നക്ഷത്ര തുല്യരാം സ്വഹാബാക്കൾ
101 സ്വഹാബാ ചരിത്രം ✿••••••••••••••••••••••••••••••••••••••••✿
15📌 ഹംസ ബിന്‍ അബ്ദില്‍ മുത്ത്വലിബ് (റ)
Part : 00 【മുഖവുര】
✍🏼പ്രവാചകൻﷺയുടെ പിതൃസഹോദരനും മുലകുടി ബന്ധത്തിലെ സഹോദരനുമാണ് ഹംസ (റ). പ്രവാചകന്‍ ﷺ ജനിക്കുന്നതിന്റെ രണ്ടു വര്‍ഷം മുമ്പു ജനിച്ചു. ഇരുവര്‍ക്കും അബൂലഹബിന്റെ അടിമ സുവൈബ മുലകൊടുത്തിട്ടുണ്ട്. അബൂ ഉമാറ എന്ന പേരില്‍ അറിയപ്പെട്ടു. ഒന്നിച്ചു വളരുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്തതിനാല്‍ പ്രവാചകത്വത്തിനു മുമ്പുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
നുബുവ്വത്തിന്റെ രണ്ടാം വര്‍ഷം മുസ്‌ലിമായി. ഇതിനു പിന്നില്‍ ഒരു കഥയുണ്ട്: ഒരിക്കല്‍ അദ്ദേഹം വേട്ടക്കു വേണ്ടി പോയതായിരുന്നു. അപ്പോള്‍, അബൂ ജഹല്‍ പ്രത്യക്ഷപ്പെടുകയും പ്രവാചകരെ (ﷺ) ചീത്ത പറയുകയും ചെയ്തു. അബ്ദുല്ലാഹി ബ്‌നു ജദ്ആന്റെ ഭൃത്യ ഇത് കേള്‍ക്കാനിടയായി. ഹംസ (റ) മടങ്ങിവന്നപ്പോള്‍ അവള്‍ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. തന്റെ സഹോദര പുത്രനെ അബൂജഹല്‍ അധിക്ഷേപിച്ചത് ഹംസ (റ) വിന് സഹിക്കാനായില്ല.
അദ്ദേഹമുടനെ അബൂജഹലിന്റെ മുമ്പില്‍ ചെന്നു. കയ്യിലുണ്ടായിരുന്ന അമ്പുകൊണ്ട് അദ്ദേഹത്തിന്റെ തലക്കടിച്ചു. ഞാനും മുഹമ്മദിന്റെ മതത്തിലാണെന്നും അവന്‍ പറയുന്നത് തന്നെയാണ് ഞാനും പറയുന്നതെന്നും പറഞ്ഞു. ഇത് കേട്ടപ്പോള്‍ മഖ്‌സൂം ഗോത്രത്തിലെ ആളുകള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കാനായി മുന്നോട്ടിറങ്ങി. അബൂജഹല്‍ ഇത് തടഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ സഹോദര പുത്രനെ അധിക്ഷേപിച്ചിരുന്നുവെന്നും അതിനാല്‍ അവനെ നിങ്ങള്‍ വെറുതെ വിടുകയെന്നും കല്‍പിച്ചു.
ഇതോടെ ഹംസ(റ)വിന്റെ മനസ്സ് മാറി. അദ്ദേഹം കഅബാലയത്തില്‍ ചെല്ലുകയും അല്ലാഹു ﷻ വിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. താമസിയാതെ ആ ഹൃദയത്തില്‍ ദൈവിക വെളിച്ചം കിട്ടി. ശേഷം, പ്രവാചകര്‍ക്കടുത്തുചെന്ന് തന്റെ വിശ്വാസം പ്രഖ്യാപിച്ചു. ധീരനായ ഈ വില്ലാളിവീരന്റെ ഇസ്‌ലാമാശ്ലേഷത്തില്‍ പ്രവാചകര്‍ക്കു (ﷺ) സന്തോഷമായി.
ഹംസ (റ) വിന്റെ കടന്നുവരവ് ഇസ്‌ലാമിന് ശക്തി പകര്‍ന്നു. ശത്രുക്കള്‍ക്കിത് വലിയ ഭീഷണിയായി. അവര്‍ ആക്രമണങ്ങള്‍ ചുരുക്കുകയും പുതിയ രാഷ്ട്രീയം സ്വീകരിക്കുകയും ചെയ്തു. ഉത്ബയെ പോലുള്ളവര്‍ പ്രവാചകരെ (ﷺ) വിട്ടുകൊടുക്കാന്‍ അവരെ പണവും പത്രാസും നല്‍കി വശീകരിക്കാന്‍ ശ്രമിച്ചു. ഹംസ (റ) ഒന്നിനും വശംവദരായില്ല. അവര്‍ സിംഹഗര്‍ജ്ജനത്തോടെ ഇസ്‌ലാമിന്റെ കാവല്‍ഭടനായി നിലകൊണ്ടു.
പ്രവാചകരോടൊപ്പം (ﷺ) മദീനയിലേക്ക് ഹിജ്‌റ പോയി. മദീനയില്‍ അദ്ദേഹത്തിനും സൈദ് ബിന്‍ ഹാരിസ (റ) ക്കുമിടയില്‍ പ്രവാചകന്‍ ﷺ ചങ്ങാത്തം സ്ഥാപിച്ചു. ഇസ്‌ലാമിലെ പ്രഥമ പോരാട്ടമായ ബദര്‍ ഹംസ (റ) വിന്റെ ധീരതാ പ്രകടനത്തിന്റെ രംഗവേദിയായിരുന്നു. മുസ്‌ലിംകളുടെ ജലസംഭരണി തകര്‍ക്കാന്‍ വന്ന അസ്‌വദ് ബിന്‍ അബ്ദുല്‍ അസ്‌വദിനെ അദ്ദേഹം തുടക്കത്തില്‍ തന്നെ വകവരുത്തി. ശേഷം, ദന്ദ്വയുദ്ധമാരംഭിച്ചപ്പോള്‍ ശൈബത്തായിരുന്നു തന്റെ പ്രതിയോഗി. ഞൊടിയിടയില്‍ അവന്റെ കഥകഴിച്ച അദ്ദേഹം ഉബൈദയുമായി മല്‍പിടുത്തത്തിലായിരുന്ന ഉത്ബയെകൂടി വകവരുത്തി.
ബദറില്‍ മുസ്‌ലിംകള്‍ക്ക് വിജയം ലഭിച്ചതിനു പിന്നില്‍ മുഖ്യപങ്ക് ഹംസ (റ) വിനായിരുന്നു. അനവധി ശത്രുക്കളെ യമപുരിയിലേക്കയച്ച അദ്ദേഹം എതിരാളികള്‍ക്കുമുമ്പില്‍ ഇസ്‌ലാമിന്റെ ശക്തി ഉയര്‍ത്തിക്കാട്ടി. അതുകൊണ്ടുതന്നെ, പ്രവാചകന്‍ ﷺ അദ്ദേഹത്തെ അസദുല്ലാഹ് (അല്ലാഹുﷻവിന്റെ സിംഹം) എന്നു വിളിച്ചു.
ഇസ്ലാമിക ചരിത്രത്തിലെ വിശുദ്ധ അധ്യായങ്ങളാണ് ബദ്റും ഉഹ്ദും പ്രസ്തുത യുദ്ധങ്ങളിലെ ഹംസ(റ)വിന്റെ ധീരമായ പ്രകടനങ്ങളാണ് ഈ നാമധേയങ്ങൾക്ക് നിദാനം...
Part : 01
സ്വഹാബികൾക്കിടയിലെ ഉന്നത സ്ഥാനീയനാണ് ഹംസ(റ). നബി ﷺ തങ്ങളുടെ സ്നേഹിതനും കൂട്ടുകാരനും പിതൃസഹോദരനുമായിരുന്നു ഹംസ(റ). കൂടാതെ നബിﷺതങ്ങൾക്ക് അബൂത്വാലിബ്, അബ്ബാസ്, അബൂലഹബ് എന്നിങ്ങനെയും പിതൃസഹോദരന്മാർ ഉണ്ട്. ഹംസ(റ)വിനെ പരിചയപ്പെടുന്നതിന് മുമ്പ് നബിﷺയുടെ പിതൃസഹോദരന്മാരെ കുറിച്ച് ചെറിയ രീതിയിലൊന്ന് പരിചയപ്പെടാം.
മാതാവ് ആമിന(റ)യുടെ വേർപാടിനുശേഷം (ആറാം വയസ്സിൽ) നബി ﷺ പിതാമഹനായ അബ്ദുൽ മുത്ത്വലിബിന്റെ സംരക്ഷണത്തിലാണ് വളർന്നത്. തന്റെ സന്താനങ്ങളിൽ നിന്ന് മറ്റാർക്കും നൽകിയിട്ടില്ലാത്തവിധം പൗത്രനായ നബിﷺക്ക് പിതാമഹനായ അബ്ദുൽ മുത്വലിബ് പരിഗണന നൽകിയിരുന്നു.
വാത്സല്യം, കാരുണ്യം, സംരക്ഷണം തുടങ്ങിയവയിലൂടെ നബിﷺതങ്ങളുടെ അനുകമ്പ നേടിയെടുത്തു. അബ്ദുൽ മുത്വലിബ് മരണാസന്നനായി കരഞ്ഞുകൊണ്ട് മകനെ വിളിച്ചു.
അബൂത്വാലിബ്, താമസിയാതെ ഈ ലോകത്തുനിന്ന് ഞാൻ യാത്രയാവുകയാണ്. എന്റെ മകൻ മുഹമ്മദിന്റെ (ﷺ) കാര്യം നിന്നോട് ഞാൻ വസ്വിയ്യത്ത് ചെയ്ത് ഏൽപിക്കുന്നു. ഇത് നീ മനസ്സിൽ സൂക്ഷിക്കുക. നിന്റെ വാരിയെല്ല് അവന് സുരക്ഷയാവണം. അവന്റെ ഭാഗത്ത് നീ നിലകൊള്ളുക. നിന്റെ ജീവൻ കൊണ്ട് ഖുറൈശികൾക്കെതിരെ അവനുവേണ്ടി നീ പ്രതിരോധം തീർക്കണം.
അദ്ദേഹം തുടർന്നു പറഞ്ഞു... അബൂത്വാലിബ്, എന്റെ മകൻ മുഹമ്മദിലൂടെ (ﷺ) ഒരു സുപ്രധാന കാര്യം വെളിപ്പെടാനിരിക്കുന്നു. ഖുറൈശികളിൽ നിന്ന് അവന് ശത്രുക്കൾ ഉടലെടുക്കും. അവനോട് നീ വൈമനസ്യം കാണിക്കരുത്. നിന്റെ ജീവനും സമ്പത്തും ഉപയോഗിച്ച് നീ അവന് സുരക്ഷിതത്വം നൽകണം...
അബ്ദുൽ മുത്വലിബ് ലോകത്തോട് വിടപറഞ്ഞു.
നിരവധി സന്താനങ്ങളുള്ള അബൂത്വാലിബ് നബിﷺയെ തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. അബൂത്വാലിബിന്റെ അടുത്ത് മഹോന്നതനായിരുന്നു നബിﷺതങ്ങൾ. മറ്റു സന്താനങ്ങളോട് കാണിക്കാത്ത സ്നേഹമായിരുന്നു അബൂത്വാലിബ് നബിﷺയോട് പ്രകടിപ്പിച്ചത്.
പതിമൂന്ന് വയസ്സുകാരനായപ്പോൾ പിതൃസഹോദരൻ അബൂത്വാലിബിനോടൊപ്പം ശാമിലേക്കുള്ള കച്ചവടയാത്രകളിൽ നബിﷺയും പങ്കെടുക്കാറുണ്ടായിരുന്നു. വിവിധ നാടുകൾ, ജനവിഭാഗങ്ങൾ, കച്ചവടത്തിന്റെ മൂലതത്വങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കാൻ നബിﷺക്ക് ഈ യാത്രകൾ ഉപകരിച്ചു.
പ്രസ്തുത യാത്രകളിലൊന്നിൽ നബിﷺയെ പിതൃസഹോദരനോടൊപ്പം കണ്ട ബഹീറ എന്ന പുരോഹിതൻ നബിﷺയുടെ മാതാപിതാക്കളെ കുറിച്ച് പിതൃസഹോദരനോട് ചോദിച്ചറിഞ്ഞു. തീർത്തും അനാഥനാണെന്ന് അബൂത്വാലിബ് പ്രത്യുത്തരം നൽകി. ലക്ഷണം മനസ്സിലാക്കിയ പുരോഹിതൻ നബിﷺയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയ ശേഷം അബൂത്വാലിബിനോട് പറഞ്ഞു: "താങ്കൾ സഹോദര പുത്രനുമായി മക്കയിലേക്ക് തിരിച്ച് പോവുക. അവന് പ്രത്യേക പരിഗണന നൽകുക. വൈകാതെ ഒരു മഹാകാര്യം അവനിൽ നിന്ന് പ്രത്യക്ഷപ്പെടും" എന്ന് പുരോഹിതൻ അറിയിച്ചു...
നബിﷺക്ക് അബൂത്വാലിബ് അനുകമ്പയോടുകൂടിയ സംരക്ഷണം നൽകി. സഹോദര പുത്രനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരുന്നു. യൗവ്വനപ്രായം എത്തുന്നത് വരെ നബിﷺതങ്ങളുടെ സ്വഭാവങ്ങളെ കുറിച്ചും പ്രയാണത്തെ കുറിച്ചുമായിരുന്നു അബൂത്വാലിബിന്റെ സങ്കൽപങ്ങൾ മുഴുവനും. പിന്നീട് ഖുറൈശി മഹിളകളിലെ പ്രൗഢയും പ്രശസ്തയുമായ ഖുവൈലിദിന്റെ മകൾ ഖദീജ(റ)യെ നബിﷺതങ്ങൾക്ക് അദ്ദേഹം വിവാഹം ചെയ്തുകൊടുത്തു.
ഖദീജ(റ)ക്ക് മഹ്റ് നൽകാൻ നബിﷺയെ പിതൃസഹോദരൻ സഹായിച്ചു. വിവാഹരാത്രിയിൽ ഖുറൈശി പ്രമുഖരുടെ സാന്നിധ്യത്തിൽ വെച്ച് സഹോദരപുത്രനെ കുറിച്ച് അബൂത്വാലിബ് പറഞ്ഞു: പ്രശസ്തി, ബുദ്ധി, സ്നേഹം, യോഗ്യത എന്നിവയെല്ലാം ഖുറൈശികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലാത്ത യുവാവാണ് എന്റെ സഹോദര പുത്രനായ മുഹമ്മദ് (ﷺ).
വിവാഹാനന്തരം നബിﷺതങ്ങൾ ഖദീജ(റ)യുടെ വീട്ടിലേക്ക് നീങ്ങി. നബിﷺയോടൊപ്പം ഭാര്യവീട്ടിൽ താമസിക്കാൻ വേണ്ടി പിതൃവ്യ പുത്രനായ അലി(റ) നബിﷺയോടൊപ്പം ചേർന്നു.
ഖദീജ(റ)യുമായുള്ള വിവാഹശേഷം ഇസ്ലാമിന്റെ പ്രകാശവുമായി വഹ്യ്യ് ഇറങ്ങുന്നതുവരെ തന്റെ നാഥന്റെ സാമീപ്യത്തിലേക്കുള്ള മാർഗ്ഗമന്വേഷിക്കാനും ഏകാന്തതയിലും ആരാധനയിലുമായി കഴിഞ്ഞു കൂടാനും ജനങ്ങളിൽ നിന്നകന്നു നിൽക്കാനും തുടങ്ങി.
നബി ﷺ രഹസ്യമായി പ്രബോധന പ്രചരണം ആരംഭിച്ചു. പക്ഷെ രഹസ്യ പ്രബോധനം താമസിയാതെ മക്കയിൽ പരസ്യമായി മാറി. മക്കക്കാർ വിവരമറിഞ്ഞു. അവരിൽ ചൊറിയൊരു വിഭാഗം ഇസ്ലാം ആശ്ലേഷിച്ചു. ഖുറൈശികൾ ലഹളക്കൊരുങ്ങി.
മുഴുവൻ ശക്തിയുമുപയോഗിച്ചു നബിﷺതങ്ങളുമായി അവർ വാഗ്വാദത്തിലേർപ്പെട്ടു. നബിﷺയെ വധിക്കാൻ ആജ്ഞ നൽകി. പക്ഷെ പിതൃസഹോദരനായ അബൂത്വാലിബ് മുശ്രിക്കുകളുടെ കുതന്ത്രങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ആശാകേന്ദ്രവും പടച്ചട്ടയുമായി നിലകൊണ്ടു. കഴിവിലും മഹത്വങ്ങളിലും ഉന്നതനായിരുന്ന അബൂത്വാലിബായിരുന്നു ഖുറൈശികളുടെ നേതാവ്.
അബൂത്വാലിബിന്റെ കോപവും ക്ഷോപവും തങ്ങൾക്കെതിരെ പ്രതിഫലനം സൃഷ്ടിക്കുമെന്ന് ഖുറൈശികൾ വിശ്വസിക്കുകയും അദ്ദേഹത്തെ ഭയപ്പെടുകയും ചെയ്തിരുന്ന ഒരു സംഘം ഖുറൈശികൾ അബൂത്വാലിബിന്റെ അടുത്ത് വന്ന് പറഞ്ഞു :
അബൂത്വാലിബ് നിങ്ങളുടെ സഹോദരപുത്രൻ മുഹമ്മദ് (ﷺ) അല്ലാഹുവിന്റെ ദൂതനാണെന്ന് വാദിക്കുന്നു. നമ്മുടെ ദൈവങ്ങളെ അവൻ വിഡ്ഢികളാക്കുകയും ശകാരം ചൊരിയുകയും അവയെക്കുറിച്ച് ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത വിഗ്രഹങ്ങൾ എന്ന് പറയുകയും ചെയ്യുന്നു. നാം അടങ്ങിനിന്നാൽ നിങ്ങളുടെ പിതാക്കളുടെയും പൂർവ്വ പിതാക്കളുടെയും നമ്മുടെയും മതമാണ് നമുക്ക് നഷ്ടപ്പെടാൻ പോകുന്നത്.
അബൂത്വാലിബ് അവരോട് ചോദിച്ചു: ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്..?
ഖുറൈശികൾ പറഞ്ഞു : സഹോദര പുത്രന്റെ പരസ്യ പ്രബോധനത്തെ താങ്കൾ തടയണം. അവൻ ആവശ്യപ്പെടുന്ന സമ്പത്ത് നൽകാനും ഞങ്ങളുടെ നേതാവും ഞങ്ങൾക്കിടയിലെ ഭരണാധികാരിയുമാക്കാനും ഞങ്ങൾ ഒരുക്കമാണ്.
അബൂത്വാലിബ് നബിﷺയെ വിളിക്കാൻ ആവശ്യപ്പെട്ടു. ഖുറൈശികൾ പറഞ്ഞ കാര്യങ്ങൾ ധരിപ്പിച്ചു നബി ﷺ അബൂത്വാലിബിനോട് പറഞ്ഞു : എന്റെ പിതൃസഹോദരാ അല്ലാഹു ﷻ വാണ് സത്യം അവർ എന്റെ വലതു കൈയിൽ ചന്ദ്രനെയും ഇടതു കൈയിൽ സൂര്യനെയും വെച്ച് തന്നാലും അല്ലാഹു ﷻ വിന്റെ ദീൻ പ്രചരിപ്പിക്കുന്നതിനേക്കാൾ അതെന്നെ സംതൃപ്തനാക്കില്ല
നബിﷺയെ നോക്കി അബൂത്വാലിബ് പറഞ്ഞു: എന്റെ സഹോദര പുത്രാ... നീ നിന്റെ വഴിക്ക് പോവുക, ഞാൻ നിന്നെ സഹായിച്ച് വിജയിപ്പിക്കും. നിന്നെ ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല...
അങ്ങനെ അബൂത്വാലിബ് തന്റെ ജീവിതാവസാനം വരെ മുശ്രിക്കുകളുടെ കുതന്ത്രങ്ങളെ തടയുകയും നബിﷺയെ സഹായിക്കുകയും ചെയ്തു...
അബൂത്വാലിബിന്റെ വേർപാടിനെ തുടർന്ന് നബി ﷺ അതിയായി ദുഃഖിച്ചു. പിന്നീട് ഹിജ്റ പോകാനുള്ള അല്ലാഹുﷻവിന്റെ നിർദ്ദേശം ലഭിക്കുന്നതുവരെ നബിﷺതങ്ങൾക്ക് ശത്രുക്കളെ അഭിമുഖീകരിക്കേണ്ടി വന്നു...
Part : 02
നബിﷺയുടെ മറ്റൊരു പിതൃസഹോദരനാണ് അബ്ബാസ് (റ). അദ്ദേഹം ഉയരം കൂടിയവരും, സുന്ദരൻ, സുമുഖൻ, ബുദ്ധിശാലി, നിരീക്ഷണപാടവമുള്ളവൻ, ഗാംഭീര്യമുള്ളവൻ, ഉത്തമസംസാരത്തിനുടമ, ജനങ്ങളുമായി നല്ല പെരുമാറ്റമുള്ളവൻ എന്നീ വിശേഷണങ്ങൾക്കുടമയായിരുന്നു അദ്ദേഹം. നബിﷺയോട് അനുഭാവം കാണിക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തിരുന്നു.
ഖുറൈശികളെ വിളിച്ചുകൊണ്ട് നബി ﷺ തങ്ങൾ പറഞ്ഞു : നിങ്ങൾ നിങ്ങളെത്തന്നെ രക്ഷപ്പെടുത്തുക അല്ലാഹു ﷻ വിന്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താൻ എനിക്ക് കഴിയില്ല.
അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ബാസ് (റ) നിങ്ങളെ രക്ഷപ്പെടുത്താൻ എനിക്കവകാശമില്ല, എന്റെ പിതൃസഹോദരി സഫിയാ നിങ്ങളെയും രക്ഷപ്പെടുത്താൻ എനിക്ക് സാധിക്കുകയില്ല...
ഫാത്വിമ ബിൻത് മുഹമ്മദ് നിനക്കിഷ്ടമുള്ളതൊക്കെ എന്നോട് ചോദിക്കുക അല്ലാഹു ﷻ വിന്റെ ശിക്ഷയിൽ നിന്ന് ഒരുവിധേനയും നിന്നെ രക്ഷിക്കാൻ എനിക്ക് കഴിയുകയില്ല.
പക്ഷെ പ്രബോധനം പരസ്യമായ ഉടനെ ഇസ്ലാം ആശ്ലേഷിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നില്ല. രഹസ്യമായിട്ടാണെങ്കിലും ശക്തമായി ഇസ്ലാമിൽ നിലകൊണ്ടു. പക്ഷേ തന്റെ ശക്തി പരസ്യപ്പെടുത്താതെയാണദ്ദേഹം നിലകൊണ്ടത്. അതീവ ബുദ്ധിശാലിനിയും മഹത് വനിതയുമായ ഉമ്മുഫള്ൽ അദ്ദേഹത്തിന്റെ പത്നിയാണ്. തന്റെ ഭർത്താവ് ഇസ്ലാമാശ്ലേഷണം നടത്തുന്നതിന് മുമ്പ് തന്നെ നബിﷺയെ വിശ്വസിക്കുകയും മുസ്ലിമാവുകയും ചെയ്തവരാണവർ. ഉമ്മുഫള്ൽ അബ്ബാസ് (റ) വിനോട് ചോദിക്കുമായിരുന്നു താങ്കളുടെ സഹോദര പുത്രനായ മുഹമ്മദ് നബിﷺയുടെ പ്രബോധനത്തിലൂടെയുള്ള ഇസ്ലാം താങ്കൾ എന്തുകൊണ്ടത് വിശ്വസിക്കുന്നില്ല.
ഞാൻ എന്റെ ജ്യേഷ്ഠസഹോദരൻ അബൂത്വാലിബിന്റെ സ്ഥാനത്താണ് നിലകൊള്ളുന്നതെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നബി ﷺ മുഖേന അബ്ബാസ് (റ) മുസ്ലിമായിരുന്നു എന്നതാണ് യാഥാർത്ഥ്യമെങ്കിലും ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെയുള്ള ശത്രുക്കളുടെ കുതന്ത്രങ്ങളും വിവരങ്ങളും മനസ്സിലാക്കാൻ വേണ്ടി ഇസ്ലാം സ്വീകരിച്ച വിവരം മറച്ചുവെക്കണമെന്ന് നബി ﷺ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു.
ബദർ യുദ്ധ സന്ദർഭം മുസ്ലിംകളോട് യുദ്ധം ചെയ്യാൻ വേണ്ടി ശത്രുസൈന്യത്തോടൊപ്പം അബ്ബാസ് (റ) പുറപ്പെട്ടു വിവരമറിഞ്ഞ ഭാര്യ ഉമ്മുഫള്ൽ ആശ്ചര്യത്തോടെ അബ്ബാസ് (റ)വിനോട് ചോദിച്ചു: മുശ്രിക്കുകളോട് പങ്കുചേർന്ന് മുസ്ലിംകൾക്കെതിരെ യുദ്ധത്തിന് പുറപ്പെടാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു.
അബ്ബാസ് (റ) പറഞ്ഞു: എന്നെ അവർ സംശയിക്കാതിരിക്കാൻ മുഹമ്മദ് ﷺ ക്കെതിരെയുള്ള യുദ്ധത്തിൽ ഖുറൈശികളോട് കൂടെ പങ്കെടുക്കേണ്ടത് എന്റെ അനിവാര്യതയായിരുന്നു.
ബദർ യുദ്ധത്തിൽ മുസ്ലിംകൾ മഹാവിജയം നേടി. നബി ﷺ പിതൃസഹോദരൻ അബ്ബാസ് (റ) വിനെ മുസ്ലിംകൾ തടവുകാരനാക്കി. ദാനധർമ്മത്തിലും ഔദാര്യത്തിലും പ്രശസ്തനായിരുന്നു അദ്ദേഹം. തന്റെ സ്വത്തിൽ നിന്ന് ഒരു ഭൂരിഭാഗം ദരിദ്രർ, പാവങ്ങൾ തുടങ്ങിയവർക്ക് നീക്കി വെച്ചിരുന്നു.
നബി ﷺ അദ്ദേഹത്തെ വളരെയേറെ സ്നേഹിച്ചു. തന്റെ ആത്മമിത്രമായി പരിഗണിച്ചു. നബിﷺയും അബ്ബാസ് (റ) വും പ്രായത്തിൽ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു.
ആയുധാഭ്യാസങ്ങളിൽ നിപുണനായിരുന്ന അബ്ബാസ് (റ). മുശ്രിക്കുകളോടു കൂടെ ബദർ യുദ്ധത്തിലേക്ക് പുറപ്പെട്ടപ്പോൾ അദ്ദേഹം മുസ്ലിംകളിലൂടെ വധിക്കപ്പെടാനോ, പ്രയാസമനുഭവിക്കാനോ ഇടയുണ്ടെന്ന് ഭയന്ന് നബി ﷺ മുസ്ലിം സൈന്യാധിപൻമാരോടും സേനയോടുമായി പറഞ്ഞു:
ഹിശാമിന്റെ മകൻ അബുൽ ബുഖ്തരിയെ നിങ്ങളാരെങ്കിലും നേരിടാനിടയായാൽ അദ്ദേഹത്തെ നിങ്ങൾ വധിക്കരുത്.
അബ്ദുൽ മുത്വലിബിന്റെ മകൻ അബ്ബാസിനെ ശത്രുനിരയിൽ നിങ്ങളാരെങ്കിലും കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തെ വധിക്കരുത്. ഖുറൈശികളുടെ നിർബന്ധമാണവരെ യുദ്ധത്തിനെത്തിച്ചത്. പ്രവാചക നിർദ്ദേശം സൈന്യം അംഗീകരിച്ചു.
അബ്ബാസ്(റ)വിനെ വധിക്കാതെ അവർ തടവുകാരനാക്കി. നബിﷺയുടെ ഉറക്കമില്ലായ്മയും അസ്വസ്ഥതയും ചില സ്വഹാബികൾ വീക്ഷിച്ചുകൊണ്ടിരുന്നു. ഉറക്കില്ലായ്മയെ കുറിച്ച് സഹാബികൾ അന്വേഷിച്ചു നബി ﷺ പറഞ്ഞു : അബ്ബാസ്(റ)വിന്റെ കണ്ഡനാളത്തിൽനിന്ന് ഞാൻ തേങ്ങിക്കരച്ചിൽ കേൾക്കുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് നിബന്ധനകൾ ലഘൂകരിക്കുക.
അബ്ബാസിനുള്ള നിബന്ധനകൾ മാത്രം നിങ്ങൾ ലഘൂകരിക്കരുത്, ആകയാൽ മുഴുവൻ തടവുകാരുടെയും നിബന്ധനകൾ നിങ്ങൾ ലഘൂകരിക്കുക. മുഴുവൻ തടവുകാരും മോചനദ്രവ്യം സമർപ്പിച്ചപ്പോൾ അദ്ദേഹം തന്റെ ശരീരം തന്നെ ലോകത്തിനധികാരിയായ തിരുമേനിﷺക്ക് സമർപ്പിച്ചു. പിന്നീട് അദ്ദേഹത്തെ നബിﷺതങ്ങൾ തന്റെ വഴിക്ക് വിട്ടു. അദ്ദേഹം മക്കയിലേക്ക് തിരിച്ചു. താമസിയാതെ തന്റെ ഭാര്യയേയും സന്താനങ്ങളുമായി അദ്ദേഹം മദീനയിലേക്ക് തന്നെ മടങ്ങി നബിﷺയുടെ സന്നിധിയിൽവെച്ച് പരസ്യമായി അദ്ദേഹം മുസ്ലിമായി. നബിﷺയുടെ ഉറ്റ സഹായിയായി നിലകൊണ്ടു.
മുശ്രിക്കുകൾക്കെതിരെയായ യുദ്ധങ്ങളിൽ നബിﷺയുടെ കൂടെ അബ്ബാസ്(റ)വും ശത്രുക്കളെ അഭിമുഖീകരിക്കാറുണ്ടായിരുന്നു. എല്ലാ സ്വഹാബികളും അബ്ബാസ്(റ)വിന്റെ മഹത്വം മനസ്സിലാക്കി ബഹുമാനദരവുകൾ പ്രകടിപ്പിച്ചു.
ഉമർ(റ)വിന്റെ ഭരണകാലത്ത് മദീനയിൽ ക്ഷാമം നേരിട്ടു. മുസ്ലിംകളോടു കൂടെ ഉമർ (റ) ഇസ്തിസ്ഖാഹ് (മഴക്ക് വേണ്ടി) നിസ്കാരം നിർവ്വഹിച്ചു. ശേഷം തന്റെ വലത്കൈകൊണ്ട് അബ്ബാസ്(റ)വിനെ പിടിച്ചു പ്രാർത്ഥിച്ചു.
ഞങ്ങളോടൊപ്പമുണ്ടായിരുന്ന പ്രവാചകന്റെ സാന്നിധ്യത്തിൽ വെച്ച് ഞങ്ങൾ മഴ ആവശ്യപ്പെടാറുണ്ടായിരുന്നു. നബിﷺയുടെ പിതൃസഹോദരൻ അബ്ബാസ്(റ)വിന്റെ സാന്നിധ്യത്തിലാണ് ഞങ്ങളിന്ന് മഴ ആവശ്യപ്പെടുന്നത്. താമസിയാതെ മഴ കോരിച്ചൊരിഞ്ഞു.
മഹത്വവും അനുഗ്രഹീതനുമാണ് അബ്ബാസ് (റ) എന്നതിനും ജനങ്ങൾക്കിടയിലും അല്ലാഹു ﷻ വിങ്കലും സ്ഥാനീയനാണെന്നതിനുമുള്ള സത്യസന്ധമായ സൂചനയായിരുന്നു ഈ സംഭവം.
Part : 03
നബിﷺയുടെ മറ്റൊരു പിതൃസഹോദരനായിരുന്നു അബൂലഹബ്. അബ്ദുൽ ഉസ്സ എന്നാണ് നാമം. അല്ലാഹു ﷻ വിന്റെയും നബിﷺയുടെയും ശത്രു. പ്രബോധനം നിഷ്കാസനം ചെയ്യാനും ജനങ്ങളുടെ വിശ്വാസം തടയാനും ജോലി ഉപേക്ഷിച്ച് കഠിനപ്രയത്നം നടത്തിയവൻ.
ദിവ്യസന്ദേശം ഇറങ്ങുന്നത് വരെ സഹോദരപുത്രനായ മുഹമ്മദിനോട് (ﷺ) സ്നേഹപൂർവ്വവും സൗമ്യതയോടെയുമായിരുന്നു അബൂലഹബ് വർത്തിച്ചിരുന്നത്. നബിﷺയുടെ മക്കളായ റുഖിയ്യയെ അബൂലഹബിന്റെ മകൻ ഉത്ബയും, ഉമ്മുകുൽസൂമിനെ അദ്ദേഹത്തിന്റെ മകൻ ഉതൈബയും വിവാഹം ചെയ്തു. അത്രമാത്രം സുദൃഢബന്ധമായിരുന്നു നബിﷺയുമായി അദ്ദേഹത്തിനുണ്ടായിരുന്നത്.
നബിﷺയുടെ പ്രവാചകത്വത്തിനു മുമ്പായിരുന്നു ഈ വിവാഹബന്ധം. ഇസ്ലാം പ്രത്യക്ഷമായി നബിﷺയുടെ പ്രബോധനം പരസ്യമാവുകയും ഖുറൈശികൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെ നിസ്സാരവൽകരിക്കുകയും ചെയ്തപ്പോൾ നബിﷺയുടെ പിതൃസഹോദരൻ അബൂലഹബ് ഇസ്ലാമിന്റെ ശത്രുനിരയിലെ അംഗമായി വിപ്ലവം സൃഷ്ടിച്ചു.
അബൂലഹബിന്റെ ഭാര്യ ഉമ്മുജമീൽ നബിﷺയോടും ഭാര്യ ഖദീജ(റ)യോടും ശത്രുത കാണിച്ചുകൊണ്ടിരുന്നു. ദുശിച്ച സ്വഭാവമുള്ളവരായിരുന്നു ഉമ്മു ജമീൽ. നാവ് മൂർച്ചയുള്ളവളും ദൂശ്യസ്വഭാവമുള്ളവളുമായിരുന്നു. അവളുടെ മക്കളായ ഉത്ബയുടെയും ഉതൈബയുടെയും ഭാര്യമാരായ ഉമ്മുകുൽസൂമിനെയും റുഖിയ്യയെയും വിവാഹമോചനം നടത്താൻ നിർബന്ധിപ്പിക്കുന്നതിലേക്ക് ശത്രുത അവളെ കൊണ്ടെത്തിച്ചു.
നബിﷺയോട് വളരെയേറെ തിന്മ ചെയ്തത് ഉമ്മുജമീൽ എന്ന സ്ത്രീയായിരുന്നു. നബിﷺതങ്ങൾ പോവുകയും അവിടെനിന്ന് മടങ്ങുകയും ചെയ്യുമ്പോഴെല്ലാം വഴികളിൽ ചവറുകളും വിറകുകളും മരക്കഷ്ണങ്ങളും നിക്ഷേപിക്കുമായിരുന്നു.
നബിﷺയുടെ പ്രബോധനത്തിന്റെ പ്രാരംഭ ദശ ബന്ധുക്കൾക്കിടയിൽ പ്രബോധനം നടത്താൻ അല്ലാഹുﷻവിന്റെ നിർദ്ദേശമുണ്ടായി. കുടുംബത്തിൽപെട്ട ഒരു വിഭാഗത്തെ നബി ﷺ സ്വഫാമലയുടെ മുകളിൽ കയറി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു വാ സ്വബാഹ്... വാ സ്വബാഹ്
ബനൂഫഹർ... ബനൂഅദിയ്യ്
കാര്യമറിയാതെ ഖുറൈശികൾ ഒത്തുകൂടി അവർക്കൊപ്പം പിതൃസഹോദരൻ അബൂലഹബുമുണ്ടായിരുന്നു. എന്താണ് കാര്യം..? അവർ ആരാഞ്ഞു...
നബിﷺതങ്ങൾ ചോദിച്ചു: ഈ കുന്നിന്റെ താഴ്ഭാഗത്ത് ഒരു കുതിരപ്പട നിങ്ങളെ അക്രമിക്കാൻ വരുന്നുണ്ടെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..?
ഖുറൈശികൾ പറഞ്ഞു: ഞങ്ങൾ നിന്നെ വിശ്വസിക്കും, തീർച്ച... ഇന്നേവരെ കള്ളം പറയുന്നതായി നിന്നെ ഞങ്ങൾ കണ്ടിട്ടില്ല.
നബി ﷺ അവരോട് പറഞ്ഞു, ജനങ്ങളേ... നിങ്ങൾ എന്റെ അടുത്ത കുടുംബബന്ധുക്കളാണ്. ജനങ്ങളോട് മുഴുവൻ കളവ് പറഞ്ഞാലും നിങ്ങളോട് ഞാൻ കളവ് പറയുകയില്ല. അല്ലാഹു ﷻ വാണ് സത്യം തീർച്ചയായും നിങ്ങൾ ഉറങ്ങുന്നതുപോലെ മരിക്കുകയും ഉണരുന്നതുപോലെ പുനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടുകയും നന്മ ചെയ്തവന് നന്മയും തിന്മ ചെയ്തവന് തിന്മയും പ്രതിഫലമായും നൽകപ്പെടും. സ്വർഗവും നരകവും അതിനുവേണ്ടി അവൻ തയ്യാർ ചെയ്തിട്ടുണ്ട്...
അവൻ മാത്രമാണ് ആരാധ്യൻ. നിങ്ങളിലേക്ക് പ്രത്യേകമായും ജനങ്ങളിലേക്ക് പൊതുവായും അല്ലാഹു ﷻ അയച്ച ദൂതനാണ് ഞാൻ. അല്ലാഹു ﷻ വിനെ നിങ്ങൾ വിശ്വസിക്കുക. അവന് നിങ്ങൾ തഖ്വ്വചെയ്യുക. അങ്ങനെയായാൽ അല്ലാഹു ﷻ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും.
സദസ്സിൽ സന്നിഹിതനായിരുന്ന അബൂലഹബ് സഹോദരപുത്രനായ മുഹമ്മദ് നബിﷺയുടെ ഭാഷണം കേട്ടപ്പോൾ അത്യുച്ചത്തിൽ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു : മുഹമ്മദേ... നിനക്ക് നാശം ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്..?
അബൂലഹബ് കല്ലെറിയാനൊരുങ്ങി. അബൂത്വാലിബ്(റ)വും ഹംസ(റ)വും അബൂലഹബിനെ തടഞ്ഞു നിർത്തി. ഈ സന്ദർഭത്തിലാണ് അദ്ധ്യായം അവതരിപ്പിക്കപ്പെട്ടത്. അബൂലഹബിന്റെ കരങ്ങൾ നശിക്കട്ടെ അത് നശിക്കുകതന്നെ ചെയ്യും. അവന്റെ സമ്പാദ്യങ്ങളും അവന്റെ പ്രവർത്തനങ്ങളും അവന് ഉപകരിക്കുകയില്ല. ജ്വാലക്കാരനായ അവനും വിറകുകാരിയായ അവന്റെ ഭാര്യയും നരകാഗ്നിയിൽ ആപതിക്കുക തന്നെ ചെയ്യും. അവളുടെ കഴുത്തിൽ ഈത്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്. ഈ അധ്യായം അവതരിച്ച ശേഷം അബൂലഹബും അവന്റെ ഭാര്യയും ഇസ്ലാമിനോട് പകയും വിദ്വേഷവും നിറഞ്ഞവരായി..!!
Part : 04
ബദ്ർയുദ്ധം ബദ്റിലെ വിവരമറിയാൻ കാത്തിരിക്കുകയാണ് അബൂജഹൽ. ധാരാളം സൈന്യബലം ഉണ്ടായിരുന്നെങ്കിലും ആകാക്ഷയോടെ തന്റെ നിമിഷങ്ങൾ തള്ളിനീക്കുകയാണ് അബൂജഹൽ.
ബദ്റിലെ വാർത്തയറിയാൻ കൊതിച്ചു നിൽക്കുന്നതിനിടയിലാണ് അബൂസുഫ്യാനുബ്നുൽ ഹാരിസിന്റെ രംഗപ്രവേശം. വാർത്തയറിയാൻ തിടുക്കം കാട്ടുന്ന അബൂജഹൽ ഉമ്മറത്തേക്കിറങ്ങിവന്ന് അബൂസുഫ്യാനുബ്നുൽ ഹാരിസിനെ സ്വീകരിച്ചു. ആളുകൾ ചുറ്റും കൂടി.
ആകാംക്ഷയോടെയും പ്രതീക്ഷയോടെയും അബൂലഹബ് ആരാഞ്ഞു: ഇബ്നുൽ ഹാരിസ് എന്താണുണ്ടായത് ഇബ്നുൽ ഹാരിസ് പറഞ്ഞു തുടങ്ങി അബ്ബാസ്(റ)വിന്റെ ഭാര്യ ഉമ്മുൽഫള്ലും അടിമയായ അബൂറാഫിഉം അൽപം അകലെയായി ഇരിപ്പുറപ്പിച്ചു. അവരും ബദ്റിലെ വാർത്ത കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.
ഇബ്നുൽ ഹാരിസ് : എന്തുപറയാൻ നാം ആകെ നശിച്ചു നമ്മിലധികപേരും അവരുടെ വാളിനിരയായി. വേണ്ടപ്പെട്ടവരെയെല്ലാം അവർ ബന്ധികളാക്കിയിരിക്കുന്നു. നമ്മുടെ അഭിമാനം നഷ്ടപ്പെട്ടിരിക്കുന്നു. ഇതുകേട്ട അബൂലഹബ് സ്തബധനായി മുഖം ചുവന്നു തുടുത്തു. ദുഃഖഭാരം അബൂലഹബിനെ വേട്ടയാടി. അബൂറാഫിഉം ഉമ്മുൽഫള്ലും പരസ്പരം നോക്കി. അവർ സന്തോഷഭരിതരായി ഊറിച്ചിരിച്ചു. ബദ്റിൽ അല്ലാഹുﷻവിന്റെ സഹായമിറങ്ങിയിരിക്കുന്നു.
അബൂലഹബ് ഖുറൈശികളെ ആക്ഷേപിക്കാൻ തുടങ്ങി. അബൂസുഫ്യാൻ അബൂലഹബിനെ തിരുത്തി. അബൂലഹബ് ആരെയും ആക്ഷേപിച്ചിട്ട് കാര്യമില്ല. മുഹമ്മദിനെ അല്ലാഹു ﷻ സഹായിച്ചിരിക്കുന്നു. ആകാശത്തുനിന്ന് കുറെ വെള്ളവസ്ത്രധാരികൾ ഇറങ്ങിവന്നിരിക്കുന്നു. എല്ലാം അവർ നശിപ്പിച്ചു. അവരെ നേരിടാൻ ഒരുവിധേനയും സാധിച്ചില്ല. നിരാശ അങ്കുരിക്കുന്ന വദനങ്ങളോടെ അബൂസുഫ്യാൻ പറഞ്ഞു.
വീണ്ടും ഉമ്മുഫള്ലും അബൂറാഫിഉം പരസ്പരം നോക്കി. അവരുടെ സന്തോഷത്തിനാക്കം കൂടി. ഉറച്ച ശബ്ദത്തോടെ അബൂറാഫിഹ് പറഞ്ഞു: തീർച്ച അത് മലക്കുകളാണ് മലക്കുകൾ തന്നെയാണത്.
അതുകേട്ട അബൂലഹബ് ക്ഷുഭിതനായി. കണ്ണുകളിൽ തീപ്പന്തൽ ആളിക്കത്തി. എന്ത് ധിക്കാരമാണിത് മുഹമ്മദിന് അംഗീകരിക്കാമോ..?
അബൂലഹബ് അബൂറാഫിഇനു നേരെ പാഞ്ഞടുത്തു അവന്റെ പരുപരുത്ത കരങ്ങൾ അബൂറാഫിഇന്റെ ദേഹത്ത് പതിച്ചു വീണ്ടും വീണ്ടുമവൻ അബൂറാഫിഇന്റെ നെടുപ്പുറത്ത് അരിശം തീർത്തുകൊണ്ടേയിരുന്നു.
കണ്ടു നിന്ന് ഉമ്മുൽ ഫള്ൽ സ്തംഭിച്ചുപോയി എന്താണുണ്ടായത്? അല്ലാഹു ﷻ വിന്റ ശത്രു ഒരു മുസ്ലിമിനെ അടിച്ചൊതുക്കുകയോ? ഉമ്മുൽഫള്ൽ ധൈര്യം സംഭരിച്ചു മുന്നോട്ടു കുതിച്ചു. ഭാരമേറിയ തൂൺ മുമ്പിൽ കണ്ടു അതവർ വലിച്ചെടുത്തു. അബൂലഹബിന്റെ തല ലക്ഷ്യമാക്കി ആഞ്ഞടിച്ചു. തലക്കടിയേറ്റ അബൂലഹബ് കുനിഞ്ഞിരുന്നുപോയി. തലയിൽനിന്ന് രക്തം വാർന്നൊഴുകി മുടിയും താടിയുമെല്ലാം രക്തംകൊണ്ട് ചെഞ്ചായം പൂശി. കോപിഷ്ഠയായ ഉമ്മുഫളിലിന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു. മുസ്ലിമായ കാരണത്താൽ ഒരാൾ അക്രമിക്കപ്പെടുകയോ? അവർക്ക് ക്ഷോഭമടക്കാനായില്ല.
എടാ ധിക്കാരി യജമാനൻ ഇവിടെയില്ലെന്നു കരുതി നീ അവനെ അക്രമിക്കുകയാണോ..?
അബൂലഹബ് അസ്വസ്ഥനായി. നാവ് നിശ്ചലമായപോലെ അവൻ തളരുകയാണ് നയനങ്ങൾ അടഞ്ഞ പ്രതീതി നാഡികൾ നിശ്ചലമാകുന്നപോലെ നേരെ നിൽക്കാൻ ഏറെ പ്രയാസപ്പെട്ടു. ഇടറുന്ന പദത്തോടെ അയാൾ മുന്നോട്ടു നീങ്ങി. രക്തം ചാലിട്ടൊഴുകുന്നുണ്ട്. ശരീരം ദുർബലമായിരിക്കുന്നു. സഹോദരഭാര്യ തല്ലിചതച്ചതിന്റെ അപമാന ഭാരവുമായി അവൻ നടന്നു നീങ്ങി എന്തൊരപമാനമാണിത്? ആരോട് പറയും? ഖുറൈശീ നേതാവ് ഒരു പെണ്ണിന്റെ മുമ്പിൽ അപമാനിതനാവുകയോ? പരാജയപ്പെടുകയോ?
അവശനായ അബൂലഹബ് വീട്ടിലെത്തി. വേദന കടിച്ചമർത്തി. തലക്കേറ്റ മുറിവ് ആഴമേറിയതായിരുന്നു. വേദന വർധിച്ചുകൊണ്ടിരുന്നു. മുറിവ് പഴുക്കുകയാണ്. ദിവസങ്ങൾ മാറിമറിഞ്ഞു തല പഴുത്തു ചീഞ്ഞൊലിച്ചു.
അബൂലഹബ് മരണവെപ്രാളത്തിലേക്ക് നീങ്ങി. മാരക രോഗത്തിന് അടിമപ്പെട്ടു. രോഗം മക്കയിൽ വാർത്തയായി. അഭസ എന്ന പേരിലറിയപ്പെടുന്ന ഒരുതരം വസൂരിക്കുരുവാണ് രോഗം. അറബികൾക്കിടയിലെ അവലക്ഷണത്തിന്റെ രോഗമാണത്.
പകർച്ചാവ്യാധി ഭയന്ന് ജനങ്ങൾ അബൂലഹബിനെ വെറുത്തു. അബൂലഹബ് തളർന്നുപോയി. ഖുറൈശീ നേതാവ് വഴിയാധാരമായി. ആർക്കും വേണ്ട. ചവറ്റുകുട്ടയിലേക്കന്നപോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നു.
തന്റെ ദുസ്ഥിതിയോർത്ത് അബൂലഹബ് വിഷണ്ണനായി. പക്ഷേ നീറുന്ന മനസ്സിന്റെ വേവലാതി ആര് കേൾക്കാൻ..?
സ്വന്തം സന്താനങ്ങൾ പോലും അകറ്റിനിർത്തിയിരിക്കുന്നു. പുണ്യപ്രവാചകന്റെ വിശുദ്ധ ദേഹം മലിനമാക്കിയ ഉമ്മുജമീൽ എന്ന തന്റെ സഹധർമ്മിണിക്കും സഹികെട്ടു. പ്രിയതമൻ ജീവഛവമായി മാറിയിരിക്കുന്നു. ഇനിയെന്തിന് പരിചരിക്കണം? തന്റെ ജീവിതം നഷ്ടപ്പെടുത്തിയിട്ടെന്തുകാര്യം? ഉമ്മുജമീലിന്റെ ചിന്ത കാടുകയറി. അവളും തന്റെ ഭർത്താവിനെ ഉപേക്ഷിച്ചു. മരണം കൊതിക്കുകയാണ് അബൂലഹബ്; പഴുത്ത് ചീഞ്ഞൊലിക്കുന്ന തലയുമായി സമയം തള്ളിനീക്കി.
മക്കാനിവാസികൾ സമാധാനിച്ചു. ഖുറൈശികളുടെ നേതാവ്. സമര നായകൻ. മുഹമ്മദിന്റെ മതത്തെ എതിർക്കുന്നതിൽ പേരെടുത്ത ധീരശൂര പരാക്രമി. പുഴുവിനെപ്പോലെ അന്ത്യശ്വാസം വലിച്ചു.
അബൂലഹബിന്റെ മരണം മക്കക്കാർക്കിടയിൽ വാർത്തയായില്ല. മൃതദേഹം സന്ദർശിക്കാൻ ആളുകളില്ല. അവലക്ഷണം ഒഴിഞ്ഞു കിട്ടിയ ആഹ്ലാദത്തിൽ മക്ക മുഴുവനും സമാധാനപൂർവ്വം അന്തിയുറങ്ങി. മൂന്നു ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണു. ശവം ചീഞ്ഞുനാറി ചിലരത് മണ്ണിനടിയിലാക്കാൻ ശ്രമിച്ചു. ഒരു വലിയ കുഴി രൂപപ്പെടുത്തി. ഒരു വലിയ കുന്തം കയ്യിലെടുത്തു അവർ കിണഞ്ഞു ശ്രമിച്ചു. ഉരുട്ടിയുരുട്ടി കുഴിയിൽ തള്ളിയിട്ടു. അകലെ നിന്നു കല്ലുകൾ ജഢത്തിലേക്ക് വലിച്ചെറിഞ്ഞു. നശിച്ച മനുഷ്യ ജന്തു.
നബിതിരുമേനിﷺയെ ഭ്രാന്തനെന്ന് വിളിച്ചാക്ഷേപിച്ച അബൂലഹബ്. നബിﷺയുടെ വീട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞവൻ. മുസ്ലിംകളെ കഠിന മർദ്ദനങ്ങൾക്കിരയാക്കിയവൻ. അവൻ ഒരു കുഴിയിലേക്ക് നീചനായി പുഴുവിനെപ്പോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. അതെ അബൂലഹബിന്റെ കരങ്ങൾ നശിച്ചിരിക്കുന്നു. സഹായികളെല്ലാം അവന് നഷ്ടപ്പെട്ടിരിക്കുന്നു. കൂടപ്പിറപ്പുകൾപോലും അവനെ അകറ്റിനിർത്തിയിരിക്കുന്നു.
അവൻ നശിച്ചിരിക്കുന്നു.
Part : 05
നബിﷺയുടെ മറ്റൊരു പിതൃസഹോദരനാണ് ഹംസ (റ). ധീരതയിലും ശക്തിയിലും മറ്റുപിതൃസഹോദരൻമാരെക്കാൾ ഉന്നതസ്ഥാനീയനുമാണ് അദ്ദേഹം.
നബിﷺയുടെ പിതാമഹൻ അബ്ദുൽ മുത്വലിബാണ് പിതാവ്. തന്റെ ജനങ്ങൾക്കിടയിൽ നേതാവ്. കുടുംബത്തിലും തറവാട്ടിലും ഉന്നതസ്ഥാനീയൻ, സ്വഭാവം, ശരീരപ്രകൃതി എന്നിവയിൽ ആദരണീയൻ. ഖുറൈശികൾക്കിടയിലെ ഉന്നതൻ. കഅ്ബയുടെ സംരക്ഷകൻ. ഹജ്ജ് കാലങ്ങളിൽ വെള്ളം കുടിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്നവൻ. എന്നിങ്ങനെ എല്ലാമായിരുന്നു അദ്ദേഹം.
അല്ലാഹു ﷻ വിന്റെ നിർദ്ദേശമനുസരിച്ച് സംസം കിണർ കുഴിച്ചവരും ലോകത്തിന്റെ പല ദിക്കുകളിൽ നിന്നും വന്നെത്തുന്ന ഹാജിമാർക്ക് വെള്ളം നൽകുന്ന സംഘങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്നവരുമായിരുന്നു അദ്ദേഹം.
അവർക്കിടയിൽ രൂപഭംഗിയും ഹൃദയ ധീരതയുള്ളവരും സുന്ദരനും ദീർഘവീക്ഷണമുള്ളവരുമായിരുന്നു.
നബിﷺയുടെ ജനനവർഷം തന്നെയാണ് അദ്ദേഹവും ജനിച്ചത്. ജനനത്തിന്റെ ആദ്യ ദിനങ്ങളിൽ ഒരു സ്ത്രീയിൽ നിന്നാണവർ മുല കുടിച്ചത്. അങ്ങനെ നബിﷺയും ഹംസ(റ)വും മുലകുടി ബന്ധത്തിലെ സഹോദരന്മാരായി.
വിനോദത്തോടെയും അന്നപാനീയങ്ങളോടെയും അബ്ദുൽ മുത്തലിബിന്റെ വീട്ടിലെ പരിചരണത്തിൽ ഒന്നിച്ചുവളർന്നവരായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ സാധാരണ ഒരേ സംരക്ഷണത്തിൽ വളരുന്ന കുട്ടികളിലേതുപോലെ പ്രത്യേക സ്നേഹവും ഐക്യവും അവർക്കിടയിൽ വളർന്നു.
നബിﷺയെ വളരെയേറെ ഇഷ്ടപ്പെട്ടവരായിരുന്നു ഹംസ (റ). പകരം നബി ﷺ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു ഹംസ (റ)വിന്റെ സഹോദരന്മാർക്കിടയിൽ ഹംസ (റ) വിനെക്കാൾ നബി ﷺ പ്രാധാന്യം കൽപ്പിച്ചിരുന്നത് എട്ടാം വയസ്സിൽ തന്നെ വളർത്തിയ അബൂത്വാലിബിനായിരുന്നു.
പിതൃ സഹോദരൻ ഹംസ(റ)വിന്റെ സ്നേഹിതനും സുഹൃത്തുമായി നബി ﷺ തങ്ങൾ യുവാവായി. യുവ പ്രായത്തിൽ കച്ചവടയാത്രകളിൽ നബിﷺതങ്ങൾ വ്യാപൃതനായി. അറബികൾക്കിടയിലെ ഉന്നത സ്ത്രീരത്നമായ ഖദീജ(റ)യെ വിവാഹം ചെയ്യാൻ ആ യാത്ര നിമിത്തമാവുകയും ചെയ്തു.
Part : 06
വിവാഹാനന്തരം നബി ﷺ ആരാധനയിലേക്കും ഏകാന്തവാസത്തിലേക്കും തിരിഞ്ഞു. തന്റെയും ഏകാധിപതിയായ തന്റെ നാഥന്റെയും ഉണ്മയുടെ ലഹസ്യത്തെക്കുറിച്ച് ചിന്താവിഹീനനും അന്വേഷിയുമായി പ്രതീക്ഷാനിർഭരമായ ആരാധനയിൽ നബിﷺതങ്ങൾ കഴിഞ്ഞുകൂടി...
വിശാലമായ പ്രപഞ്ചം, എണ്ണമറ്റ ജീവജാലങ്ങൾ തുടങ്ങി പ്രപഞ്ചനാഥനെ കുറിച്ചുള്ള ആലോചനയിലാണ്ട നബിﷺതങ്ങൾ തന്റെ ദിനരാത്രങ്ങൾ നബി ﷺ ഹിറാഗുഹയിൽ ചിലവഴിച്ചു. അപ്പോഴേക്കും പിതൃസഹോദരനായ ഹംസ (റ) ജീവിതത്തിൽ മറ്റൊരു മാർഗം കണ്ടെത്തിയിരുന്നു. വടിവൊത്ത ആരോഗ്യമുള്ള തന്റെ ശരീരം വേണ്ടുവോളം വിനോദ ആസ്വാദനങ്ങളിൽ അദ്ദേഹം ചിലവഴിച്ചു.
ഗാംഭീര്യ മുഖഭാവമുള്ളവരും സുമുഖനുമായിരുന്ന അദ്ദേഹത്തെ അത്ഭുതാദരങ്ങളോടെയായിരുന്നു ജനങ്ങൾ വീക്ഷിച്ചിരുന്നത്. ശക്തമായ കായികബലമുള്ള യുവാവായിരുന്നു അദ്ദേഹം.
ഖുറൈശികൾക്കിടയിലെ തന്റെ അധികാര സ്വാധീനങ്ങളിൽ പിതാവായ അബ്ദുൽ മുത്വലിബിന്റെ സ്ഥാനത്താണ് താനുള്ളതെന്ന് അദ്ദേഹം മനസ്സിലാക്കി. ഖുറൈശികളിലെ ഉന്നതരും പ്രമുഖരുമായ വ്യക്തികൾ തങ്ങളുടെ അധികാര സ്വാധീനങ്ങളിലൂടെ വളരെയേറെ സുഖാസ്വാദനങ്ങൾ അനുഭവിക്കുന്നവരായിരുന്നു.
കുതിരപ്പന്തയത്തോടു താൽപര്യമുണ്ടായിരുന്ന ഹംസതുബ്നു അബ്ദുൽ മുത്വലിബിന് മൃഗവേട്ടയും പക്ഷിവേട്ടയും വാൾപ്പയറ്റും കുന്തമേറും അമ്പെയ്ത്തും ഇഷ്ട വിനോദങ്ങളായിരുന്നു.
അറേബ്യൻ മരുപ്രദേശങ്ങളിലായിരുന്നു അദ്ദേഹം പകൽ സമയങ്ങൾ ചിലവഴച്ചിരുന്നത്. താഴ് വാരങ്ങളിലൂടെ സഞ്ചരിച്ചും കുന്നുകൾ കയറിയിറങ്ങിയും മൃഗങ്ങളെ വേട്ടയാടിയും ആനന്ദം കണ്ടെത്തി.
വാൾ,കുന്തം, മുതലായവയുടെ പോർക്കളങ്ങളിൽ സമാധാനം കണ്ടെത്തിയവരായിരുന്നു അദ്ദേഹം. ഇതിനാൽ മക്കയിലെ ഉന്നതസ്ഥാനീയരുടെയും പ്രമുഖ വ്യക്തികളുടെയുമിടയിൽ സർവ്വ സ്വീകാര്യമായ പ്രത്യേക വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു.
ഒട്ടക സവാരിയിലൂടെയും സാഹസിക പോരാട്ടങ്ങളിലൂടെയും കുതിരപ്പന്തയങ്ങളിലെ ധീരതയിലൂടെയും പ്രസിദ്ധനായിരുന്നു ഹംസ (റ).
ഇസ്ലാമിക പ്രബോധനത്തിന്റെ പ്രാരംഭ ദശ നബിﷺയുടെ സംരക്ഷണത്തിൽ വളരുകയും നബിﷺയിൽ നിന്ന് സംസ്കാരം പകുത്തെടുക്കുകയും ചെയ്ത അബ്ദുൽമുത്വലിബിന്റെ സന്തതികളിൽ നിന്ന് അലി (റ)മാത്രം ഇസ്ലാമിലേക്ക് കടന്നു വന്ന സന്ദർഭം.
നബിﷺയുടെ പിതൃസഹോദരൻ ഹംസ (റ) സഹോദരപുത്രന്റെ പ്രബോധനശൈലി വീക്ഷിച്ചു ബഹുമാനാദരവുകളോടെ പരിഗണിച്ചു. പക്ഷെ അലി(റ)വിന് ശേഷം ആരും ഇസ്ലാമിലേക്ക് കടന്നുവരുന്നില്ല.
സഹോദര പുത്രൻ മുഹമ്മദ് നബിﷺയുടെ പോരാട്ടത്തെ ഹംസ (റ) വീക്ഷിക്കുന്നു. നബിﷺയുടെ പ്രബോധന വീഥിയിലെ പ്രതിരോധങ്ങൾ മനസ്സിലാക്കുന്നു. ശത്രുക്കളായ ഖുറൈശികൾ നബിﷺക്കെതിരെ കുതന്ത്രങ്ങൾ മെനയുന്നു. അക്രമങ്ങൾ അഴിച്ചുവിടുന്നു...
ഹംസ (റ) ആത്മഗതം ചെയ്തു. പ്രബോധന ഗോദയിലെ മുഹമ്മദ് നബിﷺയുടെ സത്യസന്ധത എനിക്കറിയാം. സ്ഥാനമാനങ്ങളിലൂടെ ഉന്നതനും സത്യസന്ധനും ശ്രേഷ്ഠരുമാണ്.
വിശാല ഹൃദയനായ മുഹമ്മദ് നബി ﷺ സന്മനസ്കനും ആത്മവിശുദ്ധനുമാണ്. തന്റെ മതത്തെക്കുറിച്ച് സത്യസന്ധമായി സന്തോഷവാർത്ത അറിയിച്ചവരാണ്.
ഹംസ (റ)വിന് സഹോദരപുത്രനായ മുഹമ്മദിന്റെ (ﷺ) മഹത്വത്തെക്കുറിച്ച് പൂർണ്ണവിശ്വാസമുണ്ടായിരുന്നു. പക്ഷെ വിശ്വാസം പരസ്യമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
നബിﷺയെ ആദ്യമായി വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്ത മുസ്ലിംകളോടൊപ്പം ചേരാൻ അദ്ദേഹത്തിന് സാധിച്ചില്ല. അനുകമ്പയുടെയും ക്ഷോഭത്തിന്റെയുമിടയിൽ സഹോദരപുത്രനെപ്പോലെ സ്വയം നിയന്ത്രിച്ചു പോന്നു.
നേരത്തെ തന്റെ പൂർവ്വപിതാക്കൾ അംഗീകരിച്ചുപോന്ന വിശ്വാസചാരത്തിന്റെയും സഹോദരപുത്രനോടുള്ള അനുകമ്പയുടെയുമിടയിലായി അദ്ദേഹം വളർന്നു.
ആശങ്കയോടെ അദ്ദേഹം ജീവിച്ചു സഹോദര പുത്രൻ മുഹമ്മദ് ﷺ തന്റെ മതത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും ശക്തമായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നത് ഹംസ (റ) കാണുന്നുണ്ട്.
മുഹമ്മദ് നബിﷺയുടെ മതം അംഗീകരിക്കാനും ഖുറൈശികൾക്ക് മുമ്പിൽ അത് പ്രഖ്യാപിക്കാനും ഉദ്ദേശ്യമുണ്ടെങ്കിലും തന്റെ കാര്യത്തിൽ ആശങ്കയിലും സംശയത്തിലുമാണ് അദ്ദേഹം.
സംശയത്തോടെയും നിശ്ശബ്ദ പ്രകടനത്തിലുമാണെങ്കിലും അദ്ദേഹത്തിന്റെ കണ്ണിലുണ്ണിയാണ് നബി ﷺ. നിസ്വാർത്ഥതയോടെയും അനുകമ്പയോടെയും നബിﷺയെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്തത് അദ്ദേഹമാണ്.
സഹോദരപുത്രൻ മുഹമ്മദ് ﷺ ക്ക് ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്ന് പൂർണസംരക്ഷണം നൽകാൻ അദ്ദേഹം ഉറച്ച തീരുമാനം കൈകൊണ്ടു.
എല്ലാദിവസവും കഅബയുടെ സമീപത്തുകൂടെ അദ്ദേഹം നടക്കുമായിരുന്നു. ഖുറൈശികൾ പുതിയ മതത്തെക്കുറിച്ച് എന്താണ് പറയുന്നതെന്ന് കാണുകയും കേൾക്കുകയും ചെയ്യാമല്ലോ. എന്തെല്ലാം കുതന്ത്രങ്ങളാണവർ മെനയുന്നതെന്ന് മനസ്സിലാക്കാമല്ലോ. അവരെ അസ്വസ്ഥമാക്കുന്ന സംസാരങ്ങൾ അറിയാമല്ലോ. മുഹമ്മദിന്റെ (ﷺ) പ്രബോധനം നിശ്ചലമാക്കാൻ അവർ കരുക്കൾ നീക്കുന്നുണ്ട്. ദൂശ്യങ്ങൾ പറഞ്ഞുകൊണ്ട് മുഹമ്മദ് നബിﷺയെ ആക്ഷേപിക്കുകയും ചീത്തപറയുകയും ചെയ്യുന്നുണ്ട്. നബിﷺയെ വധിക്കാൻ അവർ പരസ്പരം പ്രതിജ്ഞ ചെയ്യുന്നുണ്ട്.
കഅ്ബയിൽ വെച്ച് ഖുറൈശീ പ്രമുഖൻമാർക്കിടയിൽ നടന്ന ഈ ചർച്ച ഹംസ (റ) കേൾക്കുന്നു. ആരെയും അറിയിക്കാതെ മനസ്സിൽ ഒളിച്ചു വെച്ചു. അദ്ദേഹത്തിന്റെ മനസ്സ് ദുഃഖ സാന്ദ്രമായിരുന്നു. സഹോദര പുത്രന്റെ സംരക്ഷണത്തിനുവേണ്ടി പരമാവധി അനുകമ്പ പ്രകടിപ്പിക്കാനും ആത്മപരിചരണം നൽകാനും മാത്രമേ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളൂ...
ഹംസ (റ) ഒരു തീരുമാനത്തിലെത്തിച്ചേർന്നു. പതിവുപോലെ വേട്ടകഴിഞ്ഞ് മടങ്ങിവരികയാണ്. ഹംസ (റ) വീട്ടിലേക്ക് തിരിക്കാൻ വേണ്ടി കഅ്ബയിലേക്ക് പോകുമ്പോൾ ഒരു വിളിയാളം കേൾക്കുന്നു...
അബൂ ഉമാറ... അബൂ ഉമാറ...
ഹംസ (റ) തിരിഞ്ഞു നോക്കി. ജുദ്ആന്റെ മകന്റെ ദാസിയുടേതായിരുന്നു ആ ശബ്ദം. അവൾ തന്റെ നേരെ വരുന്നതായി ഹംസ (റ) കണ്ടു.
ഭയന്നുകൊണ്ട് ഗദ്ഗദത്തോടെ അവൾ പറഞ്ഞു: അബൂ ഉമാറ, ഹിശാമിന്റെ മകൻ അബൂൽ ഹകം (അബൂജഹ്ൽ) മുഹമ്മദിനെ (ﷺ) ചീത്തപറയുകയും അടിക്കുകയും ചെയ്തിരിക്കുന്നു. കഅ്ബയിൽ ഖുറൈശി പ്രമുഖരുടെ മുന്നിൽ വെച്ച് മുഹമ്മദിന്റെ (ﷺ) തലയിൽ മണ്ണ് വാരിയിട്ടിരിക്കുന്നു.
ഇത് കേട്ട ഹംസ (റ) ദുഃഖഭാരത്താൽ അസ്വസ്ഥനായി. പെൺകുട്ടിയോട് ചോദിച്ചു : മുഹമ്മദ് (ﷺ) ഇപ്പോൾ എവിടെയാണുള്ളത്..?
അവൾ പറഞ്ഞു: വ്യസനഭാരത്തോടെയും ദുഃഖഭാരത്തോടെയും തന്റെ വീട്ടിലേക്ക് പോയിരിക്കുകയാണ്. 'ഹസ്ബിയല്ലാഹു വനിഹ്മൽ വകീൽ' എന്ന് ഉരുവിട്ട് കൊണ്ടാണ് പോയത്. ഇതുകേട്ട് ഹംസ (റ) വിന്റെ ശിരസ്സിൽ രക്തം തെളിച്ച് മറിഞ്ഞു. സിരകളിൽ അഭിമാന ബോധം അങ്കുരിച്ചു...
എന്റെ ജീവിതകാലത്ത് മുഹമ്മദിനെ (ﷺ) ഉപദ്രവിക്കാൻ ആരാണ് ധൈര്യം കാണിച്ചതെന്നലറിക്കൊണ്ട് ഒരു സിംഹത്തെപ്പോലെ പ്രതികാര ദാഹത്തോടെ കഅ്ബയിലേക്ക് കുതിച്ചു. അവിടെ ഖുറൈശി പ്രമുഖരെ കാണാനിടയായി. അബൂജഹൽ അവരുടെ മധ്യത്തിൽ ഇരിക്കുന്നുണ്ട്...
Part : 07
ഹംസ (റ) നിശബ്ദനായി നിലയുറപ്പിച്ചു. തന്റെ അമ്പ് വലിച്ചെടുത്തു അബൂജഹ്ലിനെ എറിഞ്ഞു. അമ്പ് അബൂജഹ്ലിന്റെ തല പിളർത്തി രക്തം മുഖത്തേക്ക് വാർന്നൊഴുകി.
ശേഷം ഹംസ (റ) വിളിച്ചു പറഞ്ഞു; അബൂജഹൽ നിനക്കുള്ള പ്രതിഫലമാണിത്. മുഹമ്മദിനെ (ﷺ) ചീത്ത പറയാനും അടിക്കാനും നിനക്കെന്തവകാശമാണുളളത്? ആദരണീയനരും ഉന്നതരുമായ ഒരു കുടുംബം മുഹമ്മദിനുണ്ടെന്ന് (ﷺ) നീ മറന്നോ..?
ഖുറൈശികളിലെ ഉന്നതനും നേതാവുമായ അബ്ദുൽ മുത്വലിബാണ് മുഹമ്മദിന്റെ (ﷺ) പിതാമഹനെന്ന കാര്യം നീ മറന്നോ? അവന്റെ പിതൃസഹോദരൻ എന്റെ സഹോദരനും നിങ്ങളുടെ കൈകാര്യകർത്താവും ഉന്നതനുമായ അബൂത്വാലിബാണെന്ന വസ്തുത നീ മറന്നോ..?
ഇതൊക്കെ മറന്നുകൊണ്ടാണോ നീ മുഹമ്മദിനെ (ﷺ) അടിക്കുകയും ചീത്ത പറയുകയും അവന്റെ തലയിൽ മണ്ണ് വാരിയിടുകയും ചെയ്തത്..?!
ഹംസയിൽ നിന്നുണ്ടാവാത്ത അനിതരസാധാരണമായ ഈ സംഭവത്തിലൂടെ പേടിച്ചരണ്ട അബൂജഹ്ൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു അബൂ ഉമറ: മുഹമ്മദ് (ﷺ) നമ്മുടെ മതത്തിലല്ല. അവൻ നമ്മുടെ വിശ്വാസാചാരങ്ങളെ വിഡ്ഢിത്തമെന്നാക്ഷേപിക്കുകയും നമ്മുടെ ആരാധ്യരെ ചീത്ത പറയുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നിന്റെ അമ്പുകൊണ്ട് എന്നെ അടിക്കാൻ നിനക്കെന്തവകാശമാണുള്ളത്? എന്റെയും നിന്റെയും മതത്തിലല്ലാത്ത ഒരാളെ നമുക്ക് ദോഷകരമായി നീ സഹായിക്കുകയാണോ..?
ഹംസ (റ) ഉഛൈസ്തരം വിളിച്ചു പറഞ്ഞു:
അബൂജഹൽ അല്ല ഞാൻ മുഹമ്മതിന്റെ മതത്തിലാണുള്ളത്. ഞാൻ മുഹമ്മദിന്റെ മതത്തിൽ തന്നെയാണുള്ളത്...
Part : 08
ഖുറൈശീപ്രമുഖർ ഭയ വിഹ്വലരായി ഭയാശങ്കയോടെ പരസ്പരം ചോദിച്ചുകൊണ്ടവർ അങ്ങുമിങ്ങും നോക്കി. ചിലർ വിളിച്ചു പറഞ്ഞു, ഹംസ മുസ്ലിംമാവുകയോ? അവൻ മുഹമ്മദിന്റെ (ﷺ) മതത്തിൽ ചേരുകയോ? എന്റെ നാശമേ വൻ നഷ്ടമാണത്...
ഹംസയുടെ ഇസ്ലാമികാശ്ലേഷണം മുഹമ്മദുമായി (ﷺ) അടുപ്പിക്കുകയും അവനത് വലിയ ശക്തിയായിത്തീരുകയും ചെയ്യും. മുഹമ്മദിന്റെ (ﷺ) പ്രബോധനം ശക്തിപ്പെടുത്തും. നമ്മെ ദുർബലമാക്കും.
ഇത് സത്യമായിരുന്നു. അതുല്യശക്തിയുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ഹംസ (റ). ഖുറൈശികൾക്കു മുമ്പാകെയുള്ള അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രഖ്യാപനം സംഭവിക്കാൻ പാടില്ലാത്ത വലിയ വിപത്തായിരുന്നു...
ഹംസ (റ) തന്റെ വീട്ടിലേക്ക് മടങ്ങി. ആലോചനയിൽ ആശ്വാസം കൊണ്ടു. സ്വയം പറഞ്ഞുകൊണ്ടിരുന്നു അബൂജഹലിനെതിരെ കോപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തനിമിഷം മുഹമ്മദിന്റെ (ﷺ) മതത്തിലാണെന്ന് ഞാൻ അർത്തനാദം മുഴക്കി.
ഞാൻ മുസ്ലിംമായത് സത്യമല്ലേ? എന്റെ ഇസ്ലാമാശ്ലേഷണ പൂർത്തീകരണത്തിന് വേണ്ടി ഞാൻ മുഹമ്മദിന്റെ (ﷺ) മുമ്പിൽ വെച്ച് രണ്ട് സാക്ഷ്യ വചനങ്ങളുമുച്ചരിക്കേണ്ടതുണ്ടോ..?
ഇത്ര വേഗം എന്റെ ഇസ്ലാമാശ്ലേഷണം ഞാൻ എങ്ങിനെ പ്രഖ്യാപിക്കും? മുഹമ്മദിന്റെ (ﷺ) പിതൃസഹോദരങ്ങളും എന്റെ സഹോദരങ്ങളുമായ ഒരാളും മുസ്ലിംമാവാത്ത സ്ഥിതിയിൽ..?
അന്ന് രാത്രി മനഃപ്രയാസത്തിലകപ്പെട്ട ഹംസ (റ) ചിന്തയിലും ആശയക്കുഴപ്പത്തിലുമായി കഴിഞ്ഞുകൂടി.
ഹംസ (റ) പറയുന്നു : മുഹമ്മദിന്റെ (ﷺ) കാരണത്താൽ ക്ഷോഭിച്ച സമയത്ത് പൂർവ്വ പിതാക്കളുടെ മതമുപേക്ഷിച്ചതിനാൽ മുഹമ്മദിന്റെ (ﷺ) മതത്തിലാണ് ഞാനെന്ന് പ്രഖ്യാപിച്ചപ്പോൾ ഒരു തരം പ്രയാസം എന്നെ പിടികൂടി.
പ്രഭാത സമയത്ത് ഞാൻ കഅബയിലേക്ക് തിരിച്ചു. എന്നെ ഉറച്ച നന്മയിൽ ചേർക്കേണമേയെന്ന് ആകശത്തേക്ക് ഇരുകരങ്ങളുയർത്തി ഞാൻ പ്രാർത്ഥിച്ചു.
ശേഷം ഞാൻ പ്രാർത്ഥിച്ചിരിക്കുമ്പോൾ ഹൃദയത്തിൽനിന്ന് പ്രകാശം പൊട്ടിയൊഴുകുന്നതായി എനിക്കനുഭവപ്പെട്ടു. അങ്ങനെ ആ പ്രകാശം എന്റെ വഴികാട്ടിയായി...
അത്യധികം ആഹ്ലാദത്തോടെ ഞാൻ മുഹമ്മദ് (ﷺ) യുടെ സാന്നിധ്യത്തിലേക്ക് കുതിച്ചു. നടന്ന സംഭവങ്ങൾ വിവരിച്ചു. പുഞ്ചിരിയോടെ നബി ﷺ പറഞ്ഞു : പ്രതികാരമല്ല ഞാനാശിക്കുന്നത്. താങ്കൾ മുസ്ലിംമാവണമെന്നതാണെന്റെ ആഗ്രഹം. അവിടെ വെച്ച് ഞാൻ ഇസ്ലാം സ്വീകരിച്ചു.
നബിﷺയുടെ പിതൃസഹോദരൻ ഹംസതുബ്നു അബ്ദുൽ മുത്വലിബ് ഇസ്ലാം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഇസ്ലാമികാശ്ലേഷണം നബിﷺയുടെ പ്രബോധനത്തെ ശക്തിപ്പെടുത്തി. മുശ്രിക്കുകളുടെ സമാധാനം നഷ്ടപ്പെട്ടു. അവർ ഭീതിയിലും ഭയത്തിലുമായിത്തീർന്നു.
ഹംസ(റ)വിലൂടെ ഇസ്ലാം നേട്ടമുണ്ടാക്കി. മുശ്രിക്കുകൾ ഹംസ(റ)വിലൂടെ പരാചിതരായി. നബിﷺയുടെ പ്രബോധനത്തിന്റെ ആദ്യഘട്ടത്തിൽ ഹംസ (റ) മുസ്ലിമായപോലെ ഉമറുബ്നുൽ ഖത്താബ് (റ)വിന്റെ ഇസ്ലാമികാശ്ലേഷണവും മുശ്രിക്കുകളുടെ സ്വൈര്യം കെടുത്തി...
മുസ്ലിംകളിലെ ഒരു ചെറിയ സംഘം അണിയായി കഅബയിലേക്ക് പുറപ്പെടാറുണ്ടായിരുന്നു. ഒന്നാം നിരയുടെ നേതൃത്വത്തിൽ ഉമർ (റ)വും രണ്ടാം നിരയുടെ നേതൃത്വത്തിൽ ഹംസ (റ) വുമുണ്ട്.
ശക്തവും ആവേശകരവുമായ ഈ പ്രകടനം മുശ്രിക്കുകളുടെ സമാധാനം നഷ്ടപ്പെടുത്തി. നേരത്തെ മുസ്ലിമായവർ പരസ്യമായി കഅബയുടെ ഭാഗത്തേക്ക് പോകുന്നത് നബിﷺതങ്ങൾ ഭയന്നിരുന്നു. ഉമർ (റ) ഹംസ (റ) എന്നിവരുടെ ഇസ്ലാമാശ്ലേഷണത്തോടെ ധൈര്യം ശക്തമാവുകയും ഈ ധീരയോദ്ധാക്കളുടെ സംരക്ഷണം നിലനിൽക്കുന്ന കാലത്തോളം ഇസ്ലാം പരസ്യപ്പെടുത്താൻ മുസ്ലിംകൾക്ക് നബിﷺതങ്ങൾ അനുവാദം നൽകുകയുമായിരുന്നു.
Part : 09
മുസ്ലിംകൾക്കും മുശ്രിക്കുകൾക്കുമിടയിൽ നടന്ന ബദർ യുദ്ധരംഗം മുൻനിരയിലെ കുതിരപ്പടയാളിയായിരുന്നു ഹംസ (റ).
തന്റെ വാളുമായി കുതിച്ചുചാടുകയും രണാങ്കണത്തിലൂടെ ചുറ്റിനടക്കുകയും ശിരസ്സുകൾ അരിഞ്ഞുവീഴ്ത്തുകയും നെഞ്ച് പിളർക്കുകയും ചെയ്യുന്നുണ്ട്. ഉറച്ചമനക്കരുത്തുമായി ഈമാനോടെ സിംഹത്തെപ്പോലെ അദ്ദേഹം കുതിച്ചുചാടി. മുസ്ലിംകളുടെ ശക്തമായ വിജയത്തോടെ യുദ്ധം അവസാനിച്ചു.
ഈ മഹാവിജയത്തിന്റെ ഒന്നാം പങ്ക് അലി(റ)വിനും ഹംസ (റ)വിനും അർഹതപ്പെട്ടതാണ്. വിജയം നബിﷺയെയും മുസ്ലിംകളെയും അത്യധികം ആഹ്ലാദിപ്പിച്ചു. ഉന്നത ഖുറൈശി നേതാക്കളായ എഴുപത് മുശ്രിക്കുകൾ ബദ്റിൽ വധിക്കപ്പെട്ടിരുന്നു...
ബദ്റിൽ വെച്ച് അബ്ദുറഹ്മാനുബ്നു ഔഫ് (റ) ശത്രുവായ ഉമയ്യത്തുബ്നു ഖലഫിന് അഭയം നൽകിയപ്പോൾ ഞങ്ങളോട് ഏറ്റവും ശക്തമായി ഏറ്റുമുട്ടുന്നത് ഹംസ (റ)ആണെന്ന് പറയുകയുണ്ടായി.
നബിﷺതങ്ങൾ പിതൃസഹോദരൻ ഹംസ (റ)വിനെ വിളിച്ച് ചുംബനങ്ങൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു: "നിശ്ചയം അല്ലാഹു ﷻ വിന്റെയും റസൂലിന്റെയും (ﷺ) സിംഹമാണ് നീ..."
തങ്ങൾക്ക് നേരിട്ട പരാജയത്തിനും വമ്പിച്ച തകർച്ചക്കും ശേഷം മുശ്രിക്കുകളുടെ സൈന്യം മക്കയിലേക്ക് തിരിച്ചു. മുശ്രിക്കുകളുടെ സേനാനായകൻ അബൂസുഫ്യാനായിരുന്നു. യോദ്ധാക്കളായ എഴുപത് നേതാക്കളാണവർക്ക് നഷ്ടമായത്. അബൂജഹൽ, ഉത്ബതുബ്നുറബീഅ, സഹോദരൻ ശൈബതുബ്നുറബീഅ, ഉമയ്യത്തുബ്നു ഖലഫ് തുടങ്ങിയവരായിരുന്നു അവർ...
പരാജയം അവരിൽ ധൈര്യക്ഷയവും ദുഃഖഭാരവും ഭയവും ജനിപ്പിച്ചു. പക്ഷെ ബദ്റിനു ശേഷം മുസ്ലിംകൾക്കും മുശ്രികൾക്കുമിടയിൽ യുദ്ധം അവസാനിക്കുന്നോ..?
ഒരിക്കലുമില്ല. മുസ്ലിംകളോട് പ്രതികാരം ചെയ്യാൻ മുശ്രിക്കുകൾ ശപഥം ചെയ്തു...
അല്ലാഹു ﷻ വിന്റെ സിംഹം ഹംസ (റ) ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഹംസ(റ)വിനെ വകവരുത്തണം. ഖുറൈശികളുടെ നേതാക്കളെ മുഴുവൻ നഷ്ടപ്പെടുത്തിയ ഹംസ (റ) ഇനി അവശേഷിക്കരുത്. ഉഹ്ദ് യുദ്ധത്തിനുവേണ്ടി തയ്യാറെടുക്കാനുള്ള ഒരുക്കത്തിനുവേണ്ടി അവർ വിശ്രമത്തിലേർപ്പെട്ടു. ധാരാളം അംഗസംഖ്യയുള്ള വമ്പിച്ച ഒരു സേനയെ അവർ തയ്യാർ ചെയ്തു.
ഉഹ്ദ് മലയുടെ താഴ് വരയിൽ നിന്ന് രക്തദാഹം തീർത്തല്ലാതെ എന്റെ വാൾ ഉറയിലിടുകയില്ലെന്ന് ഹംസ (റ) ശപഥം ചെയ്തു. രണാങ്കണത്തിൽ വെച്ച് നബിﷺയെ വധിക്കാൻ അവർ കോപ്പ് കൂട്ടി. അവിടെ വെച്ച് തന്നെ ഹംസ (റ) വിനെയും വധിക്കാൻ മുശ്രിക്കുകൾ തന്ത്രപൂർവ്വം കരുക്കൾ നീക്കി.
എന്താണവർ ഒരുക്കിയതെന്നോ..?!
മുശ്രിക്കുകളുടെ നേതാക്കളിൽപ്പെട്ട ജുബൈറുബ്നു മുത്വ്അമിന് വഹ്ശി എന്ന പേരിൽ ഹബ്ശക്കാരനായ ഒരു അടിമയുണ്ടായിരുന്നു. യജമാനൻ വഹ്ശിയെ വിളിക്കാൻ ആവശ്യപ്പെട്ടു ശേഷം വഹ്ശിയോടു പറഞ്ഞു :
വഹ്ശി, ബദ്ർയുദ്ധത്തിൽ വെച്ച് എന്റെ പിതൃസഹോദരനെ ഹംസ വധിച്ചിട്ടുണ്ട്. യോദ്ധാക്കളോടൊപ്പം നീയും ഉഹ്ദിലേക്ക് പോകണം. ഹംസയെ വധിച്ചാൽ നീ സ്വതന്ത്രനായിരിക്കും. നിന്നെ സ്വതന്ത്രനും ധനാഢ്യനുമാക്കാനുതകുന്ന സമ്പത്ത് ഞാൻ നിനക്ക് പാരിതോഷികമായി നൽകുകയും ചെയ്യും.
മഹത്തായ ഈ സമ്മാനമോർത്തു കൊണ്ട് വഹ്ശിയുടെ കണ്ണുനീർ കണങ്ങൾ ചാലിട്ടൊഴുകി. യോദ്ധാക്കളോടൊപ്പം പോകാനും യുദ്ധസ്ഥലത്തുവെച്ച് ഹംസ(റ)വിനെ വധിക്കാൻ തയ്യാറെടുക്കാനും നിർദ്ദേശമുണ്ടായിട്ടും നിർദ്ദേശം നടപ്പിലാക്കാൻ ഈ അടിമ തയ്യാറായി...
Part : 10
മതിവരാതെ നബിﷺയുടെ പിതൃസഹോദരൻ ഹംസ(റ)വിനെ വധിക്കാൻ വഹ്ശിയെ പ്രേരിപ്പിക്കുകയായിരുന്നു. മുശ്രിക്കുകൾ മാത്രമല്ല ഖുറൈശി പ്രമുഖൻ അബൂസുഫ്യാന്റെ ഭാര്യയും ഉത്ബയുടെ മകളുമായ ഹിന്ദ് നിസ്സാരനായ ഈ അടിമക്ക് പ്രോത്സാഹനം നൽകാൻ വേണ്ടി അവരോടൊപ്പം പങ്കുചേർന്നു.
തന്റെ പിതാവും പിതൃസഹോദരനും ബദ്ർയുദ്ധത്തിൽ വെച്ച് (ഉത്ബയുടെ മകൾ) ഹിന്ദിന് നഷ്ടപ്പെട്ടിരുന്നു.
അബ്ദുൽ മുത്വലിബിന്റെ മകൻ ഹംസയാണ് അവരെ കൊലപ്പെടുത്തിയതെന്ന് അവൾ തിരിച്ചറിഞ്ഞു. ഹിന്ദിന് ഹംസ(റ)വിനോട് വിരോധവും കോപവും നിറയാനുള്ള കാരണമതായിരുന്നു. ഹൃദയാന്തരവും കാഴ്ചയും ഇരുളിലാക്കിയ പക ഹംസ (റ) വിനെ തന്റെ പ്രതികാര ദാഹത്തിനിരയാക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തു.
മറ്റൊരിക്കൽ ഹബ്ശീ അടിമയായ വഹ്ശിയെ ക്ഷണിക്കാൻ ഹിന്ദ് ആവശ്യപ്പെട്ടു. വഹ്ശിയെ പ്രേരിപ്പിക്കാൻ അവൾ തന്റെ ധനം ഉപയോഗപ്പെടുത്തി. സ്വർണ്ണം, മാണിക്യം, രത്നങ്ങൾ തുടങ്ങിയവ അവൾ വശീകരിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തി.
തന്റെ രത്നമാല ഊരിയെടുത്ത് അടിമയായ വഹ്ശിയോട് പറഞ്ഞു വഹ്ശീ നോക്കൂ... അമൂല്യമായ ഈ മാല നോക്കൂ നിനക്കുള്ളതാണിത് അബ്ദുൽ മുത്വലിബിന്റെ മകൻ ഹംസയെ കൊലപ്പെടുത്തുകയാണെങ്കിൽ നിനക്ക് മാത്രമുള്ളതാണിത് ഈ പ്രലോഭനത്തിലകപ്പെട്ട വഹ്ശി ഹംസ (റ) വിനെ വധിക്കാൻ കഠിന പരിശ്രമം നടത്തി.
സ്വതന്ത്രനും ധനാഢ്യനുമായിമാറാമെന്ന് വഹ്ശി കണക്ക് കൂട്ടി. നബിﷺയുടെ പിതൃസഹോദരൻ ഹംസ(റ)വിനെ വധിക്കാൻ യോദ്ധാക്കളോടൊപ്പം പുറപ്പെടുന്നതിന് മുമ്പ് ശക്തമായ പരിശീലനത്തിലേർപ്പെട്ടു. കുന്തമെറിയാൻ നൈപുണ്യം സിദ്ധിച്ചവനായിരുന്നു അടിമയായ വഹ്ശി.
മാത്രമല്ല വഹ്ശി ജീവിക്കുന്നതും യുദ്ധനിപുണന്മാർക്കിടയിലാണ്.
ഉഹ്ദ് യുദ്ധത്തിലെ മുശ്രിക്കുകളുടെ സൈന്യബലം അറിഞ്ഞ മുസ്ലിംകൾ സുസജ്ജരായി സംഘടിച്ചു. ഹംസ (റ) ചാടിവീഴുകയും തന്റെ വാളുമായി ചുറ്റിനടക്കുകയും ചെയ്യുന്നു. ഒരാളും അദ്ദേഹത്തിന്റെ മുമ്പിൽ നിൽക്കാൻ ധൈര്യം കാണിക്കുന്നില്ല. മുശ്രിക്കുകളിലെ ഒരുകുതിരപ്പടയാളിയും രംഗത്ത് വരാൻ തയ്യാറായില്ല. വന്നവരെയെല്ലാം അദ്ദേഹം തന്റെ വാളിനിരയാക്കി. അദ്ദേഹത്തിന്റെ വാള് ഭൂമിയിലേക്ക് താഴ്ന്നിരുന്നില്ല.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലിംകൾ മികച്ച വിജയം നേടി. രണാങ്കണത്തിൽ നിന്ന് മുശ്രിക്കുകൾ പരിചിതരായി ഓടിയ സന്ദർഭം. പിൻനിര ശത്രുക്കൾക്ക് സൗകര്യപ്പെടുന്ന വിധം നിശ്ചയിച്ചിരുന്ന സ്ഥലത്ത് നിന്ന് മുസ്ലിംകൾ മാറി. ജബലു റുമാത്തിൽ നിന്ന് ചിലർ താഴെയിറങ്ങി. അണിയിൽ തന്നെ നിൽക്കണമെന്ന് നബി ﷺ നേരത്തെ അവർക്ക് നിർദ്ദേശം നൽകിയിരുന്നു. മുശ്രിക്കുകൾ ഉപേക്ഷിച്ചു പോയ യുദ്ധമുതൽ ശേഖരിക്കാൻ അവർ തിടുക്കം കൂട്ടി.
ഈ സന്ദർഭം മുശ്രിക്കുകൾ മുതലെടുത്തു. മുസ്ലിംകളെ അവർ ആക്രമിച്ചു. മുസ്ലിംകൾ വലിയ പരാജയത്തിലകപ്പെട്ടു. മുസ്ലിം സൈന്യത്തിനകത്ത് വ്യാപിച്ച ഈ അരാചകത്വ കോലഹങ്ങൾക്കിടയിൽ ഹംസ (റ) ക്ഷോഭത്തോടെ ആർത്തുവിളിച്ചു. അദ്ദേഹത്തിന്റെ മുമ്പിൽ നിന്ന് ഭയവിഹ്വലരായി ഓടിയകലുന്ന മുശ്രിക്കുകളെ വെട്ടിവീഴ്ത്തിക്കൊണ്ട് അദ്ദേഹം ആശ്വാസം കൊണ്ടു. ശത്രുക്കൾ മലമുകളിൽ നിന്ന് വർഷിച്ചിരുന്ന ശരങ്ങൾ തടുക്കാൻ കൊല്ലപ്പെട്ട ശത്രുവിന്റെ കവചം ഹംസ (റ) അഴിച്ചെടുക്കുകയായിരുന്നു.
ഈ നിമിഷം തന്റെ യജമാനന്റെ നിർദ്ദേശം നടപ്പിലാക്കാൻ അടിമയായ വഹ്ശി തയ്യാറെടുത്തു. അടിമയായ വഹ്ശി തന്നെ പറയുന്നു എന്റെ ലക്ഷ്യം ഹംസ(റ)വിനെ വേട്ടയാടലായിരുന്നു. അങ്ങനെ സൈന്യത്തോടൊപ്പം ഞാനും പുറപ്പെട്ടു. ശക്തനായ ഒട്ടകത്തെപ്പോലെ ചാടിവീഴുകയും ചുറ്റിനടക്കുകയും ചെയ്യുന്ന അദ്ദേഹത്തെ നോക്കി ഞാൻ ദീർഘനേരം പ്രതീക്ഷിച്ചുകൊണ്ടിരുന്നു. തന്റെ വാളുകൊണ്ടദ്ദേഹം തലകൾ കൊയ്തെടുക്കുകയാണ്. ക്ഷോഭിച്ച ഭയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ആർത്തനാദം രണാങ്കണം മുഴുവൻ അലയടിക്കുന്നുണ്ട്.
പിന്നീട് ചെറിയ കുന്നിനു പിറകിൽ ഞാൻ ഒളിഞ്ഞുനിന്നു. എന്റെ കുന്തം ഞാൻ ശരിപ്പെടുത്തി അദ്ദേഹത്തിനു നേരെ ഞാൻ അമ്പുപിടിച്ചു. ഞാൻ അതിന്റെ തണ്ട് വലിച്ചു. അങ്ങനെ ആ കുന്തം ലക്ഷ്യം കൊണ്ടു. അതിനുശേഷം അദ്ദേഹം എഴുന്നേറ്റുനിന്നു. അപ്പോഴും (കുന്തം) അദ്ദേഹത്തിന്റെ വയറ്റത്ത് ഉണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും നടക്കാൻ കഴിയാതെ അദ്ദേഹം നിലത്ത് വീണിരുന്നു. മരണം ഉറപ്പായ ശേഷം വയറ്റിൽ നിന്ന് കുന്തം ഞാൻ ഊരിയെടുത്തു.
എന്റെ യജമാനന്റെ സന്നിധിയിലേക്ക് ഞാൻ മടങ്ങി. കുന്തം മുഖേനെ ഞാൻ വിജയം വരിച്ചു. ഉത്ബയുടെ മകൾ ഹിന്ദിനോട് ഞാൻ രത്നമാല ആവശ്യപ്പെട്ടപ്പോൾ എന്നോടവൾ പറഞ്ഞു : "ഹംസയുടെ കരളിന്റെ കഷ്ണം ഭക്ഷിച്ചാൽ മാത്രമേ എന്റെ കോപാഗ്നി അടങ്ങുകയുള്ളൂ..."
ഹംസയുടെ അരികിലേക്ക് തന്നെ ഞാൻ തിരിച്ചു. അദ്ദേഹത്തിന്റെ കരൾ പുറത്തെടുത്തു. ഞാനത് ഹിന്ദിനെ ഏൽപ്പിച്ചു. പകയടക്കാൻ വേണ്ടി അവളത് കടിച്ചു ചവച്ചു..!!
മക്കാ വിജയദിനം പിതൃസഹോദരനെ ചതിച്ചുകൊന്ന വഹ്ശിക്ക് പിതൃസഹോദരന്റെ കരൾ ചവച്ചു തുപ്പിയ ഹിന്ദിന് പ്രവാചകൻ ﷺ മാപ്പു നൽകി. എല്ലാവർക്കും മാപ്പ്...
Part : 11
ഉഹ്ദ് യുദ്ധം അവസാനിച്ചു. രക്തസാക്ഷികളെ തിരിച്ചറിയാൻവേണ്ടി നബിﷺതങ്ങൾ രണാങ്കണത്തിലിറങ്ങി.
പിതൃസഹോദരൻ ഹംസ(റ)വിന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ താങ്ങാനാവാത്ത ദുഃഖ ഭാരത്തിലായിരുന്നു നബിﷺതങ്ങൾ...
തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമായിരുന്നു ആ ശരീരം. ധാരയായൊഴുകുന്ന കണ്ണുനീർ കണങ്ങളോടെ വിനയാന്വിതനായി ചേതനയറ്റ ശരീരത്തിലേക്ക് നോക്കികൊണ്ട് നബിﷺതങ്ങൾ പറഞ്ഞു:
പിതൃ സഹോദരാ... അങ്ങിലൂടെ ഞാനനുഭവിക്കുന്ന ഈ പ്രയാസം അക്രമം വളരാനിടയാകും. താങ്കളിലൂടെ ഞാൻ അനുഭവിക്കേണ്ടി വന്ന ഈ ദുഃഖം പോലെ ഇനിയൊരു ദുഃഖം ഞാൻ സഹിക്കാനിടയില്ല.
പിതൃസഹോദരൻ ഹംസ(റ)വിന്റെ വേർപാടിലൂടെ നബിﷺതങ്ങൾ വിഷമവൃത്തത്തിലായി. ഹംസ(റ)വിനെ വലയിലാക്കുകയും നിഷ്കാസനം ചെയ്ത് തുല്യതയില്ലാത്തവിധം വികൃതമാക്കുകയും ചെയ്തതിലൂടെ ഇസ്ലാം തന്നെ നിർജ്ജീവമായി.
നബിﷺതങ്ങളുടെ ഭാര്യ ഖദീജ(റ)യുടെ മരണദിവസം പോലെ വിഷമകരമായിരുന്നു ഹംസ (റ) നഷ്ടപ്പെട്ട ദിവസവും. നബി ﷺ നിർഭയം ആശ്രയിച്ചിരുന്ന ഒരു പടയങ്കിയായിരുന്നു അദ്ദേഹം.
വിരോധം മറച്ചുവെക്കാൻ കഴിയാതെ നബിﷺതങ്ങൾ പറഞ്ഞു പോയി അല്ലാഹു ﷻ സൗകര്യപ്പെടുത്തിത്തന്നാൽ മുപ്പത് ഖുറൈശികളെ ഞാൻ ഇതുപോലെ ചെയ്യുമായിരുന്നു.
നബി ﷺ തങ്ങൾ വാചകം പൂർത്തീകരിക്കുന്നതിമുമ്പേ സൂക്തം അവതരിച്ചു: നിങ്ങൾ ശിക്ഷിക്കുകയാണെങ്കിൽ നിങ്ങൾ ശിക്ഷിക്കപ്പെട്ടത് പോലുള്ള നടപടികൊണ്ട് ശിക്ഷിക്കുക. നിങ്ങൾ ക്ഷമിക്കുകയാണെങ്കിൽ അതുതന്നെയാണ് ക്ഷമാശീലർക്ക് ഏറ്റവും ഉത്തമം. ക്ഷമിക്കുക താങ്കളുടെ ക്ഷമ അല്ലാഹുവിന്റെ സഹായത്തോടെ തന്നെയാണ് അവരുടെ (നിഷേധികളുടെ) കാര്യത്തിൽ ദുഃഖിക്കരുത് അവരുടെ കുതന്ത്രങ്ങളെപ്പറ്റി താങ്കൾ വേവലാതിപ്പെടുകയും വേണ്ട. (വി:ഖുർആൻ - 16:126/127)
യുദ്ധാനന്തരം നബിﷺതങ്ങൾ യുദ്ധക്കളത്തിലിറങ്ങി മനസ്സിലാക്കിയ ഇത്ര വലിയ ആഘാതം മറ്റൊന്നില്ലായിരുന്നു.
പിതൃസഹോദരൻ ഹംസ(റ)വിന്റെ വികൃതമാക്കപ്പെട്ട ചേതനയറ്റ ശരീരം കണ്ടപ്പോൾ ഉണ്ടായപോലുള്ള അമർഷം മുമ്പുണ്ടായിരുന്നില്ല.. കരൾ മാന്തി പുറത്തിട്ടിരിക്കുന്നു..!!
ചാലിട്ടൊഴുകുന്ന കണ്ണുനീർ കണങ്ങളോടെ നബി ﷺ ഹംസ (റ) വിലേക്കും ശേഷം ഗദ്ഗദത്തോടെ ആകാശത്തേക്കും നോക്കി.
ആത്മാർത്ഥമായി അല്ലാഹു ﷻ വിലേക്ക് മുന്നിട്ടു. അല്ലാഹു ﷻ വിന്റെ സിംഹം റസൂലിന്റെ സിംഹം
സുഹൃത്ത് പിതൃസഹോദരൻ എല്ലാമെല്ലാമായ ഹംസ(റ)വിന്റെ ചേതനയറ്റ ശരീരത്തിന്റെ മുമ്പിൽ നിന്നു ഭയപ്പെടുത്തുന്ന മൗനത്തോടെ നബി ﷺ തങ്ങൾ നിമിഷങ്ങളോളം അവിടെ നിന്നു. നബിﷺതങ്ങൾ കടിച്ചമർത്തുമയായിരുന്ന ദുഃഖഭാരം ചുറ്റുമുള്ള പ്രമുഖരായ സ്വഹാബികളും കടിച്ചമർത്തിക്കൊണ്ടിരുന്നു.
പ്രവാചകൻ ﷺ അരുളി: ഹംസ (റ) ജനാബത്തുകാരനായിക്കൊണ്ടാണ് രക്തസാക്ഷിയായത്. മലക്കുകൾ അദ്ദേഹത്തെ കുളിപ്പിച്ചു.
ഇടറിയ ശബ്ദത്തോടെ നബിﷺതങ്ങൾ വിളിച്ചുപറഞ്ഞു: ഹംസ(റ)വിനെ കൊണ്ടുവരൂ...
താമസിയാതെ ഹംസ(റ)വിന്റെ ചേതനയറ്റ ശരീരം കൊണ്ടുവരികയും നബിﷺയും സ്വഹാബത്തും അദ്ദേഹത്തിന് മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു.
നിസ്കാരാനന്തരം നബിﷺതങ്ങൾ പിതൃസഹോദരനെ നോക്കി. നബിﷺയുടെ ചാലിട്ടൊഴുകുന്ന കണ്ണുകളോടെ നബി ﷺ പറഞ്ഞു : പിതൃസഹോദരാ ഇതിന് തുല്യമായ മറ്റൊരു പ്രയാസം ഞാനിനി അനുഭവിക്കാനില്ല.
ശേഷം നബി ﷺ മറ്റൊരു രക്തസാക്ഷിയെ കൊണ്ടു വരാൻ നിർദ്ദേശിച്ചു. പിതൃസഹോദരൻ ഹംസ(റ)വിന്റെ സമീപത്ത് വെച്ച് നബിﷺതങ്ങൾ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു. മൂന്നാം തവണയും മറ്റൊരു ശഹീദിനെ കൊണ്ടുവരാൻ ആവശ്യപ്പെടുകയും പിതൃസഹോദരന്റെ സമീപത്ത് വെച്ച് തന്നെ നബിﷺതങ്ങൾ മൂന്നാമത്തെ ശഹീദിനുവേണ്ടിയും പ്രാർത്ഥിച്ചു. എഴുപത് ശുഹദാക്കളെയും കൊണ്ട് വന്ന് നബി ﷺ പിതൃസഹോദരന്റെ അടുത്തുവെച്ച് ഒന്നിനുപിറകെ മറ്റൊന്നായി പ്രാർത്ഥന നിർവ്വഹിച്ചു.
അപ്പോഴെല്ലാം പിതൃസഹോദരൻ ഹംസ(റ)വിന്റെ ശരീരം അവിടെ സന്നിഹിതമായിരുന്നു. ഇതിനാൽ നബി ﷺ തങ്ങൾ ബഹുമാനാദരവുകളോടെ എഴുപത് തവണ പിതൃസഹോദരന് വേണ്ടി പ്രാർത്ഥിച്ചുവെന്ന് പറയപ്പെടുന്നു...
ശേഷം നബിﷺയുടെ ഉറ്റ സുഹൃത്തും പിതൃസഹോദരനുമായ ഹംസ(റ)വിന്റെ ശരീരം പിച്ചിചീന്തിയ ദുഃഖഭാരത്തോടെ നബിﷺയും സ്വഹാബത്തും സൈന്യസമേതം മദീനയിലേക്ക് തിരിച്ചു...
Part : 12
യുദ്ധക്കളത്തിൽ നിന്ന് മദീനയിലേക്കുള്ള മടക്കയാത്ര...
ഉറ്റവർ വധിക്കപ്പെട്ടതിനാൽ ഒരുപറ്റം സ്ത്രീകളുടെ കരച്ചിൽ കേൾക്കാനിടയായി. നബിﷺതങ്ങൾ പറഞ്ഞു : ഹംസ(റ)വിന്റെ പേരിൽ ആരും കരയരുത്. ചില സ്ത്രീകൾ ഹംസ(റ)വിന്റെ നന്മയോർത്ത് അശ്രുകണങ്ങൾ പൊഴിച്ചു. അതും തടഞ്ഞുകൊണ്ട് അവിടുന്ന് (ﷺ) പറഞ്ഞു : ഇന്ന് മുതൽ ആരും കരയരുത് ശേഷം ആകാശത്തേക്ക് തലയുയർത്തിക്കൊണ്ട് നബിﷺതങ്ങൾ പറഞ്ഞു:
യാ ഹംസ.... അല്ലാഹു ﷻ നിങ്ങൾക്ക് കരുണ ചെയ്യട്ടെ.. അങ്ങ് കുടുംബബന്ധം പുലർത്തുന്നവരും അത്യധികം നന്മകൾ പ്രവർത്തിക്കുന്നവരുമായിരുന്നല്ലോ...
പിതൃസഹോദരൻ ഹംസ(റ)വിന്റെ വേർപാടിന്റെ ദുഃഖത്തിനിടയിൽ ഏറ്റവും നല്ലൊരു സാന്ത്വനം നബിﷺതങ്ങൾക്ക് ലഭിച്ചു. ഉഹ്ദ് യുദ്ധത്തിൽ വെച്ച് തന്റെ പിതാവും സഹോദരനും ഭർത്താവും രക്തസാക്ഷിത്വം വരിച്ച ഒരു മഹതിയിൽ നിന്നായിരുന്നു ആ സാന്ത്വനം.
മുസ്ലിംകൾ യുദ്ധക്കളത്തിൽ നിന്ന് മടങ്ങുകയായിരുന്നു. അവർക്കു നേരെ ഒടിവന്നു കൊണ്ട് ഉഹ്ദിൽ ശഹീദായവരുടെ വിവരങ്ങൾ മഹതി അറിഞ്ഞു. മഹതിയുടെ പിതാവ് രക്തസാക്ഷിത്വം വരിച്ചു. ഭർത്താവ് ശഹീദായി. സഹോദരനും രക്തസാക്ഷിയാണെന്ന് മുസ്ലിംകൾ അവരെ അറിയിച്ചു. ഉറ്റവർ നഷ്ടപ്പെട്ട വ്യസനഭാരവുമായി ആർത്തനാദം മുഴക്കിക്കൊണ്ടവർ ചോദിച്ചു: എന്റെ റസൂലുള്ളാന്റെ (ﷺ) സ്ഥിതിയെന്താണ്..?
സ്വഹാബികൾ പറഞ്ഞു : അൽഹംദുലില്ലാഹ് (അല്ലാഹുവിന് സ്തുതി) ഒന്നും സംഭവിച്ചിട്ടില്ല...
മഹതി പറഞ്ഞു : എനിക്കെന്റെ കണ്ണുകൊണ്ട് കാണണം. ചില സ്വഹാബികൾ അവരെ നബിﷺയുടെ അരികിലേക്കാനയിച്ചു.
നബിﷺയെ കണ്ടയുടനെ അവർ വിളിച്ചുപറഞ്ഞു: നബിയേ എന്റെ പ്രശ്നങ്ങളെല്ലാം അങ്ങേക്ക് ശേഷമാണ്...
ഇത് കേട്ട നബിﷺതങ്ങൾ പുഞ്ചിരി തൂകി... അവളുടെ ആത്മവിശ്വാസം നബിﷺയെ സന്തോഷിപ്പിച്ചു. പിന്നീട് നബിﷺതങ്ങൾ സഹാബാക്കളോടു പറഞ്ഞു : വല്ലാത്തൊരു മനഃശക്തി താന്നെയാണിത്. മുസ്ലിംകൾക്ക് വന്നുപെട്ട അല്ലാഹു ﷻ വിന്റെയും. റസൂലിന്റെയും സിംഹമായ ഹംസ(റ)വിന്റെ രക്തസാക്ഷിത്വത്തിന് പകരമാണിത്.
ഈ മഹതിയെപോലെ അല്ലാഹു ﷻ വിലുള്ള വിശ്വാസവും വിധിയിൽ പൂർണ്ണസംതൃപ്തിയും പ്രയാസങ്ങൾ തരണംചെയ്യാൻ ക്ഷമയുള്ള ചില മുസ്ലിം ഹൃദയങ്ങളുണ്ട്. അവർക്ക് അത്താണിയായ ശക്തരെല്ലാം നഷ്ടപ്പെട്ടു. പിതാവും ഭർത്താവും സഹോദരനും അവർക്ക് നഷ്ടമായി...
പിന്നീടവർ അല്ലാഹു ﷻ വിന്റെ റസൂലിനെ (ﷺ) അന്വേഷിച്ച് നിങ്ങളുടെ നേരെ ധൃതിപ്പെട്ട് വന്നിരിക്കുന്നു. സ്വർഗ്ഗാവകാശികളിൽപെട്ട മഹതിതന്നെയാണിത്...
Part : 13 【അവസാനം】
നിസ്സാരനായ വഹ്ശി വീണ്ടും പറയുന്നു: ഹംസ(റ)വിനെ വധിച്ച ശേഷം ഞാൻ മക്കയിലേക്ക് മടങ്ങി. നബിﷺതങ്ങളും സ്വഹാബാക്കളും മക്കയിൽ പ്രവേശിക്കുന്നത് വരെ അവിടെ തങ്ങി. ശേഷം ത്വാഇഫിലേക്ക് പോയി.
ത്വാഇഫിൽ വെച്ച് മുസ്ലിംകൾ എന്നെ അപായപ്പെടുത്തുമോയെന്ന് ഞാൻ ഭയന്നു. സിറിയയിലേക്ക് കടന്നു കളയുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു.
പക്ഷെ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു : വഹ്ശീ... നിനക്കറിയാമോ, തന്റെ മതത്തിൽ പ്രവേശിച്ച ഒരാളെയും മുഹമ്മദ് നബി ﷺ വധിക്കാറില്ല. എത്രയും വേഗം നീ നബിﷺയുടെ അടുത്തു ചെന്ന് ഇസ്ലാം സ്വീകരിക്കുക എങ്കിൽ നബിﷺതങ്ങൾ നിന്നെ അംഗീകരിക്കും.
മദീനയിലെ നബിﷺതങ്ങളുടെ അരികിലേക്ക് ഞാൻ കുതിച്ചു. അകലെയല്ലാതെ ഞാൻ നിലയുറപ്പിച്ചു. രണ്ട് സാക്ഷ്യ വചനങ്ങളും (ശഹാദത്ത്) ഞാൻ മൊഴിഞ്ഞു. അതുകേട്ടു നബിﷺതങ്ങൾ എന്റെ മുഖത്തു നോക്കി ഉയർന്ന ശബ്ദത്തോടെ... വഹ്ശീയാണോ? എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു; അതെ ഞാനാണ് റസൂലേ വഹ്ശി.
ആ വചനം നബിﷺയുടെ മുഖം വേദനിപ്പിച്ചു. നബി ﷺ പറഞ്ഞു: എനിക്ക് വിവരിച്ചുതരൂ എങ്ങനെയാണ് നീ ഹംസയെ (റ) വധിച്ചത്.. സംഭവിച്ചതെല്ലാം ഞാൻ വിവരിച്ചു കൊടുത്തു. അപ്പോൾ എന്നെ നോക്കികൊണ്ട് നബി ﷺ പറഞ്ഞു; എന്റെ മുന്നിൽ നിന്ന് മാറി നിൽക്കൂ... അപ്പോൾ നബിﷺയെ കാണാൻ അതിയായി ഞാൻ ആശിച്ചു. ദുഃഖത്തോടെയും ഖേദപൂർവ്വവും ലജ്ജയോടെയും ഞാൻ ആശിച്ചു കൊണ്ടേയിരുന്നു.
അടിമയായ വഹ്ശി ഒരു സ്വഹാബിയെ കാണാനിടയായി. അദ്ദേഹത്തിനടുത്തു ചെന്നു സഹായമഭ്യർത്ഥിച്ചു. വഹ്ശിയെ സഹായിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് സ്വഹാബി ഉച്ചത്തിൽ പറഞ്ഞു : ഭൃത്യാ എന്റെ സമീപത്ത് നിന്ന് മാറി നിൽക്ക് നബിﷺയുടെ സ്നേഹിതനും പിതൃസഹോദരനുമായ ഹംസ(റ)വിന്റെ കൊലയാളിയാണ് നീ.
അബൂബക്കർ സിദ്ധീഖ് (റ)വിന്റെ സുവർണകാലം. യമാമ യുദ്ധത്തിൽ വഹ്ശിയും പങ്കെടുത്തു. ഹംസ(റ)വിനെ കൊലപ്പെടുത്തിയ കുന്തമുപയോഗിച്ച് തന്നെ പ്രവാചകനാണെന്ന് വാദിച്ചിരുന്ന മുസൈലിമയെയും വധിച്ചു...
വഹ്ശി പറഞ്ഞു : എന്റെ ഈ ആയുധം കൊണ്ട് ലോകത്തിലെ ഉന്നതരിൽ പ്രമുഖനെയും ഏറ്റവും നികൃഷ്ടനെയും ഞാൻ വധിച്ചു.
മുസ്ലിംകൾ ഒന്നടങ്കം ഹംസ(റ)വിനെ കുറിച്ചോർത്ത് ദുഃഖാർത്തരായി. ദീർഘനേരം കരഞ്ഞു. കവികൾ ദുഃഖ സാന്ദ്രമായ വിലാപ കാവ്യം രചിച്ചു. പ്രമുഖ സ്വഹാബിയായിരുന്ന അബ്ദുല്ലാഹിബ്നു റവാഹ (റ) തന്റെ വിലാപകാവ്യത്തിലൂടെ പറഞ്ഞു.
അവകാശിയെന്നപോൽ കരഞ്ഞെന്റെ നയനങ്ങൾ
മതിയാകയില്ല വിലാപവും കരച്ചിലും
പ്രഭാതമിൽ മൊഴിഞ്ഞു അവർ അസദുൽ ഇലാഹിയെ
കൊലക്കിരയാം ബുദ്ധിശാലി ഹംസയാണോ അത്? ആപത്തിലാ മുസ്ലിംകൾ സർവ്വരും തിരുദൂതരും വന്നുചേർന്നാ വിപത്തിൽ.
ഹംസ(റ)വിന്റെ സഹോദരി സ്വഫിയ്യ (റ) യുടെ വിലാപകാവ്യം
അർശിനുടമയാം സത്യത്തിൻ നാഥൻ വിളിച്ചു സന്തോഷവാനായ് സുവർഗ്ഗമിൽ ജീവിച്ചിടാൻ നാഥനിൽ സത്യം മറക്കില്ലൊരിക്കലും പ്രഭാതമിൽ ഞാൻ ശോക മൂകമാം ചലന സാന്നിധ്യങ്ങളിൽ അശ്വാരൂഢനാം അല്ലാഹുവിൻ സിംഹം തടഞ്ഞിടുന്നവർ ഇസ്ലാം വിരോധിയെ
ഹംസ(റ)വിന്റെ അന്ത്യം ഇങ്ങനെയായിരുന്നു
അല്ലാഹുﷻവിന്റെയും, റസൂലിന്റെയും (ﷺ) സിംഹമേ... അങ്ങേക്ക് സലാം.. നബിﷺയുടെ സുഹൃത്തും സ്നേഹിതനും പിതൃസഹോദരനുമായവരേ അങ്ങേക്ക് ശാന്തി.. അങ്ങയുടെ മേൽ ശാന്തിയും സമാധനവും വർഷിക്കട്ടെ...
ഹംസ(റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
ഹംസ (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 ഹംസ (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
Muhammed anas zuhri
Post a Comment
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.