Pothu Pareeksha Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
എഴുത്തുമായി ചെന്ന് ദൂതനെ വധിക്കുക ചരിത്രത്തിലെ ഗുരുതരമായ സംഭവമാണിത്.മൂഅ്തദ് യുദ്ധത്തിന് ഇതായിരുന്നു കാരണം.
ഷാമിൽ പെട്ട മൂഅ്തദിൽ വെച്ചായിരുന്നു ഈ യുദ്ധം നടന്നത്. ബുസറാ രാജാവിന് എഴുത്തുമായി നബി തങ്ങൾ അയച്ച സഹാബിയെ ഒരു റോമൻ സൈനികൻ വധിച്ചു അതോടെ മുസ്ലീങ്ങളും റോമൻ സൈന്യം തമ്മിൽ യുദ്ധത്തിന് കടം ഒരുങ്ങി.
ഹിജ്റ എട്ടാം വർഷത്തിൽ ആയിരുന്നു മൂഅ്തദ് യുദ്ധം നടക്കുന്നത്.3000 പേരടങ്ങുന്ന സൈന്യത്തെ നബി തങ്ങൾ മൂഅ്തദിലേക്ക് അയച്ചു.
എന്നാൽ ശത്രുപക്ഷത്ത് രണ്ട് ലക്ഷം ആയിരുന്നു റോമൻ സൈനികർ. അംഗബലമല്ല ഇസ്ലാമിന്റെ വിജയത്തിനു നിദാനം എന്ന് പറഞ്ഞു അബ്ദുള്ള ബിനു റവാഹ (റ) സ്വഹാബികൾക്ക് ധൈര്യം പകർന്നു.
യുദ്ധം ശക്തിയായി ശത്രുക്കൾ വമ്പിച്ച നഷ്ടം സമ്മാനിച്ചു. മൂന്ന് പടനായകന്മാരും ഷഹീദായി.അതിൽ ജഅഫർ (റ) ഉണ്ടായിരുന്നു അന്ന് അദ്ദേഹത്തിന് സുന്നത്ത് നോമ്പ് ആയിരുന്നു.
അവസാനം റോമൻ സൈന്യം പരാജയപ്പെട്ടു സഹാബികളിൽ നിന്ന് 12 പേർ ശഹീദായി ശത്രുക്കളിൽ നിന്ന് അനേകം പേർ കൊല്ലപ്പെട്ടു.
ചരിത്രത്തിൽ നിന്നും കുറച്ചുഭാഗം നമുക്ക് വായിക്കാം👇
ഗസ്സാനിലെ പൗരപ്രമുഖനായിരുന്നു ശുറഹ്ബീൽ. ബസറായിലെ ഗവർണറെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി പോയ ദൂതനായിരുന്നു ഹാരിസ് ബ്നു ഉമയ്ർ(റ).
ഈ ദൂതനെ ശുറഹ്ബീൽ വധിച്ചുകളഞ്ഞു. ഇതിനു പ്രതികാരമായിട്ടാണു മുഅ്ത്ത യുദ്ധം നടന്നത്.
ഹിജ്റ എട്ടാം വർഷം ജമാദുൽ അവ്വലിൽ മുഅത്തായിലേക്കു മുസ്ലിം സൈന്യം പുറപ്പെടുന്നു. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ യുദ്ധമാണിത്. അറേബ്യയിലെ ഏതെങ്കിലും ഗോത്രവുമായിട്ടു നടക്കുന്നതുപോലുള്ള യുദ്ധമല്ല. ഒരു വൻ ശക്തിയോട് ഏറ്റുമുട്ടുകയാണ്.
സയ്ദ് ബ്നു ഹാരിസ്(റ)വാണു സൈന്യത്തെ നയിക്കുന്നത്, മുവ്വായിരം അംഗങ്ങളാണു സൈന്യത്തിലുള്ളത്. വളരെ വികാരഭരിതമായിരുന്നു അവരുടെ യാത്രയയപ്പ്.
സയ്ദ്(റ)വിന്റെ കൈകളിൽ പതാക കൊടുത്തുകൊണ്ടു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു: “സയ്ദ് ബ്നു ഹാരിസ് ഈ സൈന്യത്തെ നയിക്കും. ഘോരമായ യുദ്ധത്തിൽ സയ്ദിന് അപായം സംഭവിച്ചാൽ, ഈ സൈന്യത്തിന്റെ നേതൃത്വം ജഅ്ഫർ ബ്നു അബീത്വാലിബ് ഏറ്റെടുക്കണം. ജഅ്ഫറിന് അപായം സംഭവിക്കുകയാണെങ്കിൽ, അബ്ദുല്ലാഹിബ്നു റവാഹ സൈനിക നേതൃത്വം ഏറ്റെടുക്കണം. അദ്ദേഹത്തിനും അപായം സംഭവിച്ചാൽ ഒരു നേതാവിനെ തിരഞ്ഞെടുക്കണം.”
മൂന്നു സൈന്യാധിപന്മാരെ പ്രവാചകൻ ﷺ തന്നെ നിയോഗിച്ചിരിക്കുന്നു. മൂന്നു പേർക്കും അപായം സംഭവിക്കാമെന്ന സൂചനയും ആ വാക്കുകളിൽത്തന്നെയുണ്ട്.
രക്തസാക്ഷിത്വത്തിന്റെ വികാരവുമായിട്ടാണ് അവർ പുറപ്പെടുന്നത്. സമീപകാലത്ത് ഇസ്ലാംമതം സ്വീകരിച്ച ഖാലിദ് ബ്നുൽ വലീദ്(റ) ആ സൈന്യത്തിലുണ്ട്.
നബിﷺതങ്ങൾ സൈന്യത്തോടൊപ്പം കുറെ ദൂരം സഞ്ചരിച്ചു. സനിയ്യതുൽ വദാഅ വരെ പ്രവാചകൻ ﷺ അവരെ പിന്തുടർന്നു.
നബിﷺതങ്ങൾ അവരെ വീണ്ടും ഉപദേശിച്ചു: “നിങ്ങളുടെയും അല്ലാഹുﷻവിന്റെയും ശത്രുക്കളുമായിട്ടാണ് നിങ്ങൾ പോരാടാൻ പോകുന്നത്. ധീരമായി പോരാടുക. മഠങ്ങളിൽ സന്യസിക്കുന്നവരെ നിങ്ങൾ ഉപദ്രവിക്കരുത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആക്രമിക്കരുത്. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കരുത്. കെട്ടിടങ്ങൾ പൊളിക്കരുത്. അല്ലാഹു ﷻ നിങ്ങളോടൊപ്പം ഉണ്ടാകട്ടെ.”
സയ്ദ്(റ), ജഅ്ഫർ(റ), അബ്ദുല്ലാഹിബ്നു റവാഹ(റ)
എന്നിവർ പ്രവാചകനെ (ﷺ) നോക്കി സലാം ചൊല്ലി. സൈന്യം നീങ്ങി...
മുസ്ലിം സൈന്യം വരുന്നുണ്ടെന്നു സിറിയക്കാർ അറിഞ്ഞു. അവർ സമീപ ഗോത്രക്കാരെയെല്ലാം സംഘടിപ്പിച്ചു.
ഹിരാക്ലിയസ് രാജാവ് ഒരു ലക്ഷം സൈന്യത്തെ അയച്ചു കൊടുത്തു. ഗോത്രക്കാരെല്ലാം കൂടി ഒരു ലക്ഷത്തിൽപരം സൈന്യത്തെ അയച്ചു. ഏതാണ്ടു രണ്ടര ലക്ഷത്തോളം വരുന്ന വൻ സൈന്യത്തെ നേരിടാൻ സയ്ദ് ബ്നു ഹാരിസ്(റ)വിന്റെ നേതൃത്വത്തിലുള്ളത് മൂവ്വായിരം പേരടങ്ങുന്ന സൈന്യം..!
എന്തു ചെയ്യണമെന്നറിയാതെ മുസ്ലിം സൈന്യം അൽപം വിഷമിച്ചു. പ്രവാചകനെ (ﷺ) വിവരം അറിയിക്കാം. ശത്രുക്കളുടെ എണ്ണം എത്രയോ ഇരട്ടിയാണെന്നറിയിക്കാം. പോഷക സൈന്യത്തെ അയച്ചുതരും. അങ്ങനെ ഒരാലോചന...
മുഅ്ത്ത രണാങ്കണം. അവിടെയെത്തിക്കഴിഞ്ഞു. ഇനി ആലോചിച്ചിട്ടു കാര്യമില്ല. പ്രവാചകൻ ﷺ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതനുസരിച്ചു പ്രവർത്തിച്ചാൽ മതി.
മുസ്ലിംകൾ ഇത്രയും വലിയൊരു സൈന്യത്തെ ഇതിനു മുമ്പു നേരിട്ടിട്ടില്ല. മലവെള്ളംപോലെ പരന്നു കിടക്കുകയാണു ശത്രുസൈന്യം. പ്രവാചകനാണെങ്കിൽ (ﷺ) കൂടെയില്ല. എന്തു വേണം..?!
പ്രവാചകരുടെ (ﷺ) വാക്കുകൾ അക്ഷരംപ്രതി പാലിക്കുക. ഒന്നുകിൽ വിജയം. അല്ലെങ്കിൽ വീരരക്തസാക്ഷിത്വം...
ബദ്റിൽ മുന്നൂറ്റിപതിമൂന്നുപേർ ആയിരത്തോളമാളുകളെ നേരിട്ടു. ശ്രതുക്കൾ മൂന്നിരട്ടിയാണ്. ഇവിടെ എത്രയോ ഇരട്ടിയാണ്. ഒരു മുസ്ലിം ഭടൻ എൺപതിൽപരം ശത്രുക്കളെ നേരിടണം..! വിചിത്രമായ അനുപാതം...
സത്യവിശ്വാസികളുടെ മനസുകൾ ഭക്തിനിർഭരമായി. സർവവും അല്ലാഹുﷻവിലർപ്പിച്ചു. ജീവിതവും മരണവും. പിന്നെ ഒരു മുന്നേറ്റം.
അല്ലാഹു അക്ബർ. അല്ലാഹു അക്ബർ. വൻ ശത്രുസൈന്യത്തിന്റെ മധ്യത്തിലേക്കവർ പാഞ്ഞുകയറി...
പടവാൾ വീശിക്കൊണ്ടു മിന്നൽ വേഗത്തിൽ മുന്നേറുന്നു. സയദ് ബ്നു ഹാരിസ് (റ) നബിﷺതങ്ങൾ നൽകിയ പതാകയുമായി അതിവേഗം മുന്നേറിക്കൊണ്ടിരുന്നു. നിരവധി ശത്രുക്കളെ വെട്ടിവീഴ്ത്തി...
ശത്രുക്കൾ കുന്തങ്ങളുമായി പാഞ്ഞെടുത്തു. ആ പുണ്യശരീരത്തിൽ ആഞ്ഞുകുത്തി. കുന്തംകൊണ്ടുള്ള നിരവധി കുത്തുകൾ. മാരകമായ മുറിവുകൾ, രക്തത്തിൽ കുളിച്ചു. ശക്തി ക്ഷയിച്ചു. ശരീരം തളർന്നു. കുഴഞ്ഞു കുഴഞ്ഞു വീഴുകയാണ്. പതാക
ജഅ്ഫർ ബ്നു അബീത്വാലിബ്(റ)വിനെ ഏൽപിച്ചു...
തന്റെ ധീര പോരാട്ടങ്ങൾ കൊണ്ടു നിരവധി രണഭൂമികളെ രോമാഞ്ചമണിയിച്ച സയ്ദ് ബ്നു ഹാരിസ് (റ) മുഅ്ത്ത യുദ്ധത്തിൽ രക്തസാക്ഷിയായി. ഇസ്ലാമിക ചരിത്രത്തിൽ അനശ്വരനായി...
ജഅ്ഫർ(റ) നോമ്പുകാരനായിരുന്നു. ശത്രുക്കളുടെ ആയിരക്കണക്കിനു പടവാളുകൾ അദ്ദേഹത്തിനു നേരെ നീണ്ടുവരുന്നു. പതാകയുമായി മുന്നേറുകയാണ്. മിന്നൽ വേഗത്തിൽ ശ്രതുക്കളെ വെട്ടുന്നു.
വലതു കയ്യിൽ പതാക ഉയർത്തിപ്പിടിച്ചു. ആ കൈക്കു വെട്ടേറ്റു. സർവ ശക്തിയുമുപയോഗിച്ചാണു ക്രൂരനായ ശത്രു വെട്ടിയത്. വലതു കൈ അറ്റുതൂങ്ങിപ്പോയി. പെട്ടെന്നു പതാക ഇടതു കയ്യിലേക്കു മാറ്റിപ്പിടിച്ചു.
ഏറെക്കഴിഞ്ഞില്ല. ഇടതു കൈക്കും ശക്തിയായ വെട്ടേറ്റു. ആ കൈ മുറിഞ്ഞുപോയി. പതാക താഴെയിട്ടില്ല. കക്ഷത്ത് ഇറുക്കിപ്പിടിച്ചു.
കൈകളില്ലാത്ത ശരീരത്തിൽ തുരുതുരാ വെട്ടുകൾ വീണു. ഒരു മനുഷ്യശരീരം വെട്ടിനുറുക്കപ്പെടുന്നു. ശക്തി ചോർന്നുപോയി. താഴെ വീഴുംമുമ്പെ പതാക അബ്ദുല്ലാഹിബ്നു റവാഹ(റ)വിനു കൈമാറി...
അബ്ദുല്ലാഹിബ്നു റവാഹ (റ) പതാകയുമായി മുന്നേറി. തന്റെ മുൻഗാമികൾ വീരരക്തസാക്ഷികളായി. തനിക്കും അവരെ പിന്തുടരണം. രക്തസാക്ഷിയാകണം. അതിനു മുമ്പെ കുറെ ശത്രുക്കളെയെങ്കിലും തുരത്തണം. എന്തൊരു വാൾ പ്രയോഗം..!
വരുന്ന വഴിയിൽ ശത്രുക്കൾ പിൻമാറുന്നു. വെട്ടേറ്റവർക്കു കണക്കില്ല. യുദ്ധ ചരിത്രത്തിലെ അത്ഭുതകരമായ രംഗങ്ങളാണു മുഅ്ത്ത രണാങ്കണത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. മരണത്തിലേക്കുള്ള ആവേശകരമായ ഓട്ടം. എന്തൊരു വേഗമാണതിന്..!
കുന്തങ്ങളും വാളുകളും അബ്ദുല്ലാഹിബ്നു റവാഹ(റ)വിന്റെ കൈകളിൽ മുറിവുണ്ടാക്കി. ശരീരത്തിൽ വെട്ടുകൾ വീഴുന്നു. ഇടതും വലതും കൈകൾക്കു വെട്ടേറ്റു. രക്തം വാർന്നൊഴുകി. മറിഞ്ഞു വീഴുകയാണ്. ഏറെ മോഹിച്ച രക്തസാക്ഷിത്വം. പതാക നിലത്തു വീഴും മുമ്പേ ഉഖ്ബത് ബ്നു ആമിർ (റ) കൈവശമാക്കി.
അബ്ദുല്ലാഹിബ്നു ഉമർ (റ) ഒരു പാത്രത്തിൽ അൽപം വെള്ളവുമായി ജഅ്ഫർ(റ)വിന്റെ സമീപം ഓടിയെത്തി. അദ്ദേഹം മരണവുമായി മല്ലടിക്കുകയായിരുന്നു.
“താങ്കൾ അൽപം വെള്ളം കുടിക്കൂ..!” അബ്ദുല്ലാഹിബ്നു ഉമർ (റ) പറഞ്ഞു.
“വേണ്ട, ഞാൻ നോമ്പുകാരനാണ്. നോമ്പുതുറക്കുന്ന സമയം വരെ ഞാൻ ജീവിച്ചിരുന്നാൽ വെള്ളംകൊണ്ടു നോമ്പ് തുറക്കാം... അല്ലെങ്കിൽ... നോമ്പുകാരനായിക്കൊണ്ടുതന്നെ...
ഞാൻ പോകട്ടെ, എന്റെ റബ്ബിന്റെ... സന്നിധിയിലേക്ക്.”
ആ ധീരസേനാനി മരണത്തിലേക്ക് അതിവേഗം നീങ്ങുകയായിരുന്നു.
യുദ്ധം പിന്നെയും തുടർന്നു. ഒരാളെ നേതാവായി തെരഞ്ഞെടുക്കണം. നേതാക്കൾ മരിച്ചുവീണു പരാജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ആരാണു സന്നദ്ധരാകുക..?!
എല്ലാവരും ഖാലിദ് ബ്നുൽ വലീദ് (റ) വിനെ നോക്കി. സൂര്യൻ അസ്തമിച്ചു. ഇരുട്ടു പരന്നു. യുദ്ധം നിന്നു. ഇനി നാളെ...
ധീരനായ ഖാലിദ് ബ്നുൽ വലീദ് (റ) സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഉഹുദിൽ വച്ചു ഖാലിദ്(റ)വിന്റെ യുദ്ധ ത്രന്തം നാം കണ്ടതാണ്. ശക്തികൊണ്ടല്ല, തന്ത്രംകൊണ്ടു ജയിക്കണമെന്ന് അദ്ദേഹം ഉറച്ചു.
ആ രാത്രിയിൽ ഖാലിദ്(റ)വിന്റെ ബുദ്ധി നന്നായി പ്രവർത്തിച്ചു. പിറ്റേന്ന് അതിരാവിലെ അദ്ദേഹം സൈന്യത്തെ അത്ഭുതകരമായ രീതിയിൽ വിന്യസിച്ചു. മുൻനിരകളിൽ കുറഞ്ഞ ആളുകളേ ഉള്ളൂ. അങ്ങനെ ഏതാനും നിരകൾ. പിൻനിരയിൽ വളരെ നീളത്തിൽ സൈനികരെ വിന്യസിച്ചു...
ശത്രുക്കൾ രാവിലെ വന്നുനോക്കുമ്പോൾ വളരെ ഭീകരമായ കാഴ്ചയാണു കണ്ടത്. വളരെ നീളമുള്ള മുസ്ലിം നിര ഇന്നലെ ഇതിന്റെ പത്തിലൊന്നു പോലുമില്ല. ഒരൊറ്റ രാത്രികൊണ്ട് ഇത്രയേറെ സൈന്യങ്ങൾ വന്നുവോ..? മദീനയിൽ നിന്നു പതിനായിരങ്ങൾ വന്നതുപോലെ തോന്നി...
ഇന്നലത്തെ പരാക്രമങ്ങൾ ശത്രുക്കളെ ഭീതിപ്പെടുത്തിയിരുന്നു. വെട്ടേൽക്കുന്തോറും മുന്നോട്ടു മുന്നോട്ടു കുതിക്കുന്ന നേതാക്കൾ.
മുറിവു പറ്റിയാൽ അതും കൊണ്ടോടുന്ന സൈനികരെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. സൈന്യാധിപന്മാർ സുരക്ഷിത കേന്ദ്രങ്ങളിലിരുന്നു യുദ്ധം നിയന്ത്രിക്കുന്നതാണു റോമാക്കാരുടെയും മറ്റും അറിവ്.
ഇവിടെ അതല്ല കണ്ടത് - സൈന്യാധിപന്മാർക്ക് ആദ്യം മരിക്കണം. ഇതെന്തൊരു ജനത..!
അങ്ങനെയുള്ള പതിനായിരങ്ങൾ..!!
അവരോടേറ്റുമുട്ടിയാൽ റോമൻ സൈന്യം നാമാവശേഷമാകും. തൽക്കാലം പിൻമാറുന്നതാണു യുക്തി...
സൈനിക നേതാക്കൾ കൂടിയാലോചന നടത്തി. പിൻമാറാൻ തീരുമാനിച്ചു. കൽപന കിട്ടേണ്ട താമസം സൈന്യം പിന്മാറിത്തുടങ്ങി...
പിൻതിരിഞ്ഞാടുമ്പോൾ മുസ്ലിം സൈന്യം പിന്നിൽനിന്ന് ആക്രമിക്കുമോ എന്നു ഭയം. അതോടെ ഓട്ടത്തിനു വേഗം കൂടി.
മുസ്ലിം സൈന്യം നിന്നേടത്തുതന്നെ നിന്നു...
ശത്രുക്കളുടെ പലായനം അവരെ അതിശയിപ്പിച്ചു. ജഅ്ഫർ(റ)വിന്റെ ശരീരത്തിന്റെ മുൻഭാഗത്തു മാത്രം
തൊണ്ണൂറിൽപരം മുറിവുകളുണ്ടായിരുന്നു.
എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ച് ഒരുമയോടെ മുന്നേറിയാൽ അത്ഭുതകരമായ മാർഗത്തിലൂടെ അല്ലാഹു ﷻ സഹായിക്കും എന്ന
മഹത്തായ പാഠമാണു മുഅ്ത്ത യുദ്ധത്തിൽ നിന്നു പഠിക്കാനുള്ളത്...
തിരുനബി ﷺ തങ്ങളുടെ സാന്നിധ്യമില്ലെങ്കിലും സത്യവിശ്വാസികൾക്കു തക്ക സമയത്തു സഹായമെത്തും. പിൽക്കാല തലമുറക്കാർ അങ്ങനെയൊരു പാഠംകൂടി മുഅ്ത്ത യുദ്ധത്തിൽ നിന്നു പഠിക്കണം...