AQEEDA Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ഇസ്ലാമിക ചരിത്രം (Islamic History):
📌 ഈസാനബി (അ)
Part : 00:【മുഖവുര】
ഇസ്രാഈല്യരിലേക്ക് ഒട്ടനേകം പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവരിൽ അവസാനത്തെ നബിയാണ് ഈസാ (അ)...
തത്വശാസ്ത്രവും വൈദ്യശാസ്ത്രവും വളർന്നു വികസിച്ച കാലം. വൈദ്യ
ശാസ്ത്രത്തെ വെല്ലുവിളിച്ച സംഭവങ്ങളാണ് പിന്നെ നടന്നത്.
അല്ലാഹു ﷻ ഇറക്കിയ വേദ ഗ്രന്ഥങ്ങളാണ് തൗറാത്തും ഇഞ്ചീലും.
അവ രണ്ടിലേക്കുമാണ് ഈസാ (അ) ഇസാഈല്യരെ ക്ഷണിച്ചത്.
വളരെ ക്രൂരമായിട്ടാണവർ പ്രതികരിച്ചത്. ഈസാ (അ) ൽ വിശ്വസിച്ചത് സാധാരണക്കാരായ തൊഴിലാളികൾ. ഇവർ പ്രശംസിക്കപ്പെട്ട വിഭാഗമാണ്.
ഈസാ (അ) നെതിരെ ശത്രുക്കൾ തന്ത്രം പ്രയോഗിച്ചു. അതിനേക്കാൾ ശക്തമായ തന്ത്രം അല്ലാഹുﷻവും പ്രയോഗിച്ചു. ഉൾക്കിടിലത്തോടെയല്ലാതെ അതോർക്കാനാവില്ല. എല്ലാം വിശുദ്ധ ഖുർആൻ വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്.
ഈസാ നബി (അ) ന്റെ യഥാർത്ഥ ചരിത്രം കുട്ടികൾക്ക് നന്നായി പറഞ്ഞുകൊടുക്കണം. കുരിശിൽ തറക്കപ്പെട്ടത് ഈസാ (അ) അല്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. അല്ലെങ്കിൽ അവരുടെ വിശ്വാസം വികലമായിപ്പോവാനിടയുണ്ട്.
കുഞ്ഞുങ്ങളുടെ കുരുന്നുമനസ്സിൽ തൗഹീദ് ഉറപ്പിക്കണം. കുരുന്നുമനസ്സിൽ ഈമാനിന്റെ പ്രകാശം പരക്കണം. അതിന്ന് ഈ ചരിത്രം സഹായകമാവും. ഉപയോഗപ്പെടുത്തുക. ഉപയോഗപ്പെടുത്താൻ മറ്റുള്ളവരെ ഉപദേശിക്കുക.
അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ...☝🏼
അല്ലാഹുﷻ, അവൻ സർവശക്തനാണ്.
മണ്ണിൽ നിന്ന് ആദം(അ)നെ പടച്ചു.
ആദം(അ)ന്റെ വാരിയെല്ലുകൊണ്ട് ഹവ്വ(റ)യെയും. അല്ലാഹു ﷻ ന് അതൊട്ടും പ്രയാസമുള്ള കാര്യമല്ല.
പുരുഷനില്ലാതെ, സ്ത്രീയിൽ നിന്ന് മാത്രം കുഞ്ഞിനെ സൃഷ്ടിക്കാൻ അല്ലാഹുﷻവിന്ന് കഴിയും. ഈസാ(അ) അങ്ങനെ സൃഷ്ടിക്കപ്പെട്ട കുട്ടിയാണ്.
മർയമിന്റെ മകൻ ഈസാ(അ) മറ്റാരുടെയും മകനല്ല...
ലോകാവസാനംവരെ മർയം(റ) പറയപ്പെടും. പരലോകത്ത് സ്വർഗനായികമാരിൽ ഒരാളാണവർ.
മർയം(റ)യുടെയും മകൻ ഈസാ(അ)ന്റെയും ചരിത്രം ചുരുക്കിപ്പറയുകയാണിവിടെ...
കൂരിരുട്ടിൽ നടന്നുപോകുന്ന രണ്ടുകൂട്ടുകാർ, മുമ്പിൽ നടക്കുന്നവന് ഒരു കുഴി ശ്രദ്ധയിൽപെട്ടു. ഉടൻ അയാൾ കൂട്ടുകാരനോട് പറയുന്നു. ശ്രദ്ധിക്കണം മുമ്പിൽ കുഴിയുണ്ട്. തന്റെ കൂട്ടാളിയെ രക്ഷപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണിത്. എന്നാൽ നമ്മുടെ ഒരു സുഹൃത്ത് ശാശ്വതമായി നരകത്തിൽ വീഴുന്നത് ആരാണിഷ്ടപ്പെടുക.
നമ്മുടെ സഹോദരസമുദായക്കാരായ ഓരോ കൃസ്ത്യാനിയും ഇത് വായിച്ച് സത്യം ഗ്രഹിച്ചെങ്കിൽ എന്ന് ഞാൻ
ആത്മാർത്ഥമായി ആശിക്കുന്നു. സത്യത്തിൽ കൃസ്തു സഹോദരങ്ങൾക്ക് യഥാർത്ഥ സൃഷ്ടാവിന്റെ ശക്തി ഉൾക്കൊള്ളാൻ കഴിയാതെ പോയി. അതുകൊണ്ടാണല്ലോ ആദം-ഹവ്വ ജന്മത്തേക്കാൾ മഹത്വരമായി ഈസാ നബി (അ)ന്റെ ജന്മത്തെ അവർ കാണുന്നത്.
ഈസാ നബി (അ) തൊട്ടിലിൽ നിന്ന് ആദ്യം ഉരുവിട്ടത് "അബ്ദുല്ലാഹ്'' (ഞാൻ സഷ്ടാവിന്റെ അടിമയാണെന്നാണ്) തൗഹീദ് സ്ഥാപിക്കാൻ വന്ന പ്രവാചകനെ ധിക്കാരപരമായ "തീ ഇൻ വൺ' സിദ്ധാന്തത്തിലൂടെ തള്ളിക്കളയുകയാണവർ.
കുരിശിൽ തറച്ച സംഭവത്തിലെ തെറ്റിദ്ധാരണയും വളരെ വ്യക്തമായി ഖുർആൻ വിശദീകരിക്കുന്നു. സത്യം ഗ്രഹിച്ച് രക്ഷ പ്രാപിക്കണമെന്ന് വിശ്വസിക്കുന്ന ഏതൊരാൾക്കും ഖുർആന്റെ വെളിച്ചത്തിൽ ഈസാ നബി (അ) ന്റെ സൃഷ്ടിപ്പും, ജീവിതവും സംബന്ധിച്ച് ഒരു റഫറൻസായി ഉപയോഗപ്പെടുത്താൻ
ഈ ചരിത്രം സഹായകമാണ്.
ഇത് വായിക്കുന്ന ഓരോ സഹോദരങ്ങളും തന്റെ കൃസ്തു സഹോദരന്നും ഈ ചരിത്രം സമ്മാനിക്കണമെന്ന അപേക്ഷയോടെ ഈ ചരിത്രം
നിങ്ങൾക്ക് സമർപ്പിക്കുന്നു.
Part : 01
*🔖 ഹന്നയുടെ മകൾ (1)*
ഈസാ (അ). വല്ലാത്തൊരു വിസ്മയം ലോകത്ത് നിലനിർത്തിപ്പോരുന്ന പേരാണത്. അനേക നൂറ്റാണ്ടുകളായി ഈസാ (അ) നെക്കുറിച്ചുള്ള വിവരണം അതിശയത്തോടെ ലോകം കേട്ടുകൊണ്ടിരിക്കുന്നു.
മാതാപിതാക്കളുടെ സമ്പർക്കത്തിൽ നിന്ന് കുഞ്ഞ് ജനിക്കുന്നു. അതാണ് പ്രകൃതി രീതി. പ്രകൃതിയുടെ രീതിക്ക് വിരുദ്ധമായി കുഞ്ഞ് ജനിക്കുമോ?
ജനിക്കും. ഈസാ (അ) ജനിച്ചതങ്ങനെയാണ്. ഈസാ (അ) പിതാവില്ലാതെ പിറന്ന കുട്ടിയാണ്...
ഈസ്രാഈലി സമൂഹത്തിലേക്ക് അനേകം പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവരിൽ അവസാനത്തെ പ്രവാചകനാണ് ഈസാ (അ). മാതാവ് മർയം (റ)...
ഈസാ (അ) നെക്കുറിച്ച് പറയുമ്പോൾ ലോകം ആദം (അ)നെ ഓർക്കുന്നു. പ്രമാണങ്ങൾ ഓർമപ്പെടുത്തുകയും ചെയ്യുന്നു. ആദം (അ) നെ അല്ലാഹു ﷻ സൃഷ്ടിച്ചു. പിതാവില്ലാതെ. മാതാവില്ലാതെ. അതല്ലേ വലിയ വിസ്മയം.
ആദം നബി (അ)ന്ന് ഇണയായി ഹവ്വാ (റ) സൃഷ്ടിക്കപ്പെട്ടു. ഹവ്വാ (റ)ക്ക് പിതാവുണ്ടോ? മാതാവുണ്ടോ? ഇല്ല. അല്ലാഹുﷻവിന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവം. അല്ലാഹു ﷻ സർവ്വശക്തനാണ്. എന്തിനും കഴിവുള്ളവൻ. ആദം (അ) ഹവ്വാ (റ) ഈസാ (അ)ഇവരുടെ സൃഷ്ടിപ്പ് അതിന്നുദാഹരണമാണ്...
വിശുദ്ധ ഖുർആനിലെ പത്തൊമ്പതാം അധ്യായത്തിന്റെ പേരെന്താണെന്നറിയുമോ?
സൂറത്ത് മർയം. ഒരു വിശുദ്ധ വനിതയുടെ പേരിൽ അറിയപ്പെടുന്ന അധ്യായം. വിശുദ്ധ ഖുർആനിൽ മുപ്പത് സ്ഥലത്ത് പറയപ്പെട്ട പേര്.
മർയം(റ)യുടെ മാതാവ് പുണ്യവതിയായ ഹന്ന. പിതാവ് പൗര പ്രമുകനായ ഇംറാൻ. അക്കാലത്ത് ഫലസ്തീൻ ജനതയുടെ സാമൂഹിക ജീവിതത്തിന്റെ സിരാകേന്ദ്രമായിരുന്നു ബൈത്തുൽ മുഖദ്ദസ്. ബൈത്തുൽ മുഖദ്ദസിലെ പരിചാരകന്മാരിൽ പ്രമുഖനാണ് ഇംറാൻ. അവിടെ വന്നു പോകുന്നവരുമായി നല്ല ബന്ധം. എല്ലാ പൊതുകാര്യങ്ങൾക്കും മുമ്പിലുണ്ടാവും.
ആ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് സക്കരിയ്യ (അ). വഴിപിഴച്ചു പോയ ജനതയെ തൗഹീദിലേക്കു ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട മഹാപ്രവാചകനാണ്. ആ സമൂഹം കൊടും ക്രൂരതയാണ് സകരിയ്യ (അ)നോട് കാണിച്ചത്. സകരിയ്യ (അ)ന്റെ ഭാര്യയുടെ പേര് ഈശാഹ്. ഈശാഹ് ആരാണ്? ഹന്നയുടെ മൂത്ത സഹോദരി...
സ്നേഹവും വാത്സല്യവും നിറഞ്ഞ ഇത്താത്ത. സകരിയ്യ (അ) ഈശാഇനോടൊപ്പം ഒരു കൊച്ചുവീട്ടിൽ താമസിക്കുന്നു. വഴിപിഴച്ച ദുഷ്ടന്മാരുടെ ഉപദ്രവങ്ങൾ സഹിച്ചാണ് ജീവിക്കുന്നത്. പകൽ സമയത്ത് സകരിയ്യ (അ) അധികനേരവും വീട്ടിലുണ്ടാവില്ല. ബൈത്തുൽ മുഖദ്ദസിലോ മറ്റു സ്ഥലങ്ങളിലോ ആയിരിക്കും. ഹന്നയും ഇംറാനും ഒരു കൊച്ചുവീട്ടിൽ സമാധാനത്തോടെ കഴിയുന്നു.
പകൽ സമയത്ത് ഇംറാൻ ബൈത്തുൽ മുഖദ്ദസിലായിരുക്കും. രണ്ട് വീടുകളിലും ഒരേ ദുഃഖം തളം കെട്ടി നിന്നു. ഇരു കൂട്ടർക്കും സന്താനങ്ങളില്ല. ഖൽബിനെ കാർന്നു തിന്നുന്ന വേദന നാലു പേരും അനുഭവിച്ചു വരികയാണ്.
Part : 02
*🔖 ഹന്നയുടെ മകൾ (2)*
ഹന്ന ഒരു ദിവസം ഒരു കാഴ്ചകണ്ടു. വലിയൊരു തണൽ വൃക്ഷം, കൊമ്പിലൊരു പക്ഷിക്കൂട്. കൂട്ടിൽ തള്ളപ്പക്ഷിയും കുഞ്ഞുങ്ങളും. തള്ളപ്പക്ഷി കുഞ്ഞുങ്ങളോട് കാണിക്കുന്ന വാത്സല്യം. കുറച്ചു നേരം നോക്കി നിന്നപ്പോൾ ഹന്നയുടെ ഖൽബിൽ ദുഃഖം നിറഞ്ഞു. ആ തള്ളപ്പക്ഷി സൗഭാഗ്യവതിയാണ്. താനോ? തേങ്ങിക്കരഞ്ഞുപോയി...
സംഭവമറിഞ്ഞപ്പോൾ ഇംറാനും ദുഃഖിതനായി. പതറിയ മനസ്സുമായി ദുആ ഇരന്നു. കുഞ്ഞിനെ ലഭിക്കാൻ വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്. അന്നത്തെ പ്രാർത്ഥന കണ്ണീരിൽ കുതിർന്നതായിരുന്നു. ആ പ്രാർത്ഥന ഫലമുണ്ടായി. തള്ളപ്പക്ഷി തന്റെ കുഞ്ഞിന് തീറ്റകൊടുക്കുന്ന രംഗം കണ്ട ഹന്നയുടെ മനസ്സ് ദുഃഖം കൊണ്ട് ആടിയുലഞ്ഞു പോയി. വെപ്രാളത്തോടെ ഒരു നേർച്ചനേർന്നു.
അല്ലാഹുവേ നീ എനിക്കൊരു കുഞ്ഞിനെ നൽകിയാൽ ഞാനതിനെ ബൈത്തുൽ മുഖദ്ദസിന്റെ സേവനത്തിനായി സമർപ്പിക്കുന്നതാണ്. വല്ലാത്തൊരു നേർച്ചയാണ് നേർന്നത്. ഏറെക്കഴിഞ്ഞില്ല ഹന്ന ഗർഭണിയായി. ഗർഭണിയായ സന്തോഷം. സന്തോഷത്തോടൊപ്പം ദുഃഖവുമെത്തി...
വേർപാടിന്റെ കടുത്ത വേദന. പ്രിയ ഭർത്താവ് ഇംറാൻ തളർന്നുപോയി. കണ്ണുകളടഞ്ഞു. എന്നെന്നേക്കുമായി ഇംറാൻ മരിച്ചു പോയി. ഹന്ന വിധവയായി. മാസം തികഞ്ഞു. കുഞ്ഞിനെ പ്രസവിച്ചു. പെൺകുഞ്ഞ്. ഈ കുഞ്ഞാണ് മർയം(റ)...
പെൺകുഞ്ഞ് പിറന്നപ്പോൾ ഹന്നക്ക് വെപ്രാളമായി. ബൈത്തുൽ മുഖദ്ദസിന്റെ സേവന്നത്തിനുവേണ്ടി സമർപ്പിക്കപ്പെടുക ആൺകുട്ടികളാണ്. പെൺകുട്ടികളല്ല. നേർച്ച വീടുകയും വേണം. എന്തുവഴി..? അല്ലാഹു ﷻ ഒരു വഴികാട്ടിത്തരും. അവർ അങ്ങനെ ആശ്വസിച്ചു...
പിറന്ന ദിവസം തന്നെ കുഞ്ഞിന് പേരിട്ടു. മർയം. മർയം എന്ന വാക്കിന്ന് ശുശ്രൂഷിക്കുന്നവൾ, ആരാധനയിൽ വ്യാപൃതയായവൾ. എന്നൊക്കെ അർത്ഥം പറഞ്ഞു കാണുന്നു. ബൈത്തുൽ മുഖദ്ദസിന്റെ ശുശ്രൂഷകന്മാർ ഇരുപത്തൊമ്പത് പേരുണ്ടായിരുന്നു. അവരുടെ നേതാവ് സകരിയ്യ (അ) ആയിരുന്നു. ഹന്നയുടെ നേർച്ചയെക്കുറിച്ച് അവരറിഞ്ഞു.
മർയം അല്ലാഹു ﷻ നൽകിയ അനുഗ്രഹമാണ്. ആ കുഞ്ഞിന്റെ സംരക്ഷണം. ഏറ്റെടുക്കാൻ ഇരുപത്തൊമ്പത് പേരും സന്നദ്ധരായി. അവർക്കിടയിൽ മത്സരമായി. വിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായത്തിന്റെ പേര് സൂറത്തു ആലു ഇംറാൻ എന്നാകുന്നു. ഇംറാന്റെ കുടുംബ വാർത്തകൾ ഇതിൽ പറയുന്നുണ്ട്.
അതിലെ മുപ്പത്തഞ്ചാം വചനം ശ്രദ്ധിക്കുക. അതിന്റെ ആശയം ഇങ്ങനെയാകുന്നു. "എന്റെ റബ്ബേ..! എന്റെ വയറ്റിലുള്ള ശിശുവിനെ ഞാനിതാ നിനക്കായി ഉഴിഞ്ഞുവെക്കുവാൻ നേർച്ചയാക്കിയിരിക്കുന്നു. അതുകൊണ്ട് നീ ഇത് സ്വീകരിക്കേണമേ..! തീർച്ചയായും നീ മാത്രമാണ് നന്നായി കേൾക്കുന്നവനും കാണുന്നവനും എന്ന് ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദർഭം ഓർക്കുക." (3:35)
തൊട്ടടുത്ത വചനത്തിന്റെ ആശയം ഇങ്ങനെ: "അങ്ങനെ കുഞ്ഞിനെ പ്രസവിച്ചപ്പോൾ മഹതി പറഞ്ഞു : എന്റെ റബ്ബേ ഞാൻ പ്രസവിച്ചത് ഒരു പെൺകുഞ്ഞിനെയാണ്. മഹതി പ്രസവിച്ചത് എന്താണെന്ന് അല്ലാഹു ﷻ നന്നായി അറിയുന്നവനാകുന്നു. ആൺകുഞ്ഞ് പെൺകുഞ്ഞിനെപ്പോലെയല്ല. ഞാൻ അവൾക്ക് മർയം എന്ന് പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനങ്ങളെയും ശപിക്കപ്പെട്ട പിശാചിൽ നിന്ന് രക്ഷിക്കുവാനായി നിന്നിൽ ഞാൻ അഭയം പ്രാപിക്കുകയാണ്." (3:36)
Part : 03
*🔖 ഹന്നയുടെ മകൾ (3)*
വളരെ ശ്രദ്ധേയമായ ഒരു പ്രാർത്ഥനയാണിവിടെ നടത്തിയത്. പ്രിയപുത്രി മർയമിനെയും മർയമിൽ നിന്നുണ്ടാവുന്ന സന്താന പരമ്പരയേയും ശപിക്കപ്പെട്ട പിശാചിൽ നിന്ന് സംരക്ഷിക്കേണമേ..! എന്നാണ് പ്രാർത്ഥന.
ഈ പ്രാർത്ഥന സകല മുസ്ലിംകൾക്കും പാഠമാണ്. മക്കൾ നന്നായിത്തീരണമെന്ന ആശവേണം. അവരിൽ നിന്നുണ്ടാവുന്ന പരമ്പരയും നന്നാവണം. അതിനുവേണ്ടി പ്രാർത്ഥിക്കണം. പിറന്ന നാൾ തൊട്ടു തന്നെ പ്രാർത്ഥന വേണം. കുട്ടികളെ നന്നാക്കിയെടുക്കാനുള്ള ബുദ്ധിപരമായ പ്രവർത്തനങ്ങളും നടത്തണം. മനഃശാസ്ത്രപരമായ സമീപനം വേണം. ദീനിനോട് ഭക്തി-ബഹുമാനങ്ങൾ വളർത്തിയെടുക്കണം.
മർയം(റ)വിനെ അല്ലാഹു ﷻ സ്വീകരിച്ചു. ആരാധനയുടെ കേന്ദ്രത്തിലാണവർ വളരാൻ പോവുന്നത്. ബൈത്തുൽ മുഖദ്ദസിൽ പണ്ഡിതന്മാരുണ്ട്. അവരുടെ പ്രഭാഷണങ്ങൾ നടക്കുന്നു. ദീനി പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമാണത്.
സകരിയ്യാ(അ) അവർകളിൽ നിന്നാണ് ശിക്ഷണം ലഭിക്കാൻ പോവുന്നത്. അക്കാലത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച ശിക്ഷണം. മർയം (റ)വിനെ അല്ലാഹു ﷻ അനുഗ്രഹിച്ചു. വിജ്ഞാനം കൊണ്ടവർ സമ്പന്നയായിത്തീരണം. അല്ലാഹുﷻവിനെ അറിയുക അതാണ് ഏറ്റവും ശ്രേഷ്ഠമായ വിജ്ഞാനം. ആ വിജ്ഞാനമാണ് കൊച്ചുപ്രായത്തിൽ തന്നെ ലഭിക്കാൻ പോവുന്നത്.
ഒരു സമൂഹത്തിലെ ഏറ്റവും നല്ല അധ്യാപകൻ അവരിലേക്ക് നിയോഗിക്കപ്പെട്ട നബിയാകുന്നു. അല്ലാഹുﷻവിനെക്കുറിച്ചുള്ള വിജ്ഞാനം ജനങ്ങൾക്കു പകർന്നു നൽകുന്നത് നബിയാകുന്നു. നബിയുടെ ജീവിതം തൊട്ടടുത്തു നിന്ന് കണ്ട് പഠിക്കാനുള്ള അവസരം ലഭ്യമാവുകയാണ്.
ഹന്ന തന്റെ കുട്ടിയുമായി ബൈത്തുൽ മുഖദ്ദസിലെത്തി. അപ്പോൾ അവിടെയുള്ള ശുശ്രൂഷകരെല്ലാം കുട്ടിയെ സ്വീകരിക്കാൻ ഉത്സാഹം കാണിച്ചു. കുട്ടിയുടെ സംരക്ഷണത്തിനായി മത്സരബുദ്ധിയോടെ മുമ്പോട്ടു വന്നു. തർക്കം പരിഹരിക്കാൻ ഒരുപായം കണ്ടെത്തി. നറുക്കിടുക...
എല്ലാവരും ജോർദാൻ നദിയുടെ കരയിൽ വന്നു. ഓരോരുത്തരുടെയും കൈവശം എഴുതാനുപയോഗിക്കുന്ന പേനയുണ്ട്. സകരിയ്യാ (അ) അക്കൂട്ടത്തിലുണ്ട്. കാണികളും ധാരളം. എല്ലാവരും പേന വെള്ളത്തിലിടുക. ആരുടെ പേനയാണോ താഴ്ന്നു ഒഴികിപ്പോകാതെ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നത് അയാൾക്കാണ് കുഞ്ഞിനെ വളർത്താനുളള അവകാശം ലഭിക്കുക.
വികാരഭരിതമായ അന്തരീക്ഷം. ഓരോരുത്തരുമായി പേനയിട്ടു. സകരിയ്യാ (അ) തന്റെ പേനയും നദിയിലിട്ടു. അത്ഭുതം സകരിയ്യാ (അ)ന്റെ പേന മാത്രം പൊങ്ങിക്കിടന്നു. മറ്റുള്ളവയെല്ലാം താഴ്ന്നു ഒഴുകിപ്പോയി. എല്ലാവരുടെയും സമ്മതത്തോടെ സകരിയ്യ (അ) കുഞ്ഞിനെ ഏറ്റെടുത്തു.
ഇക്കാര്യം വിശുദ്ധ ഖുർആനിലൂടെ അല്ലാഹു ﷻ മുഹമ്മദ് നബി ﷺ തങ്ങൾക്ക് അറിയിച്ചുകൊടുത്തു...
വിശുദ്ധ ഖുർആൻ പറയുന്നു : "ഇതെല്ലാം ദൃശ്യവാർത്തകളിൽ പെട്ടതാണ്. ഇതിനെ വഹിയ് മൂലം താങ്കൾക്ക് നാം അറിയിച്ചു തരുന്നു. മർയമിന്റെ സംരക്ഷണം ഏറ്റെടുക്കുന്നത് ആരാണെന്ന് തീരുമാനിക്കാൻ അവർ തങ്ങളുടെ പേനകൾ ഇട്ടപ്പോൾ. താങ്കൾ അവിടെ ഹാജരായിരുന്നില്ല. അവർ തർക്കിക്കുമ്പോഴും താങ്കൾ അവരുടെ അടുക്കൽ ഉണ്ടായിരുന്നില്ല." (3:44)
യഹൂദരെയും ക്രൈസ്തവരെയും അത്ഭുതപ്പെടുത്തിയ വാർത്തയാണിത്. സകരിയ്യ (അ)നെക്കുറിച്ചും മർയം (റ) വിനെക്കുറിച്ചും ചില വിവരങ്ങൾ അവർക്കറിയാമായിരുന്നു. വിശദ വിവരങ്ങളറിയില്ല. പേന നദിയിലിട്ട സംഭവം അവർക്ക് പുതുമയുള്ള വാർത്തയായിരുന്നു. സകരിയ്യ (അ)അത്ഭുതപ്പെട്ടുപോയ ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. അവ ശ്രദ്ധിക്കാം.
അല്ലാഹു ﷻ വിശുദ്ധ ഖുർആനിൽ പറയുന്നു. മഹതിയുടെ റബ്ബ് മഹതിയെ നല്ല നിലയിൽ സീകരിക്കുകയും ഉൽകൃഷ്ടമായ രീതിയിൽ വളർത്തിക്കൊണ്ട് വരികയും ചെയ്തു. മഹതിയുടെ പരിപാലനത്തിന് സകരിയ്യാ നബി (അ)നെ അവൻ ഭാരമേൽപ്പിക്കുകയും ചെയ്തു.
മഹതിയുടെ അടുക്കലേക്ക് മുറിയിൽ കടന്നു ചെല്ലുമ്പോഴെല്ലാം എന്തെങ്കിലുമൊരു ഭക്ഷണം മഹതിയുടെ അടുത്ത് അദ്ദേഹം കാണാറുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ചോദിച്ചു : "ഓ... മർയം ഇത് നിനക്ക് എവിടെ നിന്ന് കിട്ടി..?" മഹതി പറഞ്ഞു : "ഇത് അല്ലാഹുﷻവിങ്കൽ നിന്ന് ലഭിച്ചതാകുന്നു."
"നിശ്ചയമായും താനുദ്ദേശിക്കുന്നവർക്ക് അല്ലാഹു കണക്കു കൂടാതെ ഭക്ഷണം നൽകുന്നതാകുന്നു." (3:37)
മർയം (റ)വിന്ന് വേണ്ടി സകരിയ്യ (അ) ഒരു മുറി തയ്യാറാക്കിയിരുന്നു. ഒരു ചെറിയ കോണികയറി മുറിയിൽ പ്രവേശിക്കാം. സകരിയ്യാ(അ) മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നത്. ആവശ്യമായ അറിവുകളെല്ലാം സകരിയ്യ (അ)ൽ നിന്ന് മർയം (റ)പഠിച്ചുകൊണ്ടിരുന്നു...
മർയം (റ)യുടെ മാതാവിന്റെ സഹോദരിയാണല്ലോ സകരിയ്യ (അ)ന്റെ ഭാര്യാ ഈശാഹ്. രാത്രി പ്രാർത്ഥനക്കു ശേഷം സകരിയ്യ (അ)വീട്ടിലേക്കു മടങ്ങുമ്പോൾ മർയമിനെയും കൊണ്ട് പോവും. രാവിലെ പള്ളിയിലേക്ക് തിരിച്ചുകൊണ്ട് വരികയും ചെയ്യും. രാത്രി ഭക്ഷണവും ഉറക്കവും മൂത്തുമ്മായുടെ കൂടെ. പ്രഭാത ഭക്ഷണവും അവിടെത്തന്നെ...
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മർയം (റ)യുടെ ആഹാരകാര്യം സകരിയ്യ (അ)നെ അത്ഭുതപ്പെടുത്തി. വിശിഷ്ടമായ ഭക്ഷണസാധനങ്ങൾ മുറിയിൽ കാണും. വേനൽക്കാലത്തെ പഴങ്ങൾ വർഷക്കാലത്ത് കാണും. വർഷക്കാലത്തെ പഴങ്ങൾ വേനൽകാലത്തും കാണും. "എവിടെ നിന്ന് കിട്ടി ഇവ..?" സകരിയ്യ (അ) ചോദിച്ചു.
"അല്ലാഹുﷻവിങ്കൽ നിന്നു ലഭിച്ചു."
മർയം(റ)വിന്റെ കുട്ടിക്കാലത്തെ കറാമത്ത് തന്നെയായിരുന്നു അത്. കൂടെ ചെറിയൊരു വിശദീകരണവും അല്ലാഹു ﷻ അവനുദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ നൽകും. കണക്കില്ലാത്ത അനുഗ്രഹമാണ് മർയം (റ)വിന്ന് ലഭിച്ചത്. അനുഗ്രഹീതനായ പുത്രനെ ലഭിച്ചു. അത് ഏറ്റവും വലിയ ഭാഗ്യം...
Part : 04
*🔖 സന്തോഷ വാർത്ത (1)*
വിശുദ്ധ ഖുർആനിലെ പത്തൊമ്പതാം അധ്യായം. സൂറത്ത് മർയം. ഈ സൂറത്ത് ആരംഭിക്കുന്നത് സകരിയ്യാ (അ) ന്റെ പ്രാർത്ഥന ഉദ്ധരിച്ചുകൊണ്ടാണ്.
ഒരു കുഞ്ഞിനെ കിട്ടാനുള്ള അടങ്ങാത്ത ആഗ്രഹം. മർയമിനെ കാണുമ്പോൾ ആ ആഗ്രഹം വളരുകയാണ്. തനിക്കൊരു പിൻഗാമിയെ കിട്ടണം. തന്റെ ദൗത്യം തുടർന്നു നടത്താൻ യോഗ്യനായ ഒരാൺകുട്ടി വേണം. അതിനുവേണ്ടിയുള്ള പ്രാർത്ഥന വളരെ കാലമായി തുടരുന്നു. സൂറത്ത് മർയമിലെ ചില വചനങ്ങൾ കാണുക.
മുഹമ്മദ് നബി ﷺ തങ്ങളോട് അല്ലാഹു ﷻ പറയുന്നു : "ഇത് താങ്കളുടെ റബ്ബ് തന്റെ അടിമ സകരിയ്യാ നബിയോട് കാണിച്ച കാരുണ്യത്തെക്കുറിച്ചുള്ള പ്രസ്താവനയാണ്." (19:2)
"അദ്ദേഹം തന്റെ റബ്ബിനോട് രഹസ്യമായി പ്രാർത്ഥിച്ചപ്പോൾ ആയിരുന്നു കാരുണ്യം കാണിച്ചത്." (19:3)
"അദ്ദേഹം പറഞ്ഞു : എന്റെ റബ്ബേ..! നിശ്ചയമായും എന്റെ എല്ലുകളെല്ലാം ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. എന്റെ ശിരസ്സിൽ നര വ്യാപിച്ചിരിക്കുന്നു. എന്റെ റബ്ബേ..! നിന്നോട് പ്രാർത്ഥിച്ചിട്ട് മുമ്പൊരിക്കലും (ഉത്തരം കിട്ടാതെ) ഞാൻ നിരാശനായിട്ടില്ല." (19:4)
"എന്റെ പുറകെയുള്ള പിന്തുടർച്ചക്കാരെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു. എന്റെ ഭാര്യ മച്ചിയായിരിക്കുന്നു. അത് കൊണ്ട് നിന്റെ പക്കൽ നിന്ന് ഒരു മകനെ എനിക്ക് നീ ദാനം ചെയ്യേണമേ...!" (19:5)
"എനിക്കും യഹ്ഖൂബ് കുടുംബത്തിന്നും പിന്തുടർച്ചാവകാശിയായിത്തീരുന്ന മകൻ. എന്റെ റബ്ബേ..! നീ അവനെ എല്ലാവരുടെയും തൃപ്തിക്ക് പാത്രമാക്കുകയും ചെയ്യേണമേ...!" (19:6)
കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയാണിത്. രഹസ്യമായുള്ള പ്രാർത്ഥന. അല്ലാഹു ﷻ പ്രാർത്ഥന സ്വീകരിച്ചു. ഒരാൺകുഞ്ഞിനെക്കുറിച്ചുള്ള സന്തോഷകരമായ സൂചന നൽകുകയും ചെയ്തു. സന്തോഷവാർത്ത വന്നപ്പോൾ അമ്പരന്നുപോയി. സകരിയ്യ (അ)ന്ന് പ്രായം നൂറ്റി ഇരുപത് വയസ്സ്. ഭാര്യക്ക് തൊണ്ണൂറ്റി എട്ട്. ഈ പ്രായത്തിൽ ഭാര്യ ഗർഭിണിയാവുകയോ? പ്രസവം നടക്കുമോ?
സർവ്വശക്തനായ റബ്ബിന്ന് അതൊട്ടും പ്രയാസമുള്ള കാര്യമല്ല. അത് നിശ്ചയിക്കപ്പെട്ട കാര്യമാകുന്നു. ആ സന്തോഷവാർത്ത വിശുദ്ധ ഖുർആൻ പറയുന്നു.
"ഓ.... സകരിയ്യാ നിശ്ചയമായും താങ്കൾക്ക് ഒരാൺകുട്ടിയെ സംബന്ധിച്ച് സന്തോഷവാർത്ത അറിയിക്കുന്നു. അവന്റെ പേര് യഹ് യ എന്നാകുന്നു. ഇതിന്ന് മുമ്പ് ആ പേരുള്ള ഒരാളെയും നാം ആക്കിയിട്ടില്ല (സൃഷ്ടിച്ചില്ല)." 19:7)
"അദ്ദേഹം പറഞ്ഞു : എന്റെ റബ്ബേ എനിക്ക് എങ്ങനെയാണ് ഒരാൺകുട്ടിയുണ്ടാവുക? എന്റെ ഭാര്യ മച്ചിയായിരിക്കുന്നു. ഞാൻ വളരെയേറെ വാർദ്ധക്യം പ്രാപിക്കുകയും ചെയ്തിരിക്കുന്നു." (19:8)
"അല്ലാഹു ﷻ പറഞ്ഞു : കാര്യം അങ്ങനെ തന്നെ. നിന്റെ റബ്ബ് പറയുന്നു : എനിക്ക് അത് നിസ്സാരകാര്യമാകുന്നു. മുമ്പ് താങ്കളെ നാം സൃഷ്ടിച്ചു. താങ്കൾ ഒരു വസ്തുവും ആയിരുന്നില്ല." (19:9)
ഏറെക്കഴിയും മുമ്പെ സകരിയ്യാ (അ)ന്റെ ഭാര്യ ഗർഭിണിയായി. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞാണ് യഹ്‌യ (അ). യഹ്‌യ (അ)നെക്കുറിച്ച് പറഞ്ഞ ശേഷം സൂറത്ത് മർയമിൽ ഈസാ(അ)ന്റെ ചരിത്രം പറയുന്നു.
മർയം (റ)വിന്റെ മഹത്വങ്ങൾ നബി ﷺ തങ്ങൾ പല തവണ വിവരിച്ചിട്ടുണ്ട്. ഖത്താദ (റ)ൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിൽ ഇങ്ങനെ കാണാം : "നബി ﷺ പറഞ്ഞു : ലോകത്തുള്ള സ്ത്രീകളിൽ ഏറ്റവും ഉത്തമരായവർ നാല് വനിതകളാകുന്നു. ഇംറാന്റെ മകൾ മർയം, ഫിർഔനിന്റെ ഭാര്യ ആസ്യ, ഖുവൈലിദിന്റെ മകൾ ഖദീജ, മുഹമ്മദ് ﷺ യുടെ മകൾ ഫാത്വിമ.
അബൂബക്കർ (റ) പറഞ്ഞു : നബി ﷺ ആരുൾ ചെയ്തു, ലോകവനിതകളിൽ നന്മ നിറഞ്ഞവർ നാല് പേരാകുന്നു. ഇംറാന്റെ മകൾ മർയം, ഫിർഔനിന്റെ ഭാര്യ ആസ്യ, ഖുവൈലിദിന്റെ മകൾ ഖദീജ, മുഹമ്മദ് റസൂലുള്ളാഹി ﷺ യുടെ മകൾ ഫാത്വിമ.
ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി ﷺ തങ്ങൾ ഭൂമിയിൽ നാലു വര വരച്ചു എന്നിട്ട് ചോദിച്ചു, ഇതെന്താണെന്ന് നിങ്ങൾക്കറിയാമോ..? സ്വഹാബികൾ ഇങ്ങനെ മറുപടി നൽകി : അല്ലാഹുﷻവിന്നും അവന്റെ റസൂലിന്നും (ﷺ) അറിയാം.
അപ്പോൾ നബി ﷺ പറഞ്ഞു : സ്വർഗ്ഗത്തിലെ സ്ത്രീകളിൽ ഏറ്റവും ശ്രേഷ്ഠരായ നാല് പേരാണിത്. ഖുവൈലിദ് മകൾ ഖദീജ, മുഹമ്മദ് ﷺ യുടെ മകൾ ഫാത്വിമ, ഇംറാന്റെ മകൾ മർയം, മസാഹിമിന്റെ മകളും ഫിർഔനിന്റെ ഭാര്യയുമായ ആസിയ.
ഇബ്നു അസാക്കിറിന്റെ റിപ്പോർട്ട് ഇങ്ങനെയാകുന്നു. നബി ﷺ പറഞ്ഞു, ലോകവനിതകൾക്ക് നാല് നേതാക്കളുണ്ട്. അവർ നിങ്ങൾക്കുമതി. മുഹമ്മദിന്റെ (ﷺ) മകൾ ഫാത്വിമ, ഖുവൈലിദിന്റെ മകൾ ഖദീജ, മുബാഹിമിന്റെ മകൾ ആസ്യ, ഇംറാന്റെ മകൾ മർയം.
സ്വർഗ്ഗത്തിലെ നാല് നായികമാരിൽ ഒരാളാണ് മർയം (റ). യഹ്‌യ (അ)ന്റെ ജനനവും ഈസാ (അ)ന്റെ ജനനവും മനുഷ്യവർഗ്ഗത്തെ വിസ്മയം കൊള്ളിച്ചിട്ടുണ്ട്. സകരിയ്യ (അ) വൃദ്ധനായി ഭാര്യ മച്ചിയാണ് എന്നിട്ടും അവർക്കു കുഞ്ഞ് പിറന്നു.
ഈ സംഭവം വിവരിച്ച ശേഷം ഈസാ (അ) ന്റെ ചരിത്രം പറയുന്നു. ഈസാ (അ)നെ പ്രസവിച്ചത് മർയം (റ). പിതാവില്ലാതെ ഒരു കുട്ടിയെ സൃഷ്ടിക്കാൻ അല്ലാഹുﷻവിന്ന് പ്രയാസമില്ല.
ദാവൂദ് നബി (അ)ന്റെ സന്താനപരമ്പരയിലാണ് ഇംറാൻ
ജനിക്കുന്നത്. ആ പരമ്പര ഇങ്ങനെ രേഖപ്പെട്ടു കാണുന്നു. മർയം (റ), പിതാവ് ഇംറാൻ, ബാശിം, അമൂൻ, മീശാ, ഹസ്ഖിയാ, അഹ്രീഖ്, മൗസിം, അസാസിയ, അസ്വിക്ക, യാവിശ്, അഹ്രീഹു, യാസീം, യഹ്ഫാശാഥ്, ഈശാ, ഇയാൻ, റഹീഇം, പിതാവ് ദാവൂദ് (അ)...
മറ്റുവിധത്തിലും പരമ്പര കാണുന്നുണ്ട്. ദാവൂദ് (അ)മകൻ സുലൈമാൻ (അ)മകൻ റഹീഇം വഴിയാണ് പരമ്പര വരുന്നതെന്ന് അബുൽഖാസിമുബ്നു അസാകിറിന്റെ റിപ്പോർട്ടിൽ കാണുന്നു. ദാവൂദ് നബി (അ)ന്റെ പരമ്പരയിൽ മർയം (റ) ജനിച്ചു എന്ന കാര്യം അംഗീകരിക്കപ്പെട്ടതാണ്.
Part : 05
*🔖 സന്തോഷ വാർത്ത (3)*
അക്കാലത്ത് ഇസ്രാഈലികൾക്ക് നിസ്ക്കാരത്തിന്ന് നേതൃത്വം നൽകിയിരുന്നത് ഇംറാൻ ആയിരുന്നു. മർയം (റ)യുടെ ഉമ്മ ഹന്ന വലിയൊരു ഭക്തയായിരുന്നുവെന്നും ഹന്നയുടെ പിതാവ് ഫാഖൂദ് സമൂഹത്തിൽ ഉന്നതസ്ഥാനമുള്ള നേതാവും മതഭക്തനുമായിരുന്നുവെന്നും രേഖകളിൽ കാണാം.
മർയമിന്റെ സഹോദരി അശ് യിഅ് ആയിരുന്നുവെന്നും അവരുടെ ഭർത്താവ് അക്കാലത്തെ പ്രവാചകനായ സകരിയ്യാ (അ) ആയിരുന്നുവെന്നും ചരിത്ര രേഖകളിൽ കാണാം.
സകരിയ്യ (അ) ന്റെ ഭാര്യ ഗർഭം ധരിച്ചു. കുടുംബത്തിൽ അതൊരു വിശേഷ സംഭവമായിരുന്നു. കുലീനവനിതകൾ കൂട്ടായി വരാൻ തുടങ്ങി. അപ്പോൾ മർയം (റ) യൗവ്വനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സൽഗുണ സമ്പന്നയും സുന്ദരിയുമാണവർ. മതഭക്തയാണ്. മലക്കുകൾ അവരെ സമീപിക്കുകയും സന്തോഷവാർത്ത അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മലക്കുകൾ ഇങ്ങനെ അറിയിച്ചു: "മർയം, അല്ലാഹു ﷻ നിങ്ങളെ സമുന്നത സ്ഥാനം നൽകി ആദരിച്ചിരിക്കുന്നു. എല്ലാ ദുഷിച്ച മാർഗ്ഗങ്ങളിൽ നിന്നു രക്ഷപ്പെടുത്തിയിരിക്കുന്നു. നന്നായി ശുദ്ധീകരിച്ചിരിക്കുന്നു. ലോകവനിതകളിൽ അത്യുന്നത സ്ഥാനം നൽകിയിരിക്കുന്നു. അത് കൊണ്ട് അല്ലാഹുﷻവിനെ കൂടുതലായി ആരാധിക്കുക."
ഈ സന്ദേശം ലഭിച്ചതോടെ ആരാധനകളിൽ കൂടുതൽ സജീവമായി. പ്രായം കൂടിയപ്പോൾ പഠനം ഗൗരവത്തിലായി. ഇപ്പോൾ ഏകാന്തത ഇഷ്ടപ്പെടുന്നു. കിഴക്കു ഭാഗത്ത് ഒരു മുറിയുണ്ടാക്കി. അവിടെ ഒറ്റക്കിരുന്ന് അല്ലാഹുﷻവിന്ന് ഇബാദത്ത് എടുക്കാൻ തുടങ്ങി. ദീർഘനേരം തൗറാത്ത് പാരായണം ചെയ്യും. വളരെ നേരം നിസ്കരിക്കും. ചിലപ്പോൾ കാൽ വേദനിക്കും. നീര് വന്നുപോവും. കണ്ണീരൊഴുക്കി പ്രാർത്ഥിക്കും.
സൂറത്ത് ആലുഇംറാനിൽ ഇങ്ങനെ കാണാം : "മലക്കുകൾ മർയമിനോട് പറഞ്ഞ സർന്ദർഭവും ഓർക്കുക. ഓ മർയം..! നിശ്ചയമായും അല്ലാഹു നിങ്ങളെ ഉൽകൃഷ്ടയായി തെരഞ്ഞെടുക്കുകയും ശുദ്ധീകരിക്കുകയും ലോക സ്ത്രീകളിൽ ഉൽകൃഷ്ടയാക്കുകയും ചെയ്തിരിക്കുന്നു." (3:42)
"ഓ മർയം നിങ്ങളുടെ റബ്ബിന്ന് വഴിപ്പെടുകയും നിസ്കരിക്കുന്നവരോടൊപ്പം നിസ്കരിക്കുകയും ചെയ്യുക." (3:43)
മർയം (റ) ഈ സന്ദേശം ലഭിച്ചതോടെ ആരാധനകൾ വർദ്ധിപ്പിച്ചു. സംസാരം നിയന്ത്രിച്ചു. ഏകാന്തത ഇഷ്ടപ്പെട്ടു. ഒറ്റക്കിരുന്നു അല്ലാഹുﷻവിന്ന് ദിക്റ് ചൊല്ലുക പതിവാക്കി. ഒറ്റക്കാകുമ്പോൾ നല്ല മനഃസ്സാന്നിധ്യം കിട്ടും. അല്ലാഹു ﷻ തനിക്കു നൽകിയ മഹത്തായ അനുഗ്രഹങ്ങൾക്കു നന്ദി കാണിക്കണം. നന്ദിയുള്ള അടിമയായി ജീവിക്കും.
ഇതിന്നിടയിലാണ് ആ സംഭവം നടന്നത്. സുന്ദരനായൊരു പുരുഷൻ പ്രത്യക്ഷപ്പെടുന്നു. അയാളെ കണ്ടപ്പോൾ മനസ്സ് അസ്വസ്ഥമായി. എന്തുദ്ദേശ്യത്തിലാണ് വരവ്.
ഒറ്റക്കിരിക്കുന്ന യുവതിയുടെ സമീപം ഒരു യുവാവ് കടന്നു വരുന്നത് ഉചിതമല്ല. കടന്നുപോവാൻ പറഞ്ഞു. അയാൾ പോയില്ല. സംസാരിച്ചു തുടങ്ങി. "അല്ലാഹുﷻവിന്റെ കല്പന പ്രകാരം ഒരു സന്തോഷവാർത്ത അറിയിക്കാൻ വന്നതാണ്. നിങ്ങൾക്കൊരു പുത്രൻ ജനിക്കും. വളരെ യോഗ്യനായ പുത്രൻ."
മർയം (റ)ഞെട്ടിപ്പോയി. "തനിക്കു പുത്രൻ ജനിക്കുകയോ? താൻ വിവാഹിതയല്ല. പിന്നെങ്ങനെ കുഞ്ഞുണ്ടാവും. ദുർനടപ്പുകാരിയുമല്ല." മർയം (റ). അക്കാര്യം പറഞ്ഞു...
ആഗതൻ സാക്ഷാൽ ജിബ്രീൽ (അ) ആയിരുന്നു. പുത്രൻ ജനിക്കുമെന്ന സന്തോഷവാർത്തയുമായിട്ടാണ് വന്നത്. സൂറത്ത് മർയമിൽ ഇങ്ങനെ കാണാം.
"(നബിയേ) വേദ ഗ്രന്ഥത്തിൽ മർയമിനെക്കുറിച്ചും പ്രസ്താവിക്കുക. അവൾ തന്റെ സ്വന്തക്കാരിൽ നിന്നും വിട്ടുമാറി കിഴുക്കുഭാഗത്തുള്ള ഒരു സ്ഥലത്ത് താമസിച്ചപ്പോൾ." (19:16)
"അങ്ങനെ അവൾ അവരിൽ നിന്ന് മറയത്തക്ക ഒരു മറ സ്വീകരിച്ചു. അപ്പോൾ നാം അവളുടെ അടക്കലേക്ക് നമ്മുടെ റൂഹിനെ (ജിബ്രീലിനെ) അയച്ചു. എന്നിട്ട് അദ്ദേഹം ശരിയായ ഒരു മനുഷ്യനായി അവൾക്കു രൂപപ്പെട്ടു." (19:17)
"അവൾ പറഞ്ഞു : നീ ഭക്തിയുള്ളവനാണെങ്കിൽ നിന്നിൽ നിന്ന് ഞാൻ പരമകാരുണികനായ അല്ലാഹുവിൽ അഭയം തേടുന്നു." (19:18)
ഏകാകിനിയായ യുവതിയുടെ നിസ്സഹായവസ്ഥ ഈ വാക്കുകളിൽ തുടിച്ചു നിൽക്കുന്നുണ്ട്. തൊട്ടടുത്ത വചനം അവരെ വിസ്മയഭരിതയാക്കുകയാണ് ജിബ്രീൽ (അ) ന്റെ വാക്കുകൾ നോക്കൂ....
"ജിബ്രീൽ (അ)പറഞ്ഞു : നിങ്ങൾക്ക് പരിശുദ്ധനായ ഒരു പുത്രനെക്കുറിച്ചു സന്തോഷവാർത്ത നൽകാൻ വന്ന നിങ്ങളുടെ റബ്ബിന്റെ ദൂതൻ മാത്രമാണ് ഞാൻ." (19:19)
തന്റെ റബ്ബ് അയച്ച ദൂതനാണ്. സന്തോഷവാർത്തയുമായിട്ടാണ് വന്നിരിക്കുന്നത്. വന്നത് മലക്കാണ്. താൻ ഗർഭം ധരിക്കും. പ്രസവിക്കും. പ്രസവിക്കുന്നത് പുത്രനെയാണ്. യോഗ്യനായ പുത്രൻ.
തന്റെ സമൂഹം എന്തു ധരിക്കും? തന്നെ ആക്ഷേപിക്കില്ലേ? പരിഹസിക്കില്ലേ? തള്ളിപ്പുറത്താക്കില്ലേ? മനസ്സിളകി മറിയുന്നു. വെപ്രാളത്തോടെയുള്ള പ്രതികരണം വിശുദ്ധഖുർആനിൽ കാണാം.
"മർയം പറഞ്ഞു: എങ്ങനെയാണെനിക്ക് കുട്ടിയുണ്ടാകുന്നത്? ഒരു മനുഷ്യനും എന്നെ സ്പർശിച്ചിട്ടില്ല. ഞാൻ ദുർവൃത്തയുമല്ല." (19:20)
മർയം (റ) പറഞ്ഞത് ജിബ്രീൽ (അ) ശരിവെക്കുന്നു. ഒരു മനുഷ്യനും സ്പർശിച്ചിട്ടില്ല ദുർനടപ്പുകാരിയുമല്ല. പരിശുദ്ധ വനിതയാണ്. പരിശുദ്ധ വനിതകളുടെ നേതൃസ്ഥാനത്താണ്. ഗർഭം ധരിക്കും. കുട്ടി ജനിക്കും. അത് ഉറപ്പാണ്. കാരണം അത് അല്ലാഹുﷻവിന്റെ നിശ്ചയമാണ്. മാത്രമല്ല അത് വളരെ വലിയ അനുഗ്രഹവുമാണ്. വിശുദ്ധ ഖുർആൻ വചനം നോക്കൂ...
"ജിബ്രീൽ (അ) പറഞ്ഞു : കാര്യം അങ്ങനെ തന്നെ. നിങ്ങളുടെ റബ്ബ് പറയുന്നു അത് എനിക്കൊരു നിസ്സാര കാര്യമാണ്. അവനെ മനുഷ്യർക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യവും ആക്കുവാൻ വേണ്ടിയാകുന്നു അത്. ഇത് തീരുമാനിക്കപ്പെട്ട ഒരു കാര്യവും ആകുന്നു." (19:21)
താൻ ഗർഭം ധരിക്കുമെന്നും കുഞ്ഞിനെ പ്രസവിക്കുമെന്നും മർയം (റ)ക്ക് ഉറപ്പായി. ജനങ്ങൾക്കിടയിൽ അപവാദം പ്രചരിക്കുമെന്നും തനിക്കറിയാം ഇനിയെന്ത് ചെയ്യും..? മാറിത്താമസിക്കുക. പെട്ടെന്ന് ജനശ്രദ്ധയെത്താത്ത എങ്ങോട്ടെങ്കിലും മാറിത്താമസിക്കുക...
Part : 06
*🔖 യോഗ്യനായ പുത്രൻ (1)*
ജിബ്രീൽ (അ) വന്ന് യോഗ്യനായ പുത്രനെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുമ്പോൾ മർയം (റ) വിന്ന് പതിനഞ്ചു വയസ്സ് പ്രായമാണെന്ന് കാണുന്നു. പുഴക്കരയിൽ ഒരു കുളിമുറിയുണ്ടാക്കി അവിടെ ചെന്നാണ് കുളിക്കുക. പതിവുപോലെ കുളിക്കാൻ ചെന്നതായിരുന്നു. അവിടെ വെച്ചാണ് വെളുത്ത സുമുഖനായ ചെറുപ്പക്കാരനായി ജിബ്രീൽ (അ)നെ കണ്ടത്.
മർയം (റ)യുടെ കുപ്പായ മാറിൽ ജിബ്രീൽ (അ) ഊതി. അങ്ങനെ ഗർഭിണിയായി. ഇത്രയും കാലം ബൈത്തുൽ മുഖദ്ദസിലെ സ്വന്തം മുറിയിൽ താമസിക്കുകയായിരുന്നുവെന്നും ഗർഭിണിയായപ്പോഴാണ് മാറിത്താമസിച്ചതെന്നും കാണുന്നു.
മസ്ജിദുൽ അഖ്സായുടെ കിഴക്കു ഭാഗത്തായിരുന്നു കുളിപ്പുര. ഏതോ ആവശ്യത്തിന്ന് അങ്ങോട്ട് പോയതായിരുന്നു. അപ്പോഴാണ് ജിബ്രീൽ (അ) എത്തിയത്. തുടർന്നു സംഭാഷണം നടന്നതും പരിശുദ്ധനായ പുത്രനെക്കുറിച്ചു സുവിശേഷമറിയിച്ചു. മറിയമിന്റെ കുപ്പായ മാറിൽ ജിബ്രീൽ (അ) ഊതി. ഊതൽ താഴോട്ടിറങ്ങി. മർയം (റ) ഗർഭിണിയായി.
സകരിയ്യ (അ) ന്റെ ഭാര്യ യഹ് യ (അ)നെ ഗർഭം ധരിച്ച് ആറ്മാസം കഴിഞ്ഞപ്പോഴാണ് മർയം (റ) ഗർഭം ധരിച്ചത് എന്ന് റിപ്പോർട്ടുകളിൽ കാണുന്നു.
ഗർഭിണികൾ തമ്മിൽ കണ്ട് മുട്ടിയ രംഗം ചരിത്രത്തിലുണ്ട്. മർയം (റ) ഈശാഇനെ കാണാനെത്തി. ഇരുവരും സ്നേഹം പ്രകടിപ്പിച്ചു. ഈശാഹ് പറഞ്ഞു : "നിനക്കറിയാമോ? ഞാൻ ഗർഭിണിയാണ്." ഇരുവരും ആലിംഗനം ചെയ്തു. റബ്ബിന്ന് നന്ദി രേഖപ്പെടുത്തി.
ഈശാഹ് പറഞ്ഞു ഞാനൊരു സ്വപ്നം കണ്ടു. എന്റെ വയറ്റിലുള്ള കുഞ്ഞ് നിന്റെ വയറ്റിലുള്ള കുഞ്ഞിനു മുമ്പിൽ ബഹുമാനപൂർവ്വം ശിരസ്സ് നമിക്കുന്നു. ഈസാ (അ), യഹ് യാ (അ) എന്നിവർ ഒരേകാലത്ത് ഉമ്മമാരുടെ ഗർഭാശയത്തിൽ കിടന്നു. മാസങ്ങളുടെ വ്യത്യാസം മാത്രം. ഒരേ കാലത്ത് ഉമ്മമാരുടെ മടിത്തട്ടിൽ വളർന്നു. വളർച്ചയും ഉയർച്ചയും ഒന്നിച്ചു തന്നെ. യഹ് യായുടെ പ്രസവം ആഘോഷമായിരന്നു. ഈസാ (അ) പ്രസവിക്കപ്പെട്ടപ്പോൾ പരിഹാസമായിരുന്നു.
ഇസ്രാഈലികൾക്കിടയിൽ ആരാധനകൊണ്ടും നിസ്വാർത്ഥതകൊണ്ടും പ്രസിദ്ധനായ ഒരാളുണ്ടായിരുന്നു. യൂസുഫുബ്നു യഹ്ഖൂബുന്നജ്ജാർ. അധിക നേരവും ബൈത്തുൽ മുഖദ്ദസിൽ കാണും. മർയം (റ)തന്റെ ഗർഭത്തെക്കുറിച്ചു അദ്ദേഹത്തോടാണ് ആദ്യം സംസാരിച്ചത്. പിതൃവ്യപുത്രനാണദ്ദേഹം. നടന്ന സംഭവങ്ങളെല്ലാം അദ്ദേഹത്തോട് തുറന്നു പറഞ്ഞു. അദ്ദേഹം അത്ഭുപ്പെട്ടു നിന്നുപോയി. "മർയം വിത്തിടാതെ സസ്യം ഉണ്ടാകുമോയെന്നോ?" അദ്ദേഹം ചോദിച്ചു.
മറുപടി ഇങ്ങനെ : "വിത്ത് ഇല്ലാതെ സസ്യം ഉണ്ടാകും. ആദ്യത്തെ സസ്യം വിത്തില്ലാതെയാണ് ഉണ്ടായത്. ആദ്യ സസ്യം ആദം (അ)...
"പുരുഷനില്ലാതെ കുഞ്ഞ് ജനിക്കുമോ?"
മർയം (റ)പറഞ്ഞു : "അതെ. ആദം(അ) നെ അല്ലാഹു ﷻ പുരുഷനും സ്ത്രീയുമില്ലാതെ സൃഷ്ടിച്ചു. ഹവ്വായെയും അങ്ങിനെ തന്നെ. അല്ലാഹു ﷻ എല്ലാറ്റിനും കഴിവുള്ളവനാണ്. അവന്റെ ദൃഷ്ടാന്തമായി തന്റെ കുഞ്ഞ് ജനിക്കും..."
സകരിയ്യ (അ)നോടും മർയം (റ) സംസാരിച്ചു. ബൈത്തുൽ മുഖദ്ദസ് വിട്ടുപോവാൻ സമയമായി. ഗർഭിണിക്കിവിടെ സ്ഥാനമില്ല. കടുത്തവേദനയോടെ അവിടെ നിന്നിറങ്ങി. തന്റേതായി അധികസാധനങ്ങളൊന്നുമില്ല. ഉള്ളതും പെറുക്കി അവിടെ നിന്നിറങ്ങി. ബെത്ലഹേം അവിടേക്കായിരുന്നു യാത്രയെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്...
അവിടെ ഏകാന്തവാസം. ഇതിന്നിടയിൽ വാർത്ത നാട്ടിൽ പരന്നു. ഓരോ അപവാദ വാർത്തയും മർയമിനെ വല്ലാതെ വിഷമിപ്പിച്ചു. താൻ മരിച്ചു പോയിരുന്നെങ്കിൽ, താൻ വിസ്മരിക്കപ്പെട്ടു പോയിരുന്നെങ്കിൽ എന്ന് അവർ ആശിച്ചു പോയി.
Part : 07
*🔖 യോഗ്യനായ പുത്രൻ (2)*
വിശുദ്ധ ഖുർആൻ പറയുന്നു : "അങ്ങനെ മർയം അവനെ ഗർഭം ധരിച്ചു. എന്നിട്ട് അവർ അതുമായി ഒരു ദൂരപ്പെട്ട സ്ഥലത്ത് വിട്ടുമാറിതാമസിച്ചു." (19:22)
ഭർത്താവില്ലാതെ ഗർഭിണിയായി എന്ന വാർത്ത നാട്ടിൽ പരന്നു. കുടുംബത്തിലേക്ക് പോവാൻ പറ്റാത്ത അവസ്ഥയായി. യഹൂദ്യായിലെ ബത്ലഹേമിലേക്ക് പോയി എന്ന് പറയപ്പെട്ടിട്ടുണ്ട്. അവരുടെ ദുഃഖം നിറഞ്ഞൊഴുകുന്നു. ഒരു വചനം കാണുക.
”അനന്തരം പ്രസവ വേദന അവളെ ഈത്തപ്പന മരത്തിനടുക്കലേക്ക് കൊണ്ടു വന്നു. മർയം പറഞ്ഞു : ഹാ ഇതിന്ന് മുമ്പ് തന്നെ ഞാൻ മരിക്കുകയും തീരെ വിസ്മരിക്കപ്പെട്ടുപോയ ഒരാളായിത്തീരുകയും ചെയ്തിരുന്നുവെങ്കിൽ എത്ര നന്നായേനേ...!" (19:23)
എന്തുമാത്രം മനഃപ്രയാസമാണവർ സഹിച്ചത്. ഈ വചനത്തിൽ നിന്ന് അതാർക്കും മനസ്സിലാവും. സൂറത്ത് ആലുഇംറാനിലെ ചില വചനങ്ങൾ കാണുക. "മലക്കുകൾ പറഞ്ഞ സന്ദർഭം ഓർക്കുക..! ഓ മർയം തന്റെ പക്കൽ നിന്നുള്ള ഒരു വചനം (കാരണമായുണ്ടാകുന്ന കുട്ടിയുടെ ജന്മത്തെക്കുറിച്ച് നിങ്ങളോട് അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നു. അദ്ദേഹത്തിന്റെ നാമം മർയമിന്റെ മകൻ മസീഹ് ഈസാ എന്നാകുന്നു. ഇഹത്തിലും പരത്തിലും പ്രമുഖനും അല്ലാഹുവിന്റെ സാമീപ്യം പ്രാപിച്ചവരിൽ പെട്ടവനുമാണദ്ദേഹം." (3:45)
ഇവിടെ പുത്രന്റെ പേര് വ്യക്തമാക്കിയിരിക്കുന്നു. മസീഹ് ഈസ. മസീഹ് എന്ന് പേര് വെക്കാൻ പല കാരണങ്ങൾ പറഞ്ഞു കാണുന്നു. ഭൂമിയിൽ ധാരാളം യാത്ര ചെയ്യും. ഭൂമി മുറിച്ചു കടന്നു യാത്ര ചെയ്യും. മസാഹ എന്ന അറബി പദത്തിൽ നിന്നാണ് മസീഹ് എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. മസാഹ എന്ന പദത്തിന് യാത്ര ചെയ്തു എന്ന ഒരർത്ഥമുണ്ട്.
മസാഹ എന്ന പദത്തിന്റെ അർത്ഥം തടവുക എന്നാകുന്നു. രോഗികളെ തടവിയാൽ ഉടനെ സുഖപ്പെടും. നിരവധി രോഗികളെ ഈസാ (അ) ഈ വിധത്തിൽ സുഖപ്പെടുത്തിയിട്ടുണ്ട്. കണ്ണിന് കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകിയിട്ടുണ്ട്.
മശിഹ അല്ലെങ്കിൽ മിശിഹ എന്ന ഹിബ്രു വാക്കിന്റെ അറബി ശൈലിയിലുള്ള പ്രയോഗമാണ് മസീഹ്. അഭിഷേകം ചെയ്യപ്പെട്ടവൻ എന്ന അർത്ഥം. രാജാവായി നിയോഗിക്കപ്പെടുമ്പോഴും പുരോഹിതനായി സ്ഥാനമേൽക്കുമ്പോഴും ഒരു പ്രത്യേക തരം തൈലം കൊണ്ട് അഭിഷേകം ചെയ്യുന്ന പതിവ് അക്കാലത്ത് വേദക്കാരിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്.
ഈസായെക്കുറിച്ചു മലക്കുകൾ ആദ്യം അറിയിച്ചത് അല്ലാഹുﷻവിൽനിന്നുള്ള വാക്ക് (കലിമത്തു മിനല്ലാഹി) എന്നാകുന്നു. ഈസാ (അ)നെ കലിമ എന്നു വിശേഷിപ്പിച്ചു. പിന്നെ അൽ മസീഹ് എന്ന് വിശേഷിപ്പിച്ചു. മൂന്നാമതായി ഈസാ എന്നു പറഞ്ഞു. അത് സാക്ഷാൽ പേര്. അതിന്റെ ഗ്രീക്ക് രൂപം ക്രിസ്തു.
മർയമിന്റെ മകൻ ഈസാ (ഈസാബ്നു മർയം) എന്ന് തന്നെ പറഞ്ഞിട്ടുണ്ട്. ഖുർആനിൽ ഇത് പരക്കെ പ്രയോഗിച്ചിട്ടുണ്ട്. മർയമിന്റെ മകനാണ്. മർയമിന്റെ മാത്രം മകൻ. പിതാവിനെ പറയാനില്ല.
ക്രിസ്ത്യാനികൾ ദൈവപുത്രൻ എന്നു പറയുന്നു. അതിനെ ഖണ്ഡിക്കുന്ന പ്രയോഗമാണിത്. ദൈവത്തിന്റെ പുത്രനല്ല മർയമിന്റെ പുത്രനാണ്. ജൂതന്മാർ ഈസാ (അ) നെ വ്യഭിചാര പുത്രൻ എന്ന് പരിഹസിച്ചു. യോസേഫിന്റെ പുത്രനാണെന്ന് വാദിച്ചു. ആരുടെയും പുത്രനല്ല മർയമിന്റെ മാത്രം പുത്രനാണെന്ന് ഖുർആൻ പ്രഖ്യാപിച്ചു.
കുട്ടി തൊട്ടിലിൽ വെച്ചു സംസാരിക്കും. മധ്യവയസ്കനായ നിലയിലും സംസാരിക്കും. അദ്ദേഹം സജ്ജനങ്ങളിൽ പെട്ടവനുമാണ്. വിശുദ്ധ ഖുർആൻ പറയുന്നു; "തൊട്ടിലിൽ വെച്ചും മധ്യവയസ്കനായ നിലയിലും അദ്ദേഹം മനുഷ്യരോട് സംസാരിക്കുകയും ചെയ്യും. സജ്ജനങ്ങളിൽ പെട്ടവനുമാകുന്നു." (3:46)
തന്റെ പുത്രനെക്കുറിച്ചുള്ള വിശദമായ വിവരണമാണ് മർയം (റ)ക്ക് ലഭിച്ചത്. വിശുദ്ധ ഖുർആൻ വചനം കാണുക ആശയം ഇങ്ങനെ : "അപ്പോൾ മർയം ചോദിച്ചു : എന്റെ റബ്ബേ എനിക്ക് എങ്ങനെ കുട്ടിയുണ്ടാവും? എന്നെ ഒരു പുരുഷനും തൊട്ടിട്ടില്ലല്ലോ. അവൻ പറഞ്ഞു : അങ്ങനെ തന്നെയാണ് കാര്യം. താനുദ്ധേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. ഒരു കാര്യം ഉദ്ദേശിച്ചു കഴിഞ്ഞാൽ ഉണ്ടാകുക എന്ന് അതിനോട് പറയുന്നു. അപ്പോൾ അതുണ്ടാകും. (3:47)
Part : 08
*🔖 യോഗ്യനായ പുത്രൻ (3)*
അല്ലാഹു ﷻ ഒരു സാധനം ഉണ്ടാക്കാൻ ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാവുക (കുൻ) എന്ന് പറഞ്ഞാൽ മതി. അപ്പോൾ അതുണ്ടാകും. ഈസാനബി (അ)ന്റെ കാര്യവും അല്ലാഹുﷻവിന്ന് നിസ്സാര കാര്യമാണ്. എന്നാൽ ലോകത്തിന് മഹാശ്ചര്യം...
ഈസാ(അ)ന്റെ മഹത്വം തുടർന്നു പറയുന്നു : "അദ്ദേഹത്തെ അല്ലാഹു കിതാബും തത്ത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിച്ചു കൊടുക്കും." ( 3:48)
മൂസാനബി(അ)ന്ന് ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് തൗറാത്ത്. ഈസാ (അ) അത് നന്നായി പഠിച്ചു. അത് മനഃപാഠമാക്കി. ഈസാ (അ)ന്ന് ഇറക്കപ്പെട്ട ഗ്രന്ഥമാണ് ഇഞ്ചീൽ. അത് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തു. വിശുദ്ധ ഖുർആൻ തുടരുന്നു:
"ഇസ്രാഈല്യരിലേക്കുള്ള ഒരു ദൂതനായി അദ്ദേഹത്തെ അയക്കുകയും ചെയ്യും. (അവരോട് അദ്ദേഹം ഇങ്ങനെ പറയും) നിങ്ങളുടെ അടുക്കലേക്ക് നിങ്ങളുടെ റബ്ബിൽ നിന്നുള്ള ഒരു ദൃഷ്ടാന്തവും കൊണ്ട് തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. നിശ്ചയമായും പക്ഷിയുടെ ആകൃതിയിലുള്ള ഒന്ന് ഞാൻ കളിമണ്ണ് കൊണ്ട് നിങ്ങൾക്കുവേണ്ടി നിർമ്മിക്കും. എന്നിട്ട് അതിൽ ഊതുകയും ചെയ്യും. അപ്പോൾ അല്ലാഹുﷻവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരുന്നതാണ്.
അല്ലാഹുവിന്റെ അനുമതികൊണ്ട് ഞാൻ അന്ധനായി ജനിച്ചവനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങൾ ഭക്ഷിക്കുന്നതും വീടുകളിൽ സൂക്ഷിക്കുന്നതും നിങ്ങൾക്കു ഞാൻ പറഞ്ഞുതരാം. നിങ്ങൾ സത്യവിശ്വാസികളായിട്ടുണ്ടെങ്കിൽ നിങ്ങൾക്കിതിൽ വലിയ ദൃഷ്ടാന്തമുണ്ട്. തീർച്ച..." (3:49)
"എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെച്ചവനായിക്കൊണ്ടും നിങ്ങൾക്കു നിഷിദ്ധമാക്കപ്പെട്ട ചിലത് അനുവദിച്ചു തരുവാൻ വേണ്ടിയും (ആണ് ഞാൻ വന്നിട്ടുളളത്) നിങ്ങളുടെ റബ്ബിൽ നിന്നുള്ള ഒരു ദൃഷ്ടാന്തം ഞാൻ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ...!" (3:50)
ഈസാ (അ) അവർകളെക്കുറിച്ചുള്ള വിശദീകരണമാണ് ഈ വചനങ്ങളിൽ നാം കാണുന്നത്. ഈസാ (അ) നിരവധി മുഅ്ജിസത്തുകൾ (അമാനുഷിക കർമ്മങ്ങൾ) കാണിക്കും. അവയിൽ ചിലത് ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. ഓരോന്നും അല്ലാഹുﷻവിന്റെ അനുമതിയോടുകൂടിയാണ് കാണിക്കുക.
മണ്ണ്കൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കുക. അതിൽ ഈസാ (അ)ഊതും. അല്ലാഹുﷻവിന്റെ അനുമതിയോടു കൂടി അത് പക്ഷിയായി പറന്നുപോകും. അത്പോലെ അന്ധന്മാർക്ക് കാഴ്ച നൽകും. വെള്ളപ്പാണ്ടുകാരനെ സുഖപ്പെടുത്തും. മരിച്ചവരെ ജീവിപ്പിക്കും. വീട്ടിൽ പാകം ചെയ്തുവെച്ച ഭക്ഷണസാധനങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞുകൊടുക്കും. ഇങ്ങനെ നിരവധി മുഅ്ജിസത്തുകൾ...
മൂസാനബി(അ)ന്ന് ഇറക്കപ്പെട്ട ഗ്രന്ഥമാണ് തൗറാത്ത്. തനിക്ക് ലഭിച്ചത് ഇഞ്ചീലും. രണ്ടും
ജനങ്ങൾക്കു പഠിപ്പിച്ചുകൊടുത്തു.
തൗറാത്തിലെ ചിലവിധികൾ ഈസാ (അ) ന്റെ ശരീഅത്തിൽ മാറ്റം വന്നിട്ടുണ്ട്. നേരത്തെ നിഷിദ്ധമായിരുന്ന ചിലകാര്യങ്ങൾ അനുവദനീയമായി എന്നാണ് മനസ്സിലാവുന്നത്. അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരില്ല.
എലാ പ്രവാചകന്മാരും തൗഹീദ് സ്ഥാപിക്കാനാണ് വന്നത്. അല്ലാഹു ﷻ ഏകനാകുന്നു അവന്ന് പങ്കുകാരില്ല. മൂസാ (അ) അല്ലാഹുﷻവിന്റെ റസൂലാകുന്നു. ഇതാണ് അടിസ്ഥാനം...
ലാഇലാഹ ഇല്ലല്ലാഹു മൂസാ കലീമുല്ലാഹി.
ലാഇലാഹ ഇല്ലല്ലാഹു ഈസാ റൂഹുല്ലാഹി.
ഇവയാണ് അടിസ്ഥാന വചനം.
ജീവിതത്തിൽ നടപ്പിലാക്കേണ്ട ചില നടപടി ക്രമങ്ങളിൽ മാത്രമാണ് മാറ്റം വന്നത്. ഈസാ (അ) പറഞ്ഞു നിർത്തുന്നതിങ്ങനെയായിരിക്കും...
"തീർച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അത്കൊണ്ട് അവന് നിങ്ങൾ ആരാധന ചെയ്യുക. ഇതാണ്
നേരായ മാർഗ്ഗം." (3:51)
ഈസാ (അ) നേരായ മാർഗ്ഗം ചൂണ്ടിക്കാണിക്കുന്നു.
هَـٰذَا صِرَاطٌ مُّسْتَقِيمٌ
സമുന്നതനായ പുത്രനെ തന്നെയാണ് ഞാൻ പ്രസവിക്കാൻ പോവുന്നത്. ഈ സമൂഹത്തിന്റെ സമുദ്ധാരകൻ.
ജൂതന്മാർ സകരിയ്യാ (അ)നോട് കാണിക്കുന്ന ക്രൂരതകൾക്ക് കണക്കില്ല. പരിഹാസം, ഉപ്രദവം, പീഡനം, ഭീഷണി. ഒരു സ്വസ്ഥതയും നൽകുന്നില്ല. തൗറാത്ത് അവരുടെ മുമ്പിലുണ്ട്. അതിലെ കല്പനകൾക്ക് അവർ വില കല്പിക്കുന്നില്ല. തോന്നിയത് പോലെ ജീവിക്കുന്നു.
അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്കാണ് സകരിയ്യ (അ) ക്ഷണിക്കുന്നത്. അതിനെയവർ തട്ടിക്കളയുന്നു. ഇതേ സമൂഹത്തെയാണ് തന്റെ പുത്രനും അഭിമുഖീകരിക്കേണ്ടി വരിക. പുത്രനെയും അവർ എതിർക്കും.
ഗർഭിണിയാണെന്നറിഞ്ഞതോടെ തന്റെ നേരെ പരിഹാസം തുടങ്ങിയിരിക്കുന്നു. എല്ലാം അല്ലാഹുﷻവിന്റെ നിശ്ചയം പോലെ നടക്കട്ടെ...
Part : 09
*🔖 കുഞ്ഞ് സംസാരിച്ചു (1)*
പ്രസവ സമയം അടുത്തു വരികയാണ്. സഹായിത്തിന്നാരുമില്ല. ഒരു ഈത്തപ്പന മരത്തിന്റെ സമീപത്ത് വന്നുനിന്നു. വല്ലാത്ത ക്ഷീണം. ഈത്തപ്പന മരത്തിൽ ചാരിയിരുന്നു. ഈ രംഗം വിശുദ്ധ ഖുർആനിൽ കാണാം.
“അനന്തരം പ്രസവ വേദന അവരെ ഒരു ഈത്തപ്പന മരത്തിന്നടുത്തേക്ക് പോകുവാൻ നിർബന്ധിതയാക്കി. അവർ പറഞ്ഞു: “ഹാ...ഇതിന്ന് മുമ്പ് ഞാൻ മരിക്കുകയും അശേഷം വിസ്മരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനേ...” (19:23)
ഈ സമയത്ത് താഴ്ഭാഗത്ത് നിന്ന് ഒരു വിളിനാദം കേട്ടു. “വിഷമിക്കേണ്ട... നിങ്ങളുടെ റബ്ബ് താഴ്ഭാഗത്ത് ഒരു അരുവി ഒരുക്കിത്തന്നിരിക്കുന്നു. അതിൽ നിന്ന് വെള്ളം കുടിക്കാം. ക്ഷീണം തീർക്കാം. ഈത്തപ്പന പിടിച്ചു കുലുക്കുക. അപ്പോൾ ഈത്തപ്പഴം വീഴും. പഴുത്തുപാകമായ രുചികരമായ ഈത്തപ്പഴം. അത് കഴിച്ചു വിശപ്പടക്കാം..."
താഴേക്കു നോക്കി. അവിടെ ഒരു നീർച്ചാലുണ്ട്. അത് വറ്റിവരണ്ടു
കിടക്കുകയായിരുന്നു. ഇപ്പോൾ അതിൽ വെള്ളമൊഴുകുന്നു. നല്ല ശുദ്ധജലം. ഈത്തപ്പനമരം ഉണങ്ങിപ്പോയിരുന്നു. അതിൽ ഫലം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ അത് പച്ചയായിരിക്കുന്നു. അതിൽ പഴുത്തു പാകമായ പഴങ്ങളുണ്ട്.
ഇത് അല്ലാഹുﷻവിന്റെ പക്കൽ നിന്നുള്ള അത്ഭുതകരമായ സഹായം
തന്നെ. വിശുദ്ധ ഖുർആൻ പറയുന്നു:
“അപ്പോൾ അവരുടെ താഴ്ഭാഗത്ത് നിന്ന് അവരെ വിളിച്ചു പറഞ്ഞു: നിങ്ങൾ ദുഃഖിക്കേണ്ട. നിങ്ങളുടെ താഴ്ഭാഗത്ത് നിങ്ങളുടെ റബ്ബ് ഒരു
അരുവി ആക്കിത്തന്നിരിക്കുന്നു." (19:24)
“നിങ്ങളുടെ അടുക്കലേക്ക് ഈത്തപ്പഴം വീണുകിട്ടുവാൻ നിങ്ങൾ ഈത്തപ്പനമരം പിടിച്ചു കുലുക്കുക. എന്നാൽ അത് നിങ്ങൾക്ക് പഴുത്തുപാകമായ ഈത്തപ്പഴം വീഴ്ത്തിത്തരും.”(19:25)
“എന്നിട്ട് അത് തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. (നിന്റെ പുത്രന്റെ മുഖം കണ്ട്) സന്തോഷിക്കുകയും ചെയ്തുകൊള്ളുക. ഇനി മനുഷ്യരിൽ ആരെയെങ്കിലും കാണുകയാണെങ്കിൽ അവരോട് നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കണം: കരുണാനിധിയായ റബ്ബിന്ന് മൗനവൃതം അനുഷ്ഠിക്കുവാൻ ഞാൻ നേർച്ചയാക്കിയിട്ടുണ്ട്. അതിനാൽ ഒരാളോടും ഇന്ന് ഞാൻ സംസാരിക്കുകയില്ല.” (19:26)
നോമ്പനുഷ്ഠിക്കുമ്പോൾ സംസാരം ഉപേക്ഷിക്കുന്ന സമ്പ്രദായം
അക്കാലത്തുണ്ടായിരുന്നു. നോമ്പ് നോറ്റിരിക്കുന്നു എന്ന് ആംഗ്യത്തിലൂടെ മറ്റുള്ളവരെ ധരിപ്പിക്കാം. പിന്നെയവർ സംസാരിക്കാൻ നിൽക്കില്ല.
നിർദ്ദേശിക്കപ്പെട്ടതുപോലെ അരുവിയിലെ ശുദ്ധജലം കുടിച്ചു ദാഹം ശമിച്ചു. ഈത്തപ്പന പിടിച്ചു കുലുക്കിയപ്പോൾ ഈത്തപ്പഴം വീണു. രുചികരമായ പഴം കഴിച്ചു. കുഞ്ഞിനെ പ്രസവിച്ചു. ആൺകുഞ്ഞ്. അൽഹംദുലില്ലാഹ്..!
സർവ്വസ്തുതിയും അല്ലാഹുﷻവിന്നാകുന്നു.
അനുഗ്രഹീതനായ പുത്രൻ.
ഉമ്മ കുഞ്ഞിന്റെ മുഖത്തേക്ക് ആവേശത്തോടെ നോക്കി. എന്റെ
പൊന്നുമോൻ..! മാതൃഹൃദയം കുളിരണിഞ്ഞു. എന്തൊരഴകുള്ള കുഞ്ഞ്. ആ ചുണ്ടുകൾ, കണ്ണുകൾ, കവിളുകൾ. നോക്കിക്കണ്ടിട്ട് മതിവരുന്നില്ല...
സമയം ഇഴഞ്ഞുനീങ്ങി. താനും മോനും മാത്രമുള്ള ലോകം. അല്ലാഹുﷻവിന്റെ സഹായം, മലക്കുകളുടെ സാന്നിധ്യം. മോനെ കണ്ടപ്പോൾ മനസ്സിൽ കൊള്ളാത്ത സന്തോഷം, ആ സന്തോഷത്തിൽ മനുഷ്യരെ മറന്നുപോയി...
കുഞ്ഞിനെ കൈകളിലെടുത്തു. പാൽകൊടുത്തു. അതിനെ ലാളിച്ചു. മെല്ലെ മെല്ലെ മനുഷ്യരുടെ ഓർമ്മവന്നു. തന്റെ ബന്ധുക്കൾ..! നാട്ടുകാർ. അവരുടെ സമീപത്തേക്കു പോവണം. അവരെ കാണണം. ഇവിടെ ഇങ്ങനെ കഴിയാൻ പറ്റില്ല. പിന്നെയും അസ്വസ്ഥത. എങ്കിലും ധൈര്യം സംഭരിച്ചു. കുഞ്ഞുമായി മുമ്പോട്ടു നടന്നു...
Part : 10
*🔖 കുഞ്ഞ് സംസാരിച്ചു (2)*
സ്വന്തക്കാരുടെ അടുത്തേക്ക് പോവണമെന്നാണ് തനിക്ക് ലഭിച്ച നിർദ്ദേശം. അവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ല. കുഞ്ഞിനു നേരെ അവരുടെ ശ്രദ്ധ തിരിച്ചു വിട്ടാൽ മതി. കുഞ്ഞ് സംസാരിച്ചുകൊള്ളും.
വീട്ടിലെത്തി. ബന്ധുക്കളും അയൽക്കാരും കൂടി. വിവരമറിഞ്ഞു പലരുമെത്തി. എല്ലാമുഖങ്ങളും രോഷം കൊണ്ട് കറുത്തിരുണ്ടു.
പരുഷവാക്കുകളിൽ സംസാരം തുടങ്ങി.
ആ സമൂഹത്തിൽ ആരാധനയിൽ മുഴുകിക്കഴിയുന്ന നല്ലൊരു മനുഷ്യനുണ്ടായിരുന്നു. എല്ലാ നന്മകളും ചേർന്ന സൽസ്വഭാവിയായ മനുഷ്യൻ. പേര് ഹാറൂൻ. ആളുകൾ ആദരവോടുകൂടി മാത്രമേ ആ പേർ പറയുകയുള്ളൂ.
ഹാറൂനിനെപ്പോലെയാണ് മർയമിനെയും ആ സമൂഹം കണ്ടത്. ചിലർ മർയമിനെ ഹാറൂനിന്റെ സഹോദരി എന്നുവരെ വിളിച്ചുകഴിഞ്ഞു. ഹാറൂനിന് തുല്യമായവൾ എന്ന് പൊതുവിൽ പറഞ്ഞുവന്നു. അങ്ങനെയുള്ള ഒരുവൾ ഈവിധമായിപ്പോയി. ഒരു കുഞ്ഞിനെ പ്രസവിച്ചു വന്നിരിക്കുന്നു...
ചിലർ കോപംകൊണ്ട് പല്ല് ഞെരിച്ചു. പലരും ഉച്ചത്തിൽ സംസാരിക്കുന്നു. അപ്പോഴും മർയമിന്റെ മുഖം ശാന്തമായിരുന്നു. ഞാൻ നോമ്പ്കാരിയാണ്. സംസാരിക്കാൻ പറ്റില്ല. മർയം (റ) അവരെ ആംഗ്യത്തിലൂടെ ബോധ്യപ്പെടുത്തി...
ചിലർക്ക് രോഷം വർദ്ധിച്ചു. മർയം (റ) കുഞ്ഞിനുനേരെ കൈചൂണ്ടി. അതിനോട് സംസാരിച്ചുകൊള്ളൂ എന്ന സൂചന. ചിലർ കോപത്തോടെ വിളിച്ചു ചോദിച്ചു.
"നീ എന്താണിപ്പറയുന്നത്? തൊട്ടിലിൽ കിടക്കുന്ന കുട്ടിയോട് ആരെങ്കിലും സംസാരിക്കുമോ? അതിന്ന് മറുപടി പറയാൻ കഴിയുമോ..?"
കഴിയുമെന്ന് സൂചിപ്പിച്ചു. കുട്ടി സംസാരിക്കാൻ തുടങ്ങി. ആളുകൾ സ്തബ്ധരായിപ്പോയി.വിശുദ്ധ ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കൂ...!
“അനന്തരം അവർ കുട്ടിയെ എടുത്തുകൊണ്ട് തന്റെ ജനതയുടെ അടുത്തേക്ക് ചെന്നു. അവർ പറഞ്ഞു: "ഓ.. മർയം മഹാത്ഭുതകരമായ ഒരുകാര്യം തന്നെയാണ് നീ ചെയ്തിരിക്കുന്നത്.” (19:27)
“ഓ ഹാറൂനോട് തുല്യമായവളേ..! നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുർനടപ്പുകാരിയുമായിരുന്നില്ല.” (19:28)
“അപ്പോൾ മർയം കുട്ടിയുടെ നേരെ കൈചൂണ്ടി. ആളുകൾ ചോദിച്ചു: തൊട്ടിലിൽ കിടക്കുന്ന കുട്ടിയോട് ഞങ്ങൾ എങ്ങനെ സംസാരിക്കും.” (19:29)
തൊട്ടിലിൽ കിടന്ന കുട്ടി സംസാരിക്കുന്നു. പിൽക്കാലത്ത് ലോകമെങ്ങും പ്രചരിക്കാൻ പോവുന്ന ഒരാശയത്തെ ഖണ്ഡിക്കുന്നതായിരുന്നു ആദ്യവചനം.
إِنِّي عَبْدُ اللَّـهِ
(ഞാൻ അല്ലാഹുﷻവിന്റെ അടിമയാകുന്നു.)
ഈസാ (അ) ൽ നിന്ന് ആദ്യമായി പുറത്തുവന്ന വചനം ഇതാകുന്നു. അല്ലാഹുﷻവിന്റെ അടിമ എന്ന വചനം. ദൈവപുത്രൻ എന്നല്ല. അല്ലാഹുﷻവിന്ന് പുത്രനില്ല. മനുഷ്യൻ അല്ലാഹുﷻവിന്റെ അടിമയാകുന്നു. ഈ വസ്തുത തൊട്ടിലിൽ നിന്ന് ആളുകൾ കേട്ടു.
എനിക്ക് അല്ലാഹു ﷻ കിതാബ് നൽകി.
എന്നെ അവൻ നബിയായി നിയോഗിച്ചു. എന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു.
എന്റെ ജീവിതകാലം മുഴുവൻ നിസ്കരിക്കാനും സക്കാത്ത്
നൽകാനും എന്നോടവൻ കല്പിച്ചു...
എന്നെ അവൻ സ്വന്തം മാതാവിന്ന് ഗുണം ചെയ്യുന്നവനാക്കിയിരിക്കുന്നു. നിർഭാഗ്യവാനായ ക്രൂരനാക്കിയിട്ടില്ല. ഞാൻ ജനിച്ച ദിവസവും മരണപ്പെടുന്ന ദിവസവും വീണ്ടും ജീവിപ്പിക്കപ്പെടുന്ന ദിവസവും എന്റെ മേൽ അല്ലാഹുﷻവിന്റെ സമാധാനം
ഉണ്ടായിരിക്കും.
അതാണ് മർയമിന്റെ മകൻ ഈസ.
ഇൗസബ്നു മർയം അല്ലാഹുﷻവിന്റെ അടിമയാകുന്നു. പ്രവാചകനുമാകുന്നു. ഇതാണ് സത്യവചനം...
قَوْلَ الْحَقِّ
ഇതിൽ പിൽക്കാലത്ത് ഭീകരമായ ഭിന്നിപ്പുണ്ടായി...
Part : 11
*🔖 കുഞ്ഞ് സംസാരിച്ചു (3)*
വിശുദ്ധ ഖുർആൻ വചനങ്ങൾ കാണുക... “തൊട്ടിലിൽ കിടക്കുന്ന കുട്ടി പറഞ്ഞു: നിശ്ചയമായും ഞാൻ
അല്ലാഹുവിന്റെ അടിമയാകുന്നു. എനിക്കവൻ കിതാബ് നൽകുകയും
എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.” (19:30)
“ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗ്രഹീതനാക്കുകയും ജീവിച്ചിരിക്കുമ്പോഴെല്ലാം നിസ്കരിക്കുവാനും സക്കാത്ത് കൊടുക്കുവാനും അവൻ എന്നോട് കല്പിക്കുകയും ചെയ്തിരിക്കുന്നു.” (19:31)
“എന്നെ അവൻ സ്വന്തം മാതാവിന്ന് നന്മചെയ്യുന്നവനും ആക്കിയിരിക്കുന്നു. അവൻ എന്നെ നിർഭാഗ്യവാനായ ക്രൂരനാക്കിയിട്ടില്ല.” (19:32)
“ഞാൻ ജനിച്ച ദിവസവും മരണമടയുന്ന ദിവസവും, ജീവനുള്ളവനായി ഉയർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസവും എനിക്ക് സമാധാനമുണ്ടായിരിക്കും.” (19:33)
“അതാണ് മർയമിന്റെ മകൻ ഈസാ. ഇത് സത്യമായ വാക്കാണ്. ഇതിലാണവർ ഭിന്നിക്കുന്നത്.” (19:34)
കുട്ടി സംസാരിച്ചു. ആളുകൾ കേട്ടു. കേട്ടതെല്ലാം സത്യമാണെന്ന്
ചിലർക്ക് ബോധ്യം വന്നു. ബോധ്യം വന്നകാര്യം അവർ പരസ്യമായി പറഞ്ഞു. പരസ്യമായി പറഞ്ഞത് ചിലർക്ക് അരോചകമായി.
മർയം (റ) വിനെ ദുർനടപ്പുകാരി എന്ന് വിളിക്കാനായിരുന്നു ചിലർക്കു താല്പര്യം. ഈസാ (അ) നെ അവർ വ്യഭിചാര പുത്രനെന്നു വിശേഷിപ്പിച്ചു.
ആളുകൾ രണ്ട് സംഘമായി. വാക്കേറ്റമായി. മർയം(റ)വിനെ ആക്ഷേപിച്ചവർ യഹൂദികൾ.
മർയം (റ) വിനെയും കുട്ടിയെയും ആദരിച്ചവർ ക്രിസ്ത്യാനികൾ...
ക്രിസ്ത്യാനികൾ തന്നെ പല വിഭാഗങ്ങളായി മാറി...
ഈസ (യേശു) ദൈവം തന്നെയാണെന്ന് ചിലർ വാദിച്ചു...
ഈസ ദൈവപുത്രനാണെന്ന് മറ്റൊരു കൂട്ടർ പറഞ്ഞു...
ദൈവം മൂന്നാണെന്ന് മറ്റൊരു കൂട്ടർ വാദിച്ചു. യേശു, മറിയം, യഹോവ...
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്. പല വ്യാഖ്യാനങ്ങൾ ലോകമെങ്ങും വ്യാപിച്ചു. ഒരു ചെറിയ വിഭാഗം ഈസ (അ) അല്ലാഹുﷻവിന്റെ അടിമയും
ദൂതനുമാണെന്ന് വിശ്വസിച്ചു. ഖുസ്തന്തീൻ രാജാവും കൂട്ടരുമാണ് അങ്ങനെ വിശ്വസിച്ചത്. അവർ നേർമാർഗ്ഗം സ്വീകരിച്ചു.
അല്ലാഹു ﷻ പറയുന്നു: "ഒരു സന്താനത്തെ സ്വീകരിക്കുകയെന്നത് അല്ലാഹുവിന്ന് അനുയോജ്യമല്ല. അവൻ പരിശുദ്ധൻ..! ഒരുകാര്യം ഉണ്ടാവാൻ ഉദ്ദേശിച്ചാൽ, നിശ്ചയമായും അതിനോടവൻ പറയും: ഉണ്ടാവുക, അപ്പോൾ അത്
ഉണ്ടാകുന്നു." (19:35)
ഈസ (അ) ദൈവ പുത്രനല്ല. പ്രവാചകനാണ്. ഇക്കാര്യം വിശുദ്ധ
ഖുർആൻ പാഖ്യാപിക്കുന്നു: "(ഈസ നബി (അ) ന്റെ ജനതയോട് പറഞ്ഞു) : "നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതുകൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക. ഇതാണ് നേരായ മാർഗ്ഗം.'' (19:36)
"പിന്നീട് അവർക്കിടയിൽ നിന്ന് വിവിധ കക്ഷികൾ വിഭിന്നാഭിപ്രായക്കാരിത്തീർന്നു. ഗൗരവമേറിയ ഒരുദിവസം വന്നെത്തുകമൂലം ആ സത്യനിഷേധികൾക്കു വമ്പിച്ച നാശം." (19:37)
ഗൗരവമേറിയ ഒരു ദിവസം വരും. അന്ന് സത്യനിഷേധികൾ നെടും
ഖേദത്തിലായിരിക്കും. രക്ഷയുടെ ഒരു മാർഗ്ഗവും അവർക്കുണ്ടാവുകയില്ല. ഗൗരവമേറിയ ആ ദിവസം ഏതാണ്..?
അന്ത്യനാൾ ആണെന്നാണ് ഒരഭിപ്രായം. അവർക്ക് ഫലസ്തീൻ നഷ്ടപ്പെട്ട ദിവസമാണെന്ന് മറ്റൊരഭിപ്രായമുണ്ട്...
"ബൈത്തുൽ മുഖദ്ദസ്" അത് മുസ്ലിംകൾക്ക് കീഴടങ്ങി. അവിടെ തൗഹീദിന്റെ പ്രകാശം പരന്നു. ആ ദിവസം സത്യനിഷേധികൾക്ക് ഗൗരവം നിറഞ്ഞ ദിവസം തന്നെയായിരുന്നു. അവർ ദുഃഖിതരായിത്തീർന്നു...
ലോകം മുഴുവൻ ദുഃഖമറിഞ്ഞു. ആ ദിവസത്തെ സൂചിപ്പിക്കുന്നതാണ് മേൽവചനമെന്ന അഭിപ്രായവും നിലവിലുണ്ട്.
Part : 12
*🔖 നാലു വനിതകൾ (1)*
മർയം (റ)യേയും ഈസാ (അ)നെയും യഹൂദികൾ വെറുത്തു.
അപവാദങ്ങൾ പറഞ്ഞുപരത്തി. അവരിൽ അസൂയ വളർന്നു...
ഈസാ (അ) കൊച്ചുകുട്ടിയാണ്. പാഠശാലയിൽ പോവുന്നു. അക്കാലത്തും പല അത്ഭുതങ്ങൾ നടക്കുകയുണ്ടായി. കൂടെ പഠിക്കുന്നവരോട് വീട്ടിലെ വിശേഷങ്ങൾ പറഞ്ഞുകൊടുക്കും. ആരൊക്കെ വീട്ടിൽ വന്നു? എന്തൊക്കെ ആഹാരങ്ങൾ ഉണ്ടാക്കി? എന്തെല്ലാം സംഭവങ്ങൾ നടന്നു..?
കുട്ടികൾ പാഠശാലയിൽ നിന്ന് ആവേശത്തോടെ വീട്ടിൽ ഓടിയെത്തും. ഈസാ (അ) എന്ന കുട്ടി പറഞ്ഞതെല്ലാം നടന്നിട്ടുണ്ടാവും. കുട്ടികൾ അത് വിളിച്ചു പറയും.
“വീട്ടിൽ നടന്ന സംഭവങ്ങൾ നിങ്ങളെങ്ങനയറിഞ്ഞു? നിങ്ങൾ പാഠശാലയിലായിരുന്നുവല്ലോ?” വീട്ടുകാർ ചോദിക്കും...
“എല്ലാം ഈസാ (അ) പറഞ്ഞുതന്നതാണ്.” കുട്ടികൾ പറയും.
അതുകേൾക്കുമ്പോൾ വീട്ടുകാർക്ക് പേടിയാണ്. ഏതോ പിശാച് ബാധിച്ച കുട്ടിയാണത്. അവനുമായി കൂട്ടുകൂടരുത്. കുട്ടികളെ മാതാപിതാക്കൾ വിലക്കും. ധിക്കാരികളായ യഹൂദികൾ ഉമ്മയെയും മകനെയും ഭീഷണിപ്പെടുത്തി. ഉമ്മയും മകനും ദുശ്ശകുനമാണെന്ന് പറഞ്ഞുപരത്തി. സാധാരണക്കാർ അത് വിശ്വസിച്ചു.
യഹൂദികൾ ഒരിക്കൽ സകരിയ്യ നബിയോട് ഇങ്ങനെ പറഞ്ഞു: “സകരിയ്യ..! ആ ഉമ്മയും മകനും ശരിയല്ല. അവർ ഇന്നാട്ടിൽ ജീവിക്കുന്നത് നമുക്ക് ദോഷം ചെയ്യും. രണ്ട് പേരെയും വധിച്ചു കളയണം. നിങ്ങൾ ഞങ്ങളോട് സഹകരിക്കണം”
സകരിയ്യ (അ) വേദനയോടെ മറുപടി നൽകി. “സഹോദരന്മാരെ..! നിങ്ങൾ തെറ്റിധരിച്ചിരിക്കുകയാണ്. മർയം പരിശുദ്ധയാണ്. ഒരു കളങ്കവുമില്ലാത്തവളാണ്. മകൻ ഈസാ(അ) ദൈവ ദൂതനാണ്. അവരെ കുറ്റം പറയരുത്. വെറുക്കരുത്. ഉപദ്രവിക്കരുത്.”
യഹൂദികൾ രോഷത്തോടെ അലറി. “നാശം പിടിച്ചവനെ..! ഞങ്ങളവരെകൊല്ലും. അവരെ സഹായിക്കാൻ നടക്കുന്ന നിന്നെയും കൊല്ലും. നിന്റെ മകൻ ഒരുത്തനുണ്ടല്ലോ, യഹ്‌യ, അവനെയും ഞങ്ങൾ വെറുതെ വിടില്ല.” (പിൽക്കാലത്ത് സകരിയ്യ (അ) യഹ്‌യ (അ) എന്നിവരെ ജൂതന്മാർ വധിച്ചുകളഞ്ഞു)
എന്തൊരു സമൂഹം..! എന്തൊരു ധിക്കാരം..! അല്ലാഹുﷻവിന്റെ പുണ്യ പ്രവാചകന്മാർക്ക് നേരെയാണവർ വധഭീഷണി മുഴക്കുന്നത്. നാട്ടിൽ ജീവിതം ദുസ്സഹമായിരിക്കുന്നു. എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോവുക തന്നെ.
ഉമ്മയും മകനും ഈജിപ്തിലേക്കു പുറപ്പെട്ടു. അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചു. ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. ഗ്രാമത്തിലെ ഒരു പ്രമുഖൻ അവരെ സ്വീകരിച്ചു. വീട്ടിൽ കൊണ്ടു പോയി താമസിപ്പിച്ചു. അത് കാരണം അദ്ദേഹത്തിന് കാര്യമായ നേട്ടങ്ങളുണ്ടായി, കുടുംബത്തിലെ പല വിഷമങ്ങളും തീർന്നു...
ഉമ്മയും മകനും യാത്ര തുടർന്നു. വിശാലമായൊരു നദിയുടെ കരയിലെത്തി. വലവീശി മത്സ്യം പിടിക്കുന്ന ചിലരെ അവിടെ കണ്ടുമുട്ടി. അവരോട് ഈസാ(അ) ഇങ്ങനെ പറഞ്ഞു: "ഞങ്ങളോടൊപ്പം വന്നോളൂ.. ഇതിനേക്കാൾ മെച്ചപ്പെട്ട ജീവിതമാർഗ്ഗം കാണിച്ചുതരാം.”
കുറേപേർ അത് വിശ്വസിച്ചു. കൂടെ നടന്നു. ഈസാ (അ) അവർക്ക് ആത്മീയോപദേശങ്ങൾ നൽകി. ആരാധനയാകുന്ന വലവീശി ആത്മാവിനെ പിടികൂടുക, ശരീരത്തിന്റെ ഇച്ഛകൾ വെടിഞ്ഞ് ഇബ്ലീസിനെ പരാജയപ്പെടുത്തുക.
പിന്നെയും ഉപദേശം തുടർന്നു. ഓരോ വാക്കും അവരെ നന്നായി ആകർഷിച്ചു. അപ്പോൾ അവർ ആകാംക്ഷയോടെ ചോദിച്ചു...
“അങ്ങ് ആരാണ്..? ഞങ്ങൾക്കു പറഞ്ഞുതന്നാലും.”
“ഞാൻ അല്ലാഹുﷻവിന്റെ അടിമയും നബിയുമാകുന്നു. മർയമിന്റെ
പുത്രനുമാകുന്നു.”
Part : 13
*🔖 നാലു വനിതകൾ (2)*
ഈസാ (അ) ഇത് പറഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. അവർ
കൂടെ നടന്നു. അവർ പ്രന്തണ്ട് പേരുണ്ടായിരുന്നു. ഈ പന്ത്രണ്ട് പേർ സാധാരണക്കാരായിരുന്നു. തൊഴിലെടുത്തു ജീവിക്കുന്നവരായിരുന്നു.
ഉമ്മയും മകനും ഈജിപ്തിലെത്തി. രണ്ടു പേരും തൊഴിലെടുത്ത് ജീവിക്കാൻ തുടങ്ങി. ഉമ്മ നൂൽ നൂൽക്കും, മകൻ തുണി നിർമ്മാണശാലയിൽ ജോലി
നോക്കി. ചെറിയ വരുമാനംകൊണ്ട് ഉമ്മയും മകനും ഒരുവിധം ജീവിച്ചുപോന്നു.
ഒരു നിവേദത്തിൽ ഇങ്ങനെ കാണാം.
ഈജിപ്തിലേക്കുള്ള വഴിമധ്യ അവർ ഏതാനും ആളുകളെ കണ്ടുമുട്ടി. അവർ അലക്കുകാരായിരുന്നു. വസ്ത്രം അലക്കി വെളുപ്പിച്ചു കൊടുക്കുന്ന തൊഴിലാളികൾ. അവരോട് ഈസാ (അ) സംസാരിച്ചു...
“നിങ്ങൾ സ്വന്തം ഹൃദയങ്ങളെ ശുദ്ധീകരിക്കുക. ഹൃദയത്തിലെ
അഴുക്കുകൾ കഴുകി വെളുപ്പിക്കുക.”
ആ വാക്കുകൾ അവരെ വല്ലാതെ ആകർഷിച്ചു. കുറെയാളുകൾ
നബിയോടൊപ്പം കൂടി.
ഇവർ നബിയുടെ സഹായികളായി ജീവിച്ചു.
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു.
ഈസാ (അ) പ്രസവിക്കപ്പെട്ടപ്പോൾ ബിംബങ്ങൾ മറിഞ്ഞുവീണു. അതുകണ്ട് പിശാചുക്കൾ വെപ്രാളത്തോടെ പരക്കം പാഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അവർക്ക് മനസ്സിലായില്ല.
ശപിക്കപ്പെട്ട ഇബ്ലീസ് അവരോട് പറഞ്ഞു:
"ഈസാ (അ) പ്രസവിക്കപ്പെട്ടിരിക്കുന്നു."
അവർ ചെന്നുനോക്കി. കുഞ്ഞ് ഉമ്മയുടെ മടിത്തട്ടിൽ കിടക്കുന്നു.
ചുറ്റും മലക്കുകൾ. പ്രസവസമയത്ത് ആകാശത്ത് നല്ലപ്രകാശമുള്ള നക്ഷത്രം കാണപ്പെട്ടു. പേർഷ്യയിലെ രാജാവ് അതുകണ്ട് അതിശയിച്ചു.
ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി കാരണം തിരക്കി. ശ്രേഷ്ഠനായൊരു കുഞ്ഞ് പിറന്നിരിക്കുന്നു എന്നവർ പറഞ്ഞു...
രാജാവ് തന്റെ ദൂതന്മാരെ കുഞ്ഞിനെ അന്വേഷിച്ചു കണ്ടെത്താൻ വേണ്ടി അയച്ചു. അവരുടെ കൈവശം സ്വർണ്ണവും മറ്റ് വിലപിടിച്ച് പാരിതോഷികങ്ങളും ഉണ്ടായിരുന്നു. അവർ ശാം പ്രദേശത്ത് എത്തി. അവിടത്തെ രാജാവിനെ കണ്ടു. നവജാത ശിശുവിനെക്കുറിച്ചു അന്വേ
ഷിച്ചു.
കുട്ടി തൊട്ടിലിൽ വെച്ചു സംസാരിച്ച കാര്യം അവിടെയെല്ലാം പ്രസിദ്ധമായിരുന്നു. കുട്ടിയെ എങ്ങനെയെങ്കിലും കൊന്നുകളയണ
മെന്ന ചിന്തയിലായിരുന്നു ശാമിലെ രാജാവും കൂട്ടരും.
മർയമിന്റെ വീടറിയാവുന്ന ചിലരെ കൂടെ അയച്ചുകൊടുത്തു. പേർഷ്യൻ രാജാവിന്റെ പ്രതിനിധികൾ മർയം (റ)യെ ചെന്നുകണ്ടു. അനുമോദനങ്ങൾ അറിയിച്ചു.
അവർ രഹസ്യമായി ഇങ്ങനെ അറിയിച്ചു.
'ശാമിലെ രാജാവിന്റെ ആളുകൾ ഇവിടെ വരും. ഈ കുഞ്ഞിനെ വധിക്കുകയാണ് അവരുടെ ലക്ഷ്യം, സൂക്ഷിക്കണം.'
മർയം (റ) കുഞ്ഞിനെയും എടുത്തുകൊണ്ട് സ്ഥലം വിട്ടു. ഈജിപ്തിലേക്കുപോയി. കുട്ടിക്ക് പന്ത്രണ്ട് വയസ്സ് ആവുന്നത് വരെ അവിടെ താമസിച്ചു. ഇക്കാലത്ത് ധാരാളം മുഅ്ജിസത്തുകൾ പ്രകടമായിട്ടുണ്ട്.
ഏഴാമത്തെ വയസ്സിൽ കുട്ടിയെ പാഠശാലയിൽ അയച്ചു. പാഠശാലയിൽ വെച്ചുപല അത്ഭുതങ്ങളും നടന്നു. മറ്റുകുട്ടികൾ അത് വീട്ടിൽപറഞ്ഞു. വീട്ടുകാർക്കത്ഭുതമായി. ഈസായോടൊപ്പം ഇരുന്ന് പഠിച്ചാൽ തങ്ങളുടെ മക്കൾ വഴിപിഴച്ചുപോവുമെന്നവർ ഭയന്നു. പലരും മക്കളെ പാഠശാലയിൽ അയക്കുന്നത് നിർത്തിക്കളഞ്ഞു.
പതിമൂന്നാമത്തെ വയസ്സുവരെ ഈജിപ്റ്റിൽ താമസിച്ചു. ഈലിയ എന്ന പ്രദേശത്തേക്ക് മടങ്ങാൻ അല്ലാഹുﷻവിന്റെ കല്പന വന്നു. ഒരു
കഴുതപ്പുറത്താണവർ ഈലിയായിലേക്ക് വന്നത്. മർയം (റ)വിന്റെ പിതൃവ്യപുത്രൻ യൂസുഫുന്നജ്ജാർ അവരെ കൊണ്ട് വരികയായിരുന്നു.
ഇവിടെ വെച്ചും പല അത്ഭുതങ്ങൾ സംഭവിച്ചു. അന്ധന് കാഴ്ച കിട്ടി. രോഗികൾക്ക് സുഖം ലഭിച്ചു. ശത്രുക്കൾ അതൊക്കെ മാരണമാണെന്നും കൺ കെട്ടുവിദ്യയാണെന്നും പറഞ്ഞു പരിഹസിച്ചു...
ശ്രതുക്കൾ ഉമ്മായെയും മകനെയും അപായപ്പെടുത്താൻ നന്നായി ശ്രമിക്കുന്നു.
അല്ലാഹുﷻവിൽ സർവ്വവും സമർപ്പിച്ചുകൊണ്ട് നീങ്ങുകയാണ് ഉമ്മയും മകനും.
Part : 14
*🔖 നാലു വനിതകൾ (3)*
മർയമിന്റെ മകൻ ഈസാ നബി (അ)...
മർയം (റ) യുടെ പ്രസിദ്ധി നാടെങ്ങും പരന്നു. മർയം (റ) യുടെ മഹത്വം വളരുകയാണ്. സ്വർഗ്ഗത്തിൽ അവർ വനിതകളുടെ നേതാവാണ്. അവിടെ അവരുടെ വിവാഹം നടക്കും. തൃക്കല്യാണം. ആരാണ് വരൻ..?
സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി ﷺ. നബി ﷺ നടത്തുന്ന മൂന്നുവിവാഹങ്ങളെക്കുറിച്ച് റിപ്പോർട്ടുകളുണ്ട്. ദുനിയാവിൽ ഏറെ ദുരിതങ്ങൾ സഹിച്ച മൂന്നു മാന്യവനിതകൾ പ്രവാചക പത്നിമാരായിവരും. ആരൊക്കെ..?
മർയം ബിൻത്ത് ഇംറാൻ.
ആസിയ ബിൻത്ത് മസാഹിം.
കുൽസൂ (മൂസാനബിയുടെ സഹോദരി).
പ്രവാചകപത്നിയായ ഖദീജ (റ) രോഗശയ്യയിൽ കിടക്കുകയായിരുന്നു. മരണം സമാഗതമാവുകയാണ്. വേർപിരിയാൻ പോവുന്ന ഭാര്യയോട് നബി ﷺ ഇങ്ങനെ പറഞ്ഞു...
“സഹപത്നിമാർക്ക് എന്റെ സലാം പറയുക.”
ഖദീജ (റ) അതിശയിച്ചുപോയി. തന്റെ ഭർത്താവിന്ന് വേറെ ഭാര്യമാരോ? ഇത് വരെ അങ്ങനെയൊന്നും കേട്ടിട്ടില്ലല്ലോ. താൻ മാത്രമാണല്ലോ അവിടത്തെ ഭാര്യ. പരലോകത്തെത്തുമ്പോൾ സലാം പറയാനാണല്ലോ ആവശ്യപ്പെട്ടത്. എങ്കിൽ അവർ നേരത്തെ മരിച്ചുപോയിരിക്കണം. മരിച്ചുചെല്ലുന്നവർ നേരത്തെ മരിച്ചവരെയാണല്ലോ അവിടെ കണ്ടുമുട്ടുക. അവർക്കാണല്ലോ സലാം പറയുക.
ഖദീജ (റ) അത്ഭുതത്തോടെ ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ...! (ﷺ) എനിക്ക് മുമ്പെ അങ്ങ് വേറെ വിവാഹം ചെയ്തിട്ടുണ്ടോ.. ?"
നബി ﷺ മറുപടി നൽകി: “ഇല്ല ഖദീജ, നിനക്കുമുമ്പെ ഞാനാരെയും വിവാഹം ചെയ്തിട്ടില്ല. പരലോകത്ത് വെച്ച് മൂന്നുവനിതകളെ അല്ലാഹു ﷻ എനിക്ക് വിവാഹം ചെയ്തു തരും.”
'ഇംറാന്റെ മകൾ മർയം, മസാഹിമിന്റെ മകൾ ആസിയ, മൂസയുടെ സഹോദരി കുൽസൂം.
ഒരിക്കൽ ജിബ്രീൽ (അ) വന്നു. നബി ﷺ തങ്ങളോടൊപ്പം ഇരുന്നു സംഭാഷണം നടത്തി. രണ്ട് കാര്യങ്ങൾ ഖദീജ (റ) യെ അറിയിക്കാനാണ് വന്നത്.
ഒന്ന്: ഖദീജ (റ) ക്ക് അല്ലാഹുﷻവിൽ നിന്ന് സലാം.
രണ്ട്: സ്വർഗ്ഗത്തിൽ ഖദീജ് (റ) താമസിക്കുന്ന ഭവനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത.
അവിടെ മർയം (റ) യുടെ വീട്ടിന്റെയും ആസിയ (റ) യുടെ വീട്ടിന്റെയും ഇടയിലായിരിക്കും ഖദീജ (റ) യുടെ വീട്. ആ കൊട്ടാരത്തിന്റെ പൊലിമ അതിശയകരം തന്നെ. പരലോകത്ത് ഈ നാല് വനിതകൾക്ക് ലഭിക്കാൻ പോവുന്ന പദവികൾ വിവരിക്കാനാവില്ല. അത്ര മഹോന്നതമാണവ...
ദുനിയാവിലെ സുഖങ്ങൾ പരലോകവിജയത്തിനുവേണ്ടി ത്യജിച്ച് മഹതികളാണവർ. ത്യാഗത്തിന്റെ തീച്ചൂളയിലാണവർ ജീവിച്ചത്. അത്ഭുതകരമായ ക്ഷമയാണവർ മുറുകെ പിടിച്ചത്. മർയം (റ) യുടെ ജീവിതം എക്കാലവും ചർച്ചാവിഷയമാണ്.
യഹൂദികൾ മർയം (റ) യെ അപഹസിച്ചു അഭിസാരികയെന്ന് പ്രചരിപ്പിച്ചു. ഒരു വനിതയെ എത്രത്തോളം അപമാനിക്കാൻ കഴിയുമോ അത്രത്തോളം അപമാനിച്ചു. അങ്ങനെ ഇസാഈല്യർ ശപിക്കപ്പെട്ടവ
രായി.
ക്രൈസ്തവർ എന്ത് ചെയ്തു..? മർയം (റ) യെ ആരാധ്യയാക്കി. ബിംബമാക്കി. ദൈവത്തിന്റെ ഭാഗമാക്കി. ഈസയെ ദൈവമാക്കി. മർയം (റ) യെ ദൈവമാതാവാക്കി. മാതാവിന്റെയും പുത്രന്റെയും ബിംബങ്ങളുണ്ടാക്കി. ആരാധന തുടങ്ങി.
ലോകം മുഴുവൻ മർയമിനെക്കുറിച്ചു സംസാരിക്കുന്നു. പറയേണ്ടതല്ല പറയുന്നത്. പറയുന്നത് സത്യമല്ല. അവർക്ക് ഇഷ്ടമല്ലാത്തതാണ് പറയുന്നത്. അനുയായികൾ എന്നു സ്വയം വിശേഷിപ്പിച്ച് ചിലർ പറയും. അബദ്ധങ്ങൾക്കൊന്നും മർയം (റ) ഉത്തരവാദിയില്ല.
തന്റെ മകൻ ഈസാ (അ) നെ അവർ സൂക്ഷ്മതയോടെ പിന്തുടർന്നു. ആപത്തുകളിൽ കൂടെ നിന്നു. കഷ്ടപ്പാടുകൾ നിറഞ്ഞജീവിതം പതറിയില്ല. ഈമാൻ മുറുകെ പിടിച്ച വനിത. പരലോകത്ത് സ്വപ്ന നായികമാരിൽ ഒരാളായിരിക്കും മർയം (റ). ഇവിടത്തെയാതനകൾക്ക് അവിടെ മഹത്തായ പ്രതിഫലം.
Part : 15
*🔖 ഹവാരികൾ (1)*
മർയം (റ)യും മകൻ ഈസാ (അ) എന്ന കുട്ടിയും എവിടെയാണ് അഭയം തേടിയത്..? ഇതിനെപ്പറ്റി പല അഭിപ്രായങ്ങൾ നിലവിലുണ്ട്...
വിശുദ്ധ ഖുർആനിൽ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ: "ഇബ്നുമർയമിനെയും തന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. താമസയോഗ്യവും, ഒഴുക്കുജലമുള്ളതുമായ ഒരു മേട് പ്രദേശത്ത് രണ്ട് പേർക്കും നാം അഭയം നൽകുകയും ചെയ്തു." (23:50)
ഈ മേട് പ്രദേശം എവിടെയായിരുന്നു..? ഡമസ്കസിൽ ആണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ബൈത്തുൽ മുഖദ്ദസിലാണെന്ന് മറ്റൊരഭിപ്രായം. ഈജിപ്തിലാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഫലസ്തീനിലെ റംലയിലാണെന്നും പറയപ്പെട്ടിട്ടുണ്ട്...
പിതൃവ്യപുത്രനായ യൂസുഫുന്നജ്ജാർ സഹായത്തിനുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഈജിപ്തിലെത്തി എന്നാണ് ബലമായ അഭിപ്രായം.
"ബൈബിൾ പറയുന്നതിങ്ങനെ: യോസേഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നെ കൂട്ടിക്കൊണ്ട് പുറപ്പെട്ട് മിസ്റയീമിലേക്ക് പോയി. ഹെരോദാവ് രാജാവിന്റെ മരണത്തോളം അവിടെ താമസിച്ചു."
മറ്റൊരു വചനം ഇങ്ങനെ: "മെസീഹായുടെ ജനനത്തെക്കുറിച്ച് ജ്യോത്സ്യന്മാരിൽ അറിവ് കിട്ടി. യഹൂദരന്മാരുടെ രാജാവ് പിറക്കാറായിട്ടുണ്ട് എന്ന് അറിവ് കിട്ടിയതനുസരിച്ച് ഹിരോദാസ് രാജാവ് അദ്ദേഹത്തെ തേടിപ്പിടിച്ചുകൊല്ലുവാൻ ശ്രമിച്ചു. രണ്ട് വയസ്സിനു താഴെ പ്രായമുള്ള വളരെ കുട്ടികൾ ഇക്കാരണത്താൽ ബത്ലഹേമിൽ കൊല്ലപ്പെട്ടിട്ടുണ്ട്."
ഉമ്മയും മകനും വർഷങ്ങളോളം ഈജിപ്തിൽ താമസിച്ചു. അതിന്നുശേഷം ഫലസ്തീനിൽ വന്നു. ഈസാ (അ) വളർന്നുവലുതായി. ജനങ്ങളെ അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു ക്ഷണിക്കാൻ തുടങ്ങി. അതോടെ എതിർപ്പുകൾ ശക്തി പ്രാപിച്ചു. ഇക്കാലത്ത് ധാരാളം മുഅ്ജിസത്തുകൾ കാണിച്ചിട്ടുണ്ട്.
തത്വശാസ്ത്രവും വൈദ്യശാസ്ത്രവും വളരെയേറെ വളർന്നു വികസിച്ച കാലമായിരുന്നു അത്. അതിനെ വെല്ലുന്ന മുഅ്ജിസത്തുകളാണ് ഈസാനബി (അ) ന്റെ കൈക്ക് അല്ലാഹു ﷻ പ്രത്യക്ഷപ്പെടുത്തിക്കൊണ്ടിരുന്നത്.
സത്യമതപ്രബോധനം തുടങ്ങിയപ്പോൾ ഒരു വലിയ വിഭാഗം ജനത എതിർത്തു. അവർ അക്കാലത്തെ കാഫിറുകൾ ആകുന്നു. മഹാഭൂരിപക്ഷം അവരോടൊപ്പമാണ്.
ഒരു സന്നിഗ്ദ ഘട്ടത്തിൽ ഈസാ (അ) ചോദിച്ചു: "അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ എന്നെ സഹായിക്കാൻ ആരുണ്ട്..?"
ഒരു വിഭാഗം ആവേശപൂർവ്വം മറുപടി നൽകി. “അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ അങ്ങയെ സഹായിക്കാൻ ഞങ്ങളുണ്ട്. ഞങ്ങൾ അല്ലാഹുﷻവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ മുസ്ലിംകളാകുന്നു. അങ്ങ് സാക്ഷ്യം വഹിക്കുക.”
ഈ പ്രഖ്യാപനം നടത്തിയവരാണ് ഹവാരികൾ. സഹായികൾ പന്ത്രണ്ട് പേരായിരുന്നു. ഹവാരികൾ അലക്കുകാരായിരുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അവർ മത്സ്യവേട്ടക്കാരാണെന്ന് മറ്റൊരു കൂട്ടർ അഭിപ്രായപ്പെടുന്നു...
മഹാഭൂരിപക്ഷം എതിരായിരുന്നിട്ടും ഹവാരികൾ സത്യസാക്ഷ്യം വഹിച്ചു. അവരുടെ ഈമാൻ ശക്തമായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫാ ﷺ തങ്ങൾ പലപ്പോഴും ഹവാരികളെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്...
അഹ്സാബ് യുദ്ധം തുടങ്ങാറായ കാലം. യുദ്ധത്തിൽ പങ്കെടുക്കാൻ നബി ﷺ മുസ്ലിംകളെ ക്ഷണിച്ചു. സുബൈർ (റ) ധൃതിയിൽ ആ ക്ഷണം സ്വീകരിച്ചു മുമ്പോട്ട് വന്നു. അപ്പോൾ സന്തോഷത്തോടെ നബി ﷺ തങ്ങൾ പറഞ്ഞു: "എന്റെ ഹവാരിയാണ് സുബൈർ."
ഈസാനബി (അ) നെതിരെ ശക്തമായ കള്ളപ്രചാരവേലകൾനടന്നു. നബിയെ വ്യഭിചാരപുത്രൻ എന്നു വിളിച്ചു...
Part : 16
*🔖 ഹവാരികൾ (2)*
ഈസാനബി (അ) നെതിരെ ശക്തമായ കള്ളപ്രചാര വേലകൾ നടന്നു. നബിയെ വ്യഭിചാരപുത്രൻ എന്നു വിളിച്ചു. ചെപ്പടി വിദ്യ കാണിക്കുന്നവൻ, കള്ളം പറയുന്നവൻ, വ്യാജൻ, മതം നശിപ്പിക്കുന്നവൻ, കുഴപ്പക്കാരൻ എന്നൊക്കെ വിളിച്ചു. കള്ള ആരോപണങ്ങൾ പറഞ്ഞുപരത്തി. അതൊന്നും ഫലിക്കാതെ വന്നപ്പോൾ കുരിശിൽ തറച്ചു കൊല്ലാൻ പരിപാടിയിട്ടു..!!
ഇതിനെക്കുറിച്ചുള്ള ബൈബിൾ വിവരണം ഇങ്ങനെ: "പിലാത്തോസ് രാജാവായിരുന്നു ബൈത്തുൽ മുഖദ്ദസ് ഭരിച്ചിരുന്നത്. ഇദ്ദേഹം റോമൻ കൈസറുടെ കീഴിലായിരുന്നു. ശ്രതുക്കൾ പിലാത്തോസ് രാജാവിന്റെ മുമ്പിലെത്തി. ഈസാ (അ)നെക്കുറിച്ചു ധാരാളം ആരോപണങ്ങൾ ഉന്നയിച്ചു.
ഈസ റോമൻ ഭരണകൂടത്തിന്നെതിരായി പ്രവർത്തിക്കുന്നു. യഹൂദരുടെ രാജാവായിത്തീരാൻ ശ്രമിക്കുന്നു. പിലാത്തോസ് വിഗ്രഹാരാധകനായിരുന്നു. അദ്ദേഹം ഈസാ (അ) നെ വിളിച്ചുവരുത്തി സംസാരിച്ചു. ആരോപണങ്ങൾ വ്യാജമാണെന്ന് രാജാവിന്ന് ബോധ്യമായി. വെറുതെ വിട്ടു. ഈസാ (അ) സ്ഥലം വിട്ടു.
ഞങ്ങളുടെ തന്ത്രം പൊളിയുമെന്ന് കണ്ടപ്പോൾ യഹൂദന്മാർ ഒച്ചവെക്കാൻ തുടങ്ങി. അവനെ കുരിശിൽ തറക്കുക. അവർ പിലാത്തോസിനെ ഭീഷണിപ്പെടുത്തി.
അവനെ വെറുതെവിട്ടാൽ ഞങ്ങൾ റോമൻ കൈസറെ കാണാൻ പോവും. നിങ്ങൾക്കെതിരെ പരാതി നൽകും. നിങ്ങൾക്കെതിരെ നടപടിയുണ്ടാവും. നിങ്ങളുടെ രാജപദവി നഷ്ടപ്പെടും. അതൊന്നും സംഭവിക്കാതിരിക്കാൻ ഒറ്റമാർഗ്ഗമേയുള്ളൂ. അവനെ വധിക്കുക..!!
നിരപരാധിയെ വധിക്കാൻ രാജാവിന്ന് മനസ്സ് വന്നില്ല. അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ ന്യായപ്രയാണമായ തൗറാത്ത് അനുസരിച്ചു നിങ്ങൾ തന്നെ വിധിച്ചുകൊള്ളുക. ഈ നിരപരാധിയുടെ രക്തത്തിൽ എനിക്ക് പങ്കില്ല. ഞാൻ ആ പാപത്തിൽ നിന്നൊഴിവാണ്."
ശത്രുക്കൾ അതൊന്നും അംഗീകരിച്ചില്ല. രാജാവിന്ന് നിർബന്ധത്തിന്ന് വഴങ്ങേണ്ടിവന്നു. ഈസാ (അ) ന്റെ ശിഷ്യന്മാരിൽ ഒരാൾ യഹൂദന്മാരിൽ നിന്ന്
മുപ്പത് വെള്ളിവാങ്ങി അദ്ദേഹത്തെ ഒറ്റിക്കൊടുക്കാൻ വാക്കു പറഞ്ഞിരുന്നു. അയാളുടെ പേര് യൂദാ എന്നായിരുന്നു. അല്ലെങ്കിൽ യൂദാസ്...
ഹവാരികളെക്കുറിച്ച് ആലുഇംറാൻ സൂറത്തിൽ പറയുന്ന ഭാഗം
നോക്കാം.... "ഈസാനബി ഇസാഈല്യരിൽ കാഫിനെ (സത്യനിഷേധത്തെ) അറിഞ്ഞപ്പോൾ ഇങ്ങനെ ചോദിച്ചു: അല്ലാഹുവിലേക്കുള്ള മാർഗ്ഗത്തിൽ എന്റെ സഹായികൾ ആരാണ്?
ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സഹായികളാകുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ മുസ്ലിംകളാകുന്നു. താങ്കൾ സാക്ഷ്യം വഹിക്കുക.' (3:52)
ഈ വിശ്വാസ പ്രഖ്യാപനത്തിന്ന് ശേഷം ഹവാരികൾ ഹൃദയ സ്പർശിയായ ഒരു പ്രാർത്ഥന നടത്തുന്നുണ്ട്.
"ഞങ്ങളുടെ റബ്ബേ..! നീ എന്താണോ ഞങ്ങളിലേക്ക് അവതരിപ്പിച്ചത് അതിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ നിന്റെ പ്രവാചകനെ പിൻപറ്റിയവരാണ്. സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളേയും നീ രേഖപ്പെടുത്തേണമേ..!"
വിശുദ്ധ ഖുർആൻ ഈ പ്രാർത്ഥന ഉദ്ധരിക്കുന്നു. ഇങ്ങനെ: “ഞങ്ങളുടെ റബ്ബേ...! നീ അവതരിപ്പിച്ചതിൽ ഞങ്ങൾ വിശ്വസിക്കുകയും, ഞങ്ങൾ റസൂലിനെ പിൻപറ്റുകയും ചെയ്തിരിക്കുന്നു. അത്കൊണ്ട് ഞങ്ങളെ സാക്ഷ്യംവഹിച്ചവരുടെ കൂട്ടത്തിൽ രേഖപ്പെടുത്തേണമേ...!” (3:53)
ശത്രുക്കൾ തന്ത്രം പ്രയോഗിച്ചു രാജാവിനെ പാട്ടിലാക്കി. കൊലപ്പെടുത്താനുള്ള വിധി പുറപ്പെടുവിച്ചു. ബലപ്രയോഗവും തന്ത്രവും വിജയിക്കുമെന്നവർ കരുതി. കൊന്നു കളഞ്ഞാൽ ഇനിയാരും ചോദ്യം ചെയ്യാനില്ല.
അല്ലാഹു ﷻ മറ്റൊരു തന്ത്രം പ്രയോഗിക്കാൻ പോവുകയാണ്. ഏത് ത്രന്തമാണ് വിജയിക്കാൻ പോവുന്നത്..?
വിശുദ്ധ ഖുർആൻ പറയുന്നു:
"അവർ തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു തന്ത്രം പ്രയോഗിക്കുന്നവരിൽ ഉത്തമനാകുന്നു." (3:54)
ശത്രുക്കൾ യൂദാസിനെ കൈക്കൂലി കൊടുത്തു വശത്താക്കി. ഈസാ (അ)നെ പിടിച്ചുകൊടുക്കാമെന്ന് അവൻ വാക്ക് കൊടുത്തു. ശത്രുക്കളെയും കൂട്ടി അവൻ വരികയാണ്. സാധാരണ ഈസാ (അ) ഉണ്ടാവാറുള്ള സ്ഥലത്തേക്കാണവർ വരുന്നത്. ആ രാത്രിയിൽ അല്ലാഹു ﷻ തന്ത്രം പ്രയോഗിച്ചു. അത് മൂലം ശതുക്കൾക്ക് ഈസാ (അ)നെ കാണാൻപോലും കിട്ടിയില്ല...
Part : 17
*🔖 സുപ്ര ഇറങ്ങി (1)*
വിശുദ്ധ ഖുർആനിലെ അഞ്ചാം അധ്യായത്തിന്റെ പേര് 'സൂറത്തുൽ മാഇദ' എന്നാകുന്നു. മദീനയിൽ അവതരിച്ച സൂറത്ത്...
മാഇദ എന്ന പദത്തിന്ന് ഭക്ഷണത്തളിക എന്നാണർത്ഥം. ഈ സൂറത്തിലെ നൂറ്റിപ്പതിനഞ്ചാമത്തെ വചനത്തിലാണ് ഭക്ഷണത്തളികയെക്കുറിച്ചു പറയുന്നത്. സുപ്ര എന്നും പറയാം.
ഈസാനബി (അ) ന്റെ സഹായികളാണല്ലോ ഹവാരികൾ. അവർ അല്ലാഹുﷻവിൽ ഗാഢമായി വിശ്വസിക്കുന്നുണ്ട്. മുഅ്മിനീങ്ങളാണ്. അല്ലാഹു ﷻ സർവ്വശക്തനാണ്. എന്തിനും കഴിവുള്ളവൻ.
അവൻ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുമോ?
അതിനെക്കുറിച്ചു നബിയോടവർ സംസാരിക്കാൻ തീരുമാനിച്ചു. ഭക്ഷണത്തളികയെക്കുറിച്ചു പറയുന്നതിന്ന് തൊട്ടുമുമ്പുള്ള രണ്ട് വചനങ്ങൾ ഈസാ (അ) ന്ന് അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങൾ
വിവരിക്കുന്നു. സുപ്ര ഇറക്കിയത് മറ്റൊരു അനുഗ്രഹമാണ്.
അല്ലാഹു ﷻ പറയുന്നതിപ്രകാരമാണ്. "അല്ലാഹു ﷻ പറഞ്ഞ സന്ദർഭം: മർയമിന്റെ മകൻ ഈസാ...! നിനക്കും നിന്റെ മാതാവിന്നുമുള്ള എന്റെ പക്കൽ നിന്നുള്ള അനുഗ്രഹം ഓർക്കുക. പരിശുദ്ധാത്മാവിനെക്കൊണ്ട് ഞാൻ നിന്നെ ബലപ്പെടുത്തിയ സന്ദർഭം, തൊട്ടിലിൽ വെച്ചും മധ്യവയസ്കനായിക്കൊണ്ടും നീ
മനുഷ്യരോട് സംസാരിക്കുന്നു. ഗ്രന്ഥവും വിജ്ഞാനവും തൗറാത്തും ഇഞ്ചീലും നിനക്ക് ഞാൻ പഠിപ്പിച്ചു തന്ന സന്ദർഭവും, കളിമണ്ണിൽ നിന്ന് എന്റെ അനുമതി പ്രകാരം പക്ഷിയുടെ ആകൃതിപോലെ നീ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതിൽ ഊതുകയും അപ്പോൾ അത് എന്റെ അനുവാദപ്രകാരം പക്ഷിയായിത്തീരുകയും ചെയ്ത സന്ദർഭവും, ജന്മനാ അന്ധനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ അനുവാദപ്രകാരം നീ സുഖപ്പെടുത്തുന്ന സന്ദർഭവും, മരണപ്പെട്ടവരെ എന്റെ അനുവാദപ്രകാരം നീ ജീവിപ്പിച്ച് പുറത്ത് വരുന്ന സന്ദർഭവും, ഇസാഈൽ സന്തതികളെ നിന്നിൽ നിന്ന് ഞാൻ തടുത്തു തന്ന സന്ദർഭവും, അവരുടെ അടുക്കൽ നീ വ്യക്തമായ തെളിവുകളുമായി ചെല്ലുകയും എന്നിട്ട് അവരുടെ കൂട്ടത്തിലെ സത്യനിഷേധികൾ ഇത് വ്യക്തമായ ആഭിചാരമല്ലാതെ മറ്റൊന്നുമല്ലെന്ന് പറയുകയും ചെയ്തപ്പോൾ." (5:113)
"എന്നിലും എന്റെ റസൂലിലും വിശ്വസിക്കണമെന്ന് നാം ഹവാരികൾക്ക് വഹ്യ് (രഹസ്യബോധനം) നൽകിയ സന്ദർഭവും (ഓർക്കുക). ഹവാരികൾ പറഞ്ഞു: ഞങ്ങൾ വിശ്വസിച്ചു. ഞങ്ങൾ മുസ്ലിംകളാണെന്ന് താങ്കൾ സാക്ഷ്യം വഹിച്ചുകൊള്ളുക." (5:114)
ഈസാ (അ)ന്ന് അല്ലാഹു ﷻ നൽകിയ പ്രത്യേകമായ അനുഗ്രഹങ്ങളെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. അത്ഭുതങ്ങളെല്ലാം ഈസാ (അ) ലൂടെ പ്രത്യക്ഷപ്പെടുന്നു. എല്ലാം അല്ലാഹുﷻവിന്റെ അനുമതിപ്രകാരം ഈസാ (അ) ന്ന് ഹവാരികളെ നൽകിയത് അല്ലാഹുﷻവാണ്. അവരുടെ മനസ്സിൽ സത്യത്തിന്റെ പ്രകാശം വിതറപ്പെടുകയായിരുന്നു. ഇനി മാഇദ (സുപ) യുടെ കാര്യം നോക്കാം.
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം...
"ഹവാരികൾ പറഞ്ഞ സന്ദർഭം ഓർക്കുക. മർയമിന്റെ മകൻ ഈസാ..! ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കി തരുവാൻ താങ്കളുടെ റബ്ബിന്ന് സാധിക്കുമോ? ഈസാ (അ) പറഞ്ഞു. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ അല്ലാഹുവിനെ സൂക്ഷിക്കുവീൻ." (5:115)
Part : 18
*🔖 സുപ്ര ഇറങ്ങി (2)*
ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറങ്ങുക. അതിൽ നിന്ന് ഭക്ഷിക്കുക. ഹവാരികൾക്ക് അങ്ങനെ ഒരാഗ്രഹം വന്നുപോയി. താങ്കൾ ആവശ്യപ്പെട്ടാൽ അല്ലാഹു ﷻ തളിക ഇറക്കിത്തരുമോ? സാധ്യതയുണ്ടോ എന്നാണ് ചോദിക്കുന്നത്...
പ്രവാചകന്റെ മറുപടി പ്രത്യേകം ശ്രദ്ധേയമാണ്. നിങ്ങൾ സത്യവിശ്വാസികളല്ലേ? അല്ലാഹുﷻവിനെ സൂക്ഷിക്കുക, എന്തൊരു ചോദ്യമാണിത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് സൂക്ഷിക്കണം.
അതിന്നവർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
അവർ പറഞ്ഞു: “ഞങ്ങൾ അതിൽ നിന്ന് തിന്നുവാൻ ഉദ്ദേശിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങൾ സമാധാനമടയുവാൻ വേണ്ടിയും താങ്കൾ ഞങ്ങളോട് സത്യം പറഞ്ഞിരിക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയുവാൻ വേണ്ടിയും. ഞങ്ങൾ അതിന്ന് സാക്ഷ്യം വഹിക്കുന്നവരിൽ പെട്ടവരായിത്തീരാനും ആണ് തളിക ഇറക്കാൻ ആവശ്യപ്പെടുന്നത്.” (5:113)
ഖുർആൻ വ്യാഖ്യാതാക്കൾ ഈ ആയത്തിന് വിശദമായ വ്യാഖ്യാനം നൽകിയിട്ടുണ്ട്. ഭക്ഷണത്തളിക ആവശ്യപ്പെടാനുള്ള കാരണങ്ങൾ വളരെ വ്യക്തമാണ്.
*ഒന്ന്:* അതിൽ നിന്ന് ഭക്ഷിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു.
*രണ്ട്:* ഞങ്ങളുടെ മനസ്സുകൾക്ക് സമാധാനമുണ്ടാവണം.
*മൂന്ന്:* ഈസാ (അ) പറയുന്ന കാര്യങ്ങളിൽ ദൃഢവിശ്വാസം വരണം.
*നാല്:* ഈ അപൂർവ്വ സംഭവത്തിന് ഞങ്ങൾ സാക്ഷികളാവണം. വെറും ദൃക്സാക്ഷികളല്ല. അനുഭവസാക്ഷികൾ.
ഹവാരികളുടെ ആവശ്യം സദുദ്ദേശ്യപരമാണ്. അത്കൊണ്ട് ഭക്ഷണത്തളികക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് ആവശ്യമായിത്തീർന്നു. ഒരു ഉത്സവം പോലെ സന്തോഷകരമായ അനുഭവം. ഇക്കാലക്കാർക്കും ഭാവിയിൽ വരുന്നവർക്കും അതൊരു സന്തോഷകരമായ ഓർമ്മയായിരിക്കണം.
അല്ലാഹുﷻവോട് പ്രാർത്ഥിച്ചു. അല്ലാഹുﷻവിൽ നിന്ന് കിട്ടിയ അറിയിപ്പ് ഇതായിരുന്നു. ഭക്ഷണത്തളിക ഇറക്കിത്തരാം. അതിന്നുശേഷം നിങ്ങളിൽ നിന്ന് സത്യനിഷേധം ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽ..? ഉണ്ടായാൽ ഇതിന്ന് മുമ്പ് മറ്റാർക്കും കിട്ടാത്തത്ര കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരും.
അതെല്ലാം ഹവാരികൾ സമ്മതിച്ചു. വിശുദ്ധ ഖുർആനിൽ ഈസാ (അ) ന്റെ പ്രാർത്ഥന കാണാം. "മർയമിന്റെ മകൻ ഈസ പറഞ്ഞു: അല്ലാഹുവേ...! ഞങ്ങളുടെ റബ്ബേ..! ആകാശത്ത് നിന്ന് നീ ഞങ്ങൾക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ..!
ഞങ്ങൾക്ക് - ഞങ്ങളിൽ ആദ്യമുള്ളവർക്കും അവസാനമുള്ളവർക്കും ഈദ് (പെരുന്നാൾ - ഉത്സവം) ആകുവാനും, നിന്റെ പക്കൽ നിന്നുള്ള ദൃഷ്ടാന്തം ആകുവാനും വേണ്ടി. ഞങ്ങൾക്ക് നീ ഉപജീവനം നൽകേണമേ..!
ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനാണ് നീ." (5:114)
ഭക്ഷണത്തളിക ഇറങ്ങുന്ന ദിവസം ഈദ് (പെരുന്നാൾ) പോലെ ആഹ്ലാദ ഭരിതമായിരിക്കും. ഇന്നുള്ളവർക്കും ഭാവിതലമുറകൾക്കും ആഹ്ലാദകരം. ഉപജീവനമാർഗ്ഗം വേണം. പണിയെടുക്കാനുള്ള ആരോഗ്യം വേണം. അധ്വാനത്തിനനുസരിച്ച് വേതനം വേണം. ജീവിതം ക്ലേശകരമാവരുത്.
അല്ലാഹുﷻവിന്റെ മറുപടി കാണുക. "അല്ലാഹു ﷻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് അത് ഇറക്കിത്തരാം. പിന്നീട് നിങ്ങളിൽ നിന്നാരെങ്കിലും സത്യനിഷേധികളായാൽ, ലോകരിൽ ഒരാളെയും ശിക്ഷിക്കാത്തത്ര കഠിനമായ ശിക്ഷ ഞാനവന്ന് നൽകുന്നതാണ്." (5:115)
കാത്തിരിപ്പായി. ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്. തളിക ഇറങ്ങി. സന്തോഷം അണപൊട്ടി ഒഴുകി. തളികയുടെ മൂടി മാറ്റി. ആകാംക്ഷ നിറഞ്ഞ നയനങ്ങൾ അങ്ങോട്ടു നീണ്ടു. അപ്പം, മത്സ്യം, പഴങ്ങൾ എല്ലാവരും കഴിക്കാനിരുന്നു. വേണ്ടുവോളം കഴിച്ചു തൃപ്തരായി...
മുഅ്‌മിനീങ്ങൾ അല്ലാഹുﷻവിനെ വാഴ്ത്തി...
Part : 19
*🔖 സുപ്ര ഇറങ്ങി (3)*
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. അലക്കുകാരായ കുറേപേർ ഈസാ (അ) നോടൊപ്പം ചേർന്നു. ഹൃദയശുദ്ധീകരണത്തെക്കുറിച്ചാണ് അവരോട് സംസാരിച്ചത്. പറഞ്ഞതെല്ലാം വിശ്വസിച്ചു. ആരാധനാകർമ്മങ്ങൾ നിർവഹിച്ചു. ക്ഷാമം പിടിപെട്ട ഒരുനാട്ടിൽ അവരെത്തിച്ചേർന്നു. ജനങ്ങളെല്ലാം പട്ടിണിയിലാണ്.
"മർയമിന്റെ മകനേ...! ആകാശത്ത് നിന്ന് ഭക്ഷണം നിറച്ച ഒരു സുപ ഇറക്കിത്തരാൻ വേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക."
ഈസാ നബി (അ) പെട്ടെന്ന് പ്രാർത്ഥിക്കാൻ തയ്യാറായില്ല. നിങ്ങൾ മുപ്പത് ദിവസം നോമ്പെടുക്കുക. അതായിരുന്നു നിർദ്ദേശം.
അവർ മുപ്പത് ദിവസം നോമ്പ് നോറ്റു.
ഈസാ (അ) ഒരു കമ്പിളി മാത്രം പുതച്ച് മൈതാനിയിലിറങ്ങി. തല മറച്ചില്ല. മൈതാനം നിറയെ ആളുകൾ തടിച്ചുകൂടി. അവിടെ വെച്ച് ഈസാ (അ) പ്രാർത്ഥിച്ചു. അതൊരു ഞായറാഴ്ചയായിരുന്നു.
രണ്ട് മേഘങ്ങൾക്കു മധ്യത്തിൽ ഒരു ചുവന്ന സുപ്ര പ്രത്യക്ഷപ്പെട്ടു. എല്ലാ ഖൽബുകളും പ്രാർത്ഥനാ നിർഭരമായി.
“അല്ലാഹുവേ..! എന്നെ നന്ദിയുള്ള അടിയാർകളിൽ ഉൾപ്പെടുത്തേണമേ...!" ഈസാ നബി (അ) പ്രാർത്ഥിച്ചു. സുപ്ര ഇറങ്ങി വന്നു. ഭൂമിയിൽ വന്നു നിന്നു. ഈസാ (അ) അല്ലാഹുﷻവിന്നു നന്ദി രേഖപ്പെടുത്തിക്കൊണ്ട്
പ്രത്യേക പ്രാർത്ഥന നടത്തി...
സുപ്രയുടെ മൂടി തുറന്നു. ഒരുമീൻ പാകം ചെയ്തു വെച്ചിരിക്കുന്നു. അതിന്ന് തൊലിയില്ല. മുള്ളില്ല അതീവ രുചികരമായ മത്സ്യം. മത്സ്യത്തിന്റെ ചുറ്റിലുമായി പ്രന്തണ്ട് റൊട്ടികൾ. അഞ്ച് മാതളപ്പഴം, കുറച്ച് ഈത്തപ്പഴം, സെയ്ത്തെണ്ണ, തേൻ, ചില സസ്യക്കറികൾ. സുപ്രയുടെ ഒരു ഭാഗത്തായി സുർക്കയും നെയ്യും വെച്ചിരുന്നു.
ആളുകൾ ആഹാരം കഴിക്കാൻ തുടങ്ങി. ആവോളം കഴിച്ചു. ഒരു കുറവും വന്നില്ല. ആളുകൾ വരുന്നു... കഴിക്കുന്നു... ആയിരത്തിമുന്നൂറ് ആളുകൾ ആഹാരം കഴിച്ചു. എന്നിട്ടും ആഹാരം ബാക്കി. ആഹാരം കഴിച്ച രോഗികളുടെ രോഗം മാറി. ആഹാരം കഴിഞ്ഞശേഷം സുപ്ര ഉയർന്നുപോയി...
അടുത്തദിവസവും മധ്യാഹ്നത്തിന് മുമ്പ് സുപ്രയിറങ്ങി. ആളുകൾ ആഹാരം കഴിച്ചു. അതിന്നുശേഷം സുപ്ര ഉയർന്നു പോയി. മൂന്നാം ദിവസവും സുപ്ര ഇറങ്ങി. സുപ്ര ഇറങ്ങിയ ദിവസത്തെക്കുറിച്ചു വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്....
ഒരു ദിവസം മാത്രമേ സുപ്ര ഇറങ്ങിയിട്ടുള്ളൂ എന്നാണ് ഒരഭിപ്രായം. മൂന്നു ദിവസം ഇറങ്ങിയെന്നും അഭിപ്രായമുണ്ട്. ഏഴ് ദിവസം ഇറങ്ങിയെന്ന് മറ്റൊരു കൂട്ടർ പറഞ്ഞു. സുപ്ര ഇറങ്ങിയ ശേഷം ആരെങ്കിലും സത്യനിഷേധം കാണിച്ചാൽ, മുമ്പ് ആർക്കും കിട്ടാത്ത അത്രയും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് അല്ലാഹു ﷻ മുന്നറിയിപ്പ് നൽകിയിരുന്നു...
ആളുകൾ ഭയന്നുപോയി. ഈസാ (അ) പറഞ്ഞതെല്ലാം അവർ വിശ്വസിച്ചു. വിശ്വാസം തെറ്റിക്കാൻ ധൈര്യം പോരായിരുന്നു. മറ്റൊരു അഭിപ്രായം കൂടിയുണ്ട്. ഭക്ഷണം നിറച്ച സുപ്ര ഇറങ്ങിയിട്ടില്ല. തങ്ങൾ ചോദിച്ചത് അവിവേകമായിപ്പോയി എന്ന് മനസ്സിലാക്കി ജനങ്ങൾ പിൻമാറുകയായിരുന്നു. ഭക്ഷണത്തളികയോ സുപ്രയോ ഇറങ്ങിയിട്ടില്ലെന്നാണ് അവരുടെ വാദം...
ആകാശത്ത് നിന്നിറങ്ങിയ തളികയിൽ ഏഴ് പത്തിരിയും ഏഴ് പൊരിച്ച മീനും ഉണ്ടായിരുന്നുവെന്നാണ് ഒരു റിപ്പോർട്ട്.
ഭക്ഷണം പിറ്റേ ദിവസത്തേക്ക് എടുത്തു സൂക്ഷിക്കരുത് എന്ന് കല്പിച്ചിരുന്നു. ഇത് വഞ്ചനയാണെന്ന് വിശേഷിപ്പിക്കപ്പെട്ടു. ചിലർ ആരും കാണാതെ ഭക്ഷണം എടുത്തു ഒളിപ്പിച്ചുവെച്ചു. പിറ്റേന്ന് നേരം പുലർന്നപ്പോൾ അവർ പന്നികളും കുരങ്ങുകളുമായി മാറ്റപ്പെട്ടു.
ബന്ധുക്കൾ വെപ്രാളത്തോടെ ഓടി. ഈസാ നബി (അ)നെ സമീപിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് സങ്കടം പറഞ്ഞു. ഈസാ (അ) വന്നപ്പോൾ പന്നികളും കുരങ്ങുകളും വാവിട്ടു കരയാൻ തുടങ്ങി. തല ഉയർത്തി നബിയെ നോക്കി. സംസാരിക്കാൻ പറ്റുന്നില്ല. ആർക്കും അവരെ വേണ്ട. മൂന്ന് ദിവസങ്ങൾ കടന്നുപോയി. എല്ലാവരും പിന്നെ ചത്തൊടുങ്ങി. അങ്ങനെയും റിപ്പോർട്ടിൽ കാണുന്നുണ്ട്...
ആകാശത്ത് നിന്ന് ഭക്ഷണത്തളിക ഇറക്കിത്തരാൻ വേണ്ടി പ്രാർത്ഥിക്കുന്നതിനുമുമ്പ് മുപ്പത് നോമ്പ് നോൽക്കാൻ ഈസാ (അ) ജനങ്ങളോട് നിർദ്ദേശിച്ചു. അവരെല്ലാവരും നോമ്പെടുത്തു. നോമ്പ് കഴിഞ്ഞതിന്റെ പിറ്റെ ദിവസം പെരുന്നാൾ (ഈദ്), ഖുർആനിൽ ഈദ് എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ജനം ആകാശത്തേക്ക് ഉറ്റുനോക്കി. രണ്ട് മേഘങ്ങൾക്കിടയിലായി സുപ്ര കാണപ്പെട്ടു. എല്ലാവരും അതിശയത്തോടെ ആകാശത്തേക്ക് ഉറ്റുനോക്കി...
ഭക്ഷണ സുപ്ര താഴ്ന്നുവന്നു. ഈസാ (അ) ന്റെ മുമ്പിൽ വന്നിറങ്ങി...
"ബിസ്മില്ലാഹി ഖൈരി റാസിഖീൻ"
ഭക്ഷണം നൽകുന്നതിൽ ഉത്തമനായ അല്ലാഹുﷻവിന്റെ നാമത്തിൽ എന്നു പറഞ്ഞുകൊണ്ട് മൂടി തുറന്നു...
ജനങ്ങൾ പറഞ്ഞു: "മർയമിന്റെ മകനേ..! താങ്കൾ കഴിക്കുക. എന്നിട്ട് ഞങ്ങൾ കഴിക്കാം." അവരോട് കഴിക്കാൻ നബി ആവശ്യപ്പെട്ടു...
ദരിദ്രർ, രോഗികൾ, അവശർ തുടങ്ങിയവർ ആദ്യം കഴിച്ചു. ധനികന്മാർ പിന്നെ കഴിച്ചു. ചിലർ ആഹാരം കഴിക്കാതെ മാറിനിന്നു.
രോഗികളുടെ രോഗം മാറി. അവശന്മാരുടെ അവശത മാറി. ഇതൊക്കെ കണ്ടപ്പോൾ ഭക്ഷണം കഴിക്കാതെ മാറി നിന്നവർക്ക് വലിയ ഖേദമായി...
ഏഴായിരം ആളുകൾ ഭക്ഷണം കഴിച്ചതായി റിപ്പോർട്ടുകളുണ്ട്...
Part : 20
*🔖 വേദഗ്രന്ഥങ്ങൾ (1)*
തൗറാത്തും ഇഞ്ചീലും അവതരിക്കപ്പെട്ടത് ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കാൻ വേണ്ടിയാണ്. ഇസാഈല്യരിൽ ഒരുവിഭാഗത്തിന് ഈ വേദഗ്രന്ഥങ്ങൾ മൂലം സന്മാർഗ്ഗം ലഭിച്ചു. വലിയൊരു വിഭാഗം ധിക്കാരികളും അക്രമികളുമായി മാറുകയാണുണ്ടായത്.
തൗറാത്തും ഇഞ്ചീലും സത്യം വ്യക്തമാക്കി. പക്ഷെ, അക്കൂട്ടർ സത്യത്തിന്റെ ശത്രുക്കളായി. അവർ അനേകമാളുകളെ വഴിപിഴപ്പിച്ചു. വിശുദ്ധ ഗ്രന്ഥങ്ങൾ തിരുത്തി. പലതും കടത്തിക്കൂട്ടി. സത്യം മറച്ചുവെച്ചു. ഇക്കാര്യം വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു.
അന്ത്യപ്രവാചകൻ ﷺക്ക് വിശുദ്ധ ഖുർആൻ ഇറക്കപ്പെട്ടപ്പോൾ അക്കാലത്തെ വേദക്കാർ അതിൽ വിശ്വസിച്ചില്ല. തങ്ങളുടെ കൈവശം തൗറാത്തും ഇഞ്ചീലും ഉണ്ടെന്നും,
തങ്ങൾക്ക് ഖുർആൻ ആവശ്യമില്ലെന്നും അവർ പറഞ്ഞു.
ധിക്കാരമാണവർ പറഞ്ഞത്. യഥാർത്ഥ തൗറാത്തും ഇഞ്ചീലും അവർ നിലനിർത്തിയിരുന്നുവെങ്കിൽ അങ്ങനെ പറയുമായിരുന്നില്ല. അന്ത്യപ്രവാചകനെ കുറിച്ച് തൗറാത്തിലും ഇഞ്ചീലിലും പറഞ്ഞിട്ടുണ്ട്. ആ ഭാഗം ഇക്കൂട്ടർ വിട്ടുകളഞ്ഞു. അത് കാരണം അവർ ധിക്കാരികളായി.
തൗറാത്തും ഇഞ്ചീലും കാരണം അവർ ധിക്കാരികളായി മാറിയെന്ന്
അല്ലാഹു ﷻ പറയുന്നു: "നബിയേ... താങ്കൾക്ക് അവതരിപ്പിച്ചതും തൗറാത്തും ഇഞ്ചീലും നിലനിർത്താത്ത കാലത്തോളം വേദക്കാർ യാതൊന്നിലുമല്ല" എന്നാണ് അല്ലാഹു ﷻ അറിയിക്കുന്നത്.
വിശുദ്ധ ഖുർആൻ വചനം കാണുക.
“നബിയേ പറയുക: വേദക്കാരെ നിങ്ങൾ യാതൊന്നിലും തന്നെയല്ല. തൗറാത്തും ഇഞ്ചീലും നിങ്ങളുടെ റബ്ബിൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ട ഖുർആനും നിങ്ങൾ നിലനിർത്തുന്നത് വരെ.
താങ്കളുടെ റബ്ബിൽ നിന്ന് താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും (ഖുർആൻ) അവരിൽ നിന്ന് വളരെ പേർക്ക് ധിക്കാരവും അവിശ്വാസവും വർദ്ധിപ്പിക്കുക തന്നെ ചെയ്തു. അതിനാൽ വിശ്വസിക്കാത്ത ജനങ്ങളുടെ പേരിൽ താങ്കൾ വ്യസനപ്പെടേണ്ട.” (5:68)
വേദഗ്രന്ഥങ്ങൾ കൈവശമുണ്ടായിട്ടും ഇസ്ലാമിൽ വിശ്വസിക്കാത്തവരുടെ കാര്യത്തിൽ വ്യസനിച്ചിരുന്ന നബി ﷺ തങ്ങളെ അല്ലാഹു ﷻ ആശ്വസിപ്പിക്കുകയായിരുന്നു.
അടുത്ത വചനം കാണുക. “നിശ്ചയമായും വിശ്വസിച്ചവരും (അവർക്ക് വ്യസനമില്ല) യഹൂദികൾ, സ്വാബികൾ, ക്രിസ്ത്യാനികൾ എന്നിവരിൽ ആർ അല്ലാഹുവിലും
അന്ത്യനാളിലും വിശ്വസിക്കുകയും സൽക്കർമ്മം പ്രവർത്തിക്കുകയും
ചെയ്തുവോ, അവരുടെ മേൽ യാതൊരു ഭയവുമില്ല. അവർ വ്യസനി
ക്കുകയുമില്ല. (5:69)
അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിക്കുക. സൽക്കർമ്മങ്ങൾ
പ്രവർത്തിക്കുകയും അവർക്കുമാത്രമാണ് വിജയം. അടുത്തവചനം വളരെ ഗൗരവത്തോടെ കാണുക.
“ഇസ്രാഈൽ സന്തതികളുടെ ഉറപ്പ് (കരാർ) നാം വാങ്ങുക തന്നെ ചെയ്തിട്ടുണ്ട്. നാം അവരിലേക്ക് റസൂലുകളെ അയക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ മനസ്സുകൾ ഇച്ഛിക്കാത്ത കാര്യവുമായി ഓരോ റസൂൽ അവരിൽ ചെല്ലുമ്പോഴൊക്കെയും ഒരു വിഭാഗത്തെ അവർ വ്യാജമാക്കുകയായി. വേറെ ഒരു വിഭാഗത്തെ അവർ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.” (5:70)
ഇസ്രാഈല്യർ എത്രയോ പ്രവാചകന്മാരെ വ്യാജമാക്കി തള്ളിക്കളഞ്ഞു. പല നബിമാരേയും വധിച്ചിട്ടുണ്ട്. അങ്ങനെ അവർ ശപിക്കപ്പെട്ടവരായിത്തീർന്നു.
Part : 21
*🔖 വേദഗ്രന്ഥങ്ങൾ (2)*
ഇസാഈല്യർ എത്രയോ പ്രവാചകന്മാരെ വ്യാജമാക്കി തള്ളിക്കളഞ്ഞു. പല നബിമാരേയും വധിച്ചിട്ടുണ്ട്. അങ്ങനെ അവർ ശപിക്കപ്പെട്ടവരായിത്തീർന്നു. എന്തൊരു ധിക്കാരികൾ..! അവരെ അല്ലാഹു ﷻ പരീക്ഷണങ്ങൾക്ക് വിധേയമാക്കി...
അടുത്ത വചനം കാണുക.
"ഒരു പരീക്ഷണവും ഉണ്ടാവുകയില്ലെന്ന് അവർ കണക്കുകൂട്ടി. അങ്ങനെ അവർ അന്ധരാവുകയും ബധിരരാവുകയും ചെയ്തു. പിന്നീട് അല്ലാഹു ﷻ അവരുടെ പശ്ചാത്താപം സ്വീകരിച്ചു. വീണ്ടും അവരിൽ വളരെപ്പേർ അന്ധരും ബധിരരുമായി. അല്ലാഹു ﷻ അവർ പ്രവർത്തിച്ചു വരുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു." (5:71)
അവർ പല തവണ പരീക്ഷണം നേരിട്ടവരാണ്. ശത്രുക്കളുടെ ആക്രമണങ്ങൾ പല തവണ നടന്നു. സകലതും നശിച്ചു. ബാബിലോണിയായിലെ ബുഖ്ത്തുന്നസർ രാജാവ് ബൈത്തുൽ മുഖദ്ദസ് നശിപ്പിക്കുകയും ഇസാഈല്യരെ അടിമകളാക്കുകയും ചെയ്തു. പിന്നീട് ഇസാഈല്യർ പശ്ചാത്തപിച്ചു. അല്ലാഹു ﷻ അവർക്ക് മോചനം നൽകി. പിന്നെയും അവർ ധിക്കാരികളായി. മുമ്പുള്ളതിനെക്കാൾ മോശമായി. മർയമിന്റെ മകൻ ദൈവമാണെന്ന് പറഞ്ഞു.
ഈ ഖുർആൻ വചനം നോക്കൂ...
"മർയമിന്റെ മകൻ മസീഹ് ദൈവമാകുന്നു എന്നു പറഞ്ഞവർ തീർച്ചയായും കാഫിറായിരിക്കുന്നു. (സത്യനിഷേധിയായിരിക്കുന്നു.) ഈസാ മസീഹ് പറഞ്ഞു: ഇസ്രാഈൽ സന്തതികളേ..! എന്റെ റബ്ബും നിങ്ങളുടെ റബ്ബുമായ അല്ലാഹുﷻവിനെ നിങ്ങൾ ആരാധിക്കുക. അല്ലാഹുﷻവിനോട് ആരെങ്കിലും പങ്ക് ചേർത്താൽ അല്ലാഹു ﷻ അവന്ന് സ്വർഗ്ഗം ഹറാം (നിഷിദ്ധം) ആക്കും. അവന്റെ സങ്കേതം നരകമായിരിക്കും. അകമികൾക്ക് സഹായികളുണ്ടാവുകയില്ല." (5:72)
മൂന്നു വ്യക്തികൾ ചേർന്നതാണ് ദൈവം എന്നു പറഞ്ഞവരും വഴിപിഴച്ചു പോയിരിക്കുന്നു. ഖുർആൻ പറയുന്നു.
"നിശ്ചയമായും, അല്ലാഹു ﷻ മൂന്നിൽ ഒരുവനാകുന്നു എന്നു പറഞ്ഞ വരും കാഫിറായിരിക്കുന്നു. ഒരു ഇലാഹ് (ആരാധ്യൻ) അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല. അവർ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ നിന്ന് അവർ വിരമിക്കുന്നില്ലെങ്കിൽ അവരിലെ സത്യനിഷേധികൾക്ക് വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്.' (5:73)
ദയാലുവായ അല്ലാഹുﷻവിന്റെ ഉപദേശം കാണുക. "അപ്പോൾ
അവർക്ക് അല്ലാഹുﷻവിലേക്ക് ഖേദിച്ചു മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്തു കൂടേ..! അല്ലാഹു ﷻ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (5:74)
മർയമിന്റെ മകൻ ഈസാ ഒരു നബി മാത്രമാകുന്നു. നബിയല്ലാതെ മറ്റൊന്നുമല്ല. ദൈവമല്ല, ദൈവപുത്രനുമല്ല. അദ്ദേഹത്തിന് മുമ്പും റസൂലുകൾ വന്നിട്ടുണ്ട്. ഈസയുടെ മാതാവ് സത്യസന്ധയായ വനിതയാകുന്നു. ദൈവമല്ല. ദൈവമാതാവുമല്ല.
വിശുദ്ധ ഖുർആൻ പറയുന്നു: “മർയമിന്റെ മകൻ മസീഹ് ഈസ ഒരു റസൂൽ (ദൈവദൂതൻ) അല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹത്തിന് മുമ്പ് റസൂലുകൾ കഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉമ്മ ഒരു സത്യസന്ധയായ സ്ത്രീയുമാകുന്നു. രണ്ട് പേരും ഭക്ഷണം കഴിക്കുമായിരുന്നു. നോക്കുക...! ദൃഷ്ടാന്തങ്ങളെ അവർക്കു നാം എപ്രകാരം വിവരിച്ചുകൊടുക്കുന്നു..! പിന്നെയും നോക്കുക... അവർ സത്യത്തിൽ നിന്ന് എങ്ങനെ തെറ്റിക്കപ്പെടുന്നുവെന്ന്!" (5:75)
ഈസാ (അ) വരുന്നതിന്ന് മുമ്പ് എത്രയോ പ്രവാചകന്മാർ ഭൂമിയിൽ വന്നിട്ടുണ്ട്. അവരെല്ലാം മനുഷ്യരായിരുന്നു. ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത മനുഷ്യർ. അവരിൽ ഒരാളെയും ആരും ദൈവമാക്കിയില്ല. ദൈവമാണെന്ന് ആരും വാദിച്ചില്ല.
ഈസാ (അ) പറഞ്ഞത് താൻ അല്ലാഹുﷻവിന്റെ അടിമയും ദൂതനും
ആണെന്നാണ്. മർയം (റ) പരിശുദ്ധ വനിതയുമാണ്. അവരെ ദൈവമാക്കുന്നത് വലിയ അപരാധമാണെന്ന് വിശുദ്ധ
ഖുർആൻ പറയുന്നു. ഈസാ (അ) പ്രചരിപ്പിക്കാത്ത ആശയങ്ങൾ
പിൽക്കാലത്ത് കടത്തിക്കൂട്ടി. മതത്തിൽ അതിര് കവിഞ്ഞു. അതിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു.
"പറയുക..! വേദക്കാരേ..! ന്യായമല്ലാത്തവിധം നിങ്ങൾ നിങ്ങളുടെ മതത്തിൽ അതിര് കവിയരുത്. ചില ജനങ്ങളുടെ തന്നിഷ്ടങ്ങളെ നിങ്ങൾ പിൻപറ്റുകയും ചെയ്യരുത്. അവർ മുമ്പെ വഴിപിഴച്ചിട്ടുണ്ട്. വളരെ ആളുകളെ അവർ വഴിപിഴപ്പിക്കുകയും ചെയ്തിരിക്കുന്നു. ശരിയായ മാർഗം വിട്ട് അവർ തെറ്റിപ്പോവുകയും ചെയ്തിരിക്കുന്നു." (5:77)
ഈസാ (അ) ന്റെയും മാതാവിന്റെയും പ്രതിമകളുണ്ടാക്കി. അവയെ ആരാധിക്കാൻ തുടങ്ങി. കുരിശിൽ തറച്ചതായി പ്രചരിപ്പിച്ചു. കുരിശിന്ന് ദിവ്യത്വം കല്പിച്ചു. മതത്തിൽ അതിര് കവിഞ്ഞു. കഥകൾ പടച്ചുണ്ടാക്കി പ്രചരിപ്പിച്ചു...
Part : 22
*🔖 വേദഗ്രന്ഥങ്ങൾ (3)*
ഇസ്രാഈല്യർ നബിമാരുടെ ശാപം ഏറ്റുവാങ്ങിയവരാണ്. അവരുടെ ദുഷ്കർമ്മങ്ങൾ അവരെ ശാപത്തിൽ കുടുക്കിക്കളഞ്ഞു. സ്വയം നന്നാവുക. മറ്റുള്ളവരെ നന്നാക്കുക. ഇതാണ് സത്യവിശ്വാസികളുടെ രീതി.
സ്വയം മോശക്കാരനായി ജീവിക്കുക. എല്ലാ ജീർണ്ണതകളെ വാരിപ്പുണരുക. മറ്റുള്ളവരെ നന്നായി ജീവിക്കാൻ ഉപദേശിക്കുക. ഇത് കപടന്മാരുടെ ലക്ഷണമാണ്. ഇസാഈല്യർ ഈ രീതിയാണ് സ്വീകരിച്ചത്.
നന്മ ചെയ്യാൻ പ്രേരിപ്പിക്കുക. ദുഷ്കർമ്മങ്ങൾ നിരോധിക്കുക. ഇതാണ് ശരിയായ വഴി. ഈ വഴി ഇസാഈല്യർക്കിടയിൽ നിന്ന്
മാഞ്ഞുപോയി.
എല്ലാവരും തെറ്റ് ചെയ്തു. ആരും ഉപദേശിക്കാനില്ല. ചിലർ ഉപദേശിക്കും. വെറും അധരവ്യായാമം. തെറ്റുകാരോടൊപ്പം ആഹാരം കഴിക്കും. സഞ്ചരിക്കും. താമസിക്കും. സ്നേഹിക്കും.
ദാവൂദ് (അ), ഈസാ (അ) എന്നിവരുടെ നാവിലൂടെ ശാപം ഏറ്റുവാങ്ങിയവരാണ് ഇസാഈല്യർ. വിശുദ്ധ ഖുർആൻ പറയുന്നു: “ഇസ്രാഈൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിന്റെയും മർയമിന്റെ മകൻ ഈസയുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അത് അവർ അനുസരണക്കേട് കാണിക്കുകയും അതിര് വിട്ട് കൊണ്ടിരിക്കുകയും ചെയ്തത് കൊണ്ടാവുന്നു.”(5:78)
“അവർ ചെയ്ത ദുരാചാരത്തെക്കുറിച്ച് അവർ പരസ്പരം വിരോധിക്കാറില്ലായിരുന്നു. അവർ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ.” (5:79)
ശാപം ഏറ്റുവാങ്ങാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അവർ ദുരാചാരത്തെ നിരോധിച്ചില്ല എന്നതാണ്. ആരെന്ത് ചെയ്താലും മൗനം അവലംബിക്കും. അത് കാരണം സമൂഹങ്ങളിൽ തെറ്റുകൾ പെരുകി...
ഇബ്നുമസ്ഊദ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിൽ
ഇങ്ങനെ കാണാം. നബി ﷺ പറഞ്ഞു: “ഇസ്രാഈല്യരിൽ ആദ്യം വീഴ്ച കടന്നുകൂടിയതിങ്ങനെയാണ്. ഒരാൾ ഒരു തെറ്റുചെയ്യുന്നത് കാണുമ്പോൾ നീ അല്ലാഹുﷻവിനെ സൂക്ഷിക്കുക, ഈ പ്രവർത്തി ഉപേക്ഷിക്കണം, ഇത് പാടില്ല എന്നൊക്കെ മറ്റൊരാൾ പറയും. പിറ്റെ ദിവസം അയാൾ ആ തെറ്റ് ആവർത്തിക്കുന്നു. ഉപദേശിച്ചയാൾ അവനോടൊപ്പം കൂടുകയും ഭക്ഷണ പാനീയങ്ങൾ കഴിക്കുകയും ചെയ്യും. അതിനൊരു തടസ്സവുമില്ല. അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ അല്ലാഹു ﷻ അവരുടെ ഹൃദയങ്ങളെ തമ്മിൽ തല്ലിച്ചു. അവർക്കിടയിൽ ഭിന്നിപ്പുണ്ടായി.
അല്ലാഹുﷻവിനെ തന്നെയാണ് സത്യം..! നിങ്ങൾ സദാചാരം കൊണ്ട് കല്പ്പിക്കുകയും ദുരാചാരങ്ങൾ വിരോധിക്കുകയും തന്നെ വേണം, നിങ്ങൾ അക്രമിയുടെ കൈക്ക് പിടിക്കുകയും വേണം. അവനെ
സത്യപാതയിലൂടെ നടത്തുകയും വേണം.”
നബിﷺയുടെ വളരെ പ്രസിദ്ധമായ ഈ വചനത്തിൽ നിന്ന് യഥാർത്ഥ സത്യവിശ്വാസി എങ്ങനെയായിരിക്കണമെന്ന് മനസ്സിലാക്കാം.
ഹുദൈഫത്തുബ്നുൽ യമാൻ (റ) അവർകളെ തൊട്ട് ഉദ്ധരിക്കപ്പെട്ട നബി വചനം ഇങ്ങനെ; നബി ﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണേ സത്യം..! നിങ്ങൾ സദാചാരം കൊണ്ട് കല്പിക്കുകയും, ദുരാചാരത്തെ വിരോധിക്കുകയും വേണം. അല്ലാത്ത പക്ഷം,
അല്ലാഹു ﷻ അവന്റെ പക്കൽ നിന്ന് നിങ്ങളുടെ മേൽ വല്ല ശിക്ഷാ നടപടിയും അയച്ചേക്കാവുന്നതാണ്. പിന്നീട് നിങ്ങൾ അവനോട് പ്രാർത്ഥിക്കുമ്പോൾ അവൻ നിങ്ങൾക്ക് ഉത്തരം നൽകുകയില്ല.”
നബി ﷺ പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും ഒരു ദുരാചാരം കണ്ടാൽ കൈകൊണ്ട് തടയട്ടെ. അതിന്ന് സാധിച്ചില്ലെങ്കിൽ നാവു
കൊണ്ട് തടയട്ടെ. അതിനും സാധിച്ചില്ലെങ്കിൽ ഹൃദയംകൊണ്ട് വെറുക്കട്ടെ. സത്യവിശ്വാസത്തിൽ ഏറ്റവും ദുർബ്ബലമായത് അതാകുന്നു.” അബൂ സഈദിൽ ഖുദ്രി (റ) റിപ്പോർട്ട് ചെയ്ത ഹദീസാണിത്.
നന്മകൊണ്ട് കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്ന സമ്പ്രദായം ഇസ്രാഈല്യർ ഉപേക്ഷിച്ചതാണ് അവർ ശപിക്കപ്പെടാനുള്ള പ്രധാനകാരണം...
Part : 23
*🔖 മരിച്ചവർ വരുന്നു (1)*
ഒരുസംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നു: ഈസാ (അ) ഒരിടത്തിരിക്കുന്നു. മുമ്പിൽ ശിഷ്യന്മാർ, ശിഷ്യന്മാർ നബിയുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നു. സംസാരം പൂർവ്വ കാല സമൂഹങ്ങളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു...
ലോകത്തെ നടുക്കിയ പ്രളയം. അതിലെത്തി സംസാരം. അക്കാലത്തെ ജനങ്ങളുടെ ദുഷിച്ച ജീവിതം. ക്രൂരന്മാരും ധിക്കാരികളുമായ ജനത. അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു നൂഹ് (അ). സദസ്സ് ആകാംക്ഷാഭരിതമായി. അടുത്ത വാക്കുകൾക്ക് ഉൽക്കണയോടെ കാതോർത്തു.
നൂഹ് (അ) തന്റെ ജനതയെ ക്ഷണിച്ചു. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക്, എത്രകാലമെന്നറിയാമോ? തൊള്ളായിരത്തി അമ്പത് കൊല്ലം...
സദസ്സ് ഞെട്ടിപ്പോയി..!! എന്നിട്ടെത്ര പേരെ കിട്ടി..! വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രം. ശിക്ഷ വരുമെന്ന മുന്നറിയിപ്പ് നൽകി. അതവർ പരിഹസിച്ചു തള്ളി. ശിക്ഷക്ക് ധൃതികൂട്ടി.
പലവിധ ഉപ്രദവങ്ങൾ നേരിട്ടു.
ഒടുവിൽ നൂഹ് (അ) തന്റെ ജനതക്കെതിരായി പ്രാർത്ഥിച്ചു...
അല്ലാഹു ﷻ നൂഹ് നബി (അ) നോട് കപ്പലുണ്ടാക്കാൻ കല്പിച്ചു.
കടൽതീരത്തല്ല കപ്പലുണ്ടാക്കാൻ തുടങ്ങിയത്. അകലെ ഒരു സ്ഥലത്ത് സ്ഥലത്ത് കപ്പലിന്റെ പണി തുടങ്ങി. ശത്രുക്കളുടെ പരിഹാസവും പൊട്ടിച്ചിരികളും ഉയർന്നു.
കപ്പലിന്റെ പണിതീർന്നു. വിശ്വാസികൾ കപ്പലിൽ കയറി. പക്ഷി മൃഗാദികളിൽ നിന്നെല്ലാം ഓരോ ഇണകളെ കയറ്റി അപ്പോൾ മഴതുടങ്ങി. ശക്തികൂടിക്കൂടി വന്നു. എല്ലായിടത്തും വെള്ളം, പലഭാഗത്തും ഉറവ തുടങ്ങി...
മഹാപ്രളയം, സത്യനിഷേധികൾ ചത്തൊടുങ്ങി, എല്ലാം നശിച്ചു. അപ്പോൾ മഴ തീർന്നു. വെള്ളം താഴ്ന്നു. കപ്പൽ ഭൂമിയിലുറച്ചു. എല്ലാവരും ഇറങ്ങി. അവരുടെ സന്താനപരമ്പരയാണ് ഇന്നുള്ള ജനത...
ചരിത്രം കേട്ടുകഴിഞ്ഞപ്പോൾ ശിഷ്യന്മാരിൽ ഒരാൾ വിനയത്തോടെ ചോദിച്ചു. “അന്ന് കപ്പലിൽ കയറിയവരിൽ ആരെയെങ്കിലുമൊരാളെ കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്. ഒരാളെ കാണിച്ചുതരുമോ..?”
വല്ലാത്ത ആഗ്രഹം തന്നെ. സഹസ്രാബ്ദങ്ങൾക്കു മുമ്പ് മരിച്ചുമറമാടപ്പെട്ട ഒരാളെ ജീവിപ്പിച്ചു കാണിച്ചുകൊടുക്കണം. അദ്ദേഹം അക്കാലത്തെ സംഭവങ്ങൾ വിവരിക്കുന്നത് കേൾക്കണം. അതാണ് തന്റെ പ്രിയശിഷ്യന്മാരുടെ ആവശ്യം. അല്ലാഹുﷻവിന്റെ അനുമതിയോടെ ആ ആവശ്യം നിറവേറ്റിക്കൊടുക്കണം...
നൂഹ് നബി (അ) ന്റെ മകനാണ് സാം. സാമിന്റെ ഖബറിന്നടുത്തേക്കാണ് ആ സംഘം നീങ്ങിപ്പോവുന്നത്. ഖബറിന്നടുത്തെത്തി. ഈസാ (അ) അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു...
തന്റെ വടിയെടുത്തു. ഖബറിൽ അടിച്ചു...
“അല്ലാഹുﷻവിന്റെ അനുമതിയോടെ എഴുന്നേറ്റ് വരിക.”
ശിഷ്യന്മാർ ആകാംക്ഷയോടെ നോക്കിനിൽക്കുമ്പോൾ അത് സംഭവിച്ചു. ഖബർ പൊട്ടിക്കീറി. ഒരാൾ എണീറ്റുവരുന്നു. അതാണ് സാം...
"എന്താ... ഖിയാമം നാൾ ആയോ..?" സാം ചോദിക്കുന്നു.
ഈസാ (അ) ഇങ്ങനെ പറഞ്ഞു: "ഖിയാമം നാൾ എത്തിയിട്ടില്ല. അല്ലാഹുﷻവിന്റെ അനുമതിയോടെ ഞാൻ താങ്കളെ വിളിച്ചതാണ്. ഇവർക്ക് കാണാനും അറിയാനും വേണ്ടി.
"അങ്ങനെയാണോ..? ഖിയാമം നാൾ ആയെന്നു കരുതി പേടിച്ചുപോയി. നോക്കൂ..? എന്റെ മുടി നരച്ചുപോയി." സാം പറഞ്ഞു.
എല്ലാവരും നോക്കി. മരിച്ചു ഖബറടക്കുമ്പോൾ കറുത്ത മുടിയായിരുന്നു ഖിയാമം നാൾ ആയെന്ന് കരുതി ഭയന്നു. അത് കാരണം മുടി നരച്ചുപോയി...
സാം അക്കാലത്തെ പ്രളയത്തെക്കുറിച്ചു സംസാരിച്ചു. കപ്പൽ യാത്രയെക്കുറിച്ച് പറഞ്ഞു. ധിക്കാരികളുടെ അന്ത്യം എന്തായിരുന്നു വെന്ന് വിവരിച്ചു. കേട്ട് നിന്നവരുടെ ഈമാൻ വർദ്ധിച്ചു.
സാം മടങ്ങുകയാണ്. ഖബറിലേക്ക്. ശാന്തതയിലേക്ക്. നബിയും ശിഷ്യന്മാരും സലാം പറഞ്ഞു തിരിച്ചുപോന്നു...
Part : 24
*🔖 മരിച്ചവർ വരുന്നു (2)*
മരിച്ച ആളെ ജീവിപ്പിച്ച മറ്റൊരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈസാ (അ)ന്ന് ഒരു സ്നേഹിതനുണ്ടായിരുന്നു. പേര് ആസിർ. അദ്ദേഹവും കുടുംബവും ഈസാ (അ) നെ വളരെയേറെ സ്നേഹിച്ചിരുന്നു.
ഒരിക്കൽ ആസിറിന്ന് രോഗം വന്നു. മരുന്നുകളൊന്നും ഫലിച്ചില്ല. ആസിർ മരിച്ചുപോയി. ആളുകൾ വളരെ ദുഃഖിതരായിത്തീർന്നു. ഈസാ (അ) പരിസരപ്രദേശത്തുണ്ടായിരുന്നില്ല.
ആസിറിന്റെ സഹോദരി ദുഃഖം സഹിക്കാനാവാതെ പുറത്തേക്കോടി. കരഞ്ഞുകൊണ്ട് ഓടുകയാണ്. നബിയെ കാണണം. കാൽക്കൽ വീണു കരയണം. തന്റെ സഹോദരന്റെ ജീവൻ തിരിച്ചു നൽകാൻ പറയണം.
ഓടിയോടിത്തളർന്നു. വിയർത്തു കുളിച്ചു. ഒടുവിൽ നബിയെകണ്ടെത്തി. കാര്യങ്ങൾ ഉണർത്തി. നബി ആ സഹോദരിയെ ആശ്വസിപ്പിച്ചു. "നീ വീട്ടിലേക്ക് മടങ്ങുക. ഞാൻ വന്നുകൊള്ളാം. അല്ലാഹു ﷻ ഉദ്ദേശിച്ചാൽ"
സഹോദരി പ്രതീക്ഷയോടെ മടങ്ങിപ്പോന്നു. വീട്ടിലെത്തുമ്പോൾ സമയം വളരെ വൈകിയിരുന്നു. ഖബറടക്കാൻ നേരം വൈകിപ്പോയി. എല്ലാവരും കാത്തിരുന്നു. ഒരു ദിവസം മുഴുവൻ കാത്തിരുന്നിട്ടും നബി എത്തിയില്ല...
ഇനിയും മയ്യിത്ത് വെച്ചുകൊണ്ടിരിക്കാൻ പറ്റില്ല. ഖബറടക്കാം. പലരും അഭിപ്രായം പറഞ്ഞു. നബിയെ കാണാനില്ല. സഹോദരി ദുഃഖം സഹിക്കുകയാണ്. കരച്ചിലടങ്ങുന്നില്ല. അവൾ നോക്കി നിൽക്കെ സഹോദരന്റെ മയ്യിത്ത് എടുത്തുകൊണ്ടുപോയി. ഖബറടക്കി. ആളുകൾ തിരിച്ചെത്തി.
എല്ലാം കഴിഞ്ഞശേഷം അവരെത്തി. ഈസാ (അ) ശിഷ്യന്മാരോടൊപ്പം എത്തി. സഹോദരി പൊട്ടിക്കരഞ്ഞു. നബി ഖബറിന്റെ അടുത്തേക്ക് നടന്നു. ബന്ധുക്കളും നാട്ടുകാരും നടന്നു...
“അല്ലാഹു ﷻ വിന്റെ അനുമതിയോടെ എഴുന്നേൽക്കുക." ഈസാ (അ)
പറഞ്ഞു. വടികൊണ്ട് ഖബറിൽ അടിച്ചു. ഖബർ പൊട്ടി. ഖബറടക്കപ്പെട്ട ആൾ എഴുന്നേറ്റു വരുന്നു. സലാം ചൊല്ലുന്നു. അയാൾ പിന്നെയും കുറെകാലം ജീവിച്ചു...
മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിങ്ങനെയാണ്: ഈസാ (അ) വെള്ളത്തിന് മുകളിലുടെ നഗ്നപാദനായി നടക്കുന്നത് പലരും കണ്ടിട്ടുണ്ട്. ചിലർ കൂടെ നടക്കാറുണ്ട്. നദിയിലൂടെ നടന്ന് അക്കര പറ്റാം.
ഒരാൾ ഇങ്ങനെ നടക്കാൻ തുടങ്ങി. പല ദിവസങ്ങളിൽ നടന്നു. അപ്പോൾ അയാളുടെ മനസ്സിൽ ഇബ്ലീസ് ദുർവ്വിചാരം ഇട്ടുകൊടുത്ത് ചിന്തകൾ വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. വലിയൊരു പുഴയുടെ മധ്യത്തിൽ വെച്ചാണ് ദുർവ്വിചാരം മനസ്സിൽ കയറിയത്.
ഈസാ (അ) അല്ലാഹു ﷻ വിന്റെ നബിയാണ്. അത്കൊണ്ട് വെള്ളത്തിനു മുകളിലൂടെ നടക്കുന്നു. താഴ്ന്നുപോവുന്നില്ല. താനോ? താൻ നബിയല്ല. എന്നിട്ടും ജലവിതാനത്തിലൂടെ നടന്നുപോവുന്നു. ഞാനും നബിയും തമ്മിലെന്ത് വ്യത്യാസം..? സ്വയം ചോദിച്ചുപോയി. തന്നെ നബി നടത്തിച്ചുകൊണ്ട് പോവുകയാണെന്ന സത്യം
അയാൾ മറന്നു. മനസ്സിൽ അഹങ്കാരം വന്നു.
ഒരു നിമിഷം പോലും വൈകിയില്ല. ഒരൊറ്റ വീഴ്ച വെള്ളത്തിന്നടിയിലേക്ക്. ഈസാ നബിയേ രക്ഷിക്കണേ..! ഈസാ (അ) തിരിഞ്ഞു നോക്കി. കൈ നീട്ടി: അയാൾ ആ കൈയിൽ പിടിച്ചു തൂങ്ങി രക്ഷപ്പെട്ടു...
ഈസാ (അ) അയാൾക്കു നൽകിയ ഉപദേശം ഇങ്ങനെ: അല്ലാഹു ﷻ നിങ്ങൾക്ക് മഹത്തായൊരു പദവി നൽകി. നിങ്ങൾ അഹങ്കരിച്ചു. അപ്പോൾ പദവി നീക്കപ്പെട്ടു. പശ്ചാത്തപിച്ചു മടങ്ങുക പ്രാർത്ഥിക്കുക. അയാൾ അതനുസരിച്ചു പ്രവർത്തിച്ചു.
Part : 25
*🔖 മരിച്ചവർ വരുന്നു (3)*
ഈസാ (അ) തന്റെ ശിഷ്യന്മാരോട് മുൻകാല പ്രവാചകന്മാരെപ്പറ്റി വിശദമായി സംസാരിക്കും. നിരവധി സംഭവങ്ങൾ ഉദ്ധരിക്കും. ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങളും പറയും. ഇനിയൊരു നബി വരാനുണ്ട്. അന്ത്യപ്രവാചകൻ...
ആ പ്രവാചകനെക്കുറിച്ച് പറയാൻ തുടങ്ങിയാൽ നബിയുടെ വാക്കുകളിൽ ആഹ്ലാദം നിറയും. അന്ത്യപ്രവാചകരുടെ സമുദായത്തെക്കുറിച്ചു പറയുമ്പോൾ വല്ലാത്ത സന്തോഷമാണ്.
ഹിശാമുബ്നു അമ്മാർ (റ) റിപ്പോർട്ട് ചെയ്യുന്നു. ഈസാ (അ) പറഞ്ഞു: "എന്റെ റബ്ബേ...! അന്ത്യപ്രവാചകരുടെ സമുദായത്തെക്കുറിച്ച് എനിക്ക് വിവരം തന്നാലും."
അല്ലാഹു ﷻ പറഞ്ഞു: "ഉമ്മത്തി മുഹമ്മദീൻ. മുഹമ്മദ് നബിയുടെ സമുദായം, ഉലമാഉം, ഹുകമാഉം ധാരാളം കാണും. നബിമാരുടെ ചര്യകൾ അവരിൽ കാണും. കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടും. ഞാനവർക്ക് അല്പമെന്തെങ്കിലും കൊടുത്താൽ അത്കൊണ്ട് തൃപ്തിപ്പെടും. അവരുടെ കുറഞ്ഞ അമൽകൊണ്ട് ഞാനും തൃപ്തിപ്പെടും. ആ സമൂഹത്തിൽ നിന്ന് ധാരാളമാളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്റസൂലുല്ലാഹി" എന്ന വചനമാണ് അവരെ സ്വർഗ്ഗത്തിലെത്തിക്കുക."
ഈസാ (അ) ന്റെ വാക്കുകൾ ശിഷ്യന്മാരെ സന്തോഷഭരിതമാക്കി, തൗറാത്തിൽ നിന്നും ഇഞ്ചീലിൽ നിന്നും അന്ത്യപ്രവാചകരുടെ ഗമനം അവർ മനസ്സിലാക്കി. വിശദവിവരങ്ങൾ ഈസാനബി (അ)ൽ നിന്ന് കിട്ടിക്കൊണ്ടിരുന്നു.
ഒരിക്കൽ അല്ലാഹു ﷻ ഈസാ നബി (അ) നോട് പറഞ്ഞു: "ഈസാ
നിന്നെ ഞാൻ എന്നിലേക്ക് ഉയർത്തുന്നതാണ്."
ഈസാ (അ) ചോദിച്ചു: "എന്റെ റബ്ബേ...! എന്തിനാണ് എന്നെ നിന്നിലേക്ക് ഉയർത്തുന്നത്."
അല്ലാഹു ﷻ പറഞ്ഞു: നിന്നെ എന്നിലേക്ക് ഉയർത്തും. പിന്നെ അന്തസമാനിൽ നിന്നെ ഭൂമിയിലേക്ക് ഇറക്കുകയും ചെയ്യും. അന്ത്യപ്രവാചകരുടെ സമുദായത്തിന്റെ അത്ഭുതകരമായ അവസ്ഥകൾ കണ്ടുമനസ്സിലാക്കാൻ വേണ്ടിയാണത്. ദജ്ജാലിനെ വധിക്കാൻ വേണ്ടിയുമാണത്.
യഹൂദി സമൂഹത്തോട് ഈസാ (അ) പ്രസംഗിക്കുമ്പോൾ അന്ത്യ പ്രവാചകരുടെ ആഗമനത്തെക്കുറിച്ച് സന്തോഷ വാർത്ത അറിയിക്കുമായിരുന്നു. തിരിച്ചറിയാനുള്ള അടയാളങ്ങൾ വിവരിക്കും. പേര് പറയും. അക്കാലത്ത് ജീവിക്കുന്നവർ അന്ത്യപ്രവാചകനിൽ വിശ്വസിക്കാൻ
ഒട്ടും അമാന്തം കാണിക്കരുത്. മുഹമ്മദ് നബി ﷺ തങ്ങളിൽ വിശ്വസിച്ച് മുഅ്മിനായിത്തീരുന്നതിനേക്കാൾ വലിയൊരു സൗഭാഗ്യമില്ല.
മുഹമ്മദ് ബ്നു ഇസ്ഹാഖ് (റ) റിപ്പോർട്ട് ചെയ്യുന്നു. നബി ﷺ തങ്ങളോട് സ്വഹാബികൾ ചോദിച്ചു. “അല്ലാഹുﷻവിന്റെ റസൂലേ..! അങ്ങയെക്കുറിച്ച് ഞങ്ങൾക്കു പറഞ്ഞുതന്നാലും. നബി ﷺ പറഞ്ഞു: ഞാൻ എന്റെ പിതാവായ ഇബ്രാഹീം നബിയുടെ പ്രാർത്ഥനയാണ്. ഈസാ നബിയുടെ സന്തോഷവാർത്തയുമാണ്...
നബി ﷺ തങ്ങളുടെ വചനങ്ങളിലൂടെ സ്വഹാബികൾ ഈസാ (അ)നെക്കുറിച്ച് നിരവധി കാര്യങ്ങൾ പഠിച്ചു. വളരെ ഗൗരവമുള്ള ഒരു കാര്യം ശ്രദ്ധിക്കൂ..!
ശിഷ്യന്മാർ ഈസാ (അ) നോട് ചോദിച്ചു. താങ്കൾക്ക് ജലവിതാനത്തിലൂടെ നടക്കാൻ കഴിയുന്നതെന്ത് കൊണ്ട്..?
ഉത്തരം ഇങ്ങനെ : "ഈമാനും യഖീനും കൊണ്ട്."
അല്ലാഹു ﷻ വിലുള്ള ദൃഢവിശ്വാസം. അതാണ് സർവ്വപ്രധാനം, സൃഷ്ടികളെ ഭയപ്പെടരുത്. സൃഷ്ടാവിനെ ഭയപ്പെടണം.
Part : 26
*🔖 അടങ്ങാത്ത മോഹം (1)*
ഈസാ (അ) ന്റെ കൂടെ യാത്ര ചെയ്ത ഒരു യഹൂദിയുടെ ചരിത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്യപ്പെടുന്നു...
ഈസാ (അ) ദീർഘയാത്രക്കൊരുങ്ങി. കൂടെപ്പോകാൻ ഒരു യഹൂദിയും ഒരുങ്ങി. രണ്ടു പേരും ഭക്ഷണപ്പൊതി കരുതിയിട്ടുണ്ട്. യാത്ര തുടങ്ങി. കുറേദൂരം പോയി. ക്ഷീണിച്ചു. വിശ്രമിക്കാനായി ഇരുന്നു.
"ഞാൻ നിസ്കരിക്കട്ടെ. എന്നിട്ട് നമുക്ക് ആഹാരം കഴിക്കാം." ഈസാ (അ) പറഞ്ഞു.
നിസ്കരിക്കാൻ പോയ തക്കത്തിൽ യഹൂദി ഈസാ നബി (അ)ന്റെ ഭക്ഷണപ്പൊതി തുറന്നുനോക്കി. അതിൽ ഒരു റൊട്ടി മാത്രമേയുള്ളൂ.
യഹൂദിയുടെ പൊതിയിൽ രണ്ട് റൊട്ടിയുണ്ട്. ഒന്നിച്ചിരുന്ന് കഴിക്കുമ്പോൾ തന്റെ ഒരു റൊട്ടിയുടെ പകുതി കൂടി സഹയാത്രികന് കൊടുക്കേണ്ടി വരും. അതിന്ന് മനസ്സുവരുന്നില്ല. ഇനിയെന്ത് വഴി? പെട്ടെന്നൊരാശയം തോന്നി. ഒരു റൊട്ടി പെട്ടെന്ന് തിന്നുക. പൊതിയിൽ ഒന്നുവെക്കുക. തന്റെ കൈവശം ഒരു റൊട്ടി മാത്രമേ ഉള്ളൂവെന്ന് ഈസാ ധരിച്ചുകൊള്ളും.
നിസ്കാരം കഴിഞ്ഞുവന്നു. ഇരുവരും ആഹാരത്തിനിരുന്നു. ഈസാ (അ) പൊതി തുറന്നു. യഹൂദിയും പൊതിതുറന്നു. രണ്ട് പൊതിയിലും ഓരോ റൊട്ടി വീതം. പ്രശ്നമില്ല. പക്ഷെ നബിയുടെ ചോദ്യം യഹൂദിയെ അല്പം വിഷമിപ്പിച്ചു. "നിന്റെ പൊതിയിൽ എത്ര റൊട്ടി ഉണ്ടായിരുന്നു..?"
ചോദ്യം കേട്ട് അല്പം പതറിപ്പോയെങ്കിലും, അത് പുറത്ത് കാണിക്കാതെ മറുപടി പറഞ്ഞു: "ഒന്ന്."
ഇവൻ ആൾ മോശക്കാരനാണെന്ന് നബിക്ക് മനസ്സിലായി. കൂടെ കൂട്ടാൻ പറ്റിയ ആളല്ല. ഇവൻ സത്യം പറയുമോ എന്നൊന്ന് നോക്കട്ടെ.
ആഹാരം കഴിഞ്ഞു. ക്ഷീണം തീർന്നു...
യാത്ര തുടർന്നു. ഒരാൾ നടന്നുവരുന്നുണ്ടല്ലോ. ആരാണയാൾ..? യഹൂദി സൂക്ഷിച്ചു നോക്കി. വടികൊണ്ട് തപ്പിത്തപ്പിനോക്കി വരികയാണയാൾ. കാഴ്ചയില്ല. അന്ധനാണ്. യഹൂദിയുടെ കല്ല് പോലുള്ള
ഖൽബിൽ കനിവ് ഉറപൊട്ടിയില്ല. ഇത്പോലെ എത്രയെത്ര അന്ധന്മാരെ കാണുന്നു. അതിലെന്താ വിശേഷം എന്ന ഭാവമാണ് യഹൂദിയുടെ മുഖത്ത്..!
അവർ നടന്ന് നടന്ന് അന്ധന്റെ അടുത്തെത്തി. ഈസാ (അ) അന്ധനോട് സംസാരിച്ചു. പരിചയപ്പെട്ടു. പ്രവാചകന്റെ ശബ്ദം അന്ധനെ ആശ്വസിപ്പിച്ചു. ഈസാ (അ) ചോദിച്ചു.
"അല്ലാഹു ﷻ വിന്റെ അനുമതിയോടു കൂടി ഞാൻ നിന്റെ കണ്ണുകൾക്ക്
കാഴ്ചശക്തി തരാം. എന്നാൽ നീ അല്ലാഹു ﷻ വിന്ന് നന്ദി പ്രകടിപ്പിക്കുമോ..?"
അന്ധന്റെ മനസ്സിൽ പ്രതീക്ഷയുടെ വല്ലാത്തൊരു വെളിച്ചം പടർന്നു. അയാൾ ആവേശത്തോടെ പറഞ്ഞു: "എന്റെ കണ്ണുകൾക്ക് കാഴ്ചകിട്ടിയാൽ ഞാൻ അല്ലാഹുﷻവിന്ന് നന്ദി ചെയ്യും."
ഈസാ (അ) അന്ധന്റെ കണ്ണിൽ തടവി. അത്ഭുതം..! കണ്ണുകൾ പ്രകാശിക്കുന്നു. എല്ലാം കാണാം. ഇരുട്ട് പോയി. കാഴ്ചയുള്ള കണ്ണുകൾകൊണ്ട് ഈസാ (അ) നെ നോക്കിക്കാണുകയാണ്. ഇതാണ് അല്ലാഹുﷻവിന്റെ പുണ്യപ്രവാചകൻ.
അല്ലാഹുﷻവേ..! നിനക്കാണ് സ്തുതി."
യഹൂദി എല്ലാം നോക്കിക്കണ്ടു. അതിശയിച്ചു നിൽക്കുകയാണ്...
ഈസാ (അ) അവനോട് ചോദിച്ചു. "അന്ധന് കാഴ്ചനൽകിയ അല്ലാഹു ﷻവിന്റെ പേരിൽ ഞാൻ ചോദിക്കുന്നു. പറയൂ...! നിന്റെ പൊതിയിൽ എത്ര റൊട്ടി ഉണ്ടായിരുന്നു."
യഹൂദി സത്യം പറയാൻ സന്നദ്ധനായില്ല. കളവ് ആവർത്തിക്കാൻ തീരുമാനിച്ചു അയാൾ പറഞ്ഞു: "ഒരു റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ."
"ശരി, നമുക്ക് യാത്ര തുടരാം."
രണ്ടുപേരും നടന്നു. തന്റെ സഹയാത്രികന്റെ മനസ്സിന്റെ കടുപ്പം അപാരം തന്നെ. കുറെ ദൂരയാത്ര ചെയ്തപ്പോൾ ഒരാളെ കാണുന്നു. നടക്കാൻ കഴിയാത്ത പാവം മനുഷ്യൻ. കാലുകൾക്ക് ശേഷി കുറഞ്ഞ വികലാംഗൻ.
എല്ലാവരും കൈവീശി ധൃതിയിൽ നടന്നുപോവുന്നത് അയാൾ
കാണുന്നു. തനിക്കതിന്ന് കഴിവില്ല. സങ്കടം വരും. ഇസാ (അ) അയാളോട് ചോദിച്ചു. "അല്ലാഹുﷻവിന്റെ അനുമതിയോടു കൂടി ഞാൻ നിന്റെ കാലുകൾക്ക് ശക്തി നൽകാം. നിനക്കു മറ്റുള്ളവരെപ്പോലെ നടക്കാൻ കഴിയും. അതിന്ന് കഴിഞ്ഞാൽ നീ അല്ലാഹു ﷻ വിന്ന് നന്ദി കാണിക്കുമോ..?"
അയാളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം. അയാൾ വിനയം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു: "എന്റെ കാലുകൾക്ക് നടക്കാനുള്ള ശേഷി കിട്ടിയാൽ ഞാൻ അല്ലാഹു ﷻ വിന്ന് നന്ദി ചെയ്യും."
ഈസാ (അ) പ്രാർത്ഥിച്ചു. വൈകല്യമുള്ള കാലുകളിൽ തടവി. അതിശയംതന്നെ, കാലുകൾക്ക് ശേഷിവന്നു. സന്തോഷത്തോടെ, നന്ദിയോടെ പ്രവാചകനെ അല്പനേരം നോക്കിനിന്നു. എന്നിട്ട് ഉറപ്പുള്ള കാലുകളിൽ നടന്നുപോയി.
അപ്പോൾ ഈസാ (അ) യഹൂദിയോട് ചോദിച്ചു: "വികലാംഗന്റെ കാലുകൾക്ക് ശക്തി നൽകിയ അല്ലാഹു ﷻ വിന്റെ നാമത്തിൽ ഞാൻ ചോദിക്കട്ടെ. നിന്റെ പൊതിയിൽ എത്ര റൊട്ടി ഉണ്ടായിരുന്നു..?"
യഹൂദി പറഞ്ഞു: "ഒരു റൊട്ടി മാത്രം."
ശരി. നമുക്കുയാത്ര തുടരാം. അവർ യാത്ര തുടരുകയാണ്...
Part : 27
*🔖 അടങ്ങാത്ത മോഹം (2)*
അതാ വലിയൊരു നദിപാഞ്ഞൊഴുകുന്നു. നദിയുടെ അക്കരെ എത്തണം, തോണിയില്ല. എന്ത് ചെയ്യും..? അക്കരെ എത്താനൊരു വഴിയും കാണുന്നില്ലല്ലോ..? യഹൂദി നിരാശയോടെ പറഞ്ഞു...
"വാ... നമുക്കങ്ങ് നടന്നുപോവാം. നീ എന്നെ പിടിച്ചു നടന്നോളൂ..." ഈസാ (അ) പറഞ്ഞു.
നദിയുടെ ജലപ്പരപ്പിലൂടെ ഈസാ നബി (അ) ഉം യഹൂദിയും നടന്നുപോയി അക്കരെയെത്തി. യഹൂദിക്ക് ആശ്വാസമായി. അപ്പോൾ യഹൂദിയോട് ഈസാ (അ) ചോദിച്ചു: "ജലവിതാനത്തിലൂടെ നമ്മെ നടത്തിയ അല്ലാഹുﷻവിന്റെ പേരിൽ ചോദിക്കുന്നു. സത്യം പറയൂ... നിന്റെ കൈവശം എത്ര റൊട്ടി ഉണ്ടായിരുന്നു..?"
“ഒരൊറ്റ റൊട്ടി മാത്രം.” യഹൂദിയുടെ മറുപടി.
ഇവൻ ഒരിക്കലും നന്നാവാൻ പോവുന്നില്ല. ഇത്രയും ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും അവൻ സത്യം പറയുന്നില്ല. വീണ്ടും യാത്ര. ഇനിയും ചോദ്യം വരുമോ..? എത്ര തവണ ചോദിച്ചാലും ഒരേമറുപടി പറയാം. യഹൂദി മനസ്സിലുറച്ചു.
രണ്ടാൾക്കും വിശപ്പുണ്ട്. കൈവശം യാതൊന്നുമില്ല. യഹൂദിയുടെ മനസ്സിൽ വെപ്രാളം നിറഞ്ഞു. ഒരുമാൻകുട്ടം, കാണാനെന്തൊരു ഭംഗി. അതിലൊരെണ്ണത്തെ ഈസാ (അ) പിടിച്ചു. അതിനെ അറുത്തു.
തൊലിയുരിച്ചു. പാകം ചെയ്തു. രണ്ടുപേരും കൂടി അത് ഭക്ഷിച്ചു.
എന്തൊരു രുചി...
മാനിന്റെ എല്ലുകളും മറ്റും കൂട്ടിവെച്ചു. ഈസാ (അ) അല്ലാഹുﷻവിന്റെ അനുമതിയോടെ മാനിന്ന് ജീവൻ നൽകി. മാൻ ഓടിപ്പോയി...
ആശ്ചര്യഭരിതനായ യഹൂദിയോട് ഈസാ (അ) ചോദിച്ചു: "നിന്റെ
പക്കൽ എത്ര റൊട്ടിയുണ്ടായിരുന്നു..? മാനിന്ന് വീണ്ടും ജന്മം നൽകിയ അല്ലാഹുﷻവിന്റെ പേരിൽ ചോദിക്കുകയാണ്.."
"ഒന്ന് മാത്രം.." യഹൂദിയുടെ മറുപടി...
വീണ്ടും യാത്ര തുടരുകയാണ്...
യഹൂദിയെക്കൊണ്ട് സത്യം പറയിക്കണം. അതിന് പറ്റിയ സമയം വരും...
യാത്ര ഒരു ഗ്രാമത്തിലെത്തി. ഈസാ (അ) യഹൂദിയോട് പറഞ്ഞു: നീ ഇവിടെ വിശ്രമിക്കൂ..! ഞാനിപ്പോൾ വരാം...
അതും പറഞ്ഞു ഈസാ (അ) പോയി. വടികൊണ്ട് പോയില്ല. അത് സൂക്ഷിക്കാൻ യഹൂദിയെ ഏല്പിച്ചു. ഈ വടിയുണ്ടെങ്കിൽ എന്തും നടത്താം എന്ന് യഹൂദി കരുതി. വടി കൈവശമാക്കി...
ഈസാ (അ) വരും മുമ്പേ അയാൾ സ്ഥലം വിട്ടു. വടി പ്രയോഗിക്കാൻ ഒരവസരം കിട്ടണം. അയാൾ അവസരം തേടി നടന്നു. യഹൂദി യാത്ര തുടരുകയാണ്. കൈയിൽ ഈസാ (അ) ന്റെ വടിയുമുണ്ട്...
ഇപ്പോൾ രാജകൊട്ടാരത്തിന്റെ മുമ്പിലാണ് നിൽപ്പ്. രാജാവ് മാരകരോഗം പിടിപെട്ടു കിടക്കുകയാണ്. അത്യാസന്ന നിലയിലാണ്. പല വൈദ്യന്മാരും ചികിത്സിച്ചു. ഒന്നും ഫലിക്കുന്നില്ല.
"ഞാൻ ഭിഷഗ്വരനാണ്. ഞാൻ ചികിത്സിക്കാം. സുഖപ്പെടുത്താം..." യഹൂദി പറഞ്ഞു...
കാവൽക്കാർ യഹൂദിയെ കൊട്ടാരത്തിലേക്ക് കടത്തിവിട്ടു. അയാളുടെ മനസ്സിൽ മോഹങ്ങൾ വളരുകയാണ്. ഈ വടിയുള്ളപ്പോൾ ഒന്നും ഭയപ്പെടാനില്ല. ഒറ്റ അടികൊടുത്താൽ മതി സുഖം പ്രാപിക്കും. പിന്നെ തനിക്കെന്തെല്ലാം പാരിതോഷികങ്ങൾ കിട്ടും. ചോദിക്കുന്നതെന്തും കിട്ടും...
പിന്നെ സുഖ സമ്പൂർണ്ണമായൊരു ജീവിതമുണ്ട്. കൊട്ടാരം. കുതിരകൾ, പാറാവുകാർ, സുന്ദരികളായ ഭാര്യമാർ, സ്വർണ്ണം, വെള്ളി, പട്ടുവസ്ത്രങ്ങൾ... മോഹങ്ങൾക്കൊരറ്റവുമില്ല. ഈ വടികൊണ്ട് പിന്നെ ഞാനൊരു കളികളിക്കും. ഈസ ചെയ്തതൊക്കെ ഞാനും ചെയ്യും. പ്രതിഫലം വാങ്ങും...
അതാകിടക്കുന്നു അത്യാസന്ന നിലയിൽ രാജാവ്. ഇത് സുഖപ്പെടാൻ നല്ല അടിതന്നെ കൊടുക്കണം. നന്നായി ശക്തി സംഭരിച്ച് ഒരൊറ്റ അടി. കൂടെ നിന്നവർ ഞെട്ടിപ്പോയി. എന്തൊരു ധിക്കാരമാണിത്..? അവശനായ രാജാവിനെ അടിക്കുകയോ..? രാജാവ് ഒന്നു പിടഞ്ഞു. അത്രതന്നെ. ജീവൻപോയി..!!
പാറാവുകാർ ചാടിവീണു. യഹൂദിയെ പിടിച്ചുകെട്ടി. നന്നായി പെരുമാറി. വധിക്കാൻ വിധിയായി. കാരാഗ്രഹത്തിലടച്ചു. അപ്പോൾ ഈസാ (അ) കൊട്ടാരത്തിലെത്തി...
Part : 28
*🔖 അടങ്ങാത്ത മോഹം (3)*
ഈസാ (അ) കൊട്ടാരത്തിലെത്തി. കൂട്ടുകാരനെ അന്വേഷിച്ചുകണ്ടെത്തി. മരണം കൺമുമ്പിലുണ്ട്. യഹൂദി സഹായം തേടി പൊട്ടിക്കരയുന്നു...
"രാജാവിനെ ജീവിപ്പിക്കാം. രോഗം സുഖപ്പെടുത്താം. നിങ്ങൾക്കത് പോരേ. ഇയാളെ വെറുതെ വിട്ടുകൂടേ..?" കൊട്ടാരവാസികൾ സമ്മതിച്ചു.
ഈസാ (അ) അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. തന്റെ വടി കെെയിലെടുത്തു. മൃതദേഹത്തിൽ അടിച്ചു. അല്ലാഹുﷻവിന്റെ അനുമതിയോടെ ഉണരുക. എഴുന്നേൽക്കുക.
അനേകമാളുകൾ നോക്കി നിൽക്കെ, രാജാവ് ഉണർന്നു. എഴുന്നേറ്റിരുന്നു. രോഗം മാറി. ആരോഗ്യവാനായിത്തീർന്നു. എല്ലാവർക്കും സന്തോഷം...
ഈസാ (അ) അവർകളും യഹൂദിയും കൊട്ടാരത്തിൽ നിന്നിറങ്ങി. അപ്പോൾ ഈസാ (അ) ചോദിച്ചു: “രാജാവിന്നു ജീവൻ തിരിച്ചു നൽകിയ അല്ലാഹുﷻവിന്റെ പേരിൽ ചോദിക്കട്ടെ, നിന്റെ കൈവശം എത്ര റൊട്ടി ഉണ്ടായിരുന്നു..?”
“ഒന്നുമാത്രം...”
ഇവൻ ഭയങ്കരൻ തന്നെ. അതിഭയങ്കരൻ. ഇനി ഇവനെക്കൊണ്ട് സത്യം പറയിക്കണം. അവർ ഒരുഗ്രാമത്തിൽ പ്രവേശിച്ചു. അവിടെ കണ്ട കാഴ്ച യഹൂദിയെ അമ്പരപ്പിച്ചു. കണ്ണഞ്ചിപ്പോവുന്ന കാഴ്ച..!!
സ്വർണ്ണക്കൂമ്പാരം, ഒന്നല്ല, മൂന്നു കൂമ്പാരം. "ഇത് നമ്മൾക്കു ഭാഗിച്ചെടുക്കാം..."
യഹൂദി പറഞ്ഞു...
"അങ്ങനെയാവട്ടെ..! മൂന്നായി ഭാഗിക്കാം."
"അതെന്തിനാ മൂന്നായി ഭാഗിക്കുന്നത്? നമ്മൾ രണ്ടുപേരല്ലേയുള്ളത്..?"
"മൂന്നാമതൊരാൾ കൂടിയുണ്ട്. നിന്റെ കൈവശം രണ്ട് റൊട്ടിയുണ്ടായിരുന്നു. എന്റെ കൈവശം ഒന്നും. ആകെ മൂന്ന്. ഒന്ന് ഞാൻ തിന്നു. ഒന്ന് നീ തിന്നു. മൂന്നാമത്തേതോ..? അത് കള്ളൻ കട്ടുതിന്നു. മൂന്നാമത്തെ ഓഹരി അയാൾക്കാണ്..."
യഹൂദി വിളിച്ചുപറഞ്ഞതിങ്ങനെ: "അത് തിന്നത് ഞാൻ തന്നെയാണ്."
സ്വർണ്ണം കിട്ടുമെന്നായപ്പോൾ യഹൂദി സത്യം പറഞ്ഞു. രണ്ട് ഓഹരികിട്ടി എന്നിട്ടെന്താകാര്യം. എടുത്തു പൊക്കാനാവുന്നില്ല. അതവിടെത്തന്നെയിട്ട് യാത്ര തുടരേണ്ടി വന്നു. ഈസാ (അ) നോടൊപ്പം നടക്കുമ്പോഴും യഹൂദിയുടെ മനസ്സ് നിറയെ സ്വർണ്ണകൂമ്പാരത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു...
അത് ലഭിക്കണമെന്ന് അതിയായ ആഗ്രഹം. ഉദ്ദേശിച്ച സ്ഥലം വരെ പോയി. ഇനി മടക്കയാത്ര. യാത്ര പഴയപാതയിലൂടെ തന്നെ...
സ്വർണക്കൂമ്പാരം കണ്ട സ്ഥലത്തെത്തി. സ്വർണ്ണം അതേപടി കിടക്കുന്നു. തൊട്ടടുത്തുതന്നെ മരിച്ചുകിടക്കുന്ന മൂന്നുമനുഷ്യർ. വല്ലാത്താരു കാഴ്ച തന്നെ. അത് കണ്ട് അത്ഭുതപ്പെട്ടുപോയ യഹൂദന്ന്
ഈസാ (അ) അവരുടെ കഥ പറഞ്ഞുകൊടുത്തു...
ഈ മൂന്നുപേരും കൂട്ടുകാരാണ്. അവർ ഇത് വഴി യാത്ര പോവുകയാണ്. അപ്പോഴാണ് സ്വർണ്ണക്കട്ടികൾ കണ്ടത്. നമുക്കിത് വീതിച്ചെടുക്കാം. അവർ തീരുമാനിച്ചു. അവരിലൊരാൾ ഭക്ഷണം വാങ്ങാൻ പോയി...
അപ്പോൾ അയാൾ ചിന്തിച്ചതിങ്ങനെ: ഭക്ഷണത്തിൽ വിഷം കലർത്തി കൂട്ടുകാർക്ക് കൊടുക്കാം. അത് കഴിച്ച് അവർ മരിക്കും. സ്വർണ്ണം മുഴുവൻ തനിക്കെടുക്കാം.
സ്വർണ്ണത്തിന് കാവലിരിക്കുകയാണ് രണ്ട് പേർ. അവരുടെ സംഭാഷണം ഇങ്ങനെ: ഭക്ഷണവുമായി വരുന്നവനെ നമുക്ക് അടിച്ചുകൊല്ലാം. എങ്കിൽ സ്വർണ്ണം മുഴുവൻ നമുക്ക് ഭാഗിച്ചെടുക്കാം.
ഭക്ഷണവുമായി കൂട്ടുകാരനെത്തി. രണ്ട് പേരും കൂടി അവനെ അടിച്ചുകൊന്നു. അതിനുശേഷം അവർ ആർത്തിയോടെ ആഹാരം കഴിച്ചു. വിഷം കലർത്തിയ ആഹാരം. അധികം താമസിച്ചില്ല ഇരുവരും മരണപ്പെട്ടു. മൂന്നു ശവ ശരീരങ്ങൾ
സ്വർണ്ണക്കൂമ്പാരങ്ങളും. ആ കാഴ്ച ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു. ലോകാവസാനം വരെയുള്ള മനുഷ്യർക്കുമുമ്പിൽ. കനകം വരുത്തിയ വിന..!!
അല്ലാഹുﷻവിന്റെ അനുമതിയോടെ മൂന്ന് പേരെയും ഈസാ (അ) ജീവിപ്പിച്ചു. ഉറക്കിൽ നിന്നുണർന്നത് പോലെ അവർ എഴുന്നേറ്റുവന്നു. അവരോട് ഈസാ (അ) ചോദിച്ചു: "നിങ്ങൾക്ക് സ്വർണ്ണം വേണ്ടേ? എടുത്താേളു..."
അവർ മനസ്സുകൊണ്ട് സ്വയം പഴിക്കുകയായിരുന്നു. സ്വർണ്ണം ദുനിയാവാണ്. അത് മോഹിച്ചവൻ മനുഷ്യബന്ധങ്ങൾ മറക്കുന്നു. കൂട്ടുകാരനെ കൊല്ലുന്നു. ദുനിയാവ് വേണ്ട. സ്വർണ്ണം വേണ്ട. നിത്യജീവിതത്തിനുള്ള വകവേണം. അത് മതി. അതിമോഹം വേണ്ട. അതിമോഹം ആപത്താണ്...
മൂന്നുകൂട്ടുകാർ ഏകസ്വരത്തിൽ
പറഞ്ഞു: "സ്വർണ്ണം ഞങ്ങളെ വഞ്ചിച്ചു. ഞങ്ങൾ വഞ്ചനയിൽ പെട്ടുപോയി. ഞങ്ങൾ പാഠം പഠിച്ചു. ഇനി ഞങ്ങൾക്കു അതിമോഹങ്ങളില്ല. ഞങ്ങളെ പോവാൻ അനുവദിച്ചാലും."
മൂന്നുപേരും യാത്ര പറഞ്ഞുപോയി. സ്വർണ്ണം പല്ലിളിച്ച പിശാചിനെപ്പോലെയാണവർക്ക് തോന്നിയത്. അവർ പോയപ്പോൾ യഹൂദി ഈസാ (അ) നോട് പറഞ്ഞതിങ്ങനെ: "ആ സ്വർണ്ണം ഞാനെടുത്തുകൊള്ളാം."
അവന്റെ മനസ്സിൽ ദുനിയാവിനോടുള്ള മോഹം ഒട്ടും കുറഞ്ഞില്ല. ഈ കണ്ടകാര്യങ്ങളൊന്നും അവന്റെ മനസ്സ് മാറ്റിയില്ല. ഇനിയവൻ സ്വയം പഠിക്കട്ടെ. ഉപദേശങ്ങൾ കൊണ്ട് യാതൊരു പ്രയോജനം ലഭിക്കാത്തവൻ...
അവൻ സ്വർണ്ണക്കൂമ്പാരത്തിന്നടുത്തേക്ക് ആർത്തിയോടെ ഓടിച്ചെന്നു. പെട്ടെന്ന് ഭൂമിയിൽ വിള്ളൽ കണ്ടു. അവനും അവന്റെ ദുരാഗ്രഹങ്ങളും ഭൂമിയിലേക്ക് താഴ്ന്നു പോയി..!!
ഈ സംഭവ വിവരണം തലമുറകൾ കൈമാറിവരികയാണ്. ദുരാഗ്രഹികളുടെ ദുരന്തങ്ങൾക്ക് ഭൂമി തന്നെയാണ് സാക്ഷി. ആ ദുരാഗ്രഹിയുടെ മനസ്സുമായി ഇന്നും എത്രയോ മനുഷ്യർ ജീവിക്കുന്നു...
Part : 29
*🔖 ഉയർത്തപ്പെട്ടു (1)*
സംവത്സരങ്ങൾ പലത് കടന്നുപോയി. ഈസാ (അ) ഇസ്ലാമിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്നു. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് ക്ഷണം സ്വീകരിച്ചത്. മഹാഭൂരിപക്ഷം ശത്രുതയിലായിരുന്നു.
ഈസാ (അ) നെ വധിക്കാൻ പദ്ധതിയിട്ടു നടക്കുകയാണവർ.
ഈസാ (അ) ഒരു സ്ഥലത്ത് സ്ഥിരമായി താമസിച്ചിരുന്നില്ല. തന്റെ വെള്ളം ഇടക്കിടെ മാറ്റിക്കൊണ്ടിരുന്നു.
ഈസാ (അ) ന്ന് ദിവ്യവചനങ്ങൾ കിട്ടിക്കൊണ്ടിരുന്നു. ശ്രതുക്കൾക്ക് താങ്കളെ പിടികൂടാൻ കഴിയില്ല. താങ്കളെ ഞാൻ ആകാശത്തിലേക്കുയർത്തും. തന്റെ ദൗത്യകാലം തീരുകയാണ്. ഇനിയാത്രയാണ്. അതൊരു വല്ലാത്ത രാത്രിയായിരുന്നു. രാത്രിയുടെ ആദ്യയാമത്തിൽ അവർ തങ്ങളുടെ താവളത്തിൽ ഒരുമിച്ചുകൂടി.
ഈസാ (അ) ശിഷ്യന്മാർക്ക് ആഹാരം വിളമ്പിക്കൊടുത്തു. അക്കൂട്ടത്തിൽ യൂദാസും ഉണ്ടായിരുന്നു. എല്ലാവരും ആഹാരം കഴിച്ചു. അവരുടെ കൈ കഴുകിക്കൊടുത്തു. സ്വന്തം വസ്ത്രംകൊണ്ട് തുടച്ചുകൊടുത്തു. എന്തൊരു വാത്സല്യം..!
കുറേനേരം അവരെ ഉപദേശിച്ചു: "മനുഷ്യരെല്ലാം അല്ലാഹുﷻവിന്റെ സൃഷ്ടികളാണ്. മനുഷ്യർ പരസ്പരം സ്നേഹിക്കണം. പരസ്പരം നിന്ദിക്കരുത്. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ ത്യാഗസന്നദ്ധതയോടെ
പ്രവർത്തിക്കുക.
നേരം പുലരുന്നതിന്ന് മുമ്പ് നിങ്ങളിലൊരാൾക്ക് എന്നിലുള്ള
വിശ്വാസം നഷ്ടപ്പെടും. ഏതാനും നാണയങ്ങൾക്ക് അവൻ എന്നെ
വിൽക്കും. ശിഷ്യന്മാർ അത് കേട്ട് ഞെട്ടി..! അസ്വസ്ഥരായി...
ഉപദേശവും പ്രാർത്ഥനയും കഴിഞ്ഞു. വേദനയോടെ ശിഷ്യന്മാർ പിരിഞ്ഞുപോയി. അന്ന് രാത്രി അത് സംഭവിച്ചു. യൂദാസ് ഉണർന്നു പ്രവർത്തിച്ചു. അവൻ യഹൂദികളെ കണ്ടു. ഈസാ (അ)ന്റെ താവളത്തെക്കുറിച്ചു വ്യക്തമായ വിവരം നൽകി. പുലരാൻ കാലത്ത് നബിയെ പിടികൂടാനും കുരിശിൽ തറച്ചുകൊല്ലാനും നിശ്ചയിച്ചു..!!
ആ രാത്രിയിൽ മലക്കുകളെത്തി. ഈസാ (അ) നെ ആകാശത്തേക്ക് ഉയർത്തി. ആരും അതറിഞ്ഞില്ല...
ഈസാ (അ) ന്ന് അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്ന് അറിവ് ലഭിച്ചിരുന്നു. അക്കാര്യം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:
“അല്ലാഹു ﷻ പറഞ്ഞ സന്ദർഭം: ഓ... ഈസാ... നിശ്ചയമായും നിന്നെ ഞാൻ പൂർണ്ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്റെ അടുക്കലേക്ക് ഉയർത്തുകയും ചെയ്യുന്നതാണ്. സത്യനിഷേധികളിൽ നിന്ന് നിന്നെ ഞാൻ ശുദ്ധീകരിക്കുകയും നിന്നെ പിൻപറ്റിയവരെ അന്ത്യനാൾവരേക്കും വിശ്വസിക്കാത്തവരുടെ മീതെ ആക്കിവെക്കുകയും ചെയ്യുന്നതാണ്. പിന്നീട് എന്നിലേക്കായിരിക്കും നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിൽ നിങ്ങൾക്കിടയിൽ ഞാൻ വിധികല്പിക്കുന്നതാകുന്നു." (3:55)
അല്ലാഹു ﷻ ഈസാ (അ) ന്ന് അറിയിച്ചുകൊടുത്ത കാര്യങ്ങളാണ്
നാമിവിടെ കണ്ടത്. താങ്കളെ പിടിക്കും... എന്നിലേക്കുയർത്തും... ആ ദുഷ്ടന്മാരിൽ നിന്ന് മോചനം നൽകും... ശുദ്ധീകരിക്കും...
പിന്നീട് യഹൂദന്മാരെ അറിയിക്കുന്നതെന്താണ്..? ഏത് ദുഷ്ടന്മാരും അവസാനം എന്നിലേക്കു മടങ്ങിവരും. അന്ന് നിങ്ങൾ നിസ്സഹായരായിരിക്കും. ഈസാ (അ) പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾ തർക്കിക്കുകയും ഭിന്നിക്കുകയും ചെയ്തിരിക്കുന്നു. അക്കാര്യങ്ങളിലൊക്കെ അന്ത്യനാളിൽ ഞാനൊരു തീർപ്പ് കല്പ്പിക്കും.
"സത്യനിഷേധികളെ അല്ലാഹു ﷻ ഈ ലോകത്ത് വെച്ച് ശിക്ഷിക്കും. പരലോകത്തും ശിക്ഷിക്കും. കഠിനമായ ശിക്ഷ. ആ ശിക്ഷയിൽ നിന്നവരെ രക്ഷിക്കാൻ ഒരാളുമില്ല."
Part : 30
*🔖 ഉയർത്തപ്പെട്ടു (2)*
സൂറത്ത് ആലു ഇംറാനിലെ രണ്ട് വചനങ്ങൾ നോക്കാം. "സത്യം നിഷേധിച്ചവരെ ഇഹത്തിലും പരത്തിലും ഞാൻ കഠിനമായി ശിക്ഷിക്കും.. അവർക്കു സഹായികളായിട്ട് ആരുംതന്നെ ഉണ്ടാവുകയില്ല." (3:56)
"എന്നാൽ, വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ നിർവ്വഹിക്കുകയും
ചെയ്തവർക്ക് അല്ലാഹു പ്രതിഫലം പൂർത്തിയാക്കിക്കൊടുക്കുകയും
ചെയ്യും. അല്ലാഹു അക്രമികളെ സ്നേഹിക്കുകയില്ല." (3:57)
ആ രാത്രിയിൽ പന്ത്രണ്ട് ദുഷ്ടന്മാർ പതുങ്ങിവരികയാണ്, അവർ ഈസാ (അ)ന്റെ താവളം വളഞ്ഞു. ഇനിയെന്ത് വേണം? കൂടിയാലോചന നടത്തി. ഒരാൾ കത്തിയുമായി അകത്ത് കയറുക. ഈസായെ പിടിച്ചുകൊണ്ട് വരിക. കുരിശിൽ തറയ്ക്കുക. ഒരാൾ കത്തിയുമായി അകത്ത് കയറി. അവിടെയെല്ലാം പരിശോധന നടത്തി. അകം ശൂന്യം. ഒരാളുമില്ല...
സമയം നീങ്ങി. അകത്ത് പോയ ആൾ പുറത്തുവന്നില്ല. ഇതെന്ത് പറ്റി..? പുറത്തുള്ളവർ അസ്വസ്ഥരായി. അവർ ആയുധങ്ങളുമായി അകത്ത് കയറി. നേരത്തെ കയറിയ ആൾ നിരാശനായി നിൽക്കുന്നു. അയാളുടെ മുഖം ഈസാ (അ) ന്റെ മുഖം പോലെയിരിക്കുന്നു. മുഖത്തിന് വല്ലാത്ത രൂപ സാദൃശ്യം. സംശയം വേണ്ട. ഇത് അവൻ തന്നെ. ഈസ...
പിടിയവനെ..! എല്ലാവരും ചേർന്നു അവനെ പിടികൂടി. വലിച്ചിഴച്ചുകൊണ്ട് വന്നു. അരണ്ട വെളിച്ചത്തിൽ അത് ഈസ തന്നെയെന്ന് അവർക്കു തോന്നി, പിന്നെ കാര്യങ്ങൾ പെട്ടെന്നു നടന്നു. അയാൾ കുരിശിൽ തറക്കപ്പെട്ടു.
അവർ ആഹ്ലാദഭരിതരായിത്തീർന്നു. വലിയൊരു ത്യാഗം ചെയ്ത സന്തോഷം. അപ്പോൾ ഒരാൾ സംശയം ചോദിച്ചു.
"നമ്മൾ പന്ത്രണ്ട് പേർ ആയിരുന്നുവല്ലോ? ഇപ്പോൾ എത്രപേരുണ്ട്..?"
എണ്ണിനോക്കി. പതിനൊന്ന്
"ഒരാൾ എവിടെ..?"
കുരിശിൽ തറച്ചയാളെ പരിശോധിച്ചു.
മുഖം ഈസയുടേത് പോലെ തന്നെ. ഉടലോ? ഉടൽ നമ്മുടെ സഹോദരന്റേത് തന്നെ. അവർ ആശയക്കുഴപ്പത്തിലായി. ഈ ആശയക്കുഴപ്പം പിന്നെയും നിലനിന്നു. ഈസയെ കുരിശിൽ തറച്ചുവെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. ഇന്നും ആ പ്രഖ്യാപനം ആവർത്തിക്കുന്നു...
സൂറത്ത് നിസാഇലെ ചില വചനങ്ങൾ നോക്കാം. ഇസാഈലികൾ ശപിക്കപ്പെടാനുള്ള രണ്ട് കാരണങ്ങൾ പറയുന്നു.
ഒന്ന്: മർയം (റ) വിന്റെ പേരിൽ ദുരാരോപണം നടത്തി.
രണ്ട്: ഈസാ (അ) നെ കുരിശിൽ തറച്ചുകൊന്നുവെന്ന് ധിക്കാരം
പറഞ്ഞു.
മർയം (റ)യെ വ്യഭിചാരിണി എന്നുവിളിച്ചു. പുത്രനെ ജാരസന്തതിയെന്ന് വിളിച്ചു. ഈസയെ കുരിശിൽ തറച്ചുകൊന്നുവെന്ന് ധിക്കാരമായി പറഞ്ഞുനടന്നു.
ഖുർആൻ ഇതെല്ലാം നിഷേധിക്കുന്നു. "ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്." (4:157)
"എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ." (4:158)
എല്ലാ തെറ്റിദ്ധാരണകളെയും നീക്കുന്ന വിധമാണ് വിശുദ്ധ ഖുർആനിന്റെ പ്രഖ്യാപനം. കുരിശു സംഭവം നടന്നകാലം മുതൽ ഊഹങ്ങളും സംശയങ്ങളും നിലനിൽക്കുകയായിരുന്നു. കുരിശിൽ തറച്ചുകൊല്ലപ്പെട്ട ആളെക്കുറിച്ചു ഒരു ഉറപ്പും ഇല്ലായിരുന്നു.
വിശുദ്ധ ഖുർആൻ എല്ലാ സംശയങ്ങളും നീക്കിക്കളഞ്ഞു. ഈസാ (അ) കൊല്ലപ്പെട്ടിട്ടില്ല. ആകാശത്തിലേക്കുയർത്തപ്പെട്ടു. ഇനി അന്ത്യനാളിന്നടുത്ത് ഭൂമിയിലേക്കിറങ്ങി വരും. സത്യമതം പ്രബോധനം ചെയ്യും...
Part : 31
*🔖 ശക്തമായ ഈമാൻ (1)*
"നമുക്കു കടൽ തീരത്തേക്ക് പോവാം." ഈസാ (അ) ശിഷ്യന്മാരോട് പറഞ്ഞു. എല്ലാവരും നടന്നു കടൽ തീരത്തെത്തി.
ഈസാ (അ) കടലിലേക്കിറങ്ങി. ജലവിതാനത്തിലൂടെ നടന്നു. തിരമാലകൾ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. അതിനൊപ്പം ഈസാ (അ) ഉയരുകയും താഴുകയും ചെയ്യുന്നത് ശിഷ്യന്മാർ കണ്ടു. അതിശയപ്പെട്ടു..!!
ഫുളെലുബ് ഇയാള് (റ) റിപ്പോർട്ട് ചെയ്യുന്നു. ശിഷ്യന്മാർ ഈസാ (അ) നോട് ചോദിച്ചു. "ഓ.... ഈസബ്നുമർയം..! അങ്ങ് എന്തുകൊണ്ടാണ് താഴ്ന്നുപോവാതെ ജലവിതാനത്തിൽ നടക്കുന്നത്..?"
ഉടനെ വന്നു മറുപടി: "ഈമാനും യഖീനും കൊണ്ട്."
അപ്പോൾ ശിഷ്യന്മാർ പറഞ്ഞു: "ഞങ്ങൾക്കും ഈമാനുണ്ട്. യഖീനും ഉണ്ട്."
“എന്നാൽ വെള്ളത്തിൽ നടന്നോളൂ... എന്നെപ്പോലെ."
ഈസാ (അ) കടലിലേക്കിറങ്ങി. ശിഷ്യന്മാരും കൂടെ ഇറങ്ങി. ശിഷ്യന്മാർ വെള്ളത്തിൽ താഴ്ന്നുപോയി. എല്ലാവരേയും ഈസാ (അ) പിടിച്ചു കരക്കുകയറ്റി. തങ്ങളുടെ ഈമാനും യഖീനും ദുർബ്ബലമാണെന്ന് ശിഷ്യന്മാർക്കു ബോധ്യമായി.
ഈസാ (അ) ചോദിച്ചു: "എന്തേ നിങ്ങൾക്ക് പറ്റിയത്..?"
"ഞങ്ങൾ കടൽത്തിരകൾ കണ്ട് ഭയന്നുപോയി."
"തിരകളെയാണോ ഭയപ്പെടുന്നത്? തിരകൾ സൃഷ്ടിച്ച റബ്ബിനെയല്ലേ ഭയപ്പെടേണ്ടത്..?" ഈസാ (അ) ചോദിച്ചു...
എന്നിട്ട് കൈകൊണ്ട് ഭൂമിയിൽ അടിച്ചു. രണ്ട് കൈകളിലും മണ്ണുവാരി. ഒരുകൈയിലുള്ളത് സ്വർണ്ണമായി. മറ്റേ കൈയിലുള്ളത് വെറും മണ്ണ്...
"ഏത് കൈയിലുള്ളതിനോടാണ് നിങ്ങളുടെ മനസ്സിന് ഇഷ്ടം തോന്നുന്നത്..?" ഈസാ (അ) ചോദിച്ചു.
"സ്വർണ്ണത്തോട്." എല്ലാവരും ഉത്തരം നൽകി.
"രണ്ട് കൈയിലുള്ളതും എനിക്ക് ഒരുപോലെയാകുന്നു." ഈസാ (അ) പറഞ്ഞു.
ശിഷ്യന്മാർക്കും മഹത്തായൊരു പാഠം പഠിക്കാൻ കഴിഞ്ഞു...
മണ്ണും സ്വർണ്ണവും ഒരുപോലെ കാണാൻ കഴിയുന്ന അവസ്ഥ വരണം. അപ്പോൾ കടലിൽ നടക്കാം. താഴ്ന്നുപോവില്ല. ദുൻയാവിന്റെ പ്രതീകമാണ് സ്വർണ്ണം...
ഈസാ (അ) പരുക്കൻ കമ്പിളി വസ്ത്രം ധരിച്ചു. മരത്തിന്റെ ഇലകൾ ഭക്ഷിച്ചു. കിടന്നുറങ്ങാൻ വീടില്ല. തുറന്ന സ്ഥലത്ത് കിടന്നുറങ്ങി. സ്വത്തില്ല. കൈവശം യാതൊന്നുമില്ല...
ഖിയാമം നാളിനെക്കുറിച്ചു ആരെങ്കിലും സംസാരിക്കുന്നത് കേട്ടാൽ അദ്ദേഹം പൊട്ടിക്കരയുകയും അട്ടഹസിക്കുകയും ചെയ്യും. ഉപദേശം കേട്ടാൽ പൊട്ടിക്കരയും.
ഇസ്ഹാഖ് ബ്നു ബിശ്റ് (റ) പറയുന്നു: ഖിയാമം നാളിൽ ഈസാ (അ) പരിത്യാഗികളുടെ (സാഹിദീങ്ങളുടെ) നേതാവായിരിക്കും...
ഈസാ (അ) ഇങ്ങനെ ഉപദേശിച്ചു. സഹോദരങ്ങളെ..! നിങ്ങൾ സംസാരം വർദ്ധിപ്പിക്കരുത്. അത് നിങ്ങളുടെ ഹൃദയം കഠിനമാക്കിത്തീർക്കും. ദിക്റുകൾ വർദ്ധിപ്പിക്കുക...
ഈസാ (അ) എത്ര കൊല്ലം ഭൂമിയിൽ ജീവിച്ചു..? അൽഹാഫിള് ഇബ്നു അസാകിറിന്റെ റിപ്പോർട്ടുണ്ട്. നബി ﷺ തങ്ങൾ പറഞ്ഞു: ഈസബ്നു മർയം നാല്പത് കൊല്ലം ഇസാഈല്യർക്കിടയിൽ താമസിച്ചു.
തരീർ, സൗരി എന്നിവരുടെ റിപ്പോർട്ട്:
ഈസാ (അ) തന്റെ സമൂഹത്തിൽ നാല്പത് കൊല്ലം താമസിച്ചു.
അമീറുൽ മുഅ്മിനീൻ അലി (റ) പറയുന്നു: റമളാൻ മാസം ഇരുപത്തിരണ്ടാം രാവിലാണ് ഈസാ (അ) ആകാശത്തേക്ക് ഉയർത്തപ്പെട്ടത്...
Part : 32
*🔖 ശക്തമായ ഈമാൻ (2)*
ളസാക് (റ) വിന്റെ റിപ്പോർട്ട്.
ഈസാ (അ) ആകാശത്തേക്ക് ഉയർത്തപ്പെട്ട രാത്രി ഉമ്മ മർയം (റ) കൂടെയുണ്ട്. ഉമ്മയും മകനും വേർപിരിയുകയാണ്. കണ്ണീരോടെ വിടപറഞ്ഞു...
ഒരു മേഘം താഴ്ന്നുവന്നു. ഈസാ(അ) അതിൽ ഇരുന്നു. മേഘം ഉയർന്നു. ഈസാ (അ) തന്റെ പുതപ്പ് ഉമ്മാക്ക് നൽകി. ഉമ്മ അത് മാറോട് ചേർത്തു പിടിച്ചു വിതുമ്മിക്കരഞ്ഞു. ഉമ്മ പറഞ്ഞു: ഖിയാമം നാളിൽ എനിക്കും എന്റെ മകന്നും പരസ്പരം തിരിച്ചറിയാനുള്ള അടയാളമാണിത്. ഈസാ (അ) തന്റെ തലപ്പാവ് ശിഷ്യനായ ശംഊൻ അവർകൾക്ക് നൽകി.
മേഘം ഉയരാൻ തുടങ്ങി. നിറഞ്ഞ കണ്ണുകളോടെ ഉമ്മ നോക്കിനിന്നു. ഉമ്മ കൈകൊണ്ട് യാത്രാമംഗളം അറിയിച്ചു. മർയം (റ) തന്റെ മകനെ സ്നേഹിച്ചത് പോലെ ഏത് ഉമ്മാക്കാണ് സ്വപുത്രനെ സ്നേഹിക്കാൻ കഴിയുക..!
പിതാവിന്റെയും മാതാവിന്റെയും സ്നേഹമാണവർ ഈസാ (അ)ന്ന് നൽകിയത്. ഇരട്ടി സ്നേഹം. മകൻ കൺമുമ്പിൽ നിന്ന് മറഞ്ഞപ്പോഴുള്ള ദുഃഖവും അങ്ങനെ തന്നെ. എല്ലാം അല്ലാഹുﷻവിൽ സമർപ്പിച്ചു. ആ സമർപ്പണത്തിൽ ആശ്വാസം കണ്ടു.
അൽഹാഫിള് ഇബ്നു അസാകിറിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: ജൂതന്മാർ തങ്ങൾ ഈസായെ കുരിശിൽ തറച്ചുകൊന്നു എന്ന് പ്രചരിപ്പിച്ചു. കുരിശ് സംഭവം നടന്നു ഏഴാദിവസം രണ്ട് സ്ത്രീകൾ
ഖബർ സിയാറത്ത് ചെയ്യാൻ വരുന്നു.
കുരിശിൽ തറച്ചു കൊല്ലപ്പെട്ട ആളുടെ ഖബറാണത്. ഈസാ നബി (അ) ന്റെ ഖബറാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന സന്ദർഭം. സ്ത്രീകളിൽ ഒരാൾ യഹ്യാ നബി (അ)ന്റെ ഉമ്മ. രണ്ടാമത്തേത് മർയം (റ).
പെട്ടെന്ന് മർയമിന്റെ മുമ്പിൽ ഒരു പുരുഷൻ പ്രത്യക്ഷപ്പെട്ടു. അന്യപുരുഷന്റെ മുമ്പിൽ സ്ത്രീ പ്രത്യക്ഷപ്പെടാൻ പാടില്ല. മറഞ്ഞുനിൽക്കണം. മർയം (റ) മറഞ്ഞുനിൽക്കാൻ ശ്രമിച്ചു. യഹ്‌യ(അ) ന്റെ ഉമ്മ മർയം (റ) യുടെ ഉമ്മായുടെ മൂത്ത സഹോദരിയാണ് മൂത്തമ്മ.
മർയം (റ) മൂത്തമ്മയോട് ചോദിച്ചു: "മൂത്തമ്മാ... അന്യപുരുഷൻ
നിൽക്കുന്നത് കണ്ടില്ലേ? നിങ്ങളെന്താ മറഞ്ഞു നിൽക്കാത്തത്..?"
"പുരുഷനോ? എവിടെ? ഞാനാരെയും കാണുന്നില്ലല്ലോ."
മർയം (റ) ക്ക് സംശയമായി. പുരുഷൻ കൺമുമ്പിലുണ്ട്. താൻ അദ്ദേഹത്തെ കാണുന്നുണ്ട്. മൂത്തമ്മ കാണുന്നില്ല. അതെന്താ? വാസ്തവത്തിൽ ഇയാൾ ശരിയായ മനുഷ്യനല്ലേ? മുഖത്തേക്കു സൂക്ഷിച്ചുനോക്കി. പരിചയമുള്ള മുഖം. അതെ..! ഇത് അദ്ദേഹം തന്നെ. ജിബ്രീൽ (അ)...
"ഓ.. മർയം എന്തിനിവിടെ വന്നു..?" ജിബ്രീൽ (അ) ചോദിച്ചു.
"ഖബർ സന്ദർശിക്കാൻ."
ജിബ്രീൽ (അ) പറഞ്ഞു: "ഇത് ഈസാ (അ) ന്റെ ഖബർ അല്ല. യഹൂദികൾ ഊഹം വെച്ചു പറയുന്നതാണ്. ഈസാ (അ) നെ അല്ലാഹു ﷻ ആകാശത്തേക്ക് ഉയർത്തി. രൂപസാദൃശ്യമുള്ള ഒരാളെ പിടിച്ചു കുരിശിൽ തറച്ചുകൊന്നു. അതാണുണ്ടായത്. അയാളുടെ ഖബറാണിത്."
മർയം (റ) മൂത്തമ്മയോടൊപ്പം മടങ്ങിപ്പോന്നു. മടങ്ങാൻ നേരം ജിബ്രീൽ (അ) ഇങ്ങനെ അറിയിച്ചു. മരങ്ങൾ തിങ്ങിവളർന്ന ഒരു പ്രദേശമുണ്ട്. അവിടെ എത്തിച്ചേരുക. മകനെ കാണാം.
ജിബ്രീൽ (അ) ഉയർന്നുപോയി.
മരങ്ങൾ തിങ്ങിയ പ്രദേശത്ത് എത്തേണ്ട ദിവസം കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ആ ദിവസം തന്നെ കൃത്യസമയത്ത് മർയം (റ) അവിടെയെത്തി. പുത്രനെ കണ്ടു.
പുത്രൻ ഉമ്മയോടിങ്ങനെ പറഞ്ഞു: "ഉമ്മാ... എന്നെ അവർ കൊന്നിട്ടില്ല. അല്ലാഹു ﷻ എന്നെ ഉയർത്തുകയാണ് ചെയ്തത്. എനിക്ക് ഉമ്മയെ കാണാൻ അനുമതി കിട്ടി. ഉമ്മാ... ഉമ്മാക്ക് ഇനി അധിക കാലത്തെ ആയുസ്സില്ല. മരണം അടുത്തുവരികയാണ്. ക്ഷമ മുറുകെ പിടിക്കുക. ധാരാളമായി ദിക്റ് ചൊല്ലുക. ഈസാ (അ) ഉയർന്നുപോയി. അതായിരുന്നു അവസാനത്തെ കാഴ്ച. പിന്നെ മരണംവരെ കണ്ടിട്ടില്ല...
Part : 33
*🔖 ശക്തമായ ഈമാൻ (3)*
അഞ്ചു വർഷങ്ങൾ. സംഭവ ബഹുലമായ അഞ്ചു വർഷങ്ങൾ കടന്നുപോയി. മർയം (റ) യുടെ ആയുസ്സ് അവസാനിച്ചു. മർയം (റ) വഫാത്തായി. മരണപ്പെടുമ്പോൾ മർയം (റ)വിന്ന് അമ്പത്തി മൂന്ന് വയസ്സ് പ്രായമായിരുന്നുവെന്ന് ഒരു റിപ്പോർട്ടിൽ കാണുന്നു.
ഹസൻ ബസ്വരി (റ) പറയുന്നു: ആകാശത്തേക്ക് ഉയർത്തപ്പെടുമ്പോൾ ഈസാ (അ)ന്ന് മുപ്പത്തിനാല് വയസ്സ് പ്രായമായിരുന്നു.
ഹമ്മാദുബ്നു സൽമ പറയുന്നു: ആകാശത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ ഈസാ (അ) ന്റെ പ്രായം മുപ്പത്തിമൂന്ന് ആയിരുന്നു.
അബൂസ്വാലിഹ്, അബൂ മാലിക് എന്നിവരിൽ നിന്ന് സുദ്ദി ഉദ്ധരിക്കുന്നു. ഈസാ (അ) ന്റെ ജീവിതകാലത്ത് നടന്ന സംഭവം. "ഇസാഈല്യരിൽ പെട്ട ഒരു രാജാവ് മരണപ്പെട്ടു. സംസ്കരിക്കാനായി ചുമന്നുകൊണ്ട് പോവുകയാണ്. അപ്പോൾ ഈസാ (അ) വന്നു. അല്ലാഹു ﷻ വിനോട് പ്രാർത്ഥിച്ചു. അല്ലാഹു ﷻ രാജാവിന്ന് ജീവൻ തിരിച്ചു നൽകി."
ജനങ്ങളെല്ലാം ഈ സംഭവത്തിന്ന് ദൃക്സാക്ഷികളായി. ഒരിക്കൽ ഈസാ (അ) പറഞ്ഞു: എന്റെ ഭവനം മസ്ജിദ് ആകുന്നു. എന്റെ വിളക്ക് ചന്ദ്രനാകുന്നു. എന്റെ പാനീയം വെള്ളമാകുന്നു. എന്റെ വസ്ത്രം കമ്പിളിയാകുന്നു. എന്റെ കൂട്ടുകാർ മിസ്കീൻമാരാകുന്നു...
മറ്റൊരിക്കൽ ഈസാ (അ) പറഞ്ഞു: ഗോതമ്പിന്റെ പരുക്കൻ റൊട്ടി കഴിക്കുക. വെള്ളം കുടിക്കുക. അത് മതി. ദുൻയാവിൽ നിന്ന് ആഖിറത്തിലേക്കു സുരക്ഷിതരായി യാത്ര പോവുക. സത്യമായും ഞാൻ പറയുന്നു: ദുൻയാവിലെ മധുരം പരലോകത്ത് കയ്പാകുന്നു. ദുൻയാവിലെ കയ്പ്പ് പരലോകത്തെ മധുരമാകുന്നു. അല്ലാഹു ﷻ വിന്റെ യഥാർത്ഥ അടിമകൾ ദുനിയാവിന്റെ സുഖം തേടിപ്പോവുകയില്ല.
സത്യം ചെയ്തു ഞാൻ പറയുന്നു: നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നികൃഷ്ഠൻ താൻ നേടിയ ഇൽമ് തന്റെ ശാരീരികേച്ഛക്കുവേണ്ടി ഉപയോഗിച്ച പണ്ഡിതനാണ്.
ഈസാ (അ) പറഞ്ഞു: ഓ ഇസാഈല്യരേ..! ദുർബ്ബലരായ മനുഷ്യമക്കളേ..! അല്ലാഹു ﷻ വിനെ സൂക്ഷിക്കുക. ദുൻയാവിൽ ഒരു വിരുന്നുകാരനെപ്പോലെ (സഞ്ചാരിയെപ്പോലെ) ജീവിക്കുക. മസ്ജിദിൽ തന്നെ കഴിഞ്ഞുകൂടുക. കണ്ണുകളെ കരയാൻ പരിശീലിപ്പിക്കുക. ശരീരത്തെ ക്ഷമ പഠിപ്പിക്കുക. അല്ലാഹു ﷻ വിനെക്കുറിച്ചു ചിന്തിക്കാൻ ഖൽബിനെ പരിശീലിപ്പിക്കുക. നാളത്തെ ആഹാരത്തിന്റെ കാര്യത്തിൽ വെപ്രാളം കാണിക്കരുത്...
ഈസാ (അ) പറഞ്ഞു: സന്തോഷവാർത്ത - സ്വന്തം തെറ്റുകളെക്കുറിച്ചോർത്ത് ഖേദിച്ചു കരയുന്നവർക്കും നാവിനെ നന്നായി
സൂക്ഷിക്കുന്നവർക്കുമാണ് സന്തോഷവാർത്ത...
ഒരിക്കൽ ഈസ (അ) നടന്നുപോവുകയായിരുന്നു. പുതിയൊരു ഖബർ കണ്ടു. അതിന്നടുത്തിരുന്ന ഒരു സ്ത്രീ തേങ്ങിക്കരയുന്നു.
"എന്തിനാണ് കരയുന്നത്..?" ഈസ (അ) ചോദിച്ചു.
"എന്റെ പൊന്നുമോളാണ് ഈ ഖബറിലുള്ളത്. എന്റെ ഒരേയൊരു മോൾ. അവൾ മരിച്ചു. ഇക്കഴിഞ്ഞ ദിവസം ഖബറടക്കി. ഈ ഖബറിലാണവളുള്ളത്. മർയമിന്റെ മകൻ ഈസാ നബിയേ..! എന്റെ മോളുടെ ജീവൻ തിരിച്ചു തരണം. അല്ലാതെ പറ്റില്ല..."
ഈസാ (അ) പ്രാർത്ഥിച്ചു. വടികൊണ്ട് ഖബറിലടിച്ചു. പലതവണ അടിച്ചശേഷമാണ് മകൾ ഖബറിൽ നിന്ന് പുറത്ത് വന്നത്. മനസ്സില്ലാ മനസ്സോടെ. വന്നപാടെ ഉമ്മയോട് പരിഭവം പറഞ്ഞു...
"എന്തിനാണുമ്മാ എന്നെ ജീവിപ്പിച്ചത്..? രണ്ട് തവണ മരണവേദന അനുഭവിക്കാൻ ഇടവരുത്തിയതെന്തിനാണ്..?"
അത് കേട്ടപ്പോൾ ഉമ്മാക്കും വിഷമം വന്നു. മകൾ ഈസാ (അ)നോട് പറഞ്ഞു: എനിക്ക് ഇപ്പോൾ തന്നെ മരിക്കണം, ഖബറിലേക്കു മടങ്ങണം. ദുനിയാവിലെ ജീവിതം മതിയായി. അതിന്ന് വേണ്ടി അങ്ങ് പ്രാർത്ഥിക്കുക. ഈസാ (അ) പ്രാർത്ഥിച്ചു. മകൾ മരണപ്പെട്ടു. ഖബറിലേക്കു മടങ്ങി...
ഒരിക്കൽ ഒരു കള്ളൻ വന്നു. മോഷണം നടത്തി. അത് കണ്ട് ഈസാ (അ) ചോദിച്ചു: "ഹേ... മനുഷ്യാ... നീ മോഷണം നടത്തുകയാണോ..?"
കള്ളൻ പറഞ്ഞു: "ഇല്ല. അല്ലാഹു ﷻ വാണ് സത്യം ഞാൻ മോഷണം നടത്തിയിട്ടില്ല."
ഈസാ (അ) പറഞ്ഞു: "ഞാൻ അല്ലാഹു ﷻ വിൽ വിശ്വസിക്കുന്നു. കണ്ണുകളെ വിശ്വസിക്കുന്നില്ല."
കള്ളൻ അല്ലാഹു ﷻ വിന്റെ പേരിൽ സത്യം ചെയ്തപ്പോൾ ഈസാ (അ) തർക്കിക്കാൻ നിന്നില്ല...
Part : 34
*🔖 ഐശ്വര്യകാലം (1)*
ലോകാവസാനത്തെക്കുറിച്ച് നബി ﷺ സ്വഹാബികൾക്ക് വിവരിച്ചു കൊടുത്തു. സ്വഹാബികൾ ഭയന്നുപോയി. അന്ത്യനാളിലെ ഭയാനക സംഭവങ്ങൾ..! അന്ത്യനാളിന്റെ അടയാളങ്ങളായിരുന്ന മഹാസംഭവങ്ങൾ വിവരിച്ചു. അതിനുശേഷം ചെറിയ അടയാളങ്ങളായി വിശേഷിപ്പിക്കപ്പെട്ട കാര്യങ്ങൾ പറഞ്ഞു.
വല്ലാത്ത ഉത്കണ്ഠയോടെ സ്വഹാബികൾ അവ കേൾക്കുന്നു. എല്ലാം നേരിൽ കാണുംപോലെ. അന്ത്യനാളിന്റെ പ്രധാന അടയാളങ്ങളിൽ പെട്ടതാണ് ഇമാം മഹ്ദി (റ) ന്റെ ആഗമനം.
മസീഹുദ്ദജ്ജാലിന്റെ അരങ്ങേറ്റം തുടർന്നുണ്ടാവുന്നു. പിന്നാലെ ഈസാ (അ) ഇറങ്ങിവരുന്നു. മുസ്ലിം ലോകം പ്രശ്നസങ്കീർണ്ണമായിത്തീരുന്നകാലം. പടിഞ്ഞാറൻ ശക്തികൾ മുസ്ലിം ലോകത്തെ വരിഞ്ഞുമുറുക്കും. മുഅ്മിനീങ്ങൾ വല്ലാതെ കഷ്ടപ്പെടും. അക്കാലത്താണ് ഇമാം മഹ്ദി (റ) പ്രത്യക്ഷപ്പെടുന്നത്.
സമാധാനത്തിന്റെ സന്തോഷത്തിന്റെ കാലം വരും. മഹ്ദി (റ) വലിയ എതിർപ്പുകൾ നേരിടും. മുഅ്മിനീങ്ങൾ അദ്ദേഹത്തോടൊപ്പം കൂടും. വമ്പിച്ച മുസ്ലിം സൈന്യം രൂപംകൊള്ളും. അനീതിക്കെതിരെ ആഞ്ഞടിക്കും. വിജയം നേടും. മുസ്ലിംകളുടെ പ്രതാപകാലം തിരിച്ചുവരും...
ജൂത ഭീകരനാണ് ദജ്ജാൽ. ദജ്ജാലിനെ ജൂതൻമാർ ആർത്ത് വിളിച്ചു സ്വീകരിക്കും. പ്രധാന അനുയായികൾ ജൂതന്മാർ തന്നെ. ലോകത്തിന്റെ നാശത്തിന്നുവേണ്ടി
ദജ്ജാൽ ഇറങ്ങിപ്പുറപ്പെടും. മദീനയാണവന്റെ ലക്ഷ്യം, അനുയായികളോടൊപ്പം പുറപ്പെടും.
മദീനയുടെ അതിരുകളിൽ മലക്കുകളുടെ കാവലുണ്ട്. അവർ ദജ്ജാലിനെ തടയുന്നു.
ദജ്ജാലിന്റെ കോപം വർദ്ധിക്കും. കോപാകുലനായി കാല്കൊണ്ട്
നിലത്തടിക്കും, മദീന വിറകൊളളും, മൂന്നുതവണ ഇതാവർത്തിക്കും. സകല കപടവിശ്വാസികളും മദീന വിട്ടോടിപ്പോവുന്നു. എല്ലാവരും ദജ്ജാലിന്റെ കൂടെകൂടുന്നു.
മസ്ജിദുന്നബവിയുടെ നേരെ നോക്കി അവൻ രോഷം കൊള്ളും. പലതും വിളിച്ചുപറയും, എത്രയോ കാലങ്ങളായി മുസ്ലിംകൾ ഓരോരുത്തരും മസീഹുദജ്ജാലിന്റെ ആക്രമണത്തിൽ നിന്ന് കാവലിനെ തേടുന്നു. എപ്പോൾ..? നിസ്കാരത്തിൽ. അത്തഹിയ്യാത്തിൽ. ഈ കാവൽതേടൽ തുടരുന്ന കാലത്തോളം ദജ്ജാൽ പുറപ്പെടുകയില്ല...
ഒരുകാലം വരും. അന്ന് മുസ്ലിം മനസ്സുകളിൽ ദുൻയാവിനെക്കുറിച്ചുള്ള ചിന്ത നിറയും. പരലോക ചിന്തയില്ല. മരണത്തെ മറക്കും. അക്കാലത്ത് ദജ്ജാൽ വരും.
നാല്പത് ദിവസമാണ് ദജ്ജാലിന്റെ കാലം. ആദ്യ ദിവസം ഒരു വർഷം പോലെയാണ്. രണ്ടാം ദിവസം ഒരുമാസം പോലെയാണ്. അടുത്ത ദിവസം ഒരാഴ്ചപോലെ. ബാക്കി ദിവസങ്ങൾ പതിവുപോലെ.
ഇമാം മഹ്ദിയുടെ മുന്നേറ്റം തുടരുക തന്നെയാണ്...
മഹാനവർകൾ ഇസ്ലാമിക ഭരണം നടത്തും. ഭരണം എത്രകാലം നീണ്ട് നിൽക്കും? വ്യത്യസ്ഥ അഭിപ്രായങ്ങൾ കാണുന്നു. ഏഴ് കൊല്ലം, എട്ടുകൊല്ലം, ഒമ്പത്, പതിനാല്, മുപ്പത് വർഷം എന്നിങ്ങനെ പോവുന്നു അവ...
മുപ്പത്, നാല്പ്പത്, നാല്പത്തിമൂന്ന് വർഷങ്ങൾ എന്ന് പറഞ്ഞവരുമുണ്ട്, ദജ്ജാലിന്റെ ഉപദ്രവം നാൾക്കുനാൾ വർദ്ധിക്കുകയാണ്. മുഅ്മിനീങ്ങൾ കഷ്ടപ്പെടുന്നു. ശക്തമായ ഈമാൻ ഉള്ളവർ പിടിച്ചു നിൽക്കുന്നു, ദുർബ്ബലൻ വഴിമുട്ടിപ്പോവുന്നു. എന്തൊരുകാലം..!
ജൂതന്മാർ ആർത്തട്ടഹസിക്കുന്നു. അവർ ദജ്ജാലിന്റെ സഹായികൾ, മുഅ്മിനീങ്ങളെ അവർ ശ്രതുക്കളായി കാണുന്നു. മുഅ്മിനീങ്ങളോടുള്ള ജൂതന്മാരുടെ കുടിപ്പക. അത് മറനീക്കി പുറത്ത് വരുന്നു.
ആകാശത്തേക്കുയർത്തപ്പെട്ട ഈസാ (അ) ഒരിക്കൽ ഭൂമിയിൽ ഇറങ്ങിവരും. ഈസാ (അ) ന്റെ ഇറങ്ങിവരൽ ഖിയാമം നാളിന്റെ
പ്രധാന അടയാളങ്ങളിൽ പെട്ടതാകുന്നു...
Part : 35
*🔖 ഐശ്വര്യകാലം (2)*
ആകാശത്തേക്കുയർത്തപ്പെട്ട ഈസാ (അ) ഒരിക്കൽ ഭൂമിയിൽ ഇറങ്ങിവരും. ഈസാ (അ) ന്റെ ഇറങ്ങിവരൽ ഖിയാമം നാളിന്റെ
പ്രധാന അടയാളങ്ങളിൽ പെട്ടതാകുന്നു.
മുസ്ലിംകളും ജൂതന്മാരും തമ്മിൽ ഏറ്റുമുട്ടൽ നടക്കും. ധാരാളം നാശനഷ്ടങ്ങൾ യുദ്ധം മൂലമുണ്ടാവും.
മുസ്ലിംകൾക്ക് പരീക്ഷണകാലമാണ്.
ഈമാൻ രക്ഷപ്പെടുത്താൻ വളരെ പ്രയാസം നേരിടും. ദജ്ജാൽ മുസ്ലിംകൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തും. ദജ്ജാലിനെ വധിക്കുന്നത് ഈസാ (അ) ആകുന്നു. അക്കാര്യം അറിയാവുന്നവർ ഈസാ (അ) നെ കാത്തിരിക്കും.
ഡമസ്കസിന് കിഴക്കുള്ള വെള്ളമിനാരത്തിന് സമീപം രണ്ട് മലക്കുകളുടെ ചിറകുകളിൽ കൈവെച്ച് കൊണ്ട് ഇറങ്ങിവരും. പ്രഭാത സമയത്താണ് ഇറങ്ങിവരിക.
സുബ്ഹി നിസ്കാരത്തിന്റെ സമയം. ബാങ്ക് മുഴങ്ങുന്നു. അല്പം കഴിഞ്ഞ് ഇഖാമത്ത് കൊടുക്കുന്നു. ഈസാ (അ) മസ്ജിദിൽ പ്രവേശിക്കും. സുബ്ഹി നിസ്കരിക്കും.
അതിന്ന്ശേഷം ദജ്ജാലിനെ വധിക്കാൻ പുറപ്പെടും. ഈസാ (അ) നെ കാണുന്നതോടെ ദജ്ജാൽ പിന്തിരിഞ്ഞോടും. നബി അവനെ പിന്തുടരും. വധിക്കും. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം.
"നിശ്ചയമായും ഈസാ അന്ത്യസമയത്തിനുള്ള ഒരു അറിവ് (അടയാളം) ആകുന്നു. അതിനാൽ നിങ്ങൾ അതിനെപ്പറ്റി ഒട്ടും സംശയിക്കേണ്ട. നിങ്ങൾ എന്നെ പിന്തുടരുക. ഇതാണ് ചൊവ്വായ വഴി." (43:61)
ഈസാ (അ) ദൈവമാണെന്ന വാദം അദ്ദേഹം നിഷേധിക്കും. ദൈവ പുത്രനാണെന്ന വാദവും നിഷേധിക്കും. ഇഞ്ചീലിന്റെ കോപ്പികൾ ബാക്കിവെക്കില്ല. കരിച്ചുകളയും. ഇനി വിശുദ്ധഖുർആൻ മതി. അന്ത്യപ്രവാചകരുടെ ശരീഅത്ത് നടപ്പിലാക്കും.
നീതിയും സത്യവും നിറഞ്ഞ ഭരണം സ്ഥാപിക്കും. ക്രിസ്ത്യാനികളുടെ വിശ്വാസത്തിലെ വൈരുധ്യങ്ങൾ നീക്കും, ഇസ്ലാമിന്റെ ശ്രതുക്കളോട് യുദ്ധം ചെയ്യും. ശത്രുക്കളെ പരാജയപ്പെടുത്തും. ഇസ്ലാം കരുത്താർജ്ജിക്കും. അധികാരത്തിൽ വരും. ലോക ഇസ്ലാമിക രാഷ്ട്രം നിലവിൽ വരും.
ചുവപ്പ് കലർന്ന വെള്ളനിറം, വടിവൊത്ത ശരീരം, രണ്ട് നിറമുള്ള
വസ്ത്രങ്ങൾ ധരിക്കും. തലമുടിയിൽ നിന്ന് വെള്ളം ഇറ്റ് വീഴുന്ന പോലെ തോന്നും. പന്നിയെ കൊല്ലും, കുരിശുടക്കും. നാൽപ്പത് വർഷം സൽഭരണം നടത്തും.
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. ഡമസ്കസിന്ന് കിഴക്കുള്ള വെള്ള മിനാരത്തിന് സമീപം ഈസാ (അ) വന്നിറങ്ങും. രണ്ട് മലക്കുകളുടെ ചിറകിൽ കൈവെച്ചാണ് ഇറങ്ങിവരിക. രണ്ട് നിറമുള്ള വസ്ത്രം ധരിക്കും. തലതാഴ്ത്തിയാൽ വെള്ളം ഇറ്റിവീഴും.
ശിരസ്സുയർത്തിയാൽ മുത്തുമണികൾ പോലുള്ള വെള്ളത്തുള്ളികൾ വീഴും. ശരീരത്തിൽ നിന്ന് സുഗന്ധം വമിക്കും. കണ്ണെത്തുന്ന ദൂരംവരെ അതിന്റെ പരിമളം പരക്കും. ദജ്ജാലിനെ കാണും. അതിനെ വധിക്കും. മുസ്ലിംകൾ ആശ്വാസം
കൊള്ളും.
ഈസാ (അ) നെ ഒറ്റിക്കൊടുക്കാൻ കൈക്കൂലി വാങ്ങിയ യൂദാസിനെക്കുറിച്ചു പല അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. കുരിശ് സംഭവത്തിന് ശേഷം അയാളെ ആരും കണ്ടിട്ടില്ല. ആത്മഹത്യ ചെയ്തുവെന്നു പറയുന്നവരുമുണ്ട്. ഊഹിച്ചു പറയുകയാണ്.
യൂദാസിന് ഈസാ നബിയുടെ മുഖരൂപം കിട്ടി. പുലർകാലത്തെ ഇരുട്ടിൽ ഈസാ നബിയാണെന്ന് അവർക്കുതോന്നിപ്പോയി. അയാളെ കൊണ്ട് പോയി കുരിശിൽ തറച്ചു.
കുരിശിൽ തറക്കപ്പെട്ടത് യൂദാസ് ആണോ മറ്റ് വല്ലവരുമാണോ എന്ന കാര്യത്തിൽ യഹൂദന്മാർക്ക് സംശയം.
അല്ലാഹു ﷻ പറയുന്നതിങ്ങനെ: "എന്നാൽ തന്റെ അടുക്കലേക്ക് അല്ലാഹു ﷻ ഈസായെ ഉയർത്തുകയാണ് ചെയ്തത്. അല്ലാഹു ﷻ എല്ലാവരെയും വിജയിക്കുന്നവനും മഹാ
തന്ത്രജ്ഞനുമാകുന്നു." (4:158)
യഹൂദന്മാർ അഹങ്കാരത്തോടെ പറഞ്ഞതിങ്ങനെ, "ഞങ്ങൾ ഈസായെ കുരിശിൽ തറച്ചുകൊന്നു." അത് വെറും ഊഹം മാത്രം, ക്രൈസ്തവരും വിശ്വസിക്കുന്നത് ഈസാ (അ) ക്രൂശിക്കപ്പെട്ടുവെന്നാണ്.
രണ്ടുകൂട്ടരും രണ്ട് വിധത്തിൽ കുരിശിനെ കാണുന്നു. അന്ത്യനാളിന്റെ അടയാളമായി ഈസാ (അ) വന്നാൽ എന്ത് സംഭവിക്കും..?
എല്ലാവരും അദ്ദേഹം പറയുന്നത് വിശ്വസിക്കും. എതിർക്കുന്നവർ
ഉണ്ടാവില്ല. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം. "ഈസാനബിയുടെ മരണത്തിന് മുമ്പായി അദ്ദേഹത്തിൽ വിശ്വസിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. പുനരുത്ഥാന ദിനത്തിൽ അവരുടെ മേൽ അദ്ദേഹം സാക്ഷിയാകുന്നതുമാണ്." (4:159)
ഈസാ (അ) ഭൂമിയിൽ ഇറങ്ങി വന്നശേഷം നാല്പത് കൊല്ലം നീതിമാനായ വിധികർത്താവായി ഭരണം നടത്തും. അതിന്നിടയിൽ വേദക്കാരെല്ലാം അദ്ദേഹത്തിൽ വിശ്വസിക്കും. പിന്തുണക്കും. ദജ്ജാലിനെ കൊല്ലും, പന്നിയെ കൊല്ലം, കുരിശ് മുറിച്ചുകളയും, നികുതികൾ നിർത്തലാക്കും. ധനം സംഭാവനയായി സ്വീകരിക്കാൻ ആളുണ്ടാവില്ല. ആവശ്യക്കാരില്ലാതെ ധനം ഒഴുകും. ദുനിയാവും അതിലുള്ളതും നിസ്സാരമായി തോന്നും.
ദുനിയാവിനെക്കാളും അതിലുള്ള എല്ലാത്തിനെക്കാളും ഉത്തമമായത് ഒരു സുജൂദ് ആണെന്ന് ആളുകൾ കരുതും.
മസീഹുദ്ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന് മുസ്ലിംകൾ അല്ലാഹു ﷻ വിനോട് കാവലിനെ തേടുന്നു. നിസ്കാരത്തിലെ അത്തഹിയ്യാത്തി
അവസാനിക്കുന്നത് അങ്ങനെയാണല്ലോ.
മസീഹുദ്ദജ്ജാൽ യഹൂദിയായ കള്ളവാദിയാണെന്നും പറയപ്പെട്ടിട്ടുണ്ട്. അവന്റെ അനുയായികൾ യഹൂദികളാണ്.
ഈസാ (അ) അവനെ വധിക്കും...
Part : 36. 【അവസാനം】*
*🔖 ഐശ്വര്യകാലം (3)*
ഈസാ (അ) മരണപ്പെടുമ്പോൾ മുസ്ലിം ലോകം മനസ്സുരുകി കരയും. മദീനയിലേക്കു മയ്യിത്ത് കൊണ്ട് പോവുമെന്നും, അനേക ജനങ്ങൾ മയ്യിത്ത് നിസ്ക്കരിക്കുമെന്നും, റൗളാശരീഫിൽ ഉമർ (റ) വിന്റെ
ഖബറിന്നുസമീപം ഖബറടക്കപ്പെടുമെന്നും രേഖകൾ പറയുന്നു.
ഇമാം മഹ്ദി (റ) വിന്റെ ജന്മനാട് മദീനയാകുന്നു. പലരുടെയും അഭിപ്രായം മഹദിയുടെ ഭരണകാലം ഏഴ് വർഷം ആകുന്നു. റോമക്കാരുമായി നിരന്തരയുദ്ധം നടത്തും ജയിക്കും, അനുഗ്രഹങ്ങളുടെ കാലമാണത്.
ഈസാ (അ)ന്റെ കാലവും അനുഗ്രഹീതമാണ്. ഈസാ (അ)ന്റെ വിയോഗത്തോടെ ഖിയാമത്തിന്റെ അലാമത്തുകൾ വേഗത്തിൽ വരും. ലോകം അവസാനിക്കും.
പരലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്നത് പ്രവാചകന്മാരാകുന്നു.
ഔലിയാക്കൾ, ശുഹദാക്കൾ, സ്വാലിഹീങ്ങൾ. ഇവരെല്ലാം ആദരിക്കപ്പെടും. പരലോകത്ത് വിചാരണ തുടങ്ങുന്നു. നീണ്ട വിചാരണ. രക്ഷാ-ശിക്ഷകൾ പ്രഖ്യാപിക്കപ്പെടും. സ്വർഗ്ഗവാസികൾ അങ്ങോട്ടുപോവുന്നു. നരകവാസികൾ അവരുടെ കേന്ദ്രത്തിലേക്ക് പോവും.
"തുഹ്ഫത്തുൽ അബ്റാർ ഫീ അശ്റത്തിസ്സാഅത്ത്' എന്ന കിതാബിൽ നബി ﷺ തൃക്കല്ല്യാണത്തെക്കുറിച്ച് വിശദമായ വിവരണമുണ്ട്. മർയം (റ), ആസിയ (റ), കുൽസൂ (റ) എന്നിവരെ അല്ലാഹു ﷻ നബി ﷺ തങ്ങൾക്ക് വിവാഹം ചെയ്തു കൊടുക്കും. വലീമത്ത് സൽക്കാരവും നടക്കും.
സ്വർഗ്ഗവാസികൾ പരസ്പരം സന്ദർശനം നടത്തും. അതിന്റെ പരിപാടി ഇങ്ങനെ:
ശനി - മക്കൾ പിതാവിനെ സന്ദർശിക്കും.
ഞായർ - പിതാവ് മക്കളെ സന്ദർശിക്കും.
തിങ്കൾ - ശിഷ്യന്മാർ ഗുരുവിനെ സന്ദർശിക്കും.
ചൊവ്വ - ഗുരു (ഉലമാഅ്) ശിഷ്യന്മാരെ വന്നുകാണും.
ബുധൻ - ജനങ്ങൾ (ഉമ്മത്ത്) അവരുടെ പ്രവാചകനെ ചെന്ന്
കാണും.
വ്യാഴം - പ്രവാചകന്മാർ തങ്ങളുടെ ഉമ്മത്തിനെ വന്നുകാണും.
വെള്ളി - എല്ലാവരും കൂടി നബിﷺതങ്ങളെ സന്ദർശിക്കും. നബിﷺതങ്ങളോടൊപ്പം അല്ലാഹുﷻവിനെ കാണാൻ പോകും. ഏറ്റവും അനുഗ്രഹീതമായ സമയം അതാകുന്നു.
തൃക്കല്ല്യാണം. പഴയകാലത്ത് നമ്മുടെ നാടുകളിൽ തൃക്കല്ല്യാണ വിവരണം മത പ്രഭാഷണത്തിന്റെ ഭാഗമായിരുന്നു. നല്ല വിവരണം നൽകും. എന്നിട്ട് കണ്ണീരിൽ കുതിർന്നൊരു പ്രാർത്ഥനയുണ്ട്.
"പടച്ച തമ്പുരാനേ..! മുത്ത് നബിﷺതങ്ങളുടെ തൃക്കല്ല്യാണത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കെല്ലാം നീ ഉതവി തരേണമേ..!"
സദസ്സ് കണ്ണീരോടെ ആമീൻ പറയും. അറബി മലയാള പദ്യവിഭാഗത്തിൽ വളരെ പ്രധാനപ്പെട്ടതാണ് തൃക്കല്ല്യാണപ്പാട്ട്, കല്ല്യാണ വീടുകളിൽ അവ പാടും. മറ്റു സദസ്സുകളിലും പാടും.
സ്വർഗ്ഗവാസികളെല്ലാം കല്ല്യാണ സദസ്സിൽ പങ്കെടുക്കും. ആ സദസ്സിന്റെ വലുപ്പം ഓർത്തു നോക്കൂ..!
മശ് രിഖ് - മഗ്രിബിന്റെ വിസ്തീർണ്ണമുള്ള സുപ്രയാണ് വിരിക്കുക. ഓരോരുത്തരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. പേരെഴുതി വെച്ച സ്ഥലത്ത് ഇരിക്കണം. മലക്കുകൾ കപ്പുകൾ നിരത്തുന്നു. അതിന്റെ മിനുസ്സവും, തിളക്കവും, ഭംഗിയും കണ്ട് അത്ഭുതപ്പെട്ടു പോകും. അതിൽ പാനീയം ഒഴിച്ചുകൊടുക്കും. ഭൂമിയിൽ വെച്ച് അത്രയും രുചിയുള്ള പാനീയം കുടിച്ചിട്ടില്ല...
അതിശയിപ്പിക്കുന്ന രുചിയുള്ള വിവിധയിനം പാനീയങ്ങൾ വർണ്ണത്തിലും രുചിയിലും വൈവിധ്യം.
പഴവർഗ്ഗങ്ങളുടെ വിതരണം. അനേക വർണ്ണങ്ങൾ, വ്യത്യസ്ഥ രുചികൾ
ആഹാര വസ്തുക്കൾ, ആയിരമായിരം വർണ്ണങ്ങൾ, അത്രയും രുചികൾ. തൃക്കല്ല്യാണ നാളത്തെ അലങ്കാരങ്ങൾ, ആരെയും അമ്പരപ്പിക്കും..!!
സുഗന്ധം പരക്കുന്നു. അമ്പറും കസ്ത്തൂരിയും, ആഹ്ലാദം കൊള്ളിക്കുന്ന, സുഗന്ധപൂരിതമായ അന്തരീക്ഷം, പരിമളം പരത്തുന്ന പുക, അതിമനോഹരമായ പൂക്കളുടെ പരിമളം, പാറി നടക്കുന്ന പറവകൾ, അവയുടെ നാദം. സൗന്ദര്യവതികളായ ഹൂറികൾ, തൃക്കല്ല്യാണ വിശേഷങ്ങൾ വിവരിക്കാൻ വാക്കുകളില്ല...
ദുനിയാവിൽ വെച്ച് ശപിക്കപ്പെട്ട ഫിർഔനിന്റെ ക്രൂരമർദ്ദനങ്ങൾ
ഏറ്റുവാങ്ങിയ ആസിയ ബീവി (റ) സ്വർഗ്ഗത്തിൽ മണവാട്ടിയായി വരുന്നു...
വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങൾ,
ഹൂറികളെ നാണിപ്പിക്കുന്ന സൗന്ദര്യം. ഈസാ (അ)ന്റെ ഉമ്മ. മർയം (റ).
എന്തെല്ലാം പരിഹാസങ്ങളും പീഢനങ്ങളും സഹിച്ചു. പുത്രനെ വളർത്തി വലുതാക്കി. ഇരട്ടി സ്നേഹം നൽകി. ഭൂമിയിൽ ഉമ്മയെ
തനിച്ചാക്കി മകൻ ആകാശത്തേക്കുപോയി.
സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകം പോലെ മർയം (റ) വരുന്നു.
ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും സൗന്ദര്യത്തിന്റെ പ്രഭ വർദ്ധിപ്പിക്കുന്നു...
പിന്നാലെ വരുന്നു കുൽസൂം (റ)...
അഴകിന്റെ മറ്റൊരു പ്രതീകം. ആനന്ദവും അനുഭൂതിയും നൽകുന്ന അനുഭവങ്ങൾ, പരലോകത്തെ അനുഭവങ്ങൾ ഇവിടെയിരുന്നു വർണിക്കാനാവില്ല. മനുഷ്യ ഭാവനയിൽ ഒതുങ്ങാത്ത കാര്യങ്ങൾ. ഭൂമിയിൽ വഴികാണിക്കാൻ വന്നവർ നബിമാർ...
അവർക്കുശേഷം ഔലിയാക്കന്മാർ.
അവർ കാണിച്ച പാതയിലൂടെ സഞ്ചരിച്ച് വിജയികളായിത്തീരുക. അതിനായി നാം ശ്രമിക്കുക. അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ..! ഈസബ്നു മർയം (അ), മർയം (റ)
ഇവരുടെ പുണ്യ സ്മരണക്കുമുമ്പിൽ വാക്കുകൾ നിർത്തട്ടെ...
ഈസ നബി (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ...☝🏼