിനിയോഗിച്ചു. പുറമെ വലിയ ഗവേഷണങ്ങളും ഗ്രന്ഥപാരായണവും സാമൂഹ്യ സേവനങ്ങളും ഇമാം നടത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞ് സ്വസ്ഥമായ ഗ്രന്ഥരചനക്ക് വളരെ തുച്ഛമായ സമയമേ ലഭിക്കുകയുള്ളൂ. എന്നിട്ടും ഒരുപാട് വാള്യങ്ങളുള്ള നിരവധി ഗ്രന്ഥങ്ങള്‍ ഇമാം രചിക്കുകയുണ്ടായി. സാമാന്യതയില്‍ കവിഞ്ഞ മനുഷ്യസിദ്ധി എന്നതിനപ്പുറം അല്ലാഹു അവന്റെ ചില അടിമകള്‍ക്ക് നല്‍കുന്ന കറാമത്ത് തന്നെയാണിത്. ഗ്രന്ഥരചനയും കറാമത്തിന്റെ മാധ്യമമാണെന്ന് കാണിച്ചുതന്ന അപൂര്‍വ്വം പണ്ഡിതരില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം ഇമാം നവവി(റ)ക്ക് തന്നെ.
ഇമാമിന്റെ രചനയിലെ അസാധാരണമായ ഒഴുക്കിനെ കുറിച്ച് ഇമാം സഖാവി(റ) പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: ഇമാം രചന തുടങ്ങിയാല്‍ പിന്നെ അനുസ്യൂതമായ ഒരെഴുത്തായിരിക്കും. എഴുതി കൈ തളരുമ്പോള്‍ പേന വെയ്ക്കും. അപ്പോള്‍ ഒരു കാമുകന്‍ പാടിയ കവിതാശകലം അദ്ദേഹം മൂളിപ്പാടുന്നുണ്ടായിരിക്കും. 'ഈ കുത്തിയൊഴുകുന്ന കണ്ണുനീരത്രയും എനിക്കേറ്റവും പ്രിയപ്പെട്ട സുഅദയല്ലാത്ത മറ്റൊരാള്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ ഇത് വെറും പാഴ്ഭാഷ്പമായ്ത്തീരുമായിരുന്നു.''(സഖാവി പേജ്. 24)
ഇമാം നവവി(റ)യുടെ രചനകളെ മൂന്നായി തിരിക്കാനാവും. ഒന്ന് പൂര്‍ണ്ണമായി രചിച്ചവ. രണ്ട്, ഭാഗികമായി രചിച്ചവ. രചന തുടങ്ങിയെങ്കിലും മരണം മൂലം അവ ഇമാമിന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുകയായിരുന്നു. എന്നിരുന്നാലും തന്റെ വിയോഗം മുന്‍കൂട്ടി കണ്ട മഹാനവര്‍കള്‍ ശേഷം വരേണ്ട സമാന വിഷയങ്ങള്‍ ആദ്യത്തില്‍ തന്നെ എഴുതി ചേര്‍ക്കുമായിരുന്നു. ശര്‍ഹുല്‍ മുഹദ്ദബില്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഇമാം അസ്‌നവി(റ) പറയുന്നുണ്ട്.
മൂന്ന്, രചന നിര്‍വഹിച്ചുവെങ്കിലും പിന്നീട് മായ്ച്ചുകളഞ്ഞവ. രചനകഴിഞ്ഞ് പില്‍ക്കാലത്ത് വൈജ്ഞാനികമായി കൂടുതല്‍ ഉള്‍കാഴ്ച ലഭിക്കുമ്പോള്‍ ദുര്‍ബലപ്പെടുത്തുന്നവയാണിവ. എഴുതിവെച്ച പല കടലാസ്സുകളും ഇമാം പിന്നീട് മായ്ച്ചുകളയുകയുണ്ടായി.
ശിഷ്യനായ ഇബ്‌നുല്‍ അത്വാര്‍(റ) പറയുന്നു: സ്വന്തം കൈപ്പടയില്‍ എഴുതിയ ആയിരത്തോളം കുര്‍റാസകള്‍ കഴുകിക്കളയാന്‍ ഒരിക്കല്‍ ഉസ്താദ് എന്നോട് കല്‍പിക്കുകയുണ്ടായി. ഞാന്‍ അറിവ് നഷ്ടപ്പെടുമോ എന്ന് ഭയന്നു മടിച്ചു. കല്‍പന സ്വീകരിക്കണമെന്ന കണിശഭാവത്തില്‍ എന്നോട് വീണ്ടും പറഞ്ഞപ്പോള്‍ അനുസരിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. അതിന്റെ നഷ്ടബോധം എന്റെ മനസ്സില്‍ നിന്ന് ഇപ്പോഴും നീങ്ങിയിട്ടില്ല. (തുഹ്ഫത്തുല്‍ ത്വാലിബീന്‍ -ഇബ്‌നു അത്വാര്‍(റ), പേജ് 11)
ഇമാം പൂര്‍ണ്ണമായോ ഭാഗികമായോ രചന നിര്‍വഹിച്ച ഗ്രന്ഥങ്ങള്‍ അമ്പതോളം വരും. വളരെ ചുരുങ്ങിയ കാലയളവില്‍ ഇത്രയും ഗ്രന്ഥങ്ങള്‍ രചിച്ചുെവന്നതോടൊപ്പം അവയൊക്കെയും വെവ്വേറെ ജ്ഞാനശാഖയുമായി ബന്ധപ്പെട്ടായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. അതാതു ശാഖകളില്‍ ഏറ്റവും സമഗ്രവും പ്രബലവുമായ വിശദീകരണങ്ങള്‍ക്ക് ഹദീസ് പണ്ഡിതന് ഇമാം നവവി(റ)യുടെ ശര്‍ഹു മുസ്‌ലിമും
കര്‍മശാസ്ത്ര പണ്ഡിതന് മിന്‍ഹാജും ചരിത്രകാരന് തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തും (വ്യക്തിനാമചരിത്രം) ധാരാളമാണ്.
''മറ്റു പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളെ അപേക്ഷിച്ച് ഇമാം നവവി(റ)യുടെ രചനാശൈലി വളരെ ഹൃദ്യവും ലളിതവുമാണ്. അറബി ഭാഷയില്‍ പ്രാഥമികപരിജ്ഞാനമുള്ള വായനക്കാര്‍ പോലും നവവീ സാഹിത്യങ്ങളില്‍ പെട്ടെന്ന് ആകൃഷ്ടരാകും. അത്രത്തോളം ഗ്രാഹ്യമാണവ. ഇമാമിന്റെ ഹൃദ്യമായ രചനാസൗന്ദര്യം കാരണം തന്റെ ഗുരുവും പ്രസിദ്ധ അറബ് വ്യാകരണ പണ്ഡിതനുമായ ഇബ്‌നു മാലിക്(റ) ഇമാമിന്റെ മിന്‍ഹാജ് എന്ന ഗ്രന്ഥം മനഃപ്പാഠമാക്കിയിരുന്നു. കവിത പോലെ അദ്ദേഹം അതു എടുത്തുചൊല്ലുമായിരുന്നു.
വിവിധ ജ്ഞാനശാഖകളില്‍ വലിയ കനമുള്ള ഗ്രന്ഥങ്ങള്‍ രചിക്കുകയും അവയൊെക്കയും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തുവെന്നതാണ് നവവീ ഗ്രന്ഥങ്ങളുടെ പ്രത്യേകത. ഏത് വിഷയത്തിലും നവവീ ഗ്രന്ഥങ്ങള്‍ക്ക് പൊതുവായി ആദ്യപരിഗണന നല്‍കുന്നുണ്ട്. ശാഫിഈ കര്‍മശാസ്ത്ര തീര്‍പ്പുകളില്‍ അത് പൊതുവെ സര്‍വാംഗീകൃതമായ നിയമമാണ്. ശാഫിഈ കര്‍മധാരയില്‍ ഇമാം നവവി(റ)നു മുമ്പ് വന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളൊക്കെയും നവവീ രചനകള്‍ക്ക് ശേഷമേ പരിഗണിക്കുകയുള്ളൂ.
ഇമാം നവവി(റ)നു ശേഷം നവവീ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് കര്‍മശാസ്ത്ര വളര്‍ച്ച ത്വരിതപ്പെട്ടുവന്നത്. നവവീ ഗ്രന്ഥങ്ങളെ തിരുത്തി ശാഫിഈ കര്‍മ്മശാസ്ത്രത്തില്‍ പില്‍ക്കാലത്ത് ഒരു ഗ്രന്ഥവും വന്നിട്ടില്ല, അങ്ങനെയുണ്ടാവുകയുമില്ല. ഇമാമിന്റെ ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുകയോ വിശദീകരിക്കുകയോ ആണ് പില്‍ക്കാല പണ്ഡിതന്മാര്‍ ചെയ്തത്. മദ്ഹബില്‍ ഏറ്റവും പ്രബലമായ വഴിയാണ് ഇമാം നവവി(റ)യുടേതെന്നതാണ് അതിനു കാരണം.
ഇമാം നവവി(റ) ശാഫിഈ പണ്ഡിതനായിരുന്നുവെങ്കിലും ഹനഫീ, മാലിക്കീ, ഹമ്പലീ തുടങ്ങിയ മറ്റു മദ്ഹബുകളിലെ പണ്ഡിതന്മാരും നവവീ ഗ്രന്ഥങ്ങളെ അവലംബിച്ചിരുന്നു. ശാഫിഈ മദ്ഹബിലെ മസ്അലകള്‍ വിവരിക്കുമ്പോള്‍ ഇമാം നവവി(റ)യുടെ ഗ്രന്ഥങ്ങളായിരിക്കും അവര്‍ ഉദ്ധരിക്കുക.
ശാഫിഈ ഫിഖ്ഹില്‍ തന്നെ നിരവധി ഗ്രന്ഥങ്ങൾ ഇമാം നവവി(റ)വിനുണ്ട്. തഹ്ഖീഖ്, മജ്മൂഅ്, തന്‍ഖീഹ്, റൗള, മിന്‍ഹാജ്, ഫതാവാ, ശര്‍ഹുമുസ്‌ലിം, തസ്ഹീഹുത്തന്‍ബീഹ്, ആദ്യകാല കുറിപ്പുകള്‍ എന്നിവയാണ് യഥാക്രമം പരിഗണിക്കപ്പെടുന്ന നവവി(റ)യുടെ കര്‍മശാസ്ത്ര രചനകള്‍. (ശര്‍ഹു മുസ്‌ലിം, സ്വഹീഹു മുസ്‌ലിമിന്റെ ശര്‍ഹാണെങ്കിലും കര്‍മശാസ്ത്ര വീക്ഷണത്തോടെയാണ് ഇമാം നവവി(റ) ശര്‍ഹിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇവയില്‍ മജ്മൂഅ്, റൗള, മിന്‍ഹാജ്, ശര്‍ഹു മുസ്‌ലിം എന്നിവയാണ് ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച ഗ്രന്ഥങ്ങള്‍.
ഇമാം നവവി(റ)യുടെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പ്രഥമസ്ഥാനം കല്‍പിക്കപ്പെടുന്ന തഹ്ഖീഖും തന്‍ഖീഹും ഭാഗികമായേ രചന നിര്‍വഹിക്കപ്പെട്ടിട്ടുള്ളൂ. തഹ്ഖീഖ് സ്വലാത്തുല്‍ മുസാഫിര്‍ വരെയാണ് ഉള്ളത്. ശര്‍ഹുല്‍ മുഹദ്ദബിലുള്ള അധിക വിഷയങ്ങളും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. തന്‍ഖീഹ് ഇമാം ഗസ്സാലി(റ)യുടെ വസ്വീതിന്റെ ശര്‍ഹാണ്. ഇമാം നവവി(റ)യുടെ അവസാന രചനകളിലെ വിശിഷ്ടമായ ഗ്രന്ഥമാണിതെന്ന് ഇമാം അസ്‌നവി(റ) പറയുന്നുണ്ട്.
ഇനി ഇമാം നവവി(റ)വിൻ്റെ ഓരോ ഗ്രന്ഥത്തിൻ്റെയും പ്രത്യേകത വിവരിക്കാം
ഭാഗം 3
*ഇമാം* നവവി(റ)വിൻ്റെ ഏതാനും ഗ്രന്ഥങ്ങളുടെ സവിശേഷതകൾ ഹ്യസ്വമായി വിവരിക്കാം.
*മജ്മൂഅ്* (ശര്‍ഹുല്‍ മുഹദ്ദബ്)
ഇമാം നവവി(റ)യുടെ കര്‍മശാസ്ത്ര ഗന്ഥങ്ങളില്‍ വളരെ പ്രൗഢവും പ്രധാനവുമായ രചനയാണ് ശര്‍ഹുല്‍ മുഹദ്ദബ്. ശൈഖ് അബൂ ഇസ്ഹാഖ് ശീറാസി (റ)വിൻ്റെ മുഹദ്ദബിന്റെ വിശദീകരണമാണിത്. അല്‍ മജ്മൂഅ് എന്നാണ് യഥാര്‍ത്ഥ പേര്. ബൃഹത്തായ ഈ ഗ്രന്ഥം ഇമാം നവവി(റ)വിനു പൂര്‍ത്തീകരിക്കാനായില്ലെങ്കിലും തന്റെ ഗ്രന്ഥങ്ങളിലെ അതിപ്രധാനം ശര്‍ഹുൽ മുഹദ്ദബാണെന്ന് നിരൂപകന്മാര്‍ വിലയിരുത്തിയിട്ടുണ്ട്
ഒരു വിഷയവുമായി ബന്ധപ്പെട്ട വാദവും, എതിര്‍വാദവും തെളിവുകള്‍, ഭിന്നതകള്‍, പ്രമാണം, നാലു മദ്ഹബിലെ വീക്ഷണങ്ങൾ തുടങ്ങി എല്ലാം ശര്‍ഹുല്‍ മുഹദ്ദബ് ചര്‍ച്ച ചെയ്യുന്നുണ്ട്. നിരവധി പേജുകളുള്ള വലിയൊരു മുഖവുര മജ്മൂഇൻ്റ പ്രത്യേക തയാണ് .ഇമാം ശാഫിഈ (റ)വിൻ്റെ ഖദീമും ജദീദുമായ ഖൗലിൻ്റെ വിശദീകരണം , മുതഅല്ലിമിന്റെ അദബുകള്‍, അറിവിന്റെ മഹത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇമാം നവവി(റ) അതില്‍ വശദീകരിക്കുന്നുണ്ട്
ഇമാദുബ്‌നു കസീര്‍(റ) പറയുന്നു: ലളിതവും വിശദവും ഒരപൂര്‍വ്വ ശൈലിയിലാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്. ചുരുക്കത്തില്‍, ഈ ഗ്രന്ഥത്തോട് കിടപിടിക്കുന്ന പൂര്‍വ്വീകരോ പില്‍ക്കാലക്കാരോ രചിച്ച ഒരു ഗ്രന്ഥവും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
ഇമാം നവവി(റ)വിൻ്റെ റൗള: എന്ന ഗ്രന്ഥത്തേക്കാൾ വലിപ്പമുള്ള ശര്‍ഹുല്‍ മുഹദ്ദബ് പൂര്‍ത്തിയാക്കാനാകാതെ ഇമാം നവവി(റ) വഫാത്തായി. ഇബ്‌നുല്‍ അത്വാറി(റ)ന്റെ അഭിപ്രായപ്രകാരം ബാബുല്‍ മുസ്വര്‍റാത്ത് വരെയും അസ്‌നവി(റ)യുടെ അഭിപ്രായപ്രകാരം കിതാബു രിബ:യിൽ നിന്നു അല്പം വരെയുമാണ് നവവി(റ) രചന നിര്‍വഹിച്ചത്. എന്നാല്‍, പല പില്‍ക്കാല പണ്ഡിതന്മാരും മജ്മൂഇന്റെ തുടര്‍രചന ഏറ്റെടുത്തിട്ടുണ്ട്. ഇബ്‌നുല്‍ അത്വാര്‍(റ) പറയുന്നു:
''ശര്‍ഹുല്‍ മുഹദ്ദബിന്റെ രചനക്കാശ്രയിച്ചിരുന്ന ഗ്രന്ഥങ്ങളുടെ പേരുകള്‍ കുറിച്ചുവെച്ച ഒരു എഴുത്ത് ഇമാം നവവി(റ) എനിക്കെഴുതി. ഇമാം നവവി(റ) എന്നോട് പറഞ്ഞു: ഞാന്‍ അല്ലാഹുവിലേക്ക് നീങ്ങിയാല്‍ നിങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ നിന്ന് അതിനെ പൂര്‍ത്തീകരിക്കുക.''
ഇമാം തഖ്‌യുദ്ദീന്‍ സുബ്കി(റ)വിനാണ് പിന്നീട് ശര്‍ഹുല്‍ മുഹദ്ദബിന്റെ തുടര്‍ രചനക്കുള്ള ഭാഗ്യം കിട്ടിയത്. നവവി(റ) വഫാത്തായി പതിറ്റാണ്ട് കഴിയുമ്പോഴേക്കും തുടര്‍രചനയില്‍ ഏര്‍പ്പെടാന്‍ ഇമാം സുബ്കി(റ)യില്‍ പണ്ഡിത സഹൃദയ ലോകം ശക്തമായി സമ്മര്‍ദ്ദം ചെലുത്തി. ഇമാം നവവി(റ)യുടെ ഒരു ഗ്രന്ഥത്തിന്റെ ബാക്കി രചിക്കാനുള്ള തന്റെ അനര്‍ഹത തുറന്നു പറഞ്ഞ് ഇമാം സുബ്കി(റ) ആ സാഹസിക കൃത്യത്തിനു തുനിഞ്ഞു. പക്ഷേ, വലിയ മൂന്ന് വാള്യങ്ങള്‍ എഴുതിയ ഇമാം സുബ്കി(റ)യും പൂര്‍ത്തിയാകും മുമ്പ് വഫാത്തായി. മുഹദ്ദബിന്റെ ശര്‍ഹായി താന്‍ രചിച്ച അവസാന മൂന്ന് വാള്യങ്ങള്‍ക്ക് ഇമാം സുബ്കി(റ) തക്മിലത്തുല്‍ മജ്മൂഅ് എന്നാണ് പേരുവെച്ചത്
നവവി(റ)യുടെ മജ്മൂഉം സുബ്കി(റ)യുടെ തക്മിലയും തമ്മില്‍ രചനാശൈലിയിലും ഫലത്തിലും സ്വാഭാവികമായും വ്യത്യാസം കാണാനാവും. വളരെ വിനീതമായ ബോധത്തോടെയാണ് ഇമാം സുബ്കി(റ) തക്മിലയുടെ രചനയിലേക്ക് കടക്കുന്നത്. അതിന്റെ ആമുഖത്തില്‍ സുബ്കി(റ) പറയുന്നു: മൂന്ന് പ്രധാന കാരണങ്ങളാല്‍ ഈ മഹല്‍ദൗത്യം നിര്‍വഹിക്കാന്‍ എനിക്ക് അര്‍ഹതയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒന്ന്, ഈ വിഷയത്തിന് മനഃസ്വസ്ഥതയും സമയവും നന്നായി ആവശ്യമാണ്. ഇമാം അവര്‍കള്‍ക്ക് (നവവി(റ)) അവ രണ്ടും വേണ്ടപോലെ ലഭിച്ചിരുന്നു. ഇമാമിന് ഭാര്യയോ മക്കളോ ഇല്ല. അതുകൊണ്ടുതന്നെ മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങളുമില്ല. രണ്ട്, വിശാലമായ ലൈബ്രറി സൗകര്യം; പണ്ഡിതരോടൊത്തുള്ള സഹവാസവും. ഇമാം നവവി(റ) അവര്‍കള്‍ക്ക് ഡമസ്‌ക്കസില്‍ അതിനുള്ള സൗകര്യമുണ്ടായിരുന്നു. മൂന്ന്, ഉദ്ദേശ്യശുദ്ധി, സൂക്ഷ്മത, ഭൗതിക പരിത്യാഗം, സദ്കര്‍മങ്ങളിലെ വര്‍ദ്ധനവ് തുടങ്ങിയവയെല്ലാം ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമാണ്. ഇവയൊക്കെയും അല്ലാഹു ഇമാം നവവി(റ)വിനു നൽകി അനുഗ്രഹിച്ചു. ഈ മൂന്ന് ഗുണങ്ങള്‍ കൊണ്ടും സമ്പന്നനായ ഒരാള്‍ നിര്‍വ്വഹിച്ച ദൗത്യം സമാനമോ അടുത്തുപോലുമോ എത്താത്ത ഈ വിധേയന്‍ നിര്‍വ്വഹിക്കാന്‍ ഒരുമ്പെട്ടാല്‍ എങ്ങനെ യോജിക്കും? എങ്കിലും നമ്മുടെ ഉദ്ദേശ്യങ്ങളെ അല്ലാഹു നന്നാക്കുകയും അവന്റെ സഹായം ഉദാരമായിത്തീരുകയും ചെയ്യട്ടെ.
ശർഹുൽ മുഹദ്ദബിൻ്റെ പതിമൂന്നാം വാള്യം (ബൈഉൽ മുറാബഹ) മുതൽ ശൈഖ് മുഹമ്മദ് നജീബ് അൽ മുത്വീഇയാണ് പൂർത്തിയാക്കിയത്. ഇദ്ദേഹം എഴുതിയ ശർഹിൽ - ബൈഉൽ മുറാബഹയിൽ തന്നെ - പുത്തൻ വാദികളായ ഇബ്നു തീമിയ്യ:യുടെ ഫതാവൽ കുബ്റ: യിൽ നിന്നും ശൗക്കാനിയിൽ നിന്നുമെല്ലാം ഉദ്ധരണി കാണാം.
*റൗള*
ഇമാം നവവി(റ)യുടെ ഗ്രന്ഥങ്ങളില്‍ വളരെ പ്രസിദ്ധമാണ് റൗള. റൗളത്തുത്വാലിബീന്‍(ജ്ഞാനാന്വേഷകരുടെ പൂന്തോട്ടം) എന്നാണ് പൂര്‍ണ്ണമായ നാമം. ഇമാം റാഫിഈ(റ)യുടെ ശര്‍ഹുല്‍ കബീര്‍ (ഫത്ഹുല്‍ അസീസ്) ചുരുക്കി, ആവശ്യമായത് ചേര്‍ത്തുണ്ടാക്കിയതാണിത്. ഹിജ്‌റ 666 റമളാന്‍ 25 വ്യാഴാഴ്ചയാണ് ഇമാം റൗളയുടെ രചന തുടങ്ങുന്നത്. ഹിജ്‌റ 669 റബീഉല്‍ അവ്വല്‍ 15 ഞായറാഴ്ച പൂര്‍ത്തിയാക്കി. കേവലം രണ്ടര വര്‍ഷം കൊണ്ട് നിര്‍വ്വഹിച്ചതാണ് റൗളയുടെ പ്രൗഢമായ രചന.
അത്തവസ്സുതു വല്‍ ഫത്ഹു ബൈനര്‍റൗളത്തി വശ്ശര്‍ഹി എന്ന ഗ്രന്ഥത്തിന്റെ രചയിതാവും റൗളയുടെ പ്രമുഖ നിരൂപകനുമായ ഇമാം അദ്‌റഈ(റ) പറയുന്നു: ഇമാമിന്റെ റൗള ഈ രാജ്യങ്ങളിലൊക്കെ തന്നെ മദ്ഹബ് അനുയായികളുടെ അവലംബമായിത്തീര്‍ന്നിട്ടുണ്ട്. മാത്രമല്ല, മറ്റു രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ഉടനീളം ഗ്രന്ഥത്തിന്റെ പ്രസിദ്ധിയും ഉപയോഗവും വ്യാപിച്ചിരിക്കുന്നു. മദ്ഹബിലെ ദീര്‍ഘവിവരണഗ്രന്ഥങ്ങളില്‍ മുഖ്യമായതുതന്നെയാണിത്. ഒരു മുഫ്തിക്ക് ഫത്‌വക്ക് ആധാരമാക്കാനും ന്യായാധിപന് രേഖയാക്കാനും ഇതുതന്നെ. ഇതിനെല്ലാം നിമിത്തമായത് ഗ്രന്ഥകാരന്റെ ഉദ്ദേശ്യശുദ്ധിയും ആത്മാര്‍ത്ഥതയുമാണ്. (സഖാവി പേ. 23)
വലിയ ആത്മജ്ഞാനിയായിരുന്ന ശൈഖ് ശിഹാബുദ്ദീന്‍ ഖഫാജ(റ) പറയുന്നു: തിരുനബി(സ്വ)യെ ഒരിക്കല്‍ ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിച്ചു. ഞാന്‍ അന്വേഷിച്ചു: നവവിയെ കുറിച്ച് എന്ത് പറയുന്നു? നബി(സ) പറഞ്ഞു: വളരെ നല്ല മനുഷ്യന്‍. ഞാന്‍ വീണ്ടും ചോദിച്ചു: നവവി(റ) ഒരു ഗ്രന്ഥം രചിച്ച് 'റൗള' എന്ന് പേര് വെച്ചിരിക്കുന്നു. അങ്ങ് എന്ത് പറയുന്നു. നബി(സ) പറഞ്ഞു: മഹത്തായ ഉദ്യാനം (റൗള) തന്നെയാണത്. നവവി പേര് വെച്ചത് വളരെ ശരി. (സഖാവി പേജ്. 27)
ഇമാം നവവി(റ)യുടെ റൗളയെ വീണ്ടും ചുരുക്കിയും വിശദീകരിച്ചും നിരൂപിച്ചും ശേഷകാലത്ത് നിരവധി രചനകള്‍ കടന്നുവന്നിട്ടുണ്ട്. ഇബ്‌നുല്‍ മുഖ്‌രി(റ), മുസ്ജദ്(റ), ഇമാം സുയൂത്വി(റ) തുടങ്ങിയവര്‍ റൗളയെ സംക്ഷിപ്തപ്പെടുത്തിയവരില്‍ പ്രമുഖരാണ്. ഇമാം അസ്‌നവി(റ), ഇമാം അദ്‌റഈ(റ), ഹാഫിള് ഇബ്‌നു ഹജറിനില്‍ അസ്ഖലാനി(റ), ഇമാം സിറാജുദ്ദീന്‍ ബുല്‍ഖീനി(റ) തുടങ്ങി ഒട്ടേറെ പണ്ഡിതന്‍മാര്‍ റൗളക്ക് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. റൗളയുടെ മൂലഗ്രന്ഥമായ ശര്‍ഹു കബീറില്‍ പറയാത്ത നവവി(റ)യുടെ സ്വന്തമായ പരാമര്‍ശങ്ങളെ മുഴുവന്‍ സമാഹരിച്ച് ഗ്രന്ഥമാക്കുകയാണ് അല്‍ മജ്ദ് അസ്സങ്കലൂനി(റ) എന്ന പണ്ഡിതന്‍ ചെയ്തത്. നവവി(റ)യുടെ ഒരു ഗ്രന്ഥത്തെ ചുറ്റിപ്പറ്റി എല്ലാതരം രചനകളും നിര്‍വഹിച്ച് പില്‍ക്കാല പണ്ഡിതന്‍മാര്‍ ഇത്രമേല്‍ പരിഗണിച്ചത് അടിസ്ഥാന ഗ്രന്ഥത്തിന്റെ മഹത്വത്തെയാണ് അറിയിക്കുന്നത്. റൗളയിലെ സംശയങ്ങള്‍ നിവാരണം ചെയ്യാനും സൂചനകളെ വ്യക്തമാക്കാനുമായി ഇമാം നവവി(റ) തന്നെ ദഖാഇഖുര്‍റൗള എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. നിസ്‌കാരത്തിന്റെ അധ്യായം വരെ മാത്രമെ എഴുതാനായുള്ളൂ.
ഇമാം നവവി(റ)വിൻ്റെ മിന്‍ഹാജിനേക്കാള്‍ എളുപ്പമുള്ളതാണ് റൗളയുടെ രചനാശൈലി.
*മിന്‍ഹാജ്*
ഇമാം നവവി(റ)യുടെ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ഗ്രന്ഥമാണ് മിന്‍ഹാജ്. മിന്‍ഹാജുത്വാലിബീന്‍ എന്നാണ് പൂര്‍ണ്ണനാമം. ഇമാം റാഫിഈ(റ)യുടെ മുഹര്‍റര്‍ എന്ന ഗ്രന്ഥത്തെ സംക്ഷിപ്തപ്പെടുത്തി രചിച്ചതാണിത്. ഹിജ്‌റ 669 റമളാന്‍ 19 വ്യാഴാഴ്ചയാണ് മിന്‍ഹാജിന്റെ രചന പൂര്‍ണ്ണമാകുന്നത്. അതായത് റൗള : രചിച്ച് ആറ് മാസം കഴിയുമ്പോഴേക്കും ഇമാം (റ) മിന്‍ഹാജിന്റെ രചനയും പൂര്‍ത്തിയാക്കി.
ഇമാം നവവി(റ)യുടെ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍, പഠനത്തിനും അനുബന്ധരചനകള്‍ക്കും ഇത്രയേറെ പില്‍ക്കാലത്ത് പരിഗണിക്കപ്പെട്ട വേറൊരു ഗ്രന്ഥമുണ്ടാകാനിടയില്ല. മിന്‍ഹാജിനെയും മിന്‍ഹാജിന്റെ ആശയബാഹുല്യത്തെയും വിശകലനം ചെയ്ത് നിരവധി ഗ്രന്ഥങ്ങള്‍ തന്നെ പിന്നീടുണ്ടായി. മിന്‍ഹാജിന്റെ ശര്‍ഹുകള്‍ മാത്രം മുപ്പതിലേറെ വരും. നവവി(റ)വിന് ശേഷം വന്ന പണ്ഡിതന്മാര്‍ പലരും മിന്‍ഹാജ് മനഃപാഠമാക്കിവെച്ചിരുന്നു. പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊരുപോലെ സ്വീകാര്യമാണ് ഈ ഗ്രന്ഥം. കേരളത്തിലും മറ്റും വ്യാപകമായി പഠിപ്പിക്കപ്പെടുന്ന ഇമാം നവവി(റ)യുടെ ഏക കര്‍മശാസ്ത്ര ഗ്രന്ഥം മിന്‍ഹാജാണ്.
ഓരോ വിഷയവും കൃത്യമായി കൈകാര്യം ചെയ്യുന്നുവെന്നതാണ് മിന്‍ഹാജിന്റെ പ്രത്യേകത. മദ്ഹബിലെ പ്രബലമായ അഭിപ്രായമേ മിന്‍ഹാജില്‍ കാണൂ. സ്വന്തമായ സാങ്കേതിക പ്രയോഗങ്ങള്‍ ഇമാം നവവി(റ) മിന്‍ഹാജില്‍ ഉപയോഗിക്കുന്നുണ്ട്. അള്ഹര്‍, മശ്ഹൂര്‍, അസ്വഹ്ഹ്, സ്വഹീഹ്, മദ്ഹബ്, നസ്വ് തുടങ്ങി നിരവധി പ്രയോഗങ്ങള്‍ മിന്‍ഹാജിലുണ്ട്. ഇമാം റാഫിഈ(റ)യില്‍ നിന്നും വേറിട്ട് സംസാരിക്കുമ്പോള്‍ അത് പ്രത്യേകമായി ഖുല്‍തു.. വല്ലാഹു അഅ്‌ലം എന്ന ശൈലി മിന്‍ഹാജില്‍ ഉടനീളം കാണാം.
ഇമാം നവവി(റ)യുടെ ഭാഷാവൈദഗ്ദ്യത്തിന്റെ കൂടി പ്രകാശനമാണ് മിന്‍ഹാജ്. ചുരുങ്ങിയ വാക്കുകളില്‍ വലിയ അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കുന്നതാണ് മിന്‍ഹാജിന്റെ രചനാ രീതി. ഒരു സാഹിത്യരചനയുടെ മികവ് മിന്‍ഹാജ് പലപ്പോഴായി പ്രകടിപ്പിക്കുന്നുണ്ട്.
മിന്‍ഹാജിനെ അവലംബമാക്കി പില്‍ക്കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ മതി മൂലകൃതിയുടെ മഹത്വമറിയാന്‍. ഒരു വാള്യത്തില്‍ ഒതുങ്ങുന്ന മിന്‍ഹാജിന് നിരവധി ശര്‍ഹുകള്‍ കാണാം. ഇമാം തഖ്‌യുദ്ദീന്‍ സുബ്കി(റ), ഇമാം അസ്‌നവി(റ), ജലാലുദ്ദീന്‍ മഹല്ലി(റ), ഇബ്‌നു ഹജര്‍ ഹൈതമി(റ) ഇമാം റംലി (റ) ഇമാം ഖത്വീബുശ്ശിർബീനി (റ) തുടങ്ങി ഒട്ടേറെ പേര്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ഇമാം മഹല്ലി(റ)യുടെ കന്‍സുറാഗിബീന്‍, ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ തുഹ്ഫ: ഇമാം റംലി(റ)വിന്റെ നിഹായ : ഇമാം ഖത്വീബ് ശര്‍ബീനി(റ)വിൻ്റെ മുഗ്‌നി: എന്നിവ ഏറെ പ്രസിദ്ധമായ മിന്‍ഹാജ് ശര്‍ഹുകളാണ്. ഇവ പലപ്പോഴും ഫത് വക്ക് ആധാരമാക്കുന്ന ഗ്രന്ഥങ്ങളാണ്.
ഗദ്യരൂപത്തില്‍ മാത്രമല്ല പദ്യരൂപത്തിലും മിന്‍ഹാജിനെ ചിലര്‍ സമീപിച്ചിട്ടുണ്ട്. വിഖ്യാത കവിയും പണ്ഡിതനുമായ ഇബ്‌നുല്‍ മനസ്വീലി(റ) മിന്‍ഹാജ് പൂര്‍ണ്ണമായി കാവ്യരൂപത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
അക്കാലംവരെയുള്ള പൊതുവായ കര്‍മശാസ്ത്ര രചനാശൈലിയില്‍ ചില മാറ്റം ഇമാം നവവി(റ) തന്റെ രചനകളില്‍ വരുത്തിയതായി കാണാം. മിന്‍ഹാജില്‍ ആദ്യത്തെ കിതാബി (കിതാബു ത്വഹാറത്ത്)ന്റെ തുടക്കത്തില്‍ മാത്രമാണ് ഇമാം(റ) ആയത്ത് നല്‍കിയിരിക്കുന്നത്. മറ്റു കിതാബുകളുടെ തുടക്കത്തിലില്ല. എന്നാല്‍, ഇമാം റാഫിഈ(റ)യുടെയും ഇമാം ശാഫിഈ(റ)യുടെയും ഗ്രന്ഥങ്ങളില്‍ എല്ലാ കിതാബിന്റെ തുടക്കത്തിലും വിഷയവുമായി ബന്ധമുള്ള ആയത്ത് നല്‍കിയതായി കാണാം. മിന്‍ഹാജിന്റെ അടിസ്ഥാനമായ ഇമാം റാഫിഈ(റ)യുടെ മുഹര്‍ററിലും ഇപ്രകാരമാണ്. ഈ പൊതുവായ ശൈലിയില്‍ നിന്നും മാറിയാണ് ഇമാം നവവി(റ)യുടെ രചന പുരോഗമിക്കുന്നത്.
രചനാകാലം മുതല്‍ ഇക്കാലം വരെ മദ്ഹബില്‍ വലിയ പ്രമാണമായി ഗണിക്കപ്പെടുന്ന ഗ്രന്ഥമാണ് മിന്‍ഹാജ്. ഇമാം നവവി(റ)യുടെ മിന്‍ഹാജ് എക്കാലത്തും വളരെ പ്രസിദ്ധമാണ്. സുബ്കി(റ)യുടെ ഗുരുവായ ശൈഖ് ആലാഉദ്ദീന്‍ അല്‍ബാജി(റ)യെ പോലെ നവവി(റ)യുടെ സമകാലികരായ പലരും മുഹര്‍ററിനെ സംക്ഷിപ്തപ്പെടുത്തിയെങ്കിലും മിന്‍ഹാജിനു കൈവന്ന പ്രാധാന്യം അവക്കൊന്നും ലഭിച്ചിട്ടില്ല.
മിൻഹാജിലെ അതിപ്രധാനപ്പെട്ട ചില പോയിൻ്റുകൾ , മുഹർററിൽ വിവരിച്ച വാക്കിനു വിഭരീതമായി മിൻഹാജിൽ പറഞ്ഞതെന്തുകൊണ്ട് എന്നിവയെല്ലാം വിവരിക്കുന്ന ഒരു ലഘു ഗ്രന്ഥം ഇമാം നവവി(റ)വിനുണ്ട്. ദഖാഇഖുൽ മിൻഹാജ് എന്നാണു പേര്.
*ശര്‍ഹു മുസ്‌ലിം*
ഹദീസ് ജ്ഞാനശാസ്ത്ര ഗ്രന്ഥമാണെങ്കിലും കര്‍മശാസ്ത്രപരമായ വീക്ഷണത്തോടെയാണ് ഇമാം നവവി(റ) സ്വഹീഹു മുസ്‌ലിമിനെ സമീപിച്ചിരിക്കുന്നത്. ഹദീസിനെക്കുറിച്ചും ഹദീസ് നിവേദകരെ കുറിച്ചും പറയുന്ന ശര്‍ഹു മുസ്‌ലിം കര്‍മശാസ്ത്രത്തിലെ അതാതു വിഷയങ്ങളിലെ പണ്ഡിതന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിശദമായി വിവരിച്ച് ഒടുവില്‍ മദ്ഹബിലെ പ്രബലമായ അഭിപ്രായം വ്യക്തമാക്കുന്നു. വിഷയത്തിന്റെ നാലുപാടും ചര്‍ച്ച ചെയ്യുന്നുവെന്നതാണ് പ്രത്യേകത.
ഇമാം വഫാത്താകുന്നതിന്റെ രണ്ടു വര്‍ഷം മുമ്പാണ് ശര്‍ഹു മുസ്‌ലിമിന്റെ രചന നിര്‍വഹിക്കുന്നത്, അവസാന കാലത്തെ രചന ആയതിനാല്‍ തന്നെ ഇമാം നവവി(റ)യുടെ ജ്ഞാനസമ്പത്തു മുഴുവന്‍ ഈ ഗ്രന്ഥത്തില്‍ പ്രതിഫലിച്ചുകാണാം. എങ്കിലും കൂടുതല്‍ നീട്ടിപ്പറയാതെ അത്യാവശ്യമായവ പരാമര്‍ശിച്ചാണ് ഇമാം ശര്‍ഹു മുസ്ലിം രചിച്ചിരിക്കുന്നത്. ഇക്കാര്യം ഇമാം കിതാബിന്റെ മുഖദ്ദിമയില്‍ പറയുന്നുണ്ട്. തടസ്സങ്ങളൊന്നുമില്ലായിരുന്നെങ്കില്‍ നൂറ് ഭാഗത്തേക്കാള്‍ ബൃഹത്തായ വലിയൊരു വ്യാഖ്യാനം ഞാന്‍ രചിക്കുമായിരുന്നുവെന്ന് ഇമാം അതില്‍ പറയുന്നുണ്ട്.
ശര്‍ഹു മുസ്‌ലിം എന്നതാണ് പൊതുവെ പറയപ്പെടാറെങ്കിലും ഗ്രന്ഥത്തിന്റെ യഥാര്‍ത്ഥ പേര് മിന്‍ഹാജ് എന്ന് തന്നെയാണ്. ഇത് പലര്‍ക്കും തെറ്റിദ്ധാരണക്ക് വക നല്‍കാറുണ്ട്. ഹദീസ് ചര്‍ച്ചയില്‍ ഇമാം നവവി(റ) മിന്‍ഹാജില്‍ പറഞ്ഞു, എന്നു പറഞ്ഞാല്‍ മുഹര്‍ററിന്റെ മുക്തസ്വറായ മിന്‍ഹാജല്ല ശര്‍ഹു മുസ്‌ലിമായിരിക്കും അതുകൊണ്ടുള്ള ഉദ്ദേശ്യം.
മേല്‍ ഗ്രന്ഥങ്ങള്‍ക്കു പുറമെ കര്‍മശാസ്ത്രത്തില്‍ തന്നെ ഇമാം നവവി(റ)ക്ക് ഭാഗികമായി പൂര്‍ത്തീകരിച്ച നിരവധി ഗ്രന്ഥങ്ങളുണ്ട്. ഹജ്ജിന്റെ അനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള ഈളാഹ് അതിൽ പ്രസിദ്ധമാണ്. ശീറാസി(റ)യുടെ തന്‍ബീഹും ഗസ്സാലി(റ)യുടെ വസ്വീതും അടിസ്ഥാനപ്പെടുത്തി പൂര്‍ത്തീകരിക്കാത്ത പല രചനകളും ഇമാമിനുണ്ട്. സ്വഹീഹു മുസ്‌ലിമിനു പുറമെ സ്വഹീഹുൽ ബുഖാരിക്കും അബൂദാവൂദിനും തുര്‍മുദിക്കും അനുബന്ധ രചനകള്‍ നടത്തിയിട്ടുണ്ടെങ്കിലും അവ പൂര്‍ത്തീകരിച്ചിട്ടില്ല.
രിയാളുസ്വാലിഹീന്‍, അദ്കാര്‍, തഹ്‌രീര്‍, തിബ്‌യാന്‍, അര്‍ബഈന്‍, തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് തുടങ്ങിയവ പ്രസിദ്ധമായ കര്‍മശാസ്‌ത്രേതര ഗ്രന്ഥങ്ങളാണ്. മുഖ്തസ്വറുല്‍ മുസ്‌നി, മുഹദ്ദബ്, തന്‍ബീഹ്, വസ്വീത്, വജീസ്, റൗള എന്നീ ആറ് ഗ്രന്ഥങ്ങളിലെ ഭാഷാപ്രയോഗത്തെയും നാമങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്.
ശാഫിഈ കര്‍മശാസ്ത്രത്തിനും രചനാപരമായും ബൗദ്ധികപരമായും ഇത്രയേറെ സേവനങ്ങള്‍ ചെയ്ത മറ്റൊരു പണ്ഡിതനുണ്ടോയെന്ന് സംശയമാണ്. ശാഫിഈ ഫിഖ്ഹിന്റെ പുനരുദ്ധാരണത്തിനായി കടന്നുവന്ന ഇമാം നവവി(റ) രണ്ടാം ശാഫിഈ എന്ന അപരനാമത്തില്‍ അറിയപ്പെടാന്‍ മാത്രം മദ്ഹബില്‍ പ്രബലത തെളിയിച്ചിട്ടുണ്ട്.
*ഉമ്മയുടെ പ്രാർത്ഥന*
ഇമാം നവവി(റ)വിൻ്റെ ആത്മീയ ഉയർച്ചക്ക് നിമിത്തമായതിൽ പ്രധാന ഘടകം ഉമ്മയുടെ പ്രാർത്ഥന തന്നെ. ഇമാമിൻ്റെ കുട്ടിക്കാലത്ത് അല്പം കുടിവെള്ളം കൊണ്ടുവരാൻ ഉമ്മ ആവശ്യപ്പെട്ടു. മകൻ വെള്ളവുമായി വന്നപ്പോഴേക്കും ഉമ്മ ഉറങ്ങിപ്പോയി. ഉമ്മയെ വിളിച്ചുണർത്തൽ മര്യാദയല്ലന്നു ആ ഇളം മനസ്സിനു മനസ്സിലായി.വെള്ളപ്പാത്രവുമായി ഉമ്മയുടെ അരികിൽ ഏറെ നേരം നിന്നു. ഈ രംഗമാണ് ഉമ്മ ഉണർന്നപ്പോൾ കണ്ടത്. തൻ്റെ കുഞ്ഞിൻ്റെ മര്യാദ കണ്ടു ഉമ്മ ഏറെ സന്തോഷിച്ചു. അല്ലാഹുവേ ,എൻ്റെ മകനെ നീ ഉന്നത സ്ഥാനത്ത് എത്തിക്കണേ , ഉമ്മ പ്രാർത്ഥിച്ചു. അതു അപ്പടി നാഥൻ സ്വീകരിച്ചു.
*അദബ്*
ഇമാം നവവി(റ) ഈജിപ്തിലെ ഇമാം ശാഫിഈ (റ)വിൻ്റെ മഖ്ബറ സിയാറത്തിനു പോയപ്പോൾ മഖ്ബറ യുടെ ഒരു പാട് അകലെ നിന്നു സിയാറത്ത് ചെയ്തു മടങ്ങി. ഇതു കണ്ട ഒരാൾ ചോദിച്ചു. എന്താണു മഖ്ബറയുടെ ചാരത്തേക്ക് പോവാത്തത് ? ഇമാം ശാഫിഈ (റ) ഇന്നു ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഞാൻ ഇത്ര ദൂരത്തേ നിൽക്കുകയുള്ളൂ. എന്നായിരുന്നു ഇമാമിൻ്റെ മറുപടി (ഇത്ഹാഫ്) ജീവിതകാലത്തെ അദബ് മരണശേഷവും കാണിക്കണം
*വഫാത്ത്*
ഇമാം നവവി(റ) നാൽപ്പത്തഞ്ച് വർഷമാണ് ജീവിച്ചത്. ഹിജ്റ :676 റജബ് 24ന് ബുധനാഴ്ച രാത്രി ഇമാം നവവി(റ) വഫാത്തായി’.(തുഹ്ഫത്തുത്വാലിബീന്‍) ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസമായ ഇമാം നവവി(റ)വിന്‍റെ ധന്യവും കര്‍മനിരതവുമായ ജീവിതത്തിന് ഇവിടെ തിരശീല വീണു. 45 വയസ്സ് മാത്രം ജീവിച്ച് നൂറ്റാണ്ടുകള്‍ കൊണ്ട് ചെയ്യാവുന്ന സേവനങ്ങള്‍ ചെയ്തു തീര്‍ത്ത ഒരാള്‍ വിജ്ഞാന ചരിത്രത്തില്‍ ഒരാള്‍ ഇമാം നവവി(റ) മാത്രമേയുള്ളൂ.
(അവസാനിച്ചു)
(അൽ മുഹിമ്മ : രിസാലത്തു തൻബീഹ് )